Indiavision Live | Malayalam News Channel

പൊളിച്ചടുക്കണം ഈ ടീമിനെ..

ആറുമാസം മുന്‍പ് ഇംഗ്ലണ്ടിലെ വേനലില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതാപം കരിഞ്ഞു വീണു. ഇപ്പോള്‍ ഓസ്‌ട്രേലിയ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശവപേടകത്തില്‍ അവസാന ആണിയുമടിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഭയാനകമായ രണ്ട് പരമ്പര തോല്‍വികള്‍ തുടരെ നേരിട്ട ടീം ഇന്ത്യ നല്‍കുന്ന ആശങ്കകള്‍ ചെറുതല്ല. ലോകചാമ്പ്യന്‍മാരുടെയും ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കിന്റേയും പകിട്ടുമായി ഇംഗ്ലണ്ടില്‍ പറന്നിറങ്ങി. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലും തോറ്റ്  വൈറ്റ് വാഷിനിരയായ ടീം ഓസ്‌ട്രേലിയയില്‍ ഇതാവര്‍ത്തിച്ചു.

ഈ ഇന്ത്യന്‍ ടീം പ്രതീക്ഷകളൊന്നും അവശേഷിപ്പിച്ചിട്ടില്ല. ഇന്ന് ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ടീമിനെ അണിനിരത്തിയിട്ടും ഫലം ഇതാണെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ എന്താകും സ്ഥിതി ? എണ്‍പതുകളുടെ അന്ത്യത്തോടെ വെസ്റ്റ് ഇന്‍ഡീസിനും  രണ്ടായിരത്തിനു ശേഷം ഓസ്‌ട്രേലിയക്കു സംഭവിച്ചപോലെ പടിയിറക്കത്തിന്റെ പാതയിലാണ് ഇന്ത്യന്‍ ക്രിക്കറ്റെന്ന് സംശയിക്കുന്നവര്‍ക്കു നല്‍കാന്‍ കൃത്യമായ മറുപടി ആര്‍ക്കുമുണ്ടാകില്ല. ക്രിക്കറ്റ് വിദഗ്ധര്‍ക്കുപോലും.

പടിയിറക്കത്തിന്റെ വക്കിലെ പ്രതിഭകള്‍

സംശയമില്ല, ലോകത്തെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ബാറ്റിംഗ് നിര. പിന്നിലുള്ളത് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. വിവിഎസ് ലക്ഷ്മണ്‍. സ്‌ഫോടനാത്മക തുടക്കം നല്‍കുന്ന വീരേന്ദര്‍ സെവാഗിനൊപ്പം ഗംഭിര്‍. മധ്യനിരയില്‍ ക്യാപ്റ്റന്‍ ധോണി.പക്ഷെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇവരില്‍ പലരും പാഡഴിക്കും. സച്ചിനെ നൂറാം സെഞ്ചുറി എന്ന നേട്ടം നയിക്കുന്നുവെങ്കില്‍ ദ്രാവിഡിനും ലക്ഷ്മണും അത്തരം സ്വപ്നങ്ങള്‍ മുന്നിലില്ല.

ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടും തൂണുകളായ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ മാത്രം ടെസ്റ്റില്‍ 37,539 റണ്‍സും ഏകദിനത്തില്‍ 31,338 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും റണ്‍വേട്ടയില്‍ മുന്നിലുള്ള സച്ചിന്‍ ടെസ്റ്റില്‍ 15,470ഉം ഏകദിനത്തില്‍ ഈ കുറിപ്പ് തയ്യാറാക്കുന്ന ഘട്ടത്തില്‍ 18,111റണ്‍സും നേടിയിട്ടുണ്ട്. അതായത് ടെസ്റ്റിലും ഏകദിനത്തിലും 15,000 റണ്‍സ് തികച്ച ആദ്യ(ഏക?)താരമാണ് സച്ചിന്‍.

ഈ രണ്ട് വിഭാഗങ്ങളിലും ദ്രാവിഡ് പതിനായിരമെന്ന സംഖ്യ പിന്നിട്ടു. ലക്ഷ്മണാകട്ടെ ടെസ്റ്റില്‍ 8332 ഉം ഏകദിനത്തില്‍ 2337 ഉം റണ്‍സാണ് നേടിയിട്ടുള്ളത്. ടെസ്റ്റിലെങ്കിലും പതിനായിരമെന്ന മാജിക്‌സംഖ്യ തികയ്ക്കാന്‍ ലക്ഷ്മണിനു മുന്നിലുള്ള സാധ്യത വിരളമാണ്.  പതിനഞ്ച് വര്‍ഷം മുന്‍പ് ലണ്ടനില്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ സെഞ്ചുറി നഷ്ടമായ ദ്രാവിഡ് ഇംഗ്ലണ്ടിലെ അവസാനത്തേതെന്ന് കരുതുന്ന പര്യടനത്തില്‍ 3 സെഞ്ചുറികളാണ് ആഘോഷിച്ചത്. എന്നാല്‍ ദ്രാവിഡ് എന്ന വന്‍മതിലിന് ഏകാഗ്രത നഷ്ടമായിരിക്കുന്നുവെന്ന് ഓസീസ് തെളിയിച്ചു.

ഓസ്‌ട്രേലിയയിലെ നാല് ടെസ്റ്റുകളില്‍ ആറ് തവണയാണ് ദ്രാവിഡിന് പിന്നില്‍ വിക്കറ്റ് തെറിച്ചത്. അവസാനത്തെ 12 ഇന്നിംഗ്‌സുകളില്‍ ഇന്ത്യയിലടക്കം അത് ഒന്‍പതുതവണയാണ്. കളിയില്‍ ഇത് സ്വാഭാവികമെന്ന് കരുതിതള്ളിക്കളയാന്‍ ക്രിക്കറ്ററിയാവുന്നവര്‍ മടിക്കുമെന്നുറപ്പ്. ദ്രാവിഡിനു മുന്നേ പുറത്താകുക രണ്ടു പരമ്പരയിലും നിരാശപ്പെടുത്തിയ ലക്ഷ്മണാകും. ഓസ്‌ട്രേലിയയില്‍ നാല് ടെസ്റ്റില്‍ സച്ചിന്‍ നേടിയത് 35.87 റണ്‍ ശരാശരിയില്‍ 287 റണ്‍സ്. ദ്രാവിഡ് 24.25 ശരാശരിയില്‍ 194 റണ്‍സ്. ലക്ഷ്മണ്‍ നേടിയത് 19.37 ശരാശരിയില്‍ 155 റണ്‍സ്. നൂറാം അന്താരാഷ്ട്ര സെഞ്ചുറിക്കരികില്‍ നില്‍ക്കുന്ന സച്ചിനോട് തല്‍ക്കാലം ആരും വിരമിക്കല്‍ എന്ന ആവശ്യം ഉന്നയിക്കില്ല.

എന്നാല്‍ ഓസ്‌ട്രേലിയയിലെ പരാജയങ്ങള്‍ സച്ചിനുനേരെയും വിമര്‍ശനങ്ങള്‍ പരോക്ഷമായി ഉയര്‍ത്തിയിരിക്കുന്നു. തന്റെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് സച്ചിന്‍ നേടിക്കഴിഞ്ഞു. ഇതോടെ സച്ചിന്‍ അവസാനിപ്പിക്കണമായിരുന്നുവെന്ന ഇമ്രാന്‍ഖാന്റെ വാക്കുകള്‍ ആരാധകര്‍ തള്ളിക്കളയുന്നില്ല. 100 റണ്‍ ശരാശരിയെന്ന മാന്ത്രിക സംഖ്യ ഇതിഹാസതാരം ബ്രാഡ്മാന് തികക്കാനായില്ല. സമാനമായ രീതിയില്‍ 99 സെഞ്ചുറികളുമായി കളംവിടാന്‍ സച്ചിനെ ആരും നിര്‍ബന്ധിക്കില്ലായിരിക്കാം. പക്ഷെ അത് തികഞ്ഞാലോ?
സച്ചിനും ദ്രാവിഡും 38 വയസ്സ് പിന്നിട്ടിരിക്കുന്നു. ലക്ഷ്മണ്‍ 37ഉം. ക്രിക്കറ്റ് ചെറുപ്പമാകുകയും താരങ്ങള്‍ക്ക് പ്രായമേറുകയും ഓസ്‌ട്രേലിയയില്‍ പ്രകടനം ദയനീയമാകുകയും ചെയ്ത സാഹചര്യത്തില്‍ ഈ മൂവര്‍ സംഘത്തിന്റെ വിരമിക്കല്‍ ഇനിയും ഏറെ വൈകാനിടയില്ല. ധോണിക്ക് വയസ്സ് 30 പിന്നിട്ടു. ഗംഭീര്‍ 30ലെത്തി. സെവാഗ് 33ലെത്തിയപ്പോള്‍ സഹീര്‍ഖാന്‍ 33 പിന്നിട്ടു. നാല്

വര്‍ഷത്തിന് ശേഷം അടുത്ത ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ കളത്തിലിറങ്ങേണ്ട ഇന്ത്യയെ ആരു നയിക്കും?
പ്രായത്തിന്റെ ശരാശരിക്കണക്കില്‍ ഇന്ത്യന്‍ ടീം വയസ്സന്‍ പടയാണ് എന്ന സത്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇത് ലേഖകന്റെ ഏകപക്ഷീയമായ അഭിപ്രായപ്രകടനമായി കാണരുത്. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ തുടര്‍പരാജയങ്ങളുടെ ഇടയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തകസമിതിയോഗത്തില്‍ മുന്‍ ക്യാപ്റ്റന്‍ അനില്‍കുംബ്ലെ സൂചിപ്പിച്ചതിതാണ്. ‘ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ട സമയമായിരിക്കുന്നു’. ആ അര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിലെ കൊടും ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റിലെ വഴിത്തിരിവാകേണ്ടതായിരുന്നു. ഒന്നുമുണ്ടായില്ല. ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മേലാളന്‍മാര്‍ അതാവര്‍ത്തിക്കുന്നു. അവര്‍ക്ക് സച്ചിനും ദ്രാവിഡും ധോണിയും മറ്റുമുള്ള ക്രിക്കറ്റിനെ വില്‍ക്കേണ്ടതുണ്ട്. പകരം ഭാവി കരുതിവെക്കുന്നത് വന്‍ദുരന്തങ്ങളാണെന്ന് അവര്‍ മനപ്പൂര്‍വ്വം മറക്കുന്നു.

വിന്‍ഡീസിന്  സംഭവിച്ചത്

ക്രിക്കറ്റ് ചരിത്രത്തില്‍ അത്ഭുതപ്പെടുത്തുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കരീബിയന്‍ കരുത്ത് ക്രിക്കറ്റ് ഭരിച്ച എഴുപതുകളും എണ്‍പതുകളും. മൈക്കല്‍ ഹോള്‍ഡിംഗ്, ജോയല്‍ ഗാര്‍ണര്‍, മാല്‍കം മാര്‍ഷല്‍, കോര്‍ട്‌നി വാല്‍ഷ്, കര്‍ട്‌ലി ആംബ്രോസ് തുടങ്ങിയ വിന്‍ഡീസ് ബൗളര്‍മാരെ നേരിടാന്‍ എതിരാളികള്‍ ഇരട്ട സുരക്ഷാകവചങ്ങള്‍ തേടിയ കാലം. തങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി അവസാനിച്ചിട്ടില്ല എന്നുറപ്പ് വരുത്തിയിട്ടായിരുന്നു എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ വിന്‍ഡീസിനെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നതത്രേ. ബാറ്റിംഗ് നിരയിലേക്ക് നോക്കിയാലും എതിരാളികള്‍ ഭയന്ന് കണ്ണുതള്ളിപ്പോയ കാലം.

സര്‍ വിവ് റിച്ചാര്‍ഡ്‌സ്, ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, ഫ്രാങ്ക് വോറല്‍, എവര്‍ട്ടണ്‍ വീക്ക്‌സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ന്‍സ്, ക്ലൈവ് ലോയ്ഡ്, ബ്രയാന്‍ ലാറ തുടങ്ങിയവര്‍..
ഓരോരുത്തരും ഇതിഹാസങ്ങള്‍. എന്നാല്‍ ഇന്നത്തെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ സ്ഥിതി എന്താണ്? ലാറയ്ക്കുശേഷം ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു താരം എന്തുകൊണ്ട് അവിടെയുണ്ടായില്ല?

ഭാവിയെ മുന്നില്‍കണ്ട് യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് പറ്റിയ പാളിച്ചയാണ് ഒരു ക്രിക്കറ്റ് സംസ്‌കാരത്തെ തന്നെ നശിപ്പിച്ചത്. ബ്രിഡ്ജ്ടൗണിലെയും കിംഗ്സ്റ്റണിലെയും ജോര്‍ജ്ടൗണിലെയും പോര്‍ട്ട് ഓഫ് സ്‌പെയിനിലെയും സാധാരണക്കാരന്റെ തെരുവുകളിലാണ് തങ്ങളുടെ ക്രിക്കറ്റിന്റെ ആത്മാവെന്ന് മറന്നതിന്റെ ഫലം. ക്രിക്കറ്റെന്നാല്‍ ടെക്‌നിക്കാണെന്ന് ധരിക്കുന്നവരുടെ ലോകത്ത് യഥാര്‍ത്ഥ പ്രതിഭയുടെ മിന്നലാട്ടങ്ങളും ഊര്‍ജവും മനസ്സിലാക്കാന്‍ കഴിയാതെപോയപ്പോള്‍ അവരുടെ ലോകത്തേത്ത് മറ്റു കളികള്‍ കടന്നു വന്നു.

ബാസ്‌കറ്റ് ബോളും ബേസ്‌ബോളും അമേരിക്കന്‍ ഫുട്ബാളും ഊര്‍ജ്ജമായ യുവത്വത്തിനിടയില്‍ ഊര്‍ധശ്വാസം വലിക്കുന്ന തങ്ങളുടെ ക്രിക്കറ്റിനെ വീണ്ടെടുക്കാന്‍ കരീബിയക്കാര്‍ ഇപ്പോള്‍ ആഞ്ഞുശ്രമിക്കുകയാണ്.
ക്രിക്കറ്റിനെ ത്രസിപ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് വേണമെന്ന് വിശ്വസിച്ച ക്രിക്കറ്റ് ആരാധകരുണ്ട് ഇപ്പോഴും. കരീബിയന്‍ നാടുകളിലെ തുറസ്സായ പ്രദേശങ്ങളില്‍ ഇപ്പോഴും ക്രിക്കറ്റ് പിച്ചുകള്‍ കാണാം. എന്നാല്‍ ഗ്രൗണ്ടിന്റെ വശങ്ങളില്‍ ഗോള്‍പോസ്റ്റുകളും നമുക്ക് കണ്ടെത്താന്‍ കഴിയും.

2007 ലോകകപ്പ് നടത്തിയപ്പോള്‍ ഒഴിഞ്ഞുകിടന്ന ഗ്യാലറികള്‍ ഉയര്‍ത്തിയ അവിശ്വാസം ചെറുതായിരുന്നില്ല.  എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കരീബിയന്‍ ക്രിക്കറ്റ് കരുത്തുറ്റതായിരുന്നു. ലോകത്ത് ഏതെങ്കിലുമൊരു കായികഇനത്തില്‍ കറുത്തവര്‍ഗക്കാരുടെ ടീം മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചത് കരീബിയന്‍ ക്രിക്കറ്റിലൂടെയായിരുന്നു. വെള്ളക്കാരനെ നിലം പരിശാക്കണണെന്ന അടങ്ങാത്ത ആഗ്രഹവും ഈ നേട്ടത്തിന് പിന്നിലുണ്ടായിരുന്നു എന്നത് മറക്കരുത്.

എന്നാല്‍ പിന്നീട് ഈ അഭിനിവേശവും അവരില്‍ നിന്ന് ചോര്‍ന്നുപോയി. ക്രിക്കറ്റ് ബോര്‍ഡിനും ഉത്തേജിപ്പിക്കാന്‍ സാധ്യമാകാതെ പോയതോടെ കരീബിയന്‍ ക്രിക്കറ്റ് പ്രതാപത്തിന് ചരമക്കുറിപ്പായി. ഇന്ന് വിവ് റിച്ചാര്‍ഡ്‌സടക്കമുള്ളവര്‍ പറയുന്നു. യുവതാരങ്ങളെ വേട്ടയാടിപ്പിടക്കാന്‍ കഴിയാതെ പോയതാണ് വിന്‍ഡീസ് ക്രിക്കറ്റിന് പറ്റിയ വലിയ നഷ്ടമെന്ന്. വെയ്ന്‍ ഡാനിയേലിനെയും സില്‍വസ്റ്റര്‍ ക്ലാര്‍ക്കിനെയും പറ്റി ചോദിച്ചാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പറയാന്‍ അധികമൊന്നുമുണ്ടാകില്ല. കരീബിയന്‍ ക്രിക്കറ്റ് സമ്മാനിച്ച രണ്ട് അതിവേഗ ബൗളര്‍മാരാണിവര്‍. എന്നാല്‍ വിന്‍ഡീസിന് വേണ്ടി അധികം കളിക്കാന്‍ ഇവര്‍ക്കായില്ല. നിലനില്‍പ്പിനും ജീവിതമാര്‍ഗത്തിനുമായി ഇവര്‍ പന്തെറിഞ്ഞത് കൗണ്ടി ടീമുകളായ മിഡില്‍സെക്‌സിനും സറേക്കും വേണ്ടിയായിരുന്നു. ഇങ്ങനെ വിന്‍ഡീസിനും ലോകക്രിക്കറ്റിനും എത്ര പ്രതിഭകളെ നഷ്ടമായിട്ടുണ്ടാകും?

ഓസ്‌ട്രേലിയയില്‍ സംഭവിച്ചത്

കരീബിയന്‍ ക്രിക്കറ്റിന്റെ പ്രതാപം ഇരുളാന്‍ തുടങ്ങിയതോടെ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്‍മാരായി ഉയര്‍ന്നത് ഓസ്‌ട്രേലിയയായിരുന്നു. പ്രതിഭയുടെ ധാരാളിത്തത്തില്‍ മതിമറക്കാതെ കൃത്യമായ ആസൂത്രണത്തിലൂടെ അവര്‍ മുന്നേറി. രണ്ടു തവണ ലോകചാമ്പ്യന്‍മാരായ വിന്‍ഡീസിനെ പിന്തള്ളി ഹാട്രിക്കടക്കം നാലുതവണ അവര്‍ ലോകചാമ്പ്യന്‍മാരായി. ഏതു പ്രതിസന്ധിയിലും തളരാതെ പൊരുതാനും വിജയം പിടിച്ചെടുക്കാനുമുള്ള ഓസ്‌ട്രേലിയയുടെ പ്രൊഫഷണലിസം കണ്ട് ഇന്ത്യയടക്കമുള്ള ടീമുകള്‍ അമ്പരന്നു. 1996ല്‍ ലോകകപ്പിന്റെ ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയ 1999,2003 2007 ലോകകപ്പുകള്‍ തുടരെ വിജയിച്ച് ക്രിക്കറ്റില്‍ തങ്ങള്‍ മാത്രമാണുള്ളതെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 2007 ലോകകപ്പിനു ശേഷം തുടങ്ങിയ തകര്‍ച്ച 2010ലെ ആഷസ് പരമ്പരയോടെ പൂര്‍ണ്ണതയിലെത്തി.

ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെട്ട സ്വന്തം നാട്ടിലെ അഡലൈഡില്‍ രണ്ടാം ടെസ്റ്റില്‍ 245 റണ്‍സില്‍ പുറത്തായ ഓസ്‌ട്രേലിയ പരാധീനതകള്‍ തുറന്നു കാട്ടി. പരമ്പരയില്‍ ഇംഗ്ലണ്ട് തുടരെ അഞ്ഞൂറ് റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഓസീസിന്റെ പേരുകേട്ട ബൗളിംഗിന്റെ മുനയൊടിഞ്ഞതും ലോകം കണ്ടു. കളി മതിയാക്കിയ ഗ്ലെന്‍ മക്ഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ജേസണ്‍ ഗില്ലസ്പി എന്നിവരെയും വോ സഹോദരന്‍മാരെയും ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ജസ്റ്റിന്‍ ലാംഗര്‍, ഡാമിയന്‍ മാര്‍ട്ടിന്‍, സൈമണ്‍ കാറ്റിച്ച് എന്നിവരെയും ഏതു പ്രതിസന്ധിയില്‍ നിന്നും ടീമിനെ വിജയത്തിലേക്ക് നയിച്ച മൈക്കല്‍ ബെവനെപ്പോലെയുള്ളവരുടെയും നഷ്ടം ഓസീസ് ശരിക്കുമറിഞ്ഞു.

മൂന്ന് ലോകകപ്പുകളിലായി പരാജയമറിയാതെ കുതിച്ചെത്തിയ ഓസീസിന് ഇക്കുറി പാകിസ്ഥാനും ഇന്ത്യക്കും മുന്നില്‍ തോറ്റ് പുറത്താകേണ്ടി വന്നു. ശക്തമായൊരു രണ്ടാം നിരയുടെ അഭാവമാണ് ഓസ്‌ട്രേലിയയും നേരിട്ടത്. പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ ക്രിക്കറ്റ് ഓസ്‌ട്രേലിയ മൈക്കല്‍ക്ലാര്‍ക്കിനു കീഴില്‍ പുതിയ ടീമിനെ വളര്‍ത്താനുള്ള ശ്രമത്തിലാണ് . ശ്രീലങ്കയില്‍ ഏകദിന പരമ്പര 3-2ന് നേടാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞു. ഇന്ത്യക്കെതിരെ നാട്ടില്‍ നേടിയ വൈറ്റ് വാഷ് പരമ്പര നേട്ടം ഓസീസിന്റെ തിരിച്ചുവരവാണ്.

36 പിന്നിട്ട റിക്കി പോണ്ടിംഗും മൈക് ഹസിയും. 34 പിന്നിട്ട ബ്രറ്റ്‌ലീ, 33ലെത്തിയ ഡേവിഡ് ഹസിയും ബ്രാഡ് ഹാഡിനും. 30ലെത്തിയ മൈക്കല്‍ ക്ലാര്‍ക്കും ഷോണ്‍ ടൈറ്റും. കാര്യങ്ങള്‍ ഇപ്പോഴും ശുഭകരമല്ല. പക്ഷെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന ഘട്ടത്തില്‍ റിക്കിപോണ്ടിംഗും മൈക്ക് ഹസിയും നടത്തിയ തിരിച്ചുവരവ് അമ്പരപ്പിക്കുന്നതാണ്. കളിക്ക് തൊട്ടുമുന്‍പ് ടീമില്‍ ആരുടെയും സ്ഥാനം സുരക്ഷിതമല്ലെന്നാണ് കോച്ച് മിക്കി ആര്‍തര്‍ പോണ്ടിംഗിന്റെ പേരെടുത്ത് പറഞ്ഞ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്‍പ് 10 ഇന്നിംഗ്‌സുകളില്‍ നൂറ് റണ്‍സ് പോലും തികക്കാന്‍ കഴിയാതിരുന്ന പോണ്ടിംഗ് ഇന്ത്യക്കെതിരെ ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും അടക്കം നേടിയത് 108.80 ശരാശരിയില്‍ 544 റണ്‍സും റണ്‍വേട്ടയിലെ രണ്ടാം സ്ഥാനവും. ഹസി നേടിയത് 50 റണ്‍ ശരാശരിയില്‍ 250 റണ്‍സും റണ്‍വേട്ടയിലെ മൂന്നാം സ്ഥാനവും.

ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുക്കുന്ന തീരുമാനങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ക്രിക്കറ്റില്‍ ആദ്യമായി ടെസ്റ്റിനും ഏകദിനത്തിനും പ്രത്യേക ടീമുകളെയും ക്യാപ്റ്റന്‍മാരെയും അവതരിപ്പിച്ചത് അവരാണ്. ലോകകപ്പിനെക്കാള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും വിലമതിക്കുന്ന ആഷസ് തോല്‍വിയുടെ പശ്ചാത്തലത്തില്‍, എല്ലാം കളിക്കാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിച്ചില്ല. അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍ പ്രകാരം സെലക്ഷന്‍ സമിതിയെയും പുതിയ കളിക്കാരെ കണ്ടെത്താന്‍ ചുമതലയുണ്ടായിരുന്ന ഗ്രെഗ് ചാപ്പലിനെയും പുറത്താക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തത്.

ടെസ്റ്റ് റാങ്കിംഗില്‍ എട്ടുവര്‍ഷത്തോളം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന, ഇപ്പോള്‍ ആദ്യ മൂന്നില്‍പ്പോലും ഇല്ലാത്ത ഓസീസ് പരിഹാര മാര്‍ഗങ്ങള്‍ വേഗത്തില്‍ ആവിഷ്‌കരിച്ചു. ഡേവിഡ് ഹസി, കാമറൂണ്‍ വൈറ്റ് തുടങ്ങിയ ട്വന്റി-20യുടെ പ്രതീകമായ യുവതാരങ്ങളെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. യുവപ്രതിഭകള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ക്രിക്കറ്റിനെ പഠിപ്പിക്കുന്നത് ഇതാണ്. ശക്തമായ നടപടികളുണ്ടാകണം. വേണമെങ്കില്‍ സമ്പൂര്‍ണ്ണമായി പൊളിച്ചെഴുതണം.

പൊളിച്ചടുക്കണം ഈ ടീമിനെ..തുടര്‍ച്ച


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 01, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read