

മഹാകവി കോള്‍റിഡ്ജ്, നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്, ഏര്‍ണസ്റ്റ് ഹെമിങ്ങ്‌വെ, റുഡ്യാര്‍ഡ് കിപ്ലിംഗ്, ചിന്തകന്‍ ബെര്‍ട്രന്‍ഡ് റസ്സല്‍, മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍, എലിസബത്ത് രാജ്ഞി, രസതന്ത്രശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നോബല്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജെറാള്‍ഡ് ഫോര്‍ഡ്, റൊണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് ബുഷ്, മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി മാര്‍ഗററ്റ് താച്ചര്‍, നടന്‍ സീന്‍ കോണറി(ജെയിംസ് ബോണ്ട്), ഗായകര്‍ പോള്‍ മക്കാര്‍ട്ട്‌നി, മഡോണാ, ബ്രിട്ട്‌നി സ്പിയേര്‍സ്സ്, ഈ സവിശേഷ വ്യക്തികള്‍ പൊതുവായ ഒരു ഗണത്തില്‍ പെടുന്നു. ജീവിച്ചിരിക്കെ തന്നെ അന്തരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ അസാധാരണമായ ഗണത്തില്‍!
വികിപീഡിയ നിരത്തുന്ന നിലവിലുള്ള പട്ടികയില്‍ ഈ ഗണത്തില്‍ പെടുന്ന പ്രമുഖര്‍ ലോകത്തിന്റെ നാനാഭാഗത്തുമായി ഇരുനൂറ് കവിയും. മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് 20 കൊല്ലം കഴിഞ്ഞുമാത്രം മരിച്ച രാഷ്ട്രത്തലവന്‍ മുതല്‍ സ്വന്തം ‘മരണവാര്‍ത്ത’ വായിച്ചുകഴിഞ്ഞ ഉടന്‍ മരിച്ച ആള്‍ വരെ ഇതില്‍ പെടും.
ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തവയുടെ കൂട്ടത്തില്‍, പ്രമുഖ മാധ്യമങ്ങള്‍ റോയ്ട്ടര്‍, സി.എന്‍.എന്‍. എന്നിവയുണ്ട്, ബി.ബി.സി.ഉണ്ട്. വലിയ പത്രങ്ങളുണ്ട്, പൊലീസ്, ഗവര്‍മ്മെന്റിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുണ്ട്; ഇവര്‍ക്കൊക്കെ പുറമെ പൊതുജനങ്ങളുടെ ‘ഊഹാപോഹ’സംവിധാനവും പ്രസിദ്ധരെ ‘വകവരുത്തും’. ഖേദം പ്രകടിപ്പിക്കാനെ കഴിയൂ, ‘ഇന്ത്യാവിഷന്’ ഇതുവരെയായി മൂന്നു തവണ തെറ്റായ മരണവാര്‍ത്ത കൊടുക്കേണ്ടിവന്നു.
ജീവിച്ചിരിക്കുന്നവരോ ആസന്നമൃത്യുക്കളോ ആയവര്‍ അന്തരിച്ചുവെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മാധ്യമങ്ങളില്‍ വരിക ആ മാധ്യമങ്ങള്‍ക്കുണ്ടാക്കുന്ന അവഹേളനവും അപമാനവും നിസ്സാരമല്ല. ബന്ധുക്കളുടെ മനോവിഷമവും കോപവും അളവറ്റതാണ്. ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദിയായ റിപ്പോര്‍ട്ടര്‍മാര്‍ക്കു ലഭിച്ച ശിക്ഷയൊന്നും തന്നെ ഇങ്ങനെയുള്ള സംഭവങ്ങള്‍ക്കറുതി വരുത്താന്‍ മാതൃകയായിട്ടില്ല. ആവുമെന്ന് പ്രതീക്ഷയുമില്ല. കാരണം എല്ലാ മാധ്യമങ്ങള്‍ക്കും പിന്നെയും പിന്നെയും ഈ അബദ്ധം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഒരേ അബദ്ധം ഒന്നിലേറെ തവണ ഒരു റിപ്പോര്‍ട്ടര്‍ക്കുതന്നെ ലോകത്തെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മരണം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പ്രധാനമായും പത്തു കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ കുറിപ്പുകള്‍ മനുഷ്യനും കമ്പ്യൂട്ടറിനും പറ്റിയ ‘അബദ്ധത്തില്‍’ അച്ചടിയിലേക്ക്/എയറിലേക്ക് പോകുന്നു. ഇപ്രകാരം തയ്യാറാക്കിവെച്ച 7 സുപ്രധാന വ്യക്തികളുടെ ചരമകുറിപ്പുകളാണ് സി.എന്‍.എന്‍. 2003-ല്‍ സപ്രേഷണം ചെയ്തത്. കോമ, ബ്രെയിന്‍ ഡെത്ത് എന്നിവ മരണമായി തെറ്റിദ്ധരിക്കപ്പെടുന്നു. മൃതദേഹം തിരിച്ചറിയുന്നതില്‍ തെറ്റ് പറ്റുന്നു. ഒരേ പേര് തെറ്റിന് ഇടയാക്കുന്നു. കുറ്റകൃത്യങ്ങളുടേ ഭാഗമായി അന്യന്റെ മരണവാര്‍ത്ത പ്രസിദ്ധീകരണത്തിനായി ‘ഉത്തമബോധ്യത്തോടെ’ മാധ്യമങ്ങളിലെത്തുന്നു.
ഇവയില്‍ അക്ഷന്തവ്യമായത് മരണത്തെ പോലും അനാദരിക്കുന്ന വിധം ‘ആവേശം’ റിപ്പോര്‍ട്ടറെ ബാധിക്കുന്നതാണ്. ‘നേരത്തെ അന്തരിക്കുന്നവര്‍’ ഒന്നുകില്‍ മണിക്കൂറുകള്‍ക്കൊപ്പം നമ്മോടു വിട പറയുന്നു, അല്ലെങ്കില്‍ രസകരമായ പലതരം വാര്‍ത്തകള്‍ തന്നു കൊണ്ട് നമ്മോടൊപ്പം ജീവിക്കുന്നു. കാലം അവരുടെ ‘മരണം’ ഒരു തമാശയാക്കി മാറ്റി ചിരിക്കാന്‍ വക നല്‍കുകയും ചെയ്യുന്നു.
ബി.ബി.സി. സ്‌പോര്‍ട്ട്‌സ് കമന്‍േററ്റര്‍ ആയിരുന്ന റെക്‌സ് അല്‍സ്റ്റണിന്റെ ‘മരണ’വാര്‍ത്ത ‘ദ ടൈംസ്’ ആദ്യം പ്രസിദ്ധീകരിച്ചു, പിന്നെയാണ് അദ്ദേഹം വിവാഹിതാകുന്നു എന്ന് പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം അവര്‍ക്ക് ലഭിച്ചത്.നൈജീരിയയുടെ ആദ്യപ്രസിഡന്റ് അവിടത്തെ പത്രത്തില്‍ മുന്‍പേജില്‍ വലിയ അക്ഷരത്തിലാണ് ‘മരിച്ചുകിടന്നത്’. പിന്നെ 20 വര്‍ഷം കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ മരിക്കാന്‍ അവസരമുണ്ടായത്.
നടി ഡൊറോതി ഫേയിനെ ആശുപത്രിയിലെ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയത് കണ്ട സുഹൃത്ത് ഉത്തമബോദ്ധ്യത്തോടെ ഡെയിലി ടെലഗ്രാഫി’നെ ‘മരണം’ വിളിച്ചറിയിച്ചു. ഇതേക്കാള്‍ ഉറപ്പായി മരണവാര്‍ത്ത എങ്ങനെ ‘കണ്‍ഫേം’ ചെയ്യും? ബ്രോഡ്‌വെ നടന്‍ ബോബ് ഹോപ്, 1998-ല്‍ അസോസിയേറ്റഡ് പ്രസ്സ് വഴിയും, അഞ്ചു കൊല്ലം കഴിഞ്ഞ് 2003-ല്‍, സി.എന്‍.എന്‍ വഴിയും രണ്ടു തവണയാണ് അന്തരിച്ചത്. പ്രസിഡന്റ് ഫോര്‍ഡ് ആദ്യം അന്തരിച്ചത്, സി.എന്‍.എന്നിലാണ്.
ഇ.ടി.വി.ന്യൂസിലെ ടെക്‌നീഷ്യന്‍ അബദ്ധത്തില്‍ കമ്പ്യൂട്ടറിലെ ‘ബ്രോഡ്കാസ്റ്റ് ലൈവ് ഫോര്‍ ട്രാന്‍സ്മിഷന്‍ ബട്ടണ്‍’ അമര്‍ത്തിയപ്പോള്‍ ആണ് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് അവിടേ പ്രാദേശികമായി ‘അന്തരിച്ച’ത്. ശാസ്ത്രനോവല്‍ എഴുത്തുകാരന്‍ ആര്‍തര്‍.സി.ക്ലര്‍ക്ക് ശ്വാസകോശ അര്‍ബുദം മൂലം ‘അന്തരിച്ചു’വെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലായിരുന്നു, അത് 2000-ഇല്‍ റിപ്പോര്‍ട്ട് ചെയ്ത ലേഖകന്! പക്ഷെ അദ്ദേഹം 8 കൊല്ലം പിന്നെ ജീവിച്ചു, എന്നിട്ട് ഹൃദയസ്തംഭനം കാരണം അന്തരിച്ചു! 1993-ല്‍ ടെക്‌സാസ് ഗവര്‍ണ്ണര്‍ ജോണ്‍ കോനല്ലി നിര്യാതനായപ്പോള്‍ വാര്‍ത്ത പരന്നത്, നടന്‍ സീന്‍ കോണറി നിര്യാതനായി എന്നാണ്. എന്തൊരു ആശയക്കുഴപ്പമാണന്നതുണ്ടാക്കിയതെന്നൊ!
ഒരു പക്ഷെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരിക്കും മൂന്നു തവണ ‘ദിവംഗതന്‍’ ആയ ഏക പ്രമുഖ വ്യക്തി. ആദ്യ തവണ, അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായപ്പോള്‍ (സി.ബി.എസ്). രണ്ടാം തവണ (സി.എന്‍.എന്‍); ആ തവണ ചരമക്കുറിപ്പില്‍ ‘അദ്ദേഹം കുതിരപ്പന്തയം’ ഇഷ്ടപ്പെട്ടിരുന്നു എന്നൊരു വാക്കും കുടുങ്ങി. എലിസബത്ത് രാജ്ഞിയുടെ അമ്മയുടെ മരണവാര്‍ത്ത അറിയിക്കാന്‍ ഉപയോഗിച്ച ടെംമ്പ്‌ളേറ്റ് കാര്‍ഡില്‍ ആ വാക്കു മാറ്റാതെ ആണ് പോപ്പിന്റെ തെറ്റായ വാര്‍ത്ത എഴുതിച്ചേര്‍ത്തത്! മുന്നാം തവണ ഫോക്‌സ് ന്യൂസ് പോപ്പിന്റെ നിര്യാണ വാര്‍ത്ത കൊടുത്തതിന്റെ അടുത്ത ദിവസമാണ് യഥാര്‍ത്ഥത്തില്‍ അന്ത്യം സംഭവിച്ചത്. അന്നാകട്ടെ ഏപ്രില്‍ ഒന്നിനാകുകയും ചെയ്തു!
കഴിഞ്ഞ വര്‍ഷം അന്തരിച്ച ആപ്പിള്‍ ഫൗണ്ടര്‍ സ്റ്റീവ് ജോബ്‌സ് 2008-ല്‍ അന്നു തന്റെ മരണവാര്‍ത്തയെ പറ്റി ഇങ്ങനെ പ്രതികരിച്ചു, ‘എന്റെ മരണം സംബന്ധിച്ച വാര്‍ത്ത വളരെ അതിശയോക്തിപരമാണ്’. റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്ക് എഴുതി.’ ഞാന്‍ മരിച്ചതായി നിങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഞാന്‍ വായിച്ചു, വരിക്കാരുടെ പട്ടികയില്‍ നിന്ന് എന്റെ പേര്‍ നീക്കം ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു’.
ലക്ഷക്കണക്കിന് വരുന്ന സ്പാനിഷ് ഭാഷാപത്രവായനക്കാര്‍ക്ക് സുപരിചിതനായ മഹാനായ പത്രറിപ്പോര്‍ട്ടര്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മരിച്ചെന്ന് പെറുവിലെ ‘ല റിപ്പബ്ലിക്ക’ എന്ന പത്രം 12 കൊല്ലം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
1979 മാര്‍ച്ചില്‍ ജയപ്രകാശ് നാരായണന്‍ ‘നിര്യാതനാ’യതായി അന്നത്തെ പ്രധാനമന്ത്രി ചരണ്‍ സിംഗ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് അദ്ദേഹം ചികില്‍സയിലായിരുന്ന ആശുപത്രിയില്‍ നിന്ന് ജെ.പി.യുടേതുമായി സാദൃശ്യമുള്ള മൃതദേഹം മാറ്റുന്നത് കണ്ട ഇന്റലിജന്‍സ് ബ്യൂറോ ഡയരക്ടര്‍ നേരിട്ടറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ലമന്റ് നിര്‍ത്തിവെച്ചു, ആകാശവാണി പരിപാടികള്‍ റദ്ദാക്കി ശാസ്ത്രീയ സംഗീതവും ഭജനുകളും പ്രക്ഷേപണം ചെയ്തു. 1888-ല്‍ ആല്‍ഫ്രഡ് നോബലിന്റെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ വാസ്തവത്തില്‍ മരിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. തമിഴ് പുലി പ്രഭാകരന്‍ സുനാമി ദുരന്തത്തില്‍ മരിച്ചു എന്നായിരുന്നു 2004-ല്‍ വന്ന വാര്‍ത്ത.
അപകടങ്ങളുടേ സന്തതസഹചാരിയായിരുന്ന എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്ങ്‌വെയും ഭാര്യ മേരി വെല്‍ഷും 1954-ല്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായ വാര്‍ത്ത അച്ചടിച്ചുവന്നു. പക്ഷെ 1961-ല്‍ വെടിവെച്ച് ആത്മഹത്യ ചെയുന്നതു വരെ ഒട്ടനവധി ദിവസങ്ങളില്‍ ഹെമിങ്ങ്‌വെ രാവിലെ ഒരു ഗ്ലാസ് ഷാമ്പയിനുമായി ഇരുന്ന് ആ മരണവാര്‍ത്ത അടിച്ചുവന്ന പത്രം വായിക്കുമായിരുന്നു! ഭാര്യ മരിച്ചത് പിന്നെയും 15 കൊല്ലം കഴിഞ്ഞാണ്.
1816-ല്‍ ഒരു ഭക്ഷണശാലയില്‍ ഇരിക്കുമ്പോഴാണ് കവി കോള്‍റിഡ്ജ് തന്റെ മരണവാര്‍ത്ത മറ്റൊരാള്‍ വായിച്ചുകേള്‍ക്കുന്നത്. ‘വാര്‍ത്ത ഇതായിരുന്നു. ‘കവി കോള്‍റിഡ്ജ് തന്റെ പുതിയ നാടകം അരങ്ങേറിയതിന്റെ അടുത്ത ദിവസം തൂങ്ങിമരിച്ചത് അസാധാരണമായ സംഭവമായി അന്വേഷണൊദ്യോഗസ്ഥന്‍ നിരീക്ഷിക്കുന്നു.
പക്ഷെ അദ്ദേഹം എപ്പോഴും അസാധാരണനായ ഒരു ഭ്രാന്തനായിരുന്നുവല്ലൊ ജീവിതത്തില്‍” അതു കേട്ട് കോള്‍റിഡ്ജ് പറഞ്ഞു, ‘സുഹൃത്തെ അദ്ദേഹം തൂങ്ങിമരിച്ചതും, സംഭവം അന്വേഷണവിധേയമായിരിക്കുന്നതും, ആ വാര്‍ത്ത വായിച്ചു കേട്ടു നിങ്ങളോട് അതെപറ്റി കോള്‍റിഡ്ജ് എന്ന അദ്ദേഹം ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതും അതെ വളരെ അസാധാരണമായിരിക്കുന്നു’. വാര്‍ത്ത ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ഒരു മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന മൃതദേഹത്തെ കുറിച്ചായിരുന്നു.
മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ വ്യക്തമായ അടയാളമുണ്ടായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ട്. അതില്‍ എസ്.ടി.കോള്‍റിഡ്ജ് എന്നാണുണ്ടായിരുന്നത്. തന്റെ മോഷണം പോയ ഷര്‍ട്ടാണെന്നെ കവിക്ക് അതെപറ്റി പറയാന്‍ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ ഇടയില്‍ ജീവിക്കുന്ന ഒരു പ്രസിദ്ധ പത്രപ്രവര്‍ത്തകനെ കുറിച്ച് എഴുതി ഇത് ഇവിടെ അവസാനിപ്പിക്കട്ടെ.
എഴുത്തുകാരനും, ബഹുഭാഷാവിദഗ്ദ്ധനും പത്രപ്രവര്‍ത്തകനും പത്രാധിപരും രാജ്യസഭാംഗവുമായിരുന്ന പദ്മവിഭൂഷണ്‍ പരമരസികന്‍ നര്‍മ്മപ്രിയന്‍, സര്‍ദാര്‍ജി ഖുഷ്‌വന്ത് സിംഗ് സ്വയം ചരമക്കുറിപ്പെഴുതി വെച്ചത് പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിച്ച യൗവനകാലത്താണ്. ഇപ്പോള്‍ വയസ്സ് 97. അദ്ദേഹം ഇനിയും ജീവിച്ചിരിക്കട്ടെ. ആ ചരമക്കുറിപ്പ് ആരും കാണാതെ ഇത്രയും കാലം എവിടെയാണാവോ സൂക്ഷിച്ചുവെച്ചിരുന്നത്!
ജനുവരി 27, 2012 ലെ വാര്‍ത്തകള്‍

