Stay Connected:

Indiavision Live | Malayalam News Channel

‘ആര്‍ഗ്യുബ്ളി’ – പുസ്തക നിരൂപണം

 | Published: January 31, 2012

കാലഹരണപ്പെട്ടതിനെതിരെയുള്ള രൂക്ഷവിമര്‍ശനങ്ങള്‍ക്കായ് ജീവിതം ഉഴിഞ്ഞുവെച്ച ചിന്തകനായിരുന്നു ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (1949-2011). യുക്തിചിന്തയിലൂടെ സ്വായത്തമാക്കിയ അറിവിന്റെ പ്രചരണത്തിനായി അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. പലപ്പോഴും അതൊരു ഒറ്റപ്പെട്ട പോരാട്ടമായി. കൂടെ ആരുണ്ട് എന്നത് ഹിച്ചന്‍സ് അന്വേഷിച്ചതേയില്ല.

ആര്‍ക്കെതിരെ എന്നതും അദ്ദേഹത്തെ അലട്ടിയില്ല. അന്യായത്തിനെതിരെ അസത്യത്തിനെതിരെ അസംബന്ധങ്ങള്‍ക്കെതിരെ അധാര്‍മികതയ്‌ക്കെതിരെ ജീവിതാവസാനം വരെ അദ്ദേഹം നിലകൊണ്ടു. തന്റെ നേരുകളെപ്പറ്റി ആരുമായും വാഗ്വാദത്തിലേര്‍പ്പെടാന്‍ ഹിച്ചെന്‍സ് എപ്പോഴും ഒരുക്കമായിരുന്നു. എഴുതിയ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും ആ ധിഷണയുടെ തിളക്കം നിറഞ്ഞു നിന്നു. വാഗ്വാദങ്ങളും എഴുത്തും ഈ ചിന്തകന് ഒരു ഹരമായിരുന്നു.

ഈ കഴിഞ്ഞ ഡിസംബറില്‍ മരണത്തിന് കീഴടങ്ങിയ ക്രിസ്റ്റഫര്‍ ഹിച്ചെന്‍സിന്റെ ഏറ്റവും ഒടുവിലത്തെ ലേഖന സമാഹാരമാണ് അറ്റ്‌ലാന്റിക് ബുക്‌സ് പ്രസിദ്ധീകരിച്ച ‘ആര്‍ഗ്യുബ്ലി’ (Arguably Christopher Hitchens- Atlantic books). 780 പേജുകളുള്ള ഈ ബൃഹത്ത് ഗ്രന്ഥത്തില്‍  ഹിച്ചന്‍സ് പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ ലേഖനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗ്രന്ഥകാരന്റെ ബൗദ്ധികാന്വേഷണത്തിന്റെ ആഴവും പരപ്പും ഈ കൃതി വ്യക്തമാക്കിത്തരുന്നു. ക്രിസ്റ്റഫറിന് താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ വിരളമാണ്.

സാഹിത്യം, രാഷ്ട്രീയം, ദര്‍ശനം എന്നിവയാണ് പ്രിയവിഷയങ്ങള്‍ എന്നുമാത്രം. ഇവയിലെല്ലാം ഇദ്ദേഹത്തിന് അസാമാന്യ ജ്ഞാനമുണ്ടെന്ന് ഇതിലെ ഓരോ ലേഖനവും വ്യക്തമാക്കുന്നു. ആ ബുദ്ധിയും മനസ്സും വ്യാപരിച്ച ആശയലോകത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഗ്രന്ഥം. ഏതു വിഷയത്തിന്റെയും ഉള്ളിലേയ്ക്ക് ആ കൂര്‍മബുദ്ധി അതിസൂക്ഷമമായി കടന്നു ചെല്ലുന്നു. മറ്റാരും കണാത്ത സത്യം കണ്ടെത്തുകയും ചെയ്യുന്നു.

വാനിറ്റി ഫെയര്‍, അറ്റ്‌ലാന്റിക്, സ്ലേറ്റ്, നാഷന്‍, ന്യൂയോര്‍ക്ക് റിവ്യു ഓഫ് ബുക്‌സ് എന്നീ പ്രസിദ്ധീകരണങ്ങളിലെ സ്ഥിരംപംക്തികാരനായിരുന്നു ഹിച്ചെന്‍സ്. അവയിലൊക്കെ വന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഏറിയ പങ്കും പുസ്തക നിരൂപണങ്ങളാണ്. എന്നാല്‍ അവയൊന്നും പതിവു നിരൂപണങ്ങളല്ല. ഓരോ കൃതിയെയും അവ രചിക്കപ്പെട്ട സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പരിസരത്തു നിന്നുകൊണ്ട് ഉള്‍ക്കാഴ്ച്ചയോടെ മനസ്സിലാക്കുകയാണ് ഗ്രന്ഥകാരന്‍.

ഓര്‍വെലിന്റെ ആനിമല്‍ ഫാമിനെപ്പറ്റിയും നബാക്കോവിന്റെ ലോലിതയെപ്പറ്റിയുമൊക്കെ ഹിച്ചന്‍സ് എഴുതിയത് വായിക്കുമ്പോള്‍ ആ രചനകളുടെ പുതിയൊരു മാനമാണ് വായനക്കാരന്‍ അറിയുന്നത്. ഓര്‍വലിന്റെ വലിയ ആരാധകനാണ് ഹിച്ചന്‍സ്. ഒരുപാട് എഴുത്തുകാരെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഈ കൃതിയിലുണ്ട്. ഡിക്കന്‍സ്, ബക്കറ്റ്, മാര്‍ടിന്‍ അമിസ്, ജോണ്‍അപ്‌ഡൈക്, ഗ്രഹാം ഗ്രീന്‍, എഡ്വേര്‍ഡ് സെയ്ദ്, ആര്‍തര്‍ കോസ്റ്റലര്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ. ഇവരുടെയെല്ലാം സാഹിത്യ പ്രപഞ്ചത്തെയും ആശയലോകത്തെയും ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നു.

രാഷ്ട്രീയ നോവലുകളുടെ വിശകലനങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. റഷ്യന്‍ വിപ്ലവകാരിയും എഴുത്തുകാരനുമായ വിക്ടര്‍ സെര്‍ജിനെപ്പറ്റിയുള്ള ലേഖനത്തില്‍ അദ്ദേഹത്തിന്റെ ‘ദ കേസ് ഓഫ് കോമ്രേഡ് തുലായേവ്’  എന്ന രചനയെ നാളിതുവരെ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ മാര്‍ക്‌സിസ്റ്റ് നോവലെന്നാണ് ഹിച്ചന്‍സ് വിശേഷിപ്പിക്കുന്നത്.

സാഹിത്യത്തിന്റെ രാഷ്ട്രീയം കണ്ടെത്തുന്നതില്‍ ഈ ഗ്രന്ഥകാരന്‍ വലിയ സാമര്‍ത്ഥ്യം കാണിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട, ഇറാന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് നടത്തിയ യാത്രയെ അടിസ്ഥാനമാക്കി എഴുതിയ ചില ലേഖനങ്ങള്‍ ഇതിലുണ്ട്. ആ രാജ്യങ്ങളിലെ സാമൂഹികാവസ്ഥയേയും രാഷ്ട്രീയ പ്രതിസന്ധികളേയും ഹിച്ചന്‍സ് ഇവയിലൂടെ വ്യക്തമാക്കിത്തരുന്നു.

ഏത് പ്രശ്‌നബാധിത പ്രദേശങ്ങളിലേയ്ക്കും ഹിച്ചെന്‍സ് കടന്നു ചെല്ലുന്നു. ഹിച്ചന്‍സിലെ പത്രപ്രവര്‍ത്തകന്‍ അവിടെ കാണുന്നത് പതിവു കാഴ്ച്ചകള്‍ ആവില്ലെന്നു മാത്രം. വിയറ്റ്‌നാമിന്റെയും നോര്‍ത്ത് കൊറിയയുടെയും ടുണീഷ്യയുടെയും ഹിച്ചെന്‍സിയന്‍ കാഴ്ചകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ഹിച്ചെന്‍സ് മാര്‍ക്‌സിസ്റ്റാണ്. അവിടെയും അയാള്‍ക്ക് സവിശേഷതകളുണ്ട്. ഇറാഖിലെ അമേരിക്കന്‍ ഇടപെടലിനെ അനുകൂലിച്ച മാര്‍ക്‌സിസ്റ്റാണ് അദ്ദേഹം. കാരണം സ്വേച്ഛാധിപത്യത്തോട് സന്ധി ചെയ്യാന്‍ ആ മനസ്സ് തയ്യാറല്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ എപ്പോഴും വ്യക്തമായിരിക്കും.  ഈ ലേഖനങ്ങളുടെയും സവിശേഷത ആ സ്വഭാവം തന്നെയാണ്.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തുടങ്ങി ലോക പ്രശസ്ത മാധ്യമങ്ങളിലെ പംക്തീകാരന്‍ എന്ന നിലയില്‍ ഈ താര്‍ക്കികന്‍ ഉയര്‍ന്നു. ദൈവചിന്തയോടും മതങ്ങളോടും ഏറ്റുമുട്ടിയാണ് ഹിച്ചെന്‍സ് പ്രശസ്തനാകുന്നത്. അതൊരു പോരാട്ടം തന്നെയാണ്. റിച്ചാര്‍ഡ് ഡോക്കിന്‍സും കൂട്ടരുംകൂടി മുന്നോട്ടു വച്ച പുതിയ നാസ്തിക വാദത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ഹിച്ചെന്‍സ്. മതങ്ങളെയും ദൈവചിന്തകളെയും എതിര്‍ത്തു കൊണ്ടെഴുതിയ ദ ഗോഡ് ഈസ് നോട്ട് ഗ്രെയ്റ്റ്, മദര്‍ തരേസയുടെ അറിയപ്പെടാത്തൊരു മുഖം കാണിച്ചു തന്ന ദ മിഷണറി പൊസിഷന്‍, ഹെന്റി കിസിഞ്ചറെ വിമര്‍ശിച്ചു കൊണ്ടെഴുതിയ ദ ട്രയല്‍ ഓഫ് ഹെന്റി കിസിഞ്ചര്‍, ആത്മകഥയായ ഹിച്ച് 22 എന്നിവയാണ് ഹിച്ചന്‍സിന്റെ പ്രമുഖ കൃതികള്‍.

‘ആര്‍ഗ്യുബ്ലി’ പോലെ മറ്റ് ചില ലേഖനമസമാഹാര ഗ്രന്ഥങ്ങള്‍ വേറെയും. പലപ്പോഴായി എഴുതിയ ലേഖനങ്ങളാണെങ്കിലും ഈ ഗ്രന്ഥം വായിച്ചു തീര്‍ക്കുമ്പോള്‍ നല്ലൊരു ഉള്‍ക്കാഴ്ച വായനക്കാരന് ലഭിക്കും. അത് തന്നെയാണ് ഗ്രന്ഥകാരന്റെ മിടുക്ക്. ലേഖനങ്ങള്‍ ഒന്നുകൂടി തരംതിരിച്ച് വിഷയങ്ങള്‍ക്കനുസരിച്ച് ക്രമീകരിച്ച് കൊടുത്തിരുന്നെങ്കില്‍ എന്ന് നല്ലൊരു വായനക്കാരന്‍ ആഗ്രഹിച്ചു പോകും. ഒരു ഓര്‍വെലിയന്‍ തിളക്കം ഹിച്ചെന്‍സിന്റെ പല ലേഖനങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. ഒട്ടും പ്രകോപിതനാകാതെ വായനക്കാരെ പ്രകോപിപ്പിക്കുന്ന ആശയ കുസൃതി ഈ ഗ്രന്ഥകാരനുണ്ട്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar