Indiavision Live | Malayalam News Channel

Home »

വരികളുടെ ലാളിത്യം- മുല്ലനേഴി

സമൂഹത്തേയും ലോകത്തേയും പ്രപഞ്ചത്തേയും സ്‌നേഹിക്കുന്നവരുടെ, സ്‌നേഹിച്ചവരുടെ ചരിത്രമാണ് മാനവചരിത്രമെന്ന് വിശ്വസിച്ച കവിയും കഥാകാരനുമായിരുന്നു മുല്ലനേഴി. മുല്ലനേഴിക്ക് എഴുത്തെന്നത് സ്‌നേഹമെഴുത്തായിരുന്നു. നിലവിലെ സാമുഹ്യ വ്യവസ്ഥയെ അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചു.

തന്റെ കവിതകളിലും കഥകളിലും അത് പകര്‍ത്തി. നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് നേരെ അദ്ദേഹം തന്റെ കവിതകളിലൂടെ ശബ്ദമുയര്‍ത്തി.

1948 മെയ് 16ന് ഒല്ലൂരിനടുത്ത് അവണിശേരിയില്‍ മുല്ലശേരി നാരായണന്‍ നമ്പൂതിരിയുടേയും നങ്ങേലി അന്തര്‍ജനത്തിന്റേയും മകനായായിരുന്നു ജനനം. കഥകളും കവിതകളും പുരാണങ്ങളും കേട്ടുവളര്‍ന്ന ബാല്ല്യം. വയലേലകളില്‍ നിന്നുണര്‍ന്ന നാടന്‍ പാട്ടുകളും ഓണപ്പാട്ടുകളുമെല്ലാം കവിത എഴുത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു.

ചലച്ചിത്ര സംവിധായകന്‍ കൂടിയായ പി എം അബ്ദുല്‍ അസീസ് 1970ല്‍ രചിച്ച ‘ചാവേര്‍പ്പട’ എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് കലാജീവിതതിലേക്ക് കടന്നുവന്നത്. കലാസമിതി രൂപീകരണവും പാട്ടെഴുത്തും നാടകാഭിനയവുമെല്ലാമായി മുല്ലനേഴി എന്ന കലാകാരന്‍ ജനിക്കുകയായിരുന്നു.

രാമവര്‍മ്മ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. 1976 ല്‍ ‘ലക്ഷ്മീ വിജയം’, ‘ഞാവല്‍പ്പഴം’ എന്നീ ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതി മലയാള സിനിമാ ശാഖയിലേക്ക് ചുവടുകള്‍ വെച്ചു. പിന്നീട് ‘സന്മനസ്സുളളവര്‍ക്ക് സമാധാനം’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’, ഏറ്റവുമൊടുവില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഇന്‍ഡ്യന്‍ റുപ്പീ’ തുടങ്ങി 64 ഓളം ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകളെഴുതി. അക്ഷരദീപം, നാറാണത്തു ഭ്രാന്തന്‍, എന്നീ കവിതകള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റി.

ഉപ്പ്, പിറവി, കഴകം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കലയോടുളള അടങ്ങാത്ത ആവേശമാണ് അദ്ദേഹത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. സമീപകാലത്തായി ഒട്ടനവധി ആല്‍ബങ്ങള്‍ക്കായും അദ്ദേഹം പാട്ടുകളെഴുതി. 1977 ല്‍ ഉളളൂര്‍ കവി മുദ്ര പുരസ്‌ക്കാരവും, 1989 ല്‍ നാലപ്പാടന്‍ പുരസ്‌ക്കാരവും ലഭിച്ചു.

1995 ല്‍ സമതലം എന്ന നാടകഗ്രന്ഥത്തിനും 2010 ല്‍ ‘കവിത’ എന്ന കൃതിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മുല്ലനേഴി യാത്രയായപ്പോള്‍ മലയാളിക്ക് നഷ്ടമായത് ലാളിത്യമാര്‍ന്ന വരികളാണ്. വളരെകുറച്ച് പാട്ടുകള്‍ മാത്രമാണ് മുല്ലനേഴിയുടെ തൂലികയില്‍ വിരിഞ്ഞതെങ്കിലും അത് മലയാളിയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

നവംബര്‍ 06, 2011  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read