Indiavision Live | Malayalam News Channel

പ്രക്ഷോഭങ്ങളുടെ തിരപ്പകര്‍ച്ച

ഷംസീര്‍ ഷാന്‍

പതിറ്റാണ്ടുകളുടെ നിശബ്ദത ഒരു പേറ്റുനോവുപോലെ നിലവിളിച്ചുയര്‍ന്നപ്പോള്‍ അറബ് ലോകം ദര്‍ശിച്ചത് സമാനതകളില്ലാത്ത യുഗപ്പിറവിയാണ്. ടുണീഷ്യ പകര്‍ന്ന രോഷത്തീയില്‍ മുല്ലപ്പൂവിപ്‌ളവം അറബ് വസന്തമായി ആളിപ്പടര്‍ന്നപ്പോള്‍ അറബിടങ്ങളിലെ സാഹിത്യവും സിനിമയുമുള്‍ക്കൊളളുന്ന സര്‍ഗ്ഗാത്മകലോകവും വിപ്ലവത്തോടൊപ്പം നിന്നു.

ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യം ഏകാധിപതികളെ തൂത്തെറിഞ്ഞപ്പോള്‍ പ്രക്ഷുബ്ദമായ തെരുവുകളില്‍ ആടിയുലയുന്ന ക്യാമറാ കണ്ണുകളുമായി ആ ചരിത്രനിമിഷങ്ങള്‍ പകര്‍ത്താന്‍ എലിസ് ബക്കറും, അമ്ര് സലാമയും, അത്തെന്‍ അമീനും, തമേര്‍ എസ്സാത്തുമെല്ലാമുണ്ടായിരുന്നു.

അറബ് രോഷം തെരുവുകളില്‍ ആളിപ്പടര്‍ന്നപ്പോള്‍ അവരില്‍ ചിലര്‍ കൈയ്യിലേന്തിയ മൊബൈല്‍ ക്യാമറകളില്‍ സിനിമ പകര്‍ത്തുകയായിരുന്നു. ഒരു ജനതയുടെ തിരിച്ചറിവിന്റെ വിസ്‌ഫോടനം പകര്‍ത്തിവെക്കാന്‍ അവര്‍ക്ക് പക്ഷേ ഒന്നും തടസ്സമായില്ല, സാങ്കേതികതയുടെ നിയതരേഖകള്‍ മറികടന്ന ആ തിരപ്പകര്‍പ്പുകള്‍ പ്രക്ഷോഭങ്ങളുടെ തത്സമയ കാഴ്ചകളായി.

അങ്ങനെ ജനാധിപത്യത്തോടൊപ്പം അന്നാാടുകളില്‍ സിനിമയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യം ഏകാധിപതികളെ തൂത്തെറിഞ്ഞപ്പോള്‍ പ്രക്ഷുബ്ദമായ തെരുവുകളില്‍ ആടിയുലയുന്ന ക്യാമറാ കണ്ണുകളുമായി ആ ചരിത്രനിമിഷങ്ങള്‍ പകര്‍ത്താന്‍ എലിസ് ബക്കറും, അമ്ര് സലാമയും, അത്തെന്‍ അമീനും, തമേര്‍ എസ്സാത്തുമെല്ലാമുണ്ടായിരുന്നു.

സ്വന്തം നാടിന്റെ പുതുയുഗത്തിലേക്കുളള പ്രയാണം 24 ഫ്രയിമുകളുകളിലേക്ക് തീക്ഷ്ണമായി പകര്‍ത്തിയ സിനിമകളൊരുക്കിയവരായിരുന്നു ഇവരൊക്കെയും. റിയല്‍ ഫൂട്ടേജുകളിലൂടെയായിരുന്നു ഈ സിനിമകള്‍ നാടിന്റെ വിപ്ലവം പറഞ്ഞത്. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ ശക്തമായ സാഹചര്യത്തിലും ജീവന്‍പോലും പണയം വെച്ചായിരുന്നു ഇവര്‍ വിപ്ലവത്തിന്റെ തിരപ്പകര്‍പ്പൊരുക്കിയത്.

ഈ സിനിമകളെല്ലാം ലോകമെമ്പാടുമുളള പ്രശസ്തമായ ചലച്ചിത്രമേളകളിലെത്തിക്കാനും ഇവര്‍ക്കായി. 20 ലധികം സിനിമകളാണ് അറബ് വസന്തം പശ്ചത്തലമായി വിവിധ രാജ്യങ്ങളില്‍ നി്ന്ന് ഇതിനകം വെളളിത്തിരയിലെത്തിയത്. അതില്‍ 10 സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ’18 ഡെയ്‌സ്’, റോഷ് പരോള്‍, തഹ്രീര്‍ -2011, ദ ഗുഡ്, ബാഡ്, ആന്റ് ദ പൊളിറ്റീഷന്‍, അസ്മാ, ദമാസ്‌ക്കസ് വിത്ത് ലവ് തുടങ്ങി അറബ് രോഷത്തിന്റെ അഭ്രസാക്ഷ്യങ്ങളായെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തു.

എല്ലാത്തിലുമുപരിയായി വിപ്ലവം ആവേശം പകര്‍ന്നത് ഞങ്ങളുടെ നാട്ടിലെ സിനിമയ്ക്കും സാഹിത്യത്തിനും തന്നെയാണ്.് ഇത് ഇവിടെ അവസാനിക്കുന്നതല്ല, അറബ് രാഷ്ട്രീയത്തിലും ജിവിതത്തിലും നിര്‍ണ്ണായകമായ മാറ്റങ്ങളുടെ ചുവരെഴുത്താവുന്നതാണ് എന്റെ നാട്ടില്‍ പിറന്ന വിപ്ലവം. ഞങ്ങള്‍ക്കിപ്പോള്‍ ആശയങ്ങള്‍ അടിക്കിപ്പിടിച്ചുവെക്കേണ്ടതില്ല, ഇപ്പോള്‍ ആളുകള്‍ സിനിമ കാണാന്‍ തല്‍പ്പരരാണ്. ഒരുപാട് പേര്‍ ഈ രംഗത്തേക്ക് വരുന്നുണ്ടിപ്പോള്‍.

മലയാളത്തിന്റെ തിരയുല്‍സവമായ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഗോവന്‍ ഫെസ്റ്റിവലിലിലും അറബ് വസന്തത്തിന്റെ പ്രത്യേക പാക്കേജുകളിലെത്തിയ ഈ ചിത്രങ്ങളെല്ലാം നിറഞ്ഞ കൈയ്യടി നേടി. ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തില്‍ നിറഞ്ഞ ജനത ഹോസ്‌നിമുബാറക്കിനെ 18 നാള്‍ കൊണ്ട് നിഷ്‌കാസിതനാക്കിയപ്പോള്‍ തങ്ങള്‍ പകര്‍ത്തിവെച്ച ഫൂട്ടേജുകളും ബൈറ്റുകളും ചേര്‍ത്ത് പത്ത് സിനിമാ പ്രവര്‍ത്തകരൊരുക്കിയ ചിത്രമാണ് ’18 ഡെയ്‌സ്’. പതിനെട്ടാം നാള്‍ പടിയിറങ്ങിയ ഏകാധിപത്യത്തിന്റെ നേര്‍ചിത്രം.

സാങ്കേതികതയുടെ പൂര്‍ണ്ണതയ്ക്കുമപ്പുറം സര്‍ഗാത്മകതയുടെ ആത്മസമര്‍പ്പണവും ഇടപെടലിന്റെ തിരകാഴ്ചയുമായിരുന്നു 18 ഡെയിസും റോഷ് പരോളും തഹ്‌രീറുമൊക്കെ.

വിപ്ലവം പകര്‍ന്ന സാംസ്‌കാരിക ഉണര്‍വ് പ്രകടമായിരുന്നു, എലിസ് ബെക്കറെന്ന ടുണീഷ്യന്‍ സംവിധായകന്റെ വാക്കുകളില്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ അറബ് സിനിമകളെ സ്‌നേഹിക്കുന്ന മലയാളി മനസ്സിനോടുളള ഇഷ്ടവും അദ്ദേഹം പങ്കുവെച്ചിരുന്നു. ടുണീഷ്യന്‍ പ്രക്ഷോഭത്തിന്റെ നേര്‍കാഴ്ചയായ ‘റോഷ് പരോള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് എലിസ് ബെക്കാര്‍.

എല്ലാത്തിലുമുപരിയായി വിപ്ലവം ആവേശം പകര്‍ന്നത് തങ്ങളുടെ നാട്ടിലെ സിനിമയ്ക്കും സാഹിത്യത്തിനും തന്നെയാണെന്ന് ബെക്കാര്‍ പറയുന്നു. ഇത് ഇവിടെ അവസാനിക്കുന്നതല്ല, അറബ് രാഷ്ട്രീയത്തിലും ജിവിതത്തിലും നിര്‍ണ്ണായകമായ മാറ്റങ്ങളുടെ ചുവരെഴുത്താവുന്നതാണ് തന്റെ നാട്ടില്‍ പിറന്ന വിപ്ലവമെന്ന് ഈ ചലച്ചിത്രകാരന്‍ പറയുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ആശയങ്ങള്‍ അടിക്കിപ്പിടിച്ചുവെക്കേണ്ടതില്ല, ഇപ്പോള്‍ ആളുകള്‍ സിനിമ കാണാന്‍ തല്‍പ്പരരാണ്. ഒരുപാട് പേര്‍ ഈ രംഗത്തേക്ക് വരുന്നു.

വിപ്ലവത്തിനുശേഷം അറബിടങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പുതിയ രാഷ്ട്രീയ നേതൃത്വങ്ങളെക്കുറിച്ചും ബെക്കാര്‍ വാചാലനായി. മുസ്ലീം ബ്രദര്‍ഹുഡും, അന്നഹ്ദയുമൊക്കെയാണ് ജനകീയ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

അവരുടെ നിലപാടുകള്‍ ഏറെ നിര്‍ണ്ണായകവുമാണ്. അവര്‍ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് അവര്‍ മറുപടി പറയേണ്ടത് ‘ശരി’യുടെ മതേതര ജനാധിപത്യം പ്രായോഗികമായി കാണിച്ചുകൊടുത്തുകൊണ്ടാവണമെന്നും ബെക്കര്‍ പറയുന്നു. അറബ് വസന്തവും സ്ത്രീ സ്വാതന്ത്രവും പ്രമേയമാക്കിയുളളതാവും തന്റെ അടുത്ത ചിത്രമെന്നും ഒടുവിലത്തെ ഫേസ്ബുക്ക് ചാറ്റിംഗിനിടെ എലിസ് ബെക്കര്‍ പറഞ്ഞു.

ഇറാനിയന്‍ സിനിമകളില്‍ മാത്രമൊതുങ്ങിനിന്ന അറബ് ജീവിതത്തിന്റെ തിരയൊപ്പുകള്‍ അങ്ങനെ ടുണീഷ്യയിലേയും സിറിയയിലേയും, ഈജിപ്തിലേയുമെല്ലാം വെളളിത്തിരകളെ തഴുകി ഉണര്‍ത്തുകയാണ്. ആ സിനിമകള്‍ക്കെല്ലാം അവരവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ രാഷ്ട്രീയ ഭാഷയുണ്ട്, അതിലേറെ സാങ്കേതികതയ്ക്കപ്പുറമുളള ആവിഷ്‌കാരത്തിന്റെ തത്സമയ നൈര്‍മല്ല്യവും അവ അനാവരണം ചെയ്യുന്നു.

 


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ജനുവരി 02, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read