Indiavision Live | Malayalam News Channel

Home »

ഇതാ എന്റെ സിനിമ

എന്നും മലയാളിക്ക് വേറിട്ട ചലച്ചിത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന സംവിധായകനാണ് രഞ്ജിത്ത്. കരുത്തുറ്റ തിരക്കഥകള്‍ രഞ്ജിത്ത് ചിത്രങ്ങളുടെ മുഖമുദ്രയാണ്. സ്വന്തമായി നയവും നിലപാടുമുളള ഈ ചലച്ചിത്രകാരന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് തന്റെ സിനിമകള്‍. പ്രാഞ്ചിയേട്ടനിലൂടെ മലയാളികളുടെ പൊളളയായ ജീവിതമുഖം കാണിച്ച രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയിലൂടെ സമൂഹത്തെ ഗ്രഹിച്ച പണാധിപത്യത്തോട് കലഹിക്കുകയാണ്. രഞ്ജിത്ത് ജീവിതവും സിനിമയും ഇന്ത്യാവിഷനോട് പങ്കുവെയ്കകുന്നു.

പല കാരണങ്ങള്‍ കൊണ്ടും സംവിധായകര്‍ പിന്‍വാങ്ങുമ്പോള്‍ ഇതാ എന്റെ സിനിമ എന്നു പറഞ്ഞ് ഒരു സിനിമയെ അവതരിപ്പിക്കാനുള്ള ഒരു ചങ്കൂറ്റമുണ്ടല്ലോ അത് സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടല്ലേ.?

സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടല്ല. ഞാന്‍ ലക്ഷ്യമാക്കുന്ന പ്രേക്ഷകസമൂഹത്തിലുള്ള വിശ്വാസമാണ് ഒരു പരിധി വരെ. ഈ യാത്ര തുടങ്ങുമ്പോള്‍ ആദ്യം ‘കയ്യൊപ്പ്’ എന്ന സിനിമ, വളരെ ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിച്ച ചിത്രം അത് തിയേറ്ററില്‍ നിന്ന് തിരിച്ച് കിട്ടിയത് അതിന്റെ പ്രിന്റിംഗിനും പബ്ലിസിറ്റിക്കും വേണ്ടിയുള്ള പണം മാത്രമാണ്. വളരെ ചെറിയൊരു ശതമാനം പ്രേക്ഷകര്‍ മാത്രമേ ആ സിനിമ തിയേറ്ററില്‍ വന്നു കണ്ടിട്ടുള്ളൂ. ആ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പാലേരിമാണിക്യവും,പ്രാഞ്ചിയും കടന്ന്  ഇന്ത്യന്‍ റുപ്പിയിലെത്തുമ്പോള്‍ എനിക്ക് പ്രേക്ഷകരുമായുള്ള ബന്ധം ദൃഢമായെന്ന് തോന്നുന്നു.

പ്രേക്ഷകസമൂഹത്തിലുള്ള വിശ്വാസമാണ് സിനിമകളെടുക്കാനുളള പ്രേരണ. പാലേരിമാണിക്യവും പ്രാഞ്ചിയും കടന്ന്  ഇന്ത്യന്‍ റുപ്പിയിലെത്തുമ്പോള്‍ എനിക്ക് പ്രേക്ഷകരുമായുള്ള ബന്ധം ദൃഢമായെന്ന് തോന്നുന്നു. നമ്മുടെ കമ്പോളം എപ്പോഴും ആവശ്യപ്പെടുന്നത് വിറ്റു പോകുന്നത്  ആവര്‍ത്തിക്കാനാണ്.

പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്ന് അല്ലെങ്കില്‍ എഴുതിയിരുന്ന രഞ്ജിത്തില്‍ നിന്ന് പ്രേക്ഷകനെ തിയേറ്ററിലേക്ക് എത്തിക്കുന്ന സിനിമയെടുക്കുന്ന രഞ്ജിത്തിലേക്കുള്ള മാറ്റം ബോധപൂര്‍വ്വമായിരുന്നോ.?

ഒരേ പ്രവൃത്തിയില്‍ ഒരേ രീതിയില്‍ ജീവിക്കുകയെന്നത് അസാധ്യമാണ്. നമ്മുടെ കമ്പോളം എപ്പോഴും ആവശ്യപ്പെടുന്നത് വിറ്റു പോകുന്നത് ആവര്‍ത്തിക്കാനാണ്. എന്താണോ മാര്‍ക്കറ്റില്‍ ഹിറ്റായ് നില്‍ക്കുന്നത് അതിന്റെ തനിപകര്‍പ്പ് മാര്‍ക്കറ്റില്‍ ഇറക്കുക എന്നുള്ളതാണ്. സിനിമയും വിഭിന്നമല്ല. പലപ്പോഴും എഴുത്തുകാരോടും, സംവിധായകരോടും, നടനോടും അവര്‍ ആവശ്യപ്പെടുന്നത് കഴിഞ്ഞ സിനിമ ഹിറ്റായതിന്റെ ഫോര്‍മുല അല്ലെങ്കില്‍ സമാനമായത് അടുത്തത് വരുക. അതില്‍ നിന്നും മാറാനാണ് ഞാന്‍ തയ്യാറായത്.

താങ്കളുടെ ഓരോ സിനിമയും ആദ്യ സിനിമയാണെന്നാണ് പറയുന്നത് അതു കൊണ്ടാണോ.?

പാസ്റ്റ് ഗ്ലോറിയെന്നു പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ, ഇന്നയാള്‍ അഭിനയിക്കുന്നു എന്നൊക്കെ  പറയുന്ന ചില കാര്യങ്ങള്‍ പ്രേക്ഷകരിലൊരു താത്പര്യമുണ്ടാക്കി തിയേറ്ററില്‍ വരാന്‍ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ സ്‌ക്രീനില്‍ സിനിമ തുടങ്ങുമ്പോള്‍ ഇത് അവസാനിക്കും. പിന്നെ മുന്നില്‍ കാണുന്ന സിനിമയുടെ എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ മുമ്പു ചെയ്ത സിനിമയുടെ വിജയം ഇതിനൊരു തരത്തിലും സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനൊരു സൗജന്യം പ്രേക്ഷകര്‍ കൊടുക്കുകയുമില്ല.

ഒരു രഞ്ജിത്ത് സിനിമയ്ക്ക് പ്രേക്ഷകന്‍ കാത്തിരിക്കുന്ന സ്ഥിതിയിലെത്തപ്പെട്ടുവെന്ന് കരുതുന്നുണ്ടോ.?

കുറച്ച് പേരെങ്കിലും ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയ്ക്ക് കാത്തിരിക്കുന്നുവെന്ന് പറയുന്നത് നമ്മളുടെ ആത്മവിശ്വാസവും അതോടൊപ്പം തന്നെ ഉത്തരവാദിത്ത ബോധവും വര്‍ദ്ധിപ്പിക്കുന്നു.

പൃഥ്വിരാജിനെതിരായ ഒരു സൈബര്‍ ആക്രമണം വലിയതോതില്‍ നടക്കുന്ന സമയത്താണ് ‘ഇന്ത്യന്‍ റുപ്പീ’ വരുന്നത്. പൃഥ്വിരാജിനെ സിനിമയിലേക്ക് കൊണ്ടുവന്ന ആള്‍ തന്നെ പൃഥ്വിരാജിനൊരു മാറിയ മുഖം, ഇതാണ് വഴിയെന്ന് തെളിയിച്ച് കൊടുക്കാന്‍ താങ്കള്‍ വേണ്ടി വന്നോ.?

സത്യത്തില്‍ പൃഥ്വിരാജിന്റെ പ്രതിഛായ മെച്ചപ്പെടുത്തുക, പൃഥ്വിരാജിനെ രക്ഷിക്കുക എന്നൊന്നുമായിരുന്നില്ല. ജയപ്രകാശ് എന്ന കഥാപാത്രം ഏച്ചുകെട്ടലുകളില്ലാതെ മറ്റു ദുര്‍മേദസ്സുകളില്ലാതെ ശരാശരി മലയാളി ചെറുപ്പക്കാരന്റെ വേഷമാണ്. അത് ഏറ്റവും സ്വാഭാവികമായി ഇയാളെ കൊണ്ട് അഭിനയിപ്പിച്ചെടുക്കുക എന്നുള്ളതാണ് ആകെയൊരു ലക്ഷ്യം. വെല്ലുവിളി മാത്രമേ എന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളു. രാജു എന്ന ആക്ടറിലെനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. അയാള്‍ക്കത് ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്.

പിന്നെയതിന് മുന്‍പ് അയാള്‍ ചെയ്ത പലസിനിമകളും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ ആശങ്കകള്‍ക്കും വലിയൊരു കാര്യമില്ല. അവിടെ ഞാന്‍ തിരിച്ച് വരുന്നത് പ്രേക്ഷകനിലേക്കാണ്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അയാളെ തൃപ്തനാക്കണം. അവന്റെ സെന്‍സിബിലിറ്റിയെ പരിഹസിക്കാത്ത ഒരു സിനിമ സ്‌ക്രീനില്‍ കണ്ടാല്‍ അഭിനയിക്കുന്ന ആളെ കുറിച്ച്  ഉണ്ടായെന്നുള്ളത് മറന്നു പോകും. അത് വളരെ വ്യക്തമാണ് ഇന്ത്യന്‍ റുപ്പീ തിയേറ്ററിലിറങ്ങി രാജുവിനെ കാണുമ്പോള്‍ വളരെയധികമാളുകള്‍ തിയേറ്ററില്‍ കൂവുന്നു. അത് പിന്നീട്  മറന്നു പോകുന്നു. കുറച്ച് കഴിയുമ്പോള്‍ ഇവര്‍ തന്നെ സ്‌ക്രീനില്‍ പൃഥ്വിരാജിനെ കാണുന്നതിന് പകരം ജയപ്രകാശ് എന്ന കഥാപാത്രത്തിനെ കാണുന്നു. ജെപിക്കൊപ്പം സഞ്ചരിക്കുന്നു, സിനിമ കഴിയുമ്പോള്‍ കൈയടിച്ച് ഇറങ്ങിപോകുന്നു.

പൃഥ്വിരാജിനെതിരെയുണ്ടാകുന്ന ഈയൊരു കൂവല്‍ ഈയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നോ.?

സംഭവിച്ചേക്കാമെന്ന് തോന്നിയിരുന്നു. പക്ഷേ ഞാനത് കാര്യത്തിലെടുത്തില്ല. അതെന്നെ ഭയപ്പെടുത്തിയിട്ടില്ല. പൃഥ്വിരാജിനെയല്ല സ്‌ക്രീനില്‍ കാണാന്‍ പോകുന്നതെന്ന് എനിക്ക് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു.

അത് ആരുടെ വിജയമാണ്.? സംവിധായകന്റെ തന്നെ വിജയമല്ലേ.?

അത് എഴുത്തുകാരന്റെയും, സംവിധായകന്റെയും, നടന്റെയും വിജയമാണ്.

പൃഥ്വിരാജിനെ ജെപി എന്ന കഥാപാത്രത്തിലേക്ക് മാറ്റുകയെന്നത് ശ്രമകരമായിരുന്നോ.?

ഇല്ല, അത് വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള കാര്യമായിരുന്നു. ആദ്യം ഞാന്‍ ചെയ്തത് അയാള്‍ ധരിക്കുന്ന ഷര്‍ട്ടിന്റെ ഷോള്‍ഡര്‍ കുറച്ച് താഴ്ത്തുകയാണ്. സാമാന്യം വലിയ ഫ്രെയിമിലുള്ള ശരീരത്തില്‍ സ്ലിം ഫിറ്റായ ഷര്‍ട്ട് ഇടുമ്പോള്‍ സ്വാഭാവികമായും ബോഡിലാംഗ്വേജ് മാറും.  ഇതോടെ അയാള്‍ ഒരു സാധാരണക്കാരനായി മാറും. അവിടം തൊട്ട് ഓരോ ഷോട്ടിലും ഞാനയാളുമായി സംസാരിച്ച് തിരുത്തിയാണ് മുന്നോട്ട് പോയത്.

ചിത്രത്തില്‍ ജെപി ഇടക്ക് അച്യുതമേനോനോട് എവിടെയായിരുന്നു ഇത്രയും കാലമെന്ന് ചോദിക്കുമ്പോഴുണ്ടാകുന്ന ഒരു പൊട്ടിച്ചിരിയുണ്ട്. തിലകന്‍ എന്ന നടനോടുള്ള വിലക്ക് അതുമായിട്ടുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ക്കുള്ള രഞ്ജിത്ത് എന്ന സംവിധായകന്റെ പ്രതികരണമാണോ ഇത്.?

അത് വളരെ തമാശയാണ്. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എവിടെയായിരുന്നു ഇത്രയും കാലമെന്ന രാജുവിന്റെ ചോദ്യത്തിന് മറുപടിയായി തിലകന്‍ ചിരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു സിനിമ എന്നുള്ളത് മറന്നു പോയിട്ട് അമ്മയോടും, ഫെഫ്കയോടും ചോദിക്കൂ എന്ന് പറഞ്ഞേക്കരുത്. അത്രയും റിലാക്‌സഡ് ആയിട്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. തിലകന്‍ എന്ന നടന്‍ എവിടെയായിരുന്നു എന്ന ചോദ്യമല്ല എന്റെ ഉദ്ദേശ്യവും അതല്ല. കാരണം പോയകാലത്തിന്റെ പ്രതിനിധിയാണ് അച്യുതമേനോന്‍. പെട്ടെന്നൊരു ചാണക്യന്‍ അവരുടെ മുന്നില്‍ അവതരിക്കുന്നു. ഈ കുബുദ്ധിയെയായിരുന്നോ ഞങ്ങള്‍ മിസ് ചെയ്തത് എന്നുള്ള യുവതലമുറയുടെ ചോദ്യമാണിത്.

ഇത്തരത്തിലുള്ള വിലക്കുകള്‍ സമീപകാലത്ത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്താണ് താങ്കളുടെ അഭിപ്രായം.?

പ്രേക്ഷക പക്ഷത്ത് നിന്ന് കൊണ്ടാണ് ഞാനത് കാണുന്നത്. ഒന്നാമത് ഇത്തരത്തിലുള്ള നിലപാടുകള്‍ ഇവിടെ സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്കില്ല. അത് സിനിമ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. ഉള്ളിലെ പടലപിണക്കങ്ങളും സംഘടനപരമായ പ്രശ്‌നങ്ങളും വിളിച്ച് കൂവി സ്വയം പരിഹാസ്യരാകുകയാണ് ചലച്ചിത്രസമൂഹം. ഇത് നിര്‍ത്തിയിട്ട് സ്വന്തം സൃഷ്ടിയുടെ കാര്യത്തില്‍ കുറേകൂടി ജാഗ്രത കാണിക്കുകയും മെച്ചപ്പെട്ട രചനകള്‍ സൃഷ്ടികള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.

 ഇതാ എന്റെ സിനിമ-രഞ്ജിത്തുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



TOPICS: 

നവംബര്‍ 08, 2011  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read