


പോയ വര്‍ഷം അവസാന പാദത്തില്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് മേധാവികളെ വിളിച്ച് വരുത്തി ഹിതകരമല്ലാത്ത ഉള്ളടക്കം നിയന്ത്രിക്കുന്ന കാര്യത്തില്‍ മന്ത്രി നയം വ്യക്തമാക്കിയത് വലിയ വാര്‍ത്താസംഭവം ആയിരുന്നു, ഇത് സര്‍ക്കാര്‍ നയം ആണൊ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും. ഈ വര്‍ഷം പുലര്‍ന്നപ്പോള്‍ സമാനമായ, സമാന്തരമായ മറ്റൊരു രീതിയില്‍ ആവശ്യം കോടതിയിലുമെത്തി. ജനുവരി 12 ന് ന്യായാധിപന്‍ ഇങ്ങനെ ആവശ്യപ്പെട്ടു എന്ന് വാര്‍ത്ത വന്നു. ‘ശക്തമായ പരിശോധന നിങ്ങള്‍ (ഇന്റര്‍നെറ്റ് കമ്പനികള്‍) നടത്തണം. മറിച്ചാകുമെങ്കില്‍ ഞങ്ങള്‍ക്ക് ചൈനയിലേത് പോലെ ഇത്തരം സൈറ്റുകളെ നിരോധിക്കുന്ന ഉത്തരവ് ഇറക്കേണ്ടി വരും……ഇതിലെ ഉള്ളടക്കം പരിശോധിക്കാനും നീക്കം ചെയ്യാനും ഒരു സംവിധാനം നിങ്ങള്‍ക്ക് ഉണ്ടാകണം, ഒപ്പം തന്നെ ഇങ്ങനെ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നവര്‍ക്കെതിരെ നടപടിയും എടുക്കണം’ .
ഇതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഫേസ്ബുക്ക്, ഗൂഗിള്‍ അടക്കമുള്ള ഇരുപതിലേറേ സ്ഥാപനങ്ങള്‍ക്ക് എതിരെ നിയമനടപടി തുടരാന്‍ അനുമതിയും നല്‍കി.

ഇതേ സമയം തന്നെ അമേരിക്കന്‍ നിയമനിര്‍മാണ സഭയില്‍ ഒരു ബില്‍ എത്തുകയും ചെയ്യുന്നു. Stop Online Piracy Act (SOPA) എന്ന പേരുള്ള വിവാദ ബില്ലിന്റെ ആഗമനോദ്ദേശം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് കുത്തക സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തില്‍ അമേരിക്കന്‍ നിയമസംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ്. പകര്‍പ്പവാകാശ ലംഘനം നടത്തി എന്ന് ആരോപിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പണവിനിമയം, ഇവരുടെ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എന്തിനേറേ ഇങ്ങനെയുള്ള വിവരം ചികഞ്ഞെടുത്ത് കാണിക്കുന്ന സര്‍ച്ച് എന്‍ജിനുകള്‍ എന്നിവയടക്കം ഈ കരിനിയമത്തിന്റെ നിഴലില്‍ വരും. എന്തായാലും ഇത് വന്‍സമരമുറയ്ക്ക് തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു. ഉ ടനടി ഹര്‍ത്താലും ബന്ദും ഒന്നുമല്ല! പകരം ഇതിനെ അനുകൂലിക്കുന്ന കമ്പനികളെ ബഹിഷ്‌കരിക്കുക, ഓണ്‍ലൈന്‍ പരാതി ശേഖരിക്കല്‍, എന്ന് വേണ്ട ചില പ്രമുഖ സൈറ്റുകള്‍ കറുത്ത നിറത്തില്‍ ആദ്യപേജിനെ മാറ്റി ഈ സമരമുറയില്‍ പങ്കാളികള്‍ ആകുന്നു.
വിക്കിപീഡിയ തന്നെ ഉദാഹരണം. പരമ്പരാഗതമായ വെളുത്ത നിറത്തിലുള്ള പേജിന് പകരം ഉപയോക്താക്കള്‍ കാണുന്ന പേജ് ഇതാണ്. ഒപ്പം ഒരു സന്ദേശവും.
‘ഇന്റര്‍നെറ്റ് തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം’
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറേയായി ലോകമാകമാനമുള്ള സന്നദ്ധ സേവകര്‍ ശതകോടിക്കണക്കിന് വിവരശകലനങ്ങളുമായി ദശലക്ഷക്കണക്കിന് മണിക്കൂറുകള്‍ ചിലവിട്ടാണ് വിക്കിപീഡിയ പടുത്തുയര്‍ത്തിയത്. ഇന്റര്‍നെറ്റ് സ്വതന്ത്രവും തുറന്ന ഘടനയുമുള്ളതുമായത്‌കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. എന്നിരിക്കിലും അമേരിക്കന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് ഇപ്പോള്‍ പരിഗണിച്ച് കൊണ്ടിരിക്കുന്ന നിയമം വന്‍കിട ഇടനിലക്കാര്‍ക്കും വിലപേശുന്നവര്‍ക്കും സെന്‍സര്‍ഷിപ്പ് ഉപയോഗിച്ച് ആത്യന്തികമായി വിക്കിപീ!ഡിയ ഇന്നായത് പോലത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ ആകും ഉപകാരപ്പെടുക. താങ്കള്‍ കൂടി അതീവശ്രദ്ധയോടെ പരിപാലിക്കുന്ന വിക്കിപീഡിയ ഉള്‍പ്പടെയുള്ള സ്വതന്ത്രമായ ഇന്റര്‍നെറ്റ് വേണം. ഇന്റര്‍നെറ്റിനെ സംരക്ഷിക്കാന്‍ സഹായിക്കൂ ‘ (വിക്കിപീഡിയ പേജ് സന്ദേശത്തിന്റെ എകദേശ പരിഭാഷ)
ലോകത്ത് ജനാധിപത്യം നിലനില്‍ക്കുമെന്ന് ഉറപ്പിക്കാനാകുന്നതും പല സേച്ഛാധിപതികള്‍ക്കും ഉറക്കം കെടുത്തുന്നതും ഇന്റര്‍നെറ്റിന്റെ സാര്‍വത്രികമായ ലഭ്യതയും അതിന്റെ തുറന്ന ഘടനയുമാണ്. പ്രക്ഷോഭകാരികള്‍ പോര്‍മുനയായി വാക്കുകള്‍ ഉപയോഗിക്കുന്നതും വിക്കിപ്പീഡിയയില്‍ ലാഭേച്ഛയില്ലാതെ എഴുതുന്നതും രണ്ട് ദിശയിലുള്ള സ്വാതന്ത്ര്യം തന്നെയാണ്. ഒരു പക്ഷെ ഇന്ന് ഈ കാണുന്ന പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാകുന്നത് യൂസര്‍ ജനറേറ്റഡ് കണ്ടന്റ് എന്ന് വിളിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പങ്ക് വയ്ക്കുന്ന ഉള്ളടക്കത്തെ ചൊല്ലിയാണ്.
ഈ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് എന്ന് പറയുന്നത്. ഒരു വരി വിവരം, വിശദമായ ബ്ലോഗ് പോസ്റ്റ് പോലെയുള്ള കുറിപ്പുകള്‍, ഫോട്ടോ, വീഡിയോ, കാര്‍ട്ടൂണ്‍, ആനിമേഷന്‍, മോര്‍ഫ് ചെയ്ത് ഉണ്ടാക്കുന്ന വിവരങ്ങള്‍ അങ്ങനെ എന്തുമാകാം.
ഇത് പൊടുന്നനെ ഉള്ള സംഭവത്തോടുള്ള പ്രതികരണം ആകാം ഇല്ലെങ്കില്‍ വളരെ കാലേക്കൂട്ടി എഴുതിത്തയാറാക്കിയത് ആകാം. ഇങ്ങനെ എഴുതുന്നത് ദൃശ്യമായി വരുന്നത് എന്ന അര്‍ത്ഥത്തിലാണ് ഇരുപതിലേറേ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്. ഒരു പക്ഷെ ഇന്റര്‍നെറ്റ് ബീജാവാപം ചെയ്യുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നെ ഉള്ള നിയമം വച്ചാണ് നിയമനടപടി നീങ്ങുന്നത്.
ദിനപത്രത്തിലോ അല്ലെങ്കില്‍ ടെലിവിഷന്‍ ന്യൂസ് ചാനലിലോ വരുന്ന വാര്‍ത്തയ്ക്ക് വേണ്ടി ഉണ്ടാക്കിയ അളവ്‌കോല്‍ വച്ച് എങ്ങനെ യൂസര്‍ ജനറേറ്റഡ് കണ്ടന്റിനെ അളക്കാന്‍ പറ്റും. വേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള ചട്ടം ഉണ്ടാക്കിയിട്ട് അത് പ്രയോഗിക്കുന്നത് ആയിരിക്കും. ഇതാകട്ടെ ഐടി ആക്!ട് 2008 (ഭേദഗതി) പോലെ ഒരു ചര്‍ച്ചയുമില്ലാതെ പാര്‍ലമെന്റില്‍ പാസാക്കിയത് പോലെ ആകരുത്. ആദ്യ ഐടി ആക്ട് അനുസരിച്ച് ബാസി ഡോട്ട് കോം ഉടമ അറസ്റ്റിലാത് 2008 ഭേദഗതിക്ക് കാരണമായിരുന്നു. ബാസി ഡോട്ട് കോം എന്ന വില്‍പന പോര്‍ട്ടലില്‍ ഒരു യുവാവ് അശ്ലീല സിഡി വില്‍ക്കാന്‍ വച്ചതായിരുന്നു വെബ്‌സൈറ്റ് ഉടമയുടെ അറസ്റ്റില്‍ കലാശിച്ചത്. വില്‍ക്കാന്‍ വയ്ക്കുന്നതും വാങ്ങുന്നതും ഉടമ !അറിയുന്നില്ലെന്നും ഇതില്‍ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല എന്നുമായിരുന്നു കോര്‍പ്പറേറ്റ് ഇന്ത്യയുടെ വാദം. അത് ഐടി ആക്ട് ഭേദഗതിക്ക് കൊണ്ടെത്തിക്കാനുള്ള കാരണങ്ങളില്‍ ഒന്നായി.
ഇപ്പോള്‍ മറ്റൊരു സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് കമ്പനികളെ കാരണം ബോധിപ്പിക്കാന്‍ വിളിക്കുമ്പോള്‍ യൂസര്‍ ജനറേറ്റഡ് കണ്ടന്റില്‍ സാധാരണ ഉപയോക്താക്കളുടെ ഭാഗം പിടിക്കാന്‍ ആരുണ്ട്. അവര്‍ തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികള്‍ മുന്നോട്ട് വയ്ക്കുന്ന നിയന്ത്രണം പൊതുജനത്തിന്റെ ആഗ്രഹം അനുസരിച്ചുള്ളതാണോ?

വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് ഉരുത്തിരിഞ്ഞ് വന്ന വ്യവസ്ഥിതിക്ക് അനുഗുണമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനായതാണ് അമേരിക്കയ്ക്ക് ലോകത്തെ സാമ്പത്തികശക്തികളുടെ മുകളറ്റത്ത് എത്താനായതിന്റെ ഒരു കാരണം. അടുത്ത ഊഴമായ വിവരവിപ്ലവ സമയത്ത് അതിന് യോജിച്ചതും സഹായിക്കുന്നതുമായ ഒരു വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നവര്‍ അടുത്ത ലോകശക്തികളാകും എന്ന് പ്രവചിക്കുന്നവര്‍ ഏറെയാണ്. ഈ നവസാങ്കേതിക കാലത്ത് ഇന്ത്യയെ ശ്രദ്ധിക്കുന്നവര്‍ ഏറെയാണ്, ചൈനയെ ഇക്കാര്യത്തില്‍ ആരും വിശ്വാസമര്‍പ്പിക്കുന്നില്ല.
എന്നാല്‍ അയല്‍പക്ക രാജ്യത്തിന്റെ ഇന്റര്‍നെറ്റ് സെന്‍സറിംഗ് ആണ് നല്ലതെന്ന് വാദിക്കുന്നവര്‍ അവിടെ ജനാധിപത്യക്രമം അല്ല എന്ന് ഓര്‍ക്കുന്നില്ല.
ജനാധിപത്യ സര്‍ക്കാര്‍ പുലരുന്നിടത്ത്, അഭിപ്രായ സ്വാതന്ത്ര്യത്തിന് അത്രമേല്‍ വിലകല്‍പ്പിക്കുന്ന നാട്ടില്‍ ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് വരുന്നത് ഇന്ത്യാക്കാരെ മാത്രമല്ല, ഇന്ത്യയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ലോകനിരീക്ഷകരെകൂടിയാണ് ഞെട്ടിച്ചിരിക്കുന്നത്. ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ ‘Today, within their existing obligation to respect the rights of freedom to assemble and expression, governments must not block access to internet and various forms of social media as a way to prevent criticism and public debate’

ഒന്നോ രണ്ടോ ശതമാനം യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍ ഒരു പക്ഷെ രാജ്യത്തിന് ഭീഷണി അല്ലെങ്കില്‍ സഭ്യതയെ ലംഘിക്കും എന്ന തലത്തില്‍ നിന്ന് കൊണ്ട് കാണം. ഈ കച്ചിത്തുരുമ്പില്‍ പിടിച്ച് നിരോധനം എന്ന് മുറവിളി കൂട്ടുന്നത് ഒരു തരത്തില്‍ കാടടച്ച് വെടി വയ്ക്കുന്നതിന് തുല്യമാണ്. ആമുഖമായി സൂചിപ്പിച്ച അമേരിക്കയിലെ സോപാ എന്ന പകര്‍പ്പവകാശത്തെ മുന്‍നിര്‍ത്തി ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ഉള്ള ശ്രമവും നമ്മുടെ നാട്ടിലെ സംഭവ പരമ്പരകളും ലക്ഷ്യം വയ്ക്കുന്നത് ഒന്നു തന്നെയാണ്.
പോയവര്‍ഷം ട്യുണീഷ്യയില്‍ നിന്നാരംഭിച്ച് പലനാടുകളില്‍ വിവിധ ഭാവങ്ങളില്‍ താക്കീതായി പടര്‍ന്ന് സേച്ഛാതിപതികളെ അധികാര ഇടനാഴികളില്‍ നിന്ന് പുറത്താക്കുകയും ചെയ്ത നെറ്റ്‌വര്‍ക്ക്ഡ് സമൂഹത്തെ ജനാധിപത്യം ലോകം ഭയപ്പെടുന്നതെന്തിന് ? ഒരു പക്ഷെ ഈ ജനക്കൂട്ടം പരമ്പരാഗതമായ സംഘടനകള്‍ കെട്ടിപ്പടുത്ത രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ തരത്തിലാണ് സംഘടിക്കുന്നത് എന്നതാകും അതിനു കാരണം. കുറിക്ക് കൊള്ളുന്ന ഒരു ട്വിറ്റോ, എസ് എം എസ് തന്നെയോ മതി ആളുകൂടാന്‍.
അധികപറ്റ്: പ്രത്യേകിച്ച് ഒരു ആശയകെട്ടുറപ്പോ ദൂരക്കാഴ്ച ഉള്ള നേതാവോ ഇല്ലാത്ത ഈ ആള്‍ക്കൂട്ടം ആത്യന്തികമായി ജനാധിപത്യത്തിന് എന്ത് തരത്തില്‍ ഗുണം ചെയ്യും എന്നത് മറ്റൊരു വിഷയം.
ജനുവരി 15, 2012 ലെ വാര്‍ത്തകള്‍

