

വെള്ളിപ്പതക്കം പെറ്റ്‌റ പദ്മിനി തോമസുക്ക് കാതല്‍ തിരുമണം’- പ്രത്യേകിച്ചു പറയേണ്ടതില്ല, വായിക്കുമ്പോള്‍ നമ്മള്‍ തന്നെ അറിയാതെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞേക്കാവുന്ന ഒരറിയിപ്പിന്റെ സ്വഭാവമുണ്ട് ഈ വാചകത്തിന്. ആകര്‍ഷണീയതയുണ്ട്, ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ലളിതമാണ്. ബാക്കി വായിച്ചേ നമ്മാളാരും മറ്റെന്തെങ്കിലും പണിയിലേക്ക് കടക്കൂ.
1982 ഡിസംബര്‍ അവസാനം ദില്ലി ഏഷ്യാഡ് പര്യവസാനിച്ച് ഏതാനും ദിവസങ്ങള്‍ക്കകം ചെന്നൈയില്‍ നിന്നുള്ള ‘ദിനതന്തി’ പത്രത്തില്‍ സ്‌പോര്‍ട്‌സ് പേജില്‍ നിന്ന് ഒന്നാം പേജിലേക്ക് ഉത്സാഹത്തോടെ ചാടിക്കയറിയ വാര്‍ത്തയുടെ തലക്കെട്ടായിരുന്നു ഇത്. ഇങ്ങനെ ഒരു തലക്കെട്ട് വന്നതില്‍ എനിക്ക് നല്ല ഒരു പങ്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ അന്ന് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച മാതൃഭൂമി പത്രത്തില്‍ ഇങ്ങനെ അല്ല വന്നതും. ഇതിന്റെ ചരിത്രം ഇങ്ങനെ.
മാതൃഭൂമി ലേഖകനായി സ്ഥലം മാറ്റം കിട്ടി മദിരാശിയില്‍ വന്ന ആദ്യനാളുകളിലിലൊന്നില്‍ ആയിരുന്നു അതു സംഭവിച്ചത്. മദ്രാസ് സെന്‍്രറല്‍ സ്റ്റേഷന്റെ ഇടതുവശത്തുള്ള ദക്ഷിണ റെയിവെ ആസ്ഥാനത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒരു വൈകുന്നേരം സ്വീകരണവും സല്‍ക്കാരവും നടന്നു. ഏഷ്യാഡ് കഴിഞ്ഞു നാട്ടിലേക്കുള്ള വരവില്‍ റെയില്‍വെ ഉദ്യോഗസ്ഥയായ പദ്മിനി തോമസിനുള്ള സ്വീകരണം. 4×400 റിലെയില്‍ വെള്ളിപ്പതക്കം കിട്ടിയായിരുന്നു വരവ്. അഭിനന്ദനങ്ങള്‍ക്ക് ശേഷം പത്രലേഖകര്‍ ചോദ്യങ്ങളുമായി തയ്യാറെടുത്തു. എന്റെ വലതു വശത്ത് യു.എന്‍.ഐയിലെ ഒരു പെണ്‍കുട്ടിയായിരുന്നു.
പദ്മിനി ഏറിയ സമയവും മലയാളത്തില്‍ സംസാരിച്ചതിനാല്‍ അന്നെനിക്ക് പിടിപ്പത് ജോലികിട്ടി. യു.എന്‍.ഐ ലേഖിക ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള പദ്മിനിയുടെ മറുപടി ഇംഗ്ലീഷിലാക്കി പറഞ്ഞുകൊടുക്കേണ്ട ദ്വിഭാഷിയുടെ പണി. എന്തുകൊണ്ടാണ് വെള്ളിമെഡല്‍ മാത്രമായത്? ഏതു ട്രാക്കിലായിരുന്നു ഓട്ടം? എത്ര സമയം? എന്നിങ്ങനെ യു.എന്‍.ഐ. ചോദിച്ചുകൊണ്ടിരുന്നു.
ആ സമയം ഇടതു വശത്ത് ഒരു യുവാവ് അയാളുടെ ചോദ്യങ്ങള്‍ പദ്മിനിയിയോട് ചോദിക്കാന്‍ എന്നോട് നിരന്തരം അപേക്ഷിക്കുന്നുണ്ടായിരുന്നു. ഒരു തമിഴ് ലേഖകന്‍. ദിനതന്തിയുടെ പൈങ്കിളി. കിളിയുടെ ആദ്യ ചോദ്യം. ‘സാര്‍ ഇവരുക്ക് തിരുമണമായിട്ചാ എന്‍്രറ് കേളുങ്കോ’. ഞാന്‍ മുന്നറിയിപ്പു നല്‍കി, ‘പദ്മിനീ, അപകടമേഖല യിലേക്ക് കടക്കുകയാണ്, കരുതലോടെ ഉത്തരം പറഞ്ഞാല്‍ മതി.
തമിഴ് പത്രങ്ങളുടേ രീതിയിതാണ്, ഇവര്‍ക്കറിയേണ്ടത് പദ്മിനി വിവാഹിതയാണൊ എന്നാണ്?’. പദ്മിനി ‘വിവാഹിതയല്ല’ എന്നു പറഞ്ഞ ഉടന്‍ യുവാവ് ചോദിച്ചു, ‘എന്നമ്മാ, ഇന്നും തിരുമണമാകലയാ, ഇനി എപ്പൊ?’. കരുതലൊക്കെ കാറ്റില്‍ പറത്തി പദ്മിനി പറഞ്ഞു ‘ഉടനുണ്ടാകും’. പിന്നെ തമിഴ് പത്രപ്രവര്‍ത്തനത്തിന്റെ അണക്കെട്ട് പൊട്ടാന്‍ തുടങ്ങി, ‘അപ്പടിയാ?, ‘കാതല്‍ എതാവതിരുക്കാ? കേളുങ്കൊ സാര്‍’ പദ്മിനി എന്റെ മുഖത്തുനോക്കി.
‘പ്രണയം വല്ലതുമാണോ’ എന്ന് ഞാന്‍ മൊഴി മാറ്റി. എന്റെ വലതിരിക്കുന്ന പത്രലേഖകനോട് നീതി പുലര്‍ത്തണമല്ലൊ! എന്ത് എങ്ങനെ പറഞ്ഞു എന്നൊന്നും ഓര്‍മ്മയില്ല. പദ്മിനി അതും സമ്മതിച്ചു.
യുഎന്‍ഐ എഴുത്തു പാഡ് അടച്ചു. ഞാന്‍ തമിഴ് ആ ചോദ്യപ്രവാഹത്തെ പദ്മിനിയുടേ നേര്‍ക്കു തിരിച്ചുവിട്ട് പിന്‍വാങ്ങി. പ്രണയം ഒരു സാര്‍വ്വലൗകിക ഭാഷയായതിനാല്‍ ‘ദിനതന്തി’ക്ക് ദ്വിഭാഷിയായ എന്നെ ആവശ്യമില്ലാതായി. ഹാളിന് വെളിയില്‍ തിരക്കിനിടയില്‍ എന്റെ ശ്രദ്ധയില്‍ പെടാതെ പോയ ഒന്ന് അടുത്ത ദിവസം കുറച്ചൊന്ന് എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
പദ്മിനിയുടേയും ഭാവിവരന്റെയും ഒന്നിച്ചുള്ള പടം. സ്വീകരണ ചടങ്ങു കഴിയുന്നതും കാത്ത് ഭാവിവരന്‍ അവിടേ നില്‍ക്കുന്നത് ‘ദിനതന്തി’ കണ്ടുപിടിച്ചിരുന്നു. – അടുത്ത ദിവസത്തെ ആ പത്രത്തില്‍ ഒന്നാം പേജ് എട്ടു കോളം തലക്കെട്ടില്‍ എന്റെ പങ്ക് അതായിരുന്നു.
മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ജോലി ചെയ്യുന്ന ‘ഇന്ത്യാവിഷ’ന്റെ പുതുക്കിയ സമ്പൂര്‍ണ്ണ വെബ്‌പോര്‍ട്ടല്‍ പ്രകാശിപ്പിക്കുമ്പോള്‍ ഒന്നിനൊന്നു വ്യത്യാസമുള്ള മൂന്നു മാധ്യമങ്ങളുടേ തലക്കെട്ടുകളിലെ സാധ്യതകളും പരിമിതികളും നേരിട്ടറിയുകയാണ്.
ജനുവരി 15, 2012 ലെ വാര്‍ത്തകള്‍

