എഴുത്ത് ഇടപെടലാവണം- സാറാ ജോസഫ് സംസാരിക്കുന്നു
മലയാളിയുടെ മാറ്റങ്ങളെയും, സ്ത്രീസ്വാതന്ത്ര്യത്തെയുംക്കുറിച്ച് സാറാ ജോസഫ് മനസ്സ് തുറക്കുന്നു. എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നിങ്ങനെ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാറാ ജോസഫ് സംസാരിക്കുന്നു.
എഴുത്ത് ,പ്രസംഗം, അധ്യാപനം, സാമൂഹിക ഇടപെടലുകള്‍ ഇതില്‍ ഏതിലൂടെയാണ് സാറാ ജോസഫ് എന്ന വ്യക്തിക്ക് ആത്മാവിഷ്‌ക്കാരം ഏറ്റവുമധികം സാധ്യമായത് .?
അത് തീര്‍ച്ചയായും എഴുത്തിലൂടെ തന്നെയാണ്. നമ്മള്‍ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ,വിവിധ ജോലികള്‍ ചെയ്യുമ്പോള്‍ വിവിധ രീതിയില്‍ നമ്മളെ ആവിഷ്‌ക്കരിക്കുന്നു. അതിന്റെയെല്ലാം സമഗ്രതയില്‍, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെ ആത്മാവിഷ്‌ക്കാരം നടത്തുവാന്‍ കഴിയുന്നത് എഴുത്തിലൂടെയാണ്.
സമഗ്രതയോടെ, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെ ആത്മാവിഷ്‌ക്കാരം നടത്തുവാന്‍ കഴിയുന്നത് എഴുത്തിലൂടെയാണ്. എന്നെപറ്റി, ഞാനെന്ന സ്ത്രീയെപറ്റി, മൊത്തം സ്ത്രീകളുടെ അവസ്ഥയെപറ്റിയുള്ള തിരിച്ചറിവുകള്‍, നീതി നിഷേധങ്ങള്‍ ,അവയോടുള്ള വല്ലാത്ത എതിര്‍പ്പുകള്‍ ഇവയെല്ലാം ആയിരിക്കാം ഇങ്ങനെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
യഥാസ്ഥികമായ ഒരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരു വ്യക്തിയാണ് ടീച്ചര്‍. പക്ഷെ അവിടെ നിന്ന് സ്ത്രീപക്ഷ ചിന്ത ടീച്ചറുടെ ഹ്യദയത്തിലേക്ക് വരുകയും, അത് പിന്നെ വളര്‍ന്ന് വികസിക്കുകയും ചെയ്തു.എങ്ങനെയാണ് ഇത് സംഭവിച്ചത് .?
നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ഇടപെടലുകള്‍ ,നമ്മളോട് നടത്തുന്ന അവകാശലംഘനങ്ങള്‍,നമുക്ക് പരിധികള്‍ ഉണ്ടാക്കല്‍ ,നമ്മുടെ സഞ്ചാരത്തിനടക്കം പരിധി നിശ്ചയിക്കല്‍ ഇതെല്ലാം കടന്നു വരുമ്പോള്‍ ചെറുപ്പം മുതല്‍ നമുക്ക് അതിനോട് നിഷേധങ്ങള്‍ ഉണ്ടായിരിക്കും.അതൊന്നും പ്രകടിപ്പിക്കാന്‍ ആ സമയത്ത് സാധിക്കില്ല.കാരണം നമ്മള്‍ മാതാപിതാക്കള്‍ക്ക് കീഴ്‌വഴങ്ങി ,അതുപോലെ സമൂഹവ്യവസ്ഥക്ക് കീഴ്‌വഴങ്ങി ജീവിക്കുന്നവരാണ്.എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍തന്നെ അത് പ്രകടിപ്പിക്കാതെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നമ്മള്‍ ജീവിക്കും.
പക്ഷെ എപ്പോഴെങ്കിലുമൊക്കെ ഇത്തരം അവകാശ നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നുന്ന നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകും.എനിക്കും അതുപോലെതന്നെയാണ് ഉണ്ടായിട്ടുള്ളത്.ഞാന്‍ വളരെ യഥാസ്ഥികമായി ജീവിച്ച ഒരാളാണ്.യഥാസ്ഥികമായ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളാണ്.പള്ളിയും കുടുംബവും പറയുന്നത്‌പോലെ ജീവിച്ച ഒരാളാണ്.പിന്നീട് എന്നെപറ്റി, ഞാനെന്ന സ്ത്രീയെപറ്റി, മൊത്തം സ്ത്രീകളുടെ അവസ്ഥയെപറ്റിയുള്ള തിരിച്ചറിവുകള്‍, നീതി നിഷേധങ്ങള്‍ ,അവയോടുള്ള വല്ലാത്ത എതിര്‍പ്പുകള്‍ ഇവയെല്ലാം ആയിരിക്കാം ഇങ്ങനെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
സ്ത്രീപക്ഷത്താണ് ടീച്ചറുടെ എഴുത്തുകള്‍ അടയാളപെടുത്തപെടുന്നത്.പക്ഷെ പുരുഷമേധാവിത്വത്തിനെതിരായുള്ള ബിംബങ്ങള്‍ എഴുത്തില്‍ ഉപയോഗിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ടീച്ചര്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് ശരിയാണോ.?
സമൂഹം പുരുഷാധിപത്യപരമാണെന്ന് തിരിച്ചറിയുക. അത് തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ സ്ത്രീയുടേതായ ജീവിതവീക്ഷണം വെക്കുക.ഇതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ തന്നെ വേണ്ടിവരും.സമൂഹം പുരുഷാധിപത്യപരമാണെന്ന് പറയാതെ അതിനോട് കലഹിക്കാന്‍ ആര്‍ക്കും കഴിയില്ല.ആ പറച്ചിലിന് ഏതൊക്കെ സാധ്യതകള്‍ ഉപയോഗിക്കാമൊ അതെല്ലാം ഉപയോഗിച്ച് കൊണ്ടാണ് എന്റെ എഴുത്തും വന്നിട്ടുള്ളത്.
പുറമെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് തോന്നാം ഇത് ബോധപൂര്‍വ്വമായ ഇടപെടലാണെന്ന്.എല്ലാ എഴുത്തും ബോധപൂര്‍വ്വമായ ഇടപെടലാണ്.ഇങ്ങനെ ഇരിക്കുമ്പോള്‍ എഴുത്ത് ഒഴുകി വന്നു എന്നെല്ലാം പറയുന്നത് വെറുതെയാണ്.അങ്ങിനെ ഒഴുകി വരുന്നതിന്റെ പിന്നില്‍ വലിയൊരു ചരിത്രമുണ്ട്.എല്ലാ എഴുത്തുകളും നമ്മുടെ ജീവിതത്തിലെ ഇടപെടലുകളാണെന്നാണ് എന്റെ വിശ്വാസം.
കുടുംബത്തിന്റെ കെട്ടുപാടുകളുടെ പിന്നില്‍ നിന്നു തന്നെയാണ് ടീച്ചര്‍ ഇതിനോടെല്ലാം കലഹിച്ചത്.ഇതിലെന്തെങ്കിലും വൈരുദ്ധ്യമുണ്ടോ.?
ഇതില്‍ വൈരുദ്ധ്യം ഒന്നുമില്ല.കാരണം കുടുംബത്തെ ഒഴിവാക്കിയുള്ള ഒരു വ്യക്തിയുടെ ജീവിതം അത്ര സുഖകരമായിരിക്കില്ല.ഇത് പറയുമ്പോള്‍ ഫെമിനിസ്റ്റുകള്‍ എന്നോട് കലഹിച്ചേക്കാം.കുടുംബം എന്ന് പറയുന്ന ജനാധിപത്യം ഇല്ലാത്ത ഒരു വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് ഞാനിത് പറയുന്നത്.മനുഷ്യര്‍ക്ക് ഏകാന്തമായി ജീവിക്കാന്‍ വിഷമമാണ്.അത് വളരെ ഭയവിഹ്വലമാണ്.ആ ഏകാന്തത പരിഹരിക്കാനാണ് സമൂഹബന്ധങ്ങള്‍ ഉണ്ടാക്കുന്നത്.നമുക്കുണ്ടാക്കാന്‍ കഴിയുന്ന ബന്ധങ്ങളില്‍ ഏറ്റവും ഭംഗിയുള്ളതും ,ഏറ്റവും സുഖകരമായതുമായ ഒന്നാണ് സ്ത്രീ-പുരുഷ ബന്ധം.
സത്യത്തില്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഉദാത്തമായ സൗന്ദര്യ തലത്തിലേക്ക് അല്ലെങ്കില്‍ അതിന്റെ ഉയര്‍ന്ന സുഖാനുഭൂതിയിലേക്ക് ഉയരുവാന്‍ അനുവദിക്കാത്ത തരത്തില്‍ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ സാധ്യമാകുന്നത് വിവാഹം,കുടുംബം തുടങ്ങിയ സ്ഥാപനങ്ങളില്‍ കൂടിയാണ്. ഈ സ്ഥാപനങ്ങള്‍ക്ക് അതിന്റേതായ പോരായ്മകളുണ്ട്. കുടുംബം പുരുഷാധിപത്യപരമായ വ്യവസ്ഥയിലാകുകയും, അതിനകത്ത് ജനാധിപത്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ സ്വാഭാവികമായും ആരാണൊ അതിന് ഇരയാകുന്നത് ആ വ്യക്തിയുടെ ഉള്ളില്‍ കലഹം ഉണ്ടാകും.അത് പുറത്തേക്ക് കാണിക്കാതെ ജീവിക്കുന്നവരുണ്ട്.പുറത്തേക്ക് കാണിക്കുന്നവരും ഉണ്ട്. പുറമേക്ക് ആ അമര്‍ഷങ്ങള്‍ കാണിക്കുമ്പോള്‍ കലഹം ഉണ്ടാകാം.
മാനുഷിയുടെ ആദ്യ യോഗവുമായി ബന്ധപ്പെട്ട് ടീച്ചര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ വായിച്ചു.ആ യോഗത്തില്‍ കുടുംബങ്ങള്‍ വ്യവസ്ഥകള്‍ പൊട്ടിച്ചെറിയണമെന്ന് പറഞ്ഞപ്പോള്‍ അവിടെയുള്ള ഉമ്മമാരും, കുട്ടികളും എണീറ്റ് പോയത് ടീച്ചര്‍ ചിരിയോടെ പറഞ്ഞത് ഞാന്‍ വായിച്ചു.അന്ന് മാനുഷിപോലും സ്ത്രീവിമോചന സംഘടനയാണെന്ന് പറഞ്ഞപ്പോള്‍ അമ്പരന്നു എന്ന് പറയുന്നു.ഇത് ടീച്ചറിനെ അസ്വസ്ഥതപെടുത്തിയിട്ടുണ്ടോ.?
തിരിച്ചറിവുകളിലേക്ക് ഞാന്‍ ഓരോ അടിവെച്ച്‌പോകുന്നതിന്റെ ഓരോഘട്ടത്തില്‍ സംഭവിച്ച കാര്യങ്ങളാണ് അതെല്ലാം.ഇന്ന് എനിക്ക് കുടുംബം എന്ന് പറയുന്ന വ്യവസ്ഥിതിയുടെ തകരാറുകളെപറ്റി ക്യത്യമായി പറയാന്‍ കഴിയും. അന്ന് മാനുഷിയുടെ തുടക്കമാണ്, ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയാണ്. ഞാന്‍ വരുന്നത് വളരെ യഥാസ്ഥികമായ കുടുംബത്തില്‍ നിന്നാണ്. ആ ഉമ്മമാരെ പോലെ തന്നെയായിരുന്നു എന്റെ അപ്പോഴത്തെ അവസ്ഥ.
പക്ഷെ ആ ഉമ്മമാര്‍ക്ക് ഇല്ലാത്ത ഒരു തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. നാം ജീവിക്കുന്ന ജീവിതം സമൂഹത്തിലെ തുല്യ അവകാശങ്ങളോട് കൂടിയതോ, പൗരാവകാശങ്ങളോട് കൂടിയതോ ,മനുഷ്യാവകാശങ്ങളോട് കൂടിയതോ ഉള്ളതല്ല എന്ന തിരിച്ചറിവ്. ഈ തിരിച്ചറിവ് കൊണ്ട്തന്നെ നമ്മള്‍ കലഹം ചെയ്യാന്‍ ബാധ്യസ്ഥരാണ്.പതുക്കെയാണ് അതിന്റെ വ്യക്തതയും,രാഷ്ട്രീയവും ഉരുതിരിയുന്നത്. അത്‌കൊണ്ടുതന്നെയാണ് ഓരോഘട്ടത്തിലും എനിക്ക് തന്നെ അത് പരിഹാസമായി തോന്നിയിട്ടുള്ളത്.
ടീച്ചറിന്റെ എഴുത്തുകളെ പെണ്ണെഴുത്തിന്റെ ദ്യഷ്ടിയിലൂടെ കണ്ടതിന് വ്യക്തിപരമായി എന്തെങ്കിലും വിഷമമുണ്ടോ.?
ഒരിക്കലുമില്ല. പെണ്ണിന്റെ അനുഭവങ്ങള്‍ വ്യത്യസ്ഥമാണ്. സ്ത്രീ ജീവിക്കുന്ന ജീവിതത്തിന്റെ ഉയരം, അതിന്റെ ഔന്നത്യം എന്ന് പറയുന്നത് വ്യത്യാസം ഉള്ള ഒന്നാണ്.പ്രക്യതി എന്തൊരു വിശ്വാസമാണ് സ്ത്രീയില്‍ അര്‍പ്പിച്ചിട്ടുള്ളത്.ഒരു ജീവനെ കൈയ്യില്‍ കൊടുത്താല്‍,അതിനെ പരിപാലിച്ച് വളര്‍ത്തികൊണ്ടുവരും എന്ന് പറയുന്ന വലിയൊരു വിശ്വാസമാണ് പ്രക്യതി സ്ത്രീക്ക് കൊടുത്തിരിക്കുന്നത്.പുരുഷന്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും കയ്യൊഴിയും.പക്ഷെ സ്ത്രീയിലുള്ള ഈ വിശ്വാസം സകല ചരാചരങ്ങളേയും,ജീവനുള്ള എല്ലാ ജന്തുക്കളും പരിപാലിച്ച് പോരുന്നുണ്ട്.സമൂഹത്തില്‍ സ്ത്രീയുടെ പദവി രണ്ടാംകിടയാണ്,മൂന്നാംകിടയാണ് എന്നൊക്കെ സ്ഥാപിക്കുന്ന അധികാര വ്യവസ്ഥയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
ഭാഷ,അതിലെ സാഹിത്യം,അത് പുരുഷന്‍മാരുമായി എഴുതുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ പെണ്ണെഴുത്ത് എന്ന് പറയുമ്പോള്‍ വിഷമമുണ്ടോ.?
തീര്‍ച്ചയായും ഇല്ല.കാരണം പെണ്ണെഴുത്തിന് അതിന്റേതായ ഭാഷ, ഒരു വ്യാകരണം, എഴുത്തിന്റേതായ രീതി അതെല്ലാം സ്വാഭാവികമായും മുഖ്യധാരാസാഹിത്യത്തില്‍ നിന്നും വ്യത്യസ്തമായി തന്നെ ഉണ്ടാകണം.എന്റെ വ്യത്യാസപ്പെട്ട ജീവിതത്തെ അടയാളപെടുത്താന്‍ വ്യത്യസ്തമായ ഭാഷ വേണം.ഭാഷാ ശൈലി വേണം.ഒരു വ്യാകരണമടക്കം വേണം.അതിന് വേണ്ടിയുള്ള അന്വേഷണങ്ങള്‍ ലോകത്തെമ്പാടുമുള്ള സ്ത്രീ എഴുത്തുകാര്‍ നടത്തികൊണ്ടിരിക്കുകയാണ്.ഭാഷയില്‍ വരുത്തിയ നവീകരണങ്ങള്‍, സ്ത്രീയെ ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍, സ്ത്രീയുടെ അഭാവം അതുപോലെതന്നെ സ്ത്രീവിരുദ്ധപദങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് നിലവിലുള്ള വ്യവസ്ഥക്ക് അനുകൂലമായ പദവിയിലാണ് സ്ത്രീയെ പ്രതിഷ്ട്ടിച്ചിരിക്കുന്നത്.ഇതിനെ പൊളിച്ച് സമാന്തരമായ വഴി കാണാനാണ് പെണ്ണെഴുത്ത് ശ്രമിക്കുന്നത്.പലരും പെണ്ണെഴുത്ത് എന്ന പദം പിടിച്ചാണ് ഡാന്‍സിങ്ങ്.അല്ലാതെ അതിന്റെ അകത്തേക്ക് കടന്ന് അതിന്റ സാധ്യതകള്‍ ആരും അന്വേഷിക്കുന്നില്ല.
ടീച്ചറിന്റെ ആദ്യകാല രചനകളില്‍ നിന്ന് ഇപ്പോള്‍ ആദിയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വലിയൊരു മാറ്റം കാണാം.ടീച്ചറിന്റെ സ്ത്രീപക്ഷ ചിന്തയില്‍തന്നെ ചില ഇഴുകിചേരലുകള്‍ മാറിമറിഞ്ഞിട്ടുണ്ട്.ആദിയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ടീച്ചറിന്റെ ഉള്ളില്‍ നിന്ന് ഇതിനൊരു ശ്രമം ഉണ്ടായിട്ടുണ്ടോ.?
തീര്‍ച്ചയായും ഉണ്ട്.കാരണം നമ്മുടെ ജീവിതം ഒരു സഞ്ചാരമാണ്.ഓരോ നിമിഷത്തിലും വളരെ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഒരാള്‍ക്ക് മാറ്റം ഇല്ലാതെ എഴുതാനോ, പ്രവര്‍ത്തിക്കാനോ സാധിക്കില്ല. മാറ്റമില്ല എന്ന് പറയുന്നത് വെറുതെയാണ്.എല്ലാം മാറികൊണ്ടിരിക്കുകയാണ്. ആ മാറ്റം എഴുത്തിലും നവീകരണങ്ങള്‍ ഉണ്ടാക്കും. ഒഴുകുന്ന വെള്ളത്തെ നോക്കൂ. അത് അനുനിമിഷം മാറികൊണ്ടിരിക്കുകയാണ്. അങ്ങനെ അനുനിമിഷം മാറികൊണ്ടിരിന്നാലെ അത് പുതുമയുള്ളതായി തീരൂ.ജീവനുള്ളതായിരിക്കൂ. ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടേയിരിക്കും. വലിയ തോതിലുള്ള മാറ്റങ്ങളാണ് സമൂഹത്തിലും,സമ്പത്ത്ഘടനയിലും,സാംസ്‌കാരികഘടനയിലുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം നമ്മുടെ എഴുത്തിലും പ്രതിഫലിക്കും.
മാനുഷിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സാഹചര്യങ്ങളാല്‍ സംഭവിച്ച് പോയതാണ്.പക്ഷെ അതിന്റെ ആശയപരമായ അടിത്തറയില്‍ ബാഹ്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുമ്പോഴും, ഒരു സ്ത്രീ ആയതുകൊണ്ട് ആ തിരിച്ചറിവുണ്ടാകാന്‍ വൈകി എന്ന് പറയുമ്പോഴും അതിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എങ്ങനെയാണ് ടീച്ചര്‍ അതിനെ നോക്കികാണുന്നത്. ?
വളരെ ശരിയാണ് ചെയ്തതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.കാരണം അന്ന് സ്ത്രീയുടെ പ്രശ്‌നം എന്താണ് ,എങ്ങിനെയാണ് അത് പരിഹരിക്കേണ്ടത് എന്നതായിരുന്നു ഞങ്ങളുടെ മുന്നിലുള്ള പ്രധാനചോദ്യം.അന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിരുന്നത് സമൂഹത്തില്‍ സ്ത്രീക്ക് മാത്രമായി പ്രശ്‌നങ്ങള്‍ ഇല്ലെന്നും, പുരുഷന്‍മാര്‍ക്കുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് സ്ത്രീക്കും ഉള്ളൂ എന്നാണ്. ആ പ്രശ്‌നങ്ങള്‍ സാമ്പത്തികമായി പരിഹരിക്കാനാകുമെന്നും അവര്‍ സമര്‍ഥിച്ചു.സാമ്പത്തികമായി സ്ത്രീക്ക് തുല്യത ഉണ്ടാകുന്നതോടെ സ്ത്രീയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന ധാരണയായിരുന്നു എനിക്കും അന്ന് ഉണ്ടായിരുന്നത്.
പക്ഷെ അത് അങ്ങനെ അല്ല എന്ന് എനിക്ക് പിന്നീട് മനസിലായി.കാരണം ഞാന്‍ നല്ലൊരു തുക ശമ്പളം വാങ്ങുന്ന ഒരാളാണ്.പണം കൈയ്യില്‍ ഉണ്ടായിട്ടും ഒരുപാട് പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു.സാംസ്‌കാരിക പ്രശ്‌നങ്ങള്‍ , കുടുംബം എന്ന ഘടനക്കുള്ളിലെ പ്രശ്‌നങ്ങള്‍, മതത്തിനകത്തെ പ്രശ്‌നങ്ങള്‍, അങ്ങനെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍.ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉള്ളപ്പോള്‍ തുല്യതയില്‍ സമ്പത്തുണ്ടെങ്കില്‍ മാത്രം എനിക്ക് മനുഷ്യാവകാശങ്ങളോട് കൂടി ജീവിക്കാന്‍ പറ്റില്ല എന്ന് പറയുന്നതിനെ ഞാന്‍ എങ്ങനെയാണ് തിരിച്ചറിയേണ്ടത് എന്നതായിരുന്നു എന്റെ ഉള്ളിലെ പ്രധാന ചോദ്യം.അത് ശരിയായി പറയുന്ന രാഷ്ട്രീയം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീയുടെ പ്രശ്‌നത്തെ ഞാന്‍ തിരിച്ചറിഞ്ഞത്. തിരിഞ്ഞുനോക്കുമ്പോള്‍ ഒരിക്കലും നഷ്ടബോധമോ, പശ്ചാത്താപമോ എനിക്ക് തോന്നുന്നില്ല.
എഴുത്ത് ഇടപെടലാവണം- സാറാ ജോസഫുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































