‘ഓപ്പണ്‍ സിറ്റി’-തേജു കോളെ

ഓപ്പണ്‍ സിറ്റി- തേജു കോളെ – ഫേബര്‍ ആന്റ് ഫേബര്‍ പബ്ലിക്കേഷന്‍സ്
നൈജീരിയന്‍ അമേരിക്കന്‍ യുവ എഴുത്തുകാരനായ തേജു കോളെയുടെ ‘ഓപ്പണ്‍ സിറ്റി’ എന്ന പുസ്തകത്തെ വിലയിരുത്തുകയാണ് പ്രമുഖ പുസ്തക നിരൂപകനായ എന്‍ ഇ സുധീര്‍ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിലൂടെ. വന്‍ നിരൂപക പ്രശംസ നേടിയ ‘ഓപ്പണ്‍ സിറ്റി’ കഴിഞ്ഞ വര്‍ഷത്തെ മികച്ച ലോകോത്തര കൃതികളിലൊന്നാണെന്ന് ലേഖകന്‍ വിലയിരുത്തുന്നു.
മാന്‍ഹാട്ടനിലെ നഗരവീഥികളില്‍ അലസമായി നടക്കുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. അയാള്‍ നടന്നുതീര്‍ത്തിരുന്നത് ആ നഗരത്തിലെ കുറേ ദൂരങ്ങളെയല്ല, അയാളറിഞ്ഞ ലോകങ്ങളെല്ലാം അയാളോടൊപ്പം നടന്നുകൊണ്ടിരുന്നു. അയാളുടെ ജീവിതത്തിലെ മുന്‍ കാലവും, വരും കാലവും ആ യാത്രകളില്‍ അയാള്‍ക്ക് കൂട്ടായി.
ആ പട്ടണത്തിലെ സിനിമാശാലകളിലും പുസ്തകശാലകളിലും ആര്‍ട്ട് ഗ്യാലറികളിലും സമയം ചിലവാക്കുമ്പോള്‍ ഭൂതകാലവും ഭാവികാലവും അയാളുടെ മനസ്സില്‍ നിറഞ്ഞുനിന്നു. മനസ്സിന്റെ വേഗം അയാളെ അത്ഭുതപ്പെടുത്തിയില്ല. കാരണം അയാളൊരു മനോരോഗ വിദഗ്ധനായിരുന്നു. ഈ അയാള്‍, ജൂലിയസാണ്, തേജു കോളെയുടെ ഓപ്പണ്‍ സിറ്റിയെന്ന നോവലിലെ മുഖ്യകഥാപാത്രം.
തേജു കോളെ ജനനംകൊണ്ട് നൈജീരിയന്‍-അമേരിക്കനാണ്. 1992 ല്‍ പതിനേഴാമത്തെ വഴസ്സില്‍ അമേരിക്കയില്‍ താമസമായി. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് ‘ഓപ്പണ്‍ സിറ്റി’ .
വര്‍ത്തമാനകാലത്തിലെ സാംസ്‌കാരികവൈചിത്ര്യവും, സാമൂഹിക വൈജാത്യവും നിറഞ്ഞുനില്‍ക്കുന്ന ഓപ്പണ്‍ സിറ്റി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്.
രചനാശൈലികൊണ്ടും പ്രമേയത്തിലെ പുതുമകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ കൃതിയെ 2011 ലെ മികച്ച സാഹിത്യസംഭാവനകളിലൊന്നായി പ്രമുഖ സാഹിത്യ മാധ്യമങ്ങളൊക്കെ കണക്കാക്കുകയും ചെയ്തു. പ്രശസ്തനിരൂപകനായ ജെയിംസ് വുഡും, നോവലിസ്റ്റായ കോം ടോയ്ബിനും ഈ നോവലിനെ വാഴ്ത്തി.
കഥപറിച്ചിലിന്റെ തികച്ചും സാധാരണമായ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ നോവലെന്ന സാഹിത്യരൂപത്തിന്റെ ആധുനികമായ ഒരു തലം നിര്‍മ്മിക്കുവാന്‍ തേജു കോളേയ്ക്കു സാധിച്ചിട്ടുണ്ട്. ദേശീയ സ്വത്വം, വംശീയത, സ്വാതന്ത്ര്യം പറിച്ചുനടല്‍, കീഴടങ്ങല്‍ അങ്ങനെ ആധുനിക മനുഷ്യന്‍ നേരിടുന്ന എല്ലാ കുരുക്കുകളും ഈ നോവലില്‍ കടന്നുവരുന്നുണ്ട്.

മനോഹരമായ ഒരാത്മകഥ വായിച്ച അനുഭൂതിയാണ് നോവല്‍ വായിച്ചുതീരുമ്പോള്‍ നമുക്കുണ്ടാവുക. അത്രമാത്രം തീക്ഷ്ണമാണ് കഥാപാത്രസൃഷ്ടി. സാഹിത്യ സൗന്ദര്യത്തിന്റെ വിസ്മയിപ്പിക്കുന്ന അനുഭൂതി ആദ്യ കൃതിയിലൂടെ തന്നെ പകര്‍ന്നുതന്ന ഈ ചെറുപ്പക്കാരന്‍ ആധുനിക നോവല്‍ സാഹിത്യത്തിലെ മൗലിക ശബ്ദങ്ങളിലൊന്നാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































