Indiavision Live | Malayalam News Channel

തെരഞ്ഞെടുപ്പിന്റെ ഉത്തരേന്ത്യന്‍ കെട്ടുകാഴ്ചകള്‍

ശ്രീരാജ് രാജീവ്

ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയെന്നത് ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള അധികയോഗ്യതയാണെന്ന് സംശയമുയര്‍ത്തുന്നതാണ് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥിപട്ടിക. അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പൊതുജനമധ്യത്തില്‍ അതിഘോരം പ്രസംഗിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ മലക്കം മറിയുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പുകാലം വന്നെത്തുമ്പോള്‍ തങ്ങള്‍ സംശുദ്ധരാണെന്ന് ബോധ്യപ്പെടുത്താനുളള വൃഥാ ശ്രമങ്ങളാണ് ഉത്തരേന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ പയറ്റുന്നത്.

അഴിമതിക്കാരെയും കുറ്റവാളികളെയും സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് പ്രഖ്യാപിക്കുകയും , വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഏതു ഭീകരനെയും പട്ടികയിലുള്‍പ്പെടുത്തുകയും ചെയ്യുന്ന നാണംകെട്ട കാഴ്ചകള്‍ ഉത്തര്‍പ്രദേശില്‍ ഇപ്പോഴും സമൃദ്ധമാണ്.

അഴിമതിക്കാരായ മന്ത്രിമാരെ ഉത്തര്‍പ്രദേശ് മന്ത്രി സഭയില്‍നി്ന്നും പുറത്താക്കി തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി മായാവതിയാണ് പ്രതിഛായ മിനുക്കല്‍ നടപടികള്‍ ആരംഭിച്ചത്. 403  നിയമസഭാ സീറ്റുകളില്‍ മന്ത്രിമാരുള്‍പ്പെടെ പകുതിയോളം സിറ്റിംഗ് എം എല്‍ എമാരെ മായാവതി സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും ഒഴിവാക്കി.  അക്രമികളും ക്രിമിനലുകളും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മുക്തര്‍ അന്‍സാരിയെപ്പോലുളള വമ്പന്‍ സ്രാവുകള്‍ പുറത്തായത് മാറ്റമുണ്ടാക്കുമെന്നും നിരീക്ഷക്കപ്പെടുന്നു.

ലോകായുക്ത കേസിലുള്‍പ്പെട്ട മന്ത്രിമാര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ബുണ്ഡേല്‍ഖണ്ഡിലും കിഴക്കന്‍ യുപിയിലും ക്രിമിനലുകള്‍ ബി എസ് പി സീറ്റിലുണ്ട്.

മുഖ്യമന്ത്രിയാകും മുന്‍പുളള 8 കോടി ആസ്തിയില്‍ നിന്നും മായാവതി 88 കോടിയോളം വളര്‍ന്നതും സംസ്ഥാനമാകെ  ബി എസ് പി ചിഹ്നമായ ആനയും സ്ഥാപകന്‍ കാന്‍ഷിറാമും മായാവതിയും പ്രതിമകളായി നിറഞ്ഞിരിക്കുന്നതും മാത്രമാവും യുപിയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വികസനം. ദലിത് ഉന്നമനം പ്രസംഗിക്കുകമാത്രം ചെയ്ത് സവര്‍ണ്ണര്‍ക്കൊപ്പം ചെരുന്ന ബി എസ് പി ശൈലി മാറ്റമില്ലാതെ തുടരുന്നു. ചിഹ്നമായ ആനയെ ബി എസ് പിക്കാര്‍ ഗണേഷനെന്ന് വിശ്ഷിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ബി എസ് പിയില്‍ നിന്നും പുറത്തായ മന്ത്രി ബാബു സിംഗ് കുഷ്വാഹയ്ക്ക് ബി.ജെ.പി കുടയൊരുക്കി. കൊലപാതകകേസുകളിലടക്കം സംശയിക്കപ്പെടുന്ന കുഷ്വാഹയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ബി ജെ പി നേതൃം മറിച്ചൊന്നാലോചിച്ചില്ല. കുഷ്വാഹി ഉള്‍പ്പെടുന്ന കോയരി സമുദായത്തിന്റെ പിന്തുണക്കായി ബി ജെ പി നേതൃത്വം കുഷ്വാഹയെ പാടുപെട്ട് വെളളപൂശി. ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ട 13 ഓളം പേരെയാണ് ബി ജെ പി ജനസേവകരായി കൂട്ടുപിടിച്ചിരിക്കുന്നത്.

പതിമൂന്ന് ക്രിമിനലുകളെ അണിനിരത്തി തങ്ങളും ഒട്ടും പിന്നിലല്ലെന്ന് കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നിലമെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ജാതികാര്‍ഡ് ഇറക്കിയാണ് യു പിയുടെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. ദളിത് മുസ്ലീം വോട്ടുകള്‍ ലക്ഷ്യമാക്കി പല തന്ത്രങ്ങളും യു പി യില്‍ കോണ്‍ഗ്രസ് പയററുന്നുണ്ട്. ഉദാത്ത മുല്ല്യങ്ങള്‍ക്ക് യു പിയിലെ തെരഞ്ഞെടുപ്പില്‍ ഓട്ടക്കാശിന്റെ വിലയില്ല. നിരക്ഷര ജനസമൂഹത്തില്‍ കയ്യൂക്കുളളവന്‍ കാര്യക്കാരന്‍ എന്നതാണ് നയം. ജാതി സമവാക്യങ്ങളും തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നു.

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ എതിരാളികളില്ലാത്ത ഡോണ്‍ എന്നു വിശേഷിപ്പിക്കുന്ന ഡി പി യാദവിന് സീറ്റ് നിഷേധിച്ചുകൊണ്ടാണ് മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മുഖം മിനുക്കല്‍ തുടങ്ങിയത്.

നിതീഷ് കട്ടാര വധക്കേസുള്‍പ്പെടെ നിരവധി നിഴലുകള്‍ നിലനില്‍ക്കെത്തന്നെ ഡി പി യാദവ് രാഷ്ട്രീയ കക്ഷികള്‍ മാറി മാറി തന്റെ സാമ്രാജ്യം വിപുലപ്പെടുത്തികൊണ്ടിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍നിന്നും തുടങ്ങി ബി ജെ പി , ബി എസ് പി സ്വന്തം പാര്‍ട്ടിയായ രാഷ്ട്രീയ പരിവര്‍ത്തന്‍ ദള്‍ ഇങ്ങനെ പല പാര്‍്ട്ടികള്‍ ചാടി.  2012 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും സമാജ്വാദി പാര്‍്ട്ടിയില്ക്ക്. പക്ഷേ സീറ്റില്ലെന്ന് എസ് പി പ്രഖ്യാപിച്ചിരിക്കുന്നു. ഡി പി യാദവ് യു പി രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവത്തെ വെളിവാക്കുന്നു.

അതായത് ഒരു നിമിഷത്തെ രാഷ്ട്രീയക്കാറ്റിനനുസരിച്ച് ആര്‍ക്കും ഏതു കക്ഷിയിലേക്കും കടന്നുചെല്ലാം, ഇറങ്ങിപ്പോവാം. ഡി പി യാദവ് പുറത്തിരിക്കുമ്പോഴും ഇരുപതോളം സമാജ് വാദി സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ പശ്ചാത്തലത്തില്‍നിന്നാണെന്നതാണ് വിരോധാഭാസം.

കൊലപാതകമുള്‍പ്പെടെ അറുപതോളം കേസുകളിലുള്‍പ്പെട്ട ഹരിശങ്കര്‍ തിവാരി  കിഴക്കന്‍ യു പിയില്‍ നിന്നും എസ് പി ടിക്കറ്റില്‍ മത്സരിക്കും. മുകേഷ് ചൗധരി, വിജയ് മിശ്ര ഉള്‍പ്പെടെ  അഴിമതിക്കേസുകളില്‍ മുങ്ങിക്കുളിച്ചവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഡി പി യാദവ് സ്ഥാനാര്‍ത്ഥിയാകുന്നത് വഴി സമാജ് വാദി പാര്‍ട്ടി എന്ത് ശുദ്ധീകരണമാണ് നടത്തിയിരിക്കുന്നതെന്ന ചോദ്യം നിലനില്‍ക്കുന്നു. പ്രധാന രാഷ്ട്രീയ കക്ഷികളില്‍ സീറ്റ് നിഷേധിക്കപ്പെട്ടവര്‍ തട്ടിക്കൂട്ട് പാര്‍ട്ടികളില്‍ ‘ജനസേവകരായി’ രംഗത്തിറങ്ങിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ 2012 തെരഞ്ഞെടുപ്പില്‍ ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമുളള 31 ശതമാനം സ്ഥാനാര്‍ത്ഥികള്‍ ഇടം പിടിച്ചിരിക്കുന്നതായാണ് സര്‍വ്വേ ഏജന്‍സികളുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളും പിന്നിലല്ല.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംദ് ബാദല്‍ തന്നെ ക്രിമിനല്‍ കുറ്റാരോപിതനാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ തെരഞ്ഞെടുപ്പടുത്ത അഞ്ചു സംസ്ഥാനങ്ങളിലും 35 ശതമാനം എം എല്‍ എമാരും കോടിപതികളാണ്. അവരിലധികവും അധികാരം ആയുധമാക്കി പോതുമുതല്‍ കട്ടു സംമ്പാദിച്ചവരും. ബീഹാര്‍ തെരഞ്ഞടുപ്പില്‍ ആര്‍ ജെ ഡിയുടേയും ജെ ഡി എസ്സിന്റെയും ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ പ്രചോദനമുള്‍ക്കൊണ്ട് ജനം തിരിച്ചടിയുടെ വിധിയെഴുത്ത് നടത്തുമെന്നാണ് നേരിയ പ്രതീക്ഷ.

ഇതൊരു വലിയ മഞ്ഞുമലയുടെ ഇങ്ങേയറ്റം മാത്രമാണ്. അന്വേഷിച്ചാല്‍ അവിശ്വസനീയമായ ജനാധിപത്യ ധ്വംസനങ്ങളുടെ കഥ ലോകത്തിലെ ഏററവും വലിയ ജനാധിപത്യ രാഷ്ട്രം കാണിച്ചുതരും.


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ജനുവരി 20, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read