Indiavision Live | Malayalam News Channel

വര്‍ത്തമാനം പറയുമ്പോള്‍

വര്‍ത്തമാനം പറച്ചില്‍ ഒരു തരത്തില്‍ ആശയാവിഷ്‌കാരമാണ്.
നാട്ടില്‍ നല്ല വല്ല വര്‍ത്തമാനവും ഉണ്ടാവുക. അതെക്കുറിച്ച് ‘രണ്ട്‌വാക്ക്’ പറയാനുണ്ടാവുക, അതു കേള്‍ക്കാന്‍ നാലാളുണ്ടാവുക, അവരില്‍ ചിലര്‍ എതിരഭിപ്രായം പ്രകടിപ്പിക്കുക, രസിക്കുക  സമൂഹത്തിന്റെ ആലോചനാതരംഗങ്ങള്‍ അങ്ങനെ അലയടിച്ചു തുടങ്ങുന്നു. അതുകൊണ്ടാകണം ‘വര്‍ത്തമാനം തന്നെയാണ് സംസ്‌കാരം’ എന്ന് ജര്‍മ്മന്‍ എഴുത്തുകാരനായ തോമസ് മാന്‍ (പ്രധാന കൃതികള്‍ ‘മാജിക് മൗണ്ടന്‍’ , ‘ഡെത്ത് ഇന്‍ വെനീസ്’…) അഭിപ്രായപ്പെട്ടത്. നന്നായി വര്‍ത്തമാനം പറയുന്ന ആളെ ആര്‍ക്കാണിഷ്ടമില്ലാതിരിക്കുക.

കാമ്പുള്ള കാര്യമുണ്ടാകുകയും നന്നായി പറയാനറിയുകയും ചെയ്യുമ്പോള്‍ മികച്ച വര്‍ത്തമാനം പറച്ചിലുണ്ടാകുന്നു, പ്രഭാഷണങ്ങളുണ്ടാകുന്നു, പ്രസംഗങ്ങളുണ്ടാകുന്നു. മാധ്യമങ്ങളാണ്‌ വര്‍ത്തമാന കാലഘട്ടത്തിലെ സംഭാഷണങ്ങളുടെ മധ്യവര്‍ത്തികള്‍.

സംഭാഷണ ചാതുര്യം കൊണ്ട് സുഹൃദ് ബന്ധങ്ങള്‍ നിരവധി വര്‍ഷങ്ങള്‍ ഉറപ്പോടെ നിന്നിട്ടുണ്ട്. അസഹ്യമായതു കൊണ്ട് എത്രയോ പേര്‍ അകന്നു നില്‍ക്കാറുണ്ട്. കാമ്പുള്ള കാര്യമുണ്ടാകുകയും നന്നായി പറയാനറിയുകയും ചെയ്യുമ്പോള്‍ മികച്ച വര്‍ത്തമാനം പറച്ചിലുണ്ടാകുന്നു, പ്രഭാഷണങ്ങളുണ്ടാകുന്നു, പ്രസംഗങ്ങളുണ്ടാകുന്നു.

മാധ്യമങ്ങളാണ്‌ വര്‍ത്തമാന കാലഘട്ടത്തിലെ സംഭാഷണങ്ങളുടെ മധ്യവര്‍ത്തികള്‍. ചോദിക്കുന്നവരും ഉത്തരം പറയുന്നവരും ഒരു പോലെ രസിപ്പിച്ച, നല്ല വായനാനുഭവം നല്‍കിയ സംഭാഷണങ്ങളും കണ്ടിരുന്നുപോയ മുഖാമുഖങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.

ഇടതടവില്ലാതെ രസനീയമായി പറയിപ്പിക്കാന്‍ കഴിയുന്നത് സിദ്ധിയാണ്. ഒന്നു തൊട്ടുകൊടുത്താല്‍ മതിയാകും. പ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതിയാകും. അതെക്കാള്‍ വലിയ സിദ്ധിയാണ് മായികമായ സംഗതിയാണ്‌കേള്‍ക്കല്‍.

പറയുന്നത്ശ്രദ്ധിച്ചുകേള്‍ക്കുന്നവരുടെ സൗഹൃദപൂര്‍ണ്ണ പരിധിയിലേക്ക് കടന്നുചെല്ലുന്നതില്‍ അര്‍ത്ഥമുണ്ട്. അവരില്‍ നിന്ന് പ്രസരിക്കുന്ന ഭാവനാപരവും ചിന്താപരവുമായ തരംഗങ്ങളാണ് ഉത്തരം തരുന്ന ആളുടെ പ്രചോദനം.

വര്‍ത്തമാനം നിര്‍ത്താനുള്ള അടയാളവും കേള്‍വിക്കാരനില്‍ നിന്ന് കിട്ടും. എല്ലാം സമ്മതിച്ച് വെറുതെ തലകുലുക്കി ഇരുന്നാല്‍ അയാള്‍ സംഭാഷണ വിഷയത്തില്‍ നിന്നും സംഭാഷകനില്‍ നിന്നും വളരെ അകലെ എത്തിക്കഴിഞ്ഞുവെന്ന് വ്യക്തം.

വര്‍ത്തമാനകാലഘട്ടത്തിലെ സംഭാഷണങ്ങളെപ്പറ്റി ഗബ്രിയേല്‍ഗാര്‍സിയ മാര്‍ക്കേസ്എഴുതിയ ഹ്രസ്വലേഖനത്തില്‍ അഭിമുഖസംഭാഷണങ്ങള്‍ രൂപമെടുക്കുന്നതിലെ സ്വാഭാവികതകളും അസ്വാഭാവികതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.തന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍പ്രമുഖരുമായി അദ്ദേഹമുള്‍പ്പെടെയുള്ള ലേഖകര്‍നടത്തിയ സംഭാഷണങ്ങള്‍,  കേള്‍വിക്കാരന്റെ ഉത്തരവാദിത്വങ്ങളും വര്‍ത്തമാനം പറച്ചിലുകാരന്റെ സാമര്‍ഥ്യങ്ങളോടൊപ്പം അസമര്‍ഥതയും പ്രതിഫലിച്ച വര്‍ത്തമാനങ്ങള്‍ മാര്‍ക്കേസിന് പാവനമാണ്.

അന്നു വര്‍ത്തമാനം പറയുന്ന ആളുടെ മുഖത്തേക്കു നീട്ടിപ്പിടിച്ച ടേപ്പ്‌റെക്കോര്‍ഡറുകളില്ലായിരുന്നു. കയ്യിലൊരു സ്‌ക്രാപ്ബുക്കും പേനയും പിന്നെ ആലോചിച്ചുറച്ച ചോദ്യങ്ങളും മാത്രമായാണ് അവര്‍ നേരിട്ടിരുന്നത്. പറയുന്ന ആളിന്റേയും കേള്‍ക്കുന്ന ആളിന്റേയും മോണോലോഗുകള്‍ സമഗ്രമായ അഭിമുഖസംഭാഷണമായി മാറും.

ഓരോ ചോദ്യവും വിഷയത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍നിന്ന് വ്യതിചലിക്കാതെ മുന്‍ ഉത്തരത്തിന്റെ തത്‌സമയസ്വഭാവവുമായി സമന്വയിപ്പിച്ച് മുന്നേറുന്ന സംഭാഷണം, ടേപ്‌റെക്കോര്‍ഡുകള്‍ക്കു നല്‍കാനാവില്ല എന്നാണ്മാര്‍ക്കേസ്എഴുതിയത്. എന്ന് മാത്രമല്ല ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് വെറുതെ കേട്ടുകൊണ്ടിരിക്കുന്നത് മറ്റേ വ്യക്തിക്കു പ്രചോദനമാകുകയുമില്ല..

ടേപ്‌റെക്കോര്‍ഡറുകള്‍ രണ്ട്തരം ദ്രോഹമാണ്‌ചെയ്യുന്നത്. ചോദ്യങ്ങള്‍ചോദിക്കേണ്ട സമയത്ത്‌ചോദിക്കപ്പെടുന്നില്ല. വര്‍ത്തമാനം പറച്ചിലുകാരന്റെ വാക്കുകളുടെ ഒഴുക്ക് മുറിച്ചുകടക്കാന്‍ ചോദ്യകാരന്‍ മറക്കുന്നു. രണ്ട്. ഉത്തരം പറയേണ്ട;അതപകടമാണ് എന്നു അത് വര്‍ത്തമാനം പറച്ചിലുകാരനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് വര്‍ത്തമാനം പറയുന്നവര്‍ റെക്കോര്‍ഡറുകളേയും കാമറകളേയും അതിജീവിക്കാന്‍ പഠിച്ചുകഴിഞ്ഞു.

ഒരു ക്രിയേറ്ററുടെ സങ്കടം മാര്‍ക്കേസ് പറഞ്ഞുവെന്നു മാത്രം. പക്ഷേ മാര്‍ക്കേസ് വാസ്തവത്തില്‍ ജീവിതത്തില്‍ നന്നായൊന്ന് അമ്പരന്നത് ഒരു സുന്ദരി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നപ്പോഴായിരുന്നുവത്രെ. മാര്‍ക്കേസിന്റെ സാഹിത്യജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍വന്ന സുന്ദരിയോട് അന്നു സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നു പറഞ്ഞ അദ്ദേഹം വേണമെങ്കില്‍ അന്നു താന്‍ നടത്താനിരിക്കുന്ന ഒരു ബോട്ട്‌യാത്രയില്‍ ഒപ്പം കൂടാമെന്ന് ക്ഷണിച്ചു. യുവതിയെ സംബ ന്ധിച്ചിടത്തോളം വലിയൊരു സൗഭാഗ്യമായിരുന്നു അത്.

പകല്‍മുഴുവനും ബോട്ട്‌യാത്രയും ഇടക്കു ഭക്ഷണവും ഒക്കെയായി ദിവസം മുന്നോട്ട് നീങ്ങവേ മാര്‍ക്കേസ് ഇടതടവില്ലാതെ സംസാരിക്കുകയായിരുന്നു. യുവതി കേള്‍വിക്കാരിയായി. വൈകുന്നേരമായി. ഓര്‍ക്കാപ്പുറത്താണ് മാര്‍ക്കേസിനു സുന്ദരിയുടെ ഒരു ചോദ്യം പ്രഹരമായത്. താങ്കള്‍ക്കു രാവിലെ ഉണ്ടായിരുന്ന മാനസികാവസ്ഥ ഇപ്പോള്‍ തികച്ചും മാറിയല്ലോ. വളരെ ഉല്ലാസവാനാണ് താങ്കള്‍. നമുക്കു അഭിമുഖസംഭാഷണം തുടങ്ങാം. സുന്ദരി തയ്യാറാക്കിയ ചോദ്യങ്ങള്‍ പുറത്തേക്കെടുത്തു. ഒരു ദിവസം നീണ്ടു നിന്ന വിലപിടിച്ച വര്‍ത്തമാനമായിരുന്നു അന്നു ആവിയായിപ്പോയത്!

രണ്ടു വര്‍ഷം മുന്നെ ഓസ്‌കര്‍ പുരസ്‌കാരം നേടി നാട്ടിലെത്തിയ റസൂല്‍ പൂക്കുട്ടിയുമായി ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടി റെക്കോഡ്‌ചെയ്ത ദിവസം ഓര്‍മ്മ വരുന്നു. രസനീയമായ സംഭാഷണമായിരുന്നു അത്. മുഖാമുഖത്തിന്‌ശേഷവും വര്‍ത്തമാനം തുടര്‍ന്നു…റെസുലിന്റെ ആ പ്രസിദ്ധമായിതീര്‍ന്ന മറുപടി പ്രസംഗമുണ്ടല്ലൊ. ‘സാര്‍വലൌകികമായ ഒരു വാക്കു പ്രദാനം ചെയ്ത ഒരു രാജ്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ആണ് ഞാന്‍ വരുന്നത്. ആ വാക്കിനു മുന്നോടിയായി വരുന്നത് നിശബ്ദതയാണ്. അതിനെ തുടര്‍ന്നു വരുന്നതും കൂടുതല്‍ നിശബ്ദതയാണ്. ഓം എന്നാണ് ആ വാക്ക്. ഞാന്‍ ഈ പുരസ്‌കാരം എന്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നു.’ ആ ഗംഭീരമായ വാചകങ്ങള്‍ നന്നെ കിതച്ചാണ് റെസുല്‍ പറഞ്ഞുതീര്‍ത്തത്.

ആ കൃതജ്ഞതാ പ്രസംഗത്തിന്റെ അസുലഭമായ നിമിഷങ്ങളെ പറ്റിയായി സംഭാഷണം. റെസുല്‍ പറഞ്ഞു, ‘ആര്‍ക്കാണ് അവാര്‍ഡ് എന്ന് ആകെ രണ്ടു പേര്‍ക്ക് മാത്രമേ അറിയൂ. നോമിനേഷന്‍ തരംതിരിക്കുന്ന ഓസ്‌കാര്‍ സമിതിയുടെ അക്കൌണ്ടന്റിനും കാലിഗ്രഫര്‍ക്കും (ഒട്ടിച്ച കവറില്‍ ‘ഓസ്‌കാര്‍ ഗോസ് ടു’ എന്നതിനു ശേഷം ജേതാവിന്റെ പേരെഴുതുന്ന ആള്‍) ദിവസങ്ങള്‍ക്കു മുന്‍പേ അവരെ ആരെയും ബന്ധപ്പെടാതെ മാറ്റി പാര്‍പ്പിക്കുമത്രെ. ഓസ്‌കാര്‍ പുരസ്‌കാര ഉപഹാരത്തില്‍ പേരു കൊത്താത്തത് പോലും മുന്‍കൂട്ടി അത് അറിയുന്നവരുടെ എണ്ണം കുറക്കാനാണ്. ഓരോ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനും നിശ്ചിതമായ സമയക്രമം ഉണ്ട്.

നിശ്ചിത സമയത്ത് ഓരോ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ അവര്‍ക്കു നിശ്ചയിച്ച ഇരിപ്പിടത്തില്‍ ഉണ്ടായിരിക്കണം. പുരസ്‌കാരം പ്രഖ്യാപിച്ചാല്‍ ഉടന്‍ ജേതാവ് എഴുന്നേറ്റ് വേദിയില്‍ എത്തണം. പുരസ്‌കാരം വാങ്ങണം.. ഇതിനെല്ലാം കൂടെ അറുപത് സെക്കന്‍ഡ് സമയമാണ് നല്‍കുക. സംവിധായകന്‍ ആയാലും, നടന്‍ ആയാലും, ശബ്ദസന്നിവേശകന്‍ ആയാലും. ഒരു മിനിറ്റ്. പിന്നെ മറുപടി പ്രസംഗം നടത്തണം അതിന്ഒരു മിനിറ്റ്.

ഒരു മഹാസദസ്സ്. ലോകം മുഴുവന്‍ പ്രേക്ഷകര്‍. പുരസ്‌കാരം പ്രഖ്യാപിക്കുന്ന ആ നിമിഷമൂണ്ടല്ലൊ, ആ നിമിഷം തൊട്ട് പിന്നെ കുറേ നിമിഷം ഒന്നും തിരിച്ചറിയില്ല. പ്രതീക്ഷക്കും കാത്തിരിപ്പിനും പുറകെ വരുന്ന എല്ലാം മനസ്സിലൊരു ബിന്ദുവില്‍ ഒന്നിക്കുന്ന നിമിഷമാണത്. അതാണ് മാനസികാവസ്ഥ. സമിതിയുടെ നിര്‍ദ്ദേശം ഓര്‍മ വരാന്‍ ഇത്തിരി സമയം എടുക്കും. റെസുലിന്റെ പതിനഞ്ച്  ഇരുപതു സെക്കന്‍ഡ് അങ്ങനെ പോയി.

പിന്നെ ഇരുപതു സെക്കന്‍ഡ് കൊണ്ട് ഓടി വേദിയിലെത്തി. ബാക്കി കുറച്ചു സെക്കന്‍ഡുകള്‍ മാത്രം. വേദിയില്‍ നിന്നു നോക്കിയാല്‍ കാണാമത്രെ വലിയൊരു ഡിജിറ്റല്‍ സമയമാപിനി നിമിഷങ്ങള്‍ കടന്നു പോകുന്നതു ഓര്‍മ്മിപ്പിക്കുകയാണ്. പക്ഷെ അതിനു താഴെ ആജാനുബാഹുവായ ഒരാള്‍ നില്‍പ്പുണ്ട്, അയാള്‍ അവിടെ നിന്നു സമയം പോകുന്നതു വലിയ ആംഗ്യങ്ങളോടെയും ഓര്‍മ്മിപ്പിക്കുന്നു.

വാസ്തവത്തില്‍ അവിടെ ആഹ്‌ളാദത്തോടെ നിന്നു പുരസ്‌കാരം വാങ്ങാന്‍ അല്ല ആ മനുഷ്യന്‍ ആവശ്യപ്പെടുന്നത്. എത്രയും വേഗം അതു വാങ്ങി സ്ഥലം വിടാനാണ്. മുന്നറിയിപ്പ്. മതിയാക്കാനുള്ള ആംഗ്യം മാറിപ്പോകാനൂള്ള ആംഗ്യം. അതിനിടയില്‍ കിതപ്പും! എങ്ങനെ മനസ്സില്‍ രൂപപ്പെടുത്തിയ കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കും!

ഒരു മാര്‍ഗ്ഗം മാത്രം. അയളേ നോക്കാതെ ഉള്ളതു പറഞ്ഞ് തീര്‍ക്കുക. ലോകമെങ്ങും കോടി കണക്കിനു ജനങ്ങള്‍ കാണൂകയാണ്. പക്ഷെ ആ വേദിയില്‍ ആരും സഹായിക്കാനില്ലാതെ ഒരാള്‍  അപ്പോള്‍ ലോകത്തിനു മുന്നില്‍ വലിയ ഒരാളായി തീര്‍ന്ന ഒരു ആള്‍ ഒറ്റക്കു ആശയം പ്രകാശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.

വലിയ ഭാരമുള്ള നിമിഷങ്ങളാണവ. എന്തിനേയും പരാജയപ്പെടുത്തുന്ന ചില നിമിഷങ്ങളെ ഒപ്പത്തിനൊപ്പം നിര്‍ത്തിയാണ് റെസുല്‍ ഗംഭീരമായ ആ മറുപടി മനോഹരമായി നല്‍കിയത്. ആ സമയത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം റെസുല്‍ പറഞ്ഞറിഞ്ഞപ്പോള്‍ പുതിയ അത്ഭുതമായി. ഒരൊറ്റചോദ്യത്തില്‍ നിന്നാണ് ഇത്രയും അത്ഭുതവിവരങ്ങള്‍ റസൂലില്‍ നിന്ന് കിട്ടിയത്.

ശരിയായ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നതുകൊണ്ട് ഒരു റിപ്പോര്‍ട്ട് ഒട്ടുമുക്കാലും ഉപേക്ഷിച്ചു പോയ ഒരു മാധ്യമപ്രവര്‍ത്തകന്‍ (റോബര്‍ട്ട്‌സീയ്ഗല്‍, നാഷണല്‍പബ്ലിക്‌റേഡിയൊ, വാഷിങ്ങ്ടണ്‍) എഴുതിയത് വായിച്ചു. റോമില്‍വെച്ച്ഒരു തുര്‍ക്കി പൗരന്‍ മാര്‍പ്പാപ്പയെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സമയം. തുര്‍ക്കി നയതന്ത്രപ്രതിനിധിയോട ് സീയ്ഗലിന്റെ ആദ്യ ചോദ്യം. ‘അക്രമി ഇറ്റലിയില്‍

എവിടെയാണ് താമസിച്ചിരുന്നത്?’  അറിയില്ല.
‘അയാള്‍ എന്തു ജോലിയാണു ചെയ്തിരുന്നത്?’  അറിയില്ല
‘അയാള്‍ക്കു എന്തു വിസയാണ്‌നല്‍കിയത്?’  അറിയില്ല.
‘അയാള്‍ക്ക് കുടുംബമുണ്ടോ?’  അറിയില്ല.

ഇനിയൊന്നും കിട്ടാനില്ല എന്നു കരുതി സീയ്ഗല്‍ സ്‌ക്രാപ് ബുക്ക് അടച്ച് എഴുന്നേറ്റ് പോകുമ്പോള്‍ നയതന്ത്രപ്രതിനിധി ഏറ്റവും വിലയേറിയ ഒരു വിവരം ചോദിക്കാതെ തന്നെ പുറത്തുവിട്ടു. ‘തുര്‍ക്കിയിലെ ഏറ്റവും കുപ്രസിദ്ധനായ കൊലപാതകി ആയിരുന്നു അയാള്‍. പേര് മെഹ്അഗ്ക. അവിടത്തെ പ്രമുഖപത്രത്തിന്റെ പത്രാധിപരെ കൊന്ന കേസില്‍ ശിക്ഷ അനുഭവിച്ചു വരവെ അയാള്‍ ജയില്‍ചാടിയതാണ്.’ സീയ്ഗല്‍ എഴുതുന്നു.’എനിക്കു ആദ്യം തന്നെ ഒറ്റ ചോദ്യം ചോദിച്ചാല്‍മതിയായിരുന്നു’. ‘അയാളെപ്പറ്റി എന്തെങ്കിലും അറിയാമോ?’എന്ന്! മാര്‍പ്പാപ്പയെ വധിക്കാന്‍ ശ്രമിച്ചതിനും പത്രാധിപരെ വധിച്ചതിനും 30 വര്‍ഷം തടവ് ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ജനവരിയിലാണ് മെഹ്അഗ്ക പുറത്തുവന്നത്.

—————–
റസൂല്‍ പൂക്കുട്ടിയുമായി പിരിയാന്‍ നേരത്ത് ഓസ്‌കാര്‍ പുരസ്‌കാരം ഞങ്ങള്‍ കൌതുകത്തോടെ കൈയിലെടുത്തു. കുറച്ചുനേരം അതു കൈയില്‍ വെക്കാന്‍ റെസുല്‍ തരികയായിരുന്നു. എത്രയെത്ര പേര്‍ അതു ഇതിനിടെ സ്പര്‍ശിച്ചിരിക്കും! എണ്‍പത്തൊന്നു വര്‍ഷമായി ഏതെല്ലാമോ നാടുകളില്‍ എത്രയോ കലാകാരന്‍മാര്‍ക്കു പുരസ്‌കാരം ലഭിച്ചിരിക്കുന്നു.

അവിടെ എല്ലാം ആള്‍ക്കാര്‍ അതു കണ്ണാല്‍ കണ്ടിരിക്കും. അതു താരങ്ങള്‍ക്കു ലഭിക്കുന്നതാണ്. സംവിധായകന്‍ സ്‌റ്റെവെന്‍ സ്പീല്‍ബെര്‍ഗോ നടി കേറ്റ് വിന്‍സ്‌ളെറ്റോ അതു സധാരണക്കാരുടെ അടുത്ത് എത്തിക്കുന്നില്ല. പക്ഷെ വളരെ അധികം സാധാരണക്കാരുടെ കരസ്പര്‍ശമേറ്റ ഓസ്‌കര്‍ പുരസ്‌കാരങ്ങളിലൊന്നു തീര്‍ച്ചയായും റെസുല്‍ പൂക്കൂട്ടിക്കു ലഭിച്ചതാകും. ഞാന്‍ നാടിനു സമര്‍പ്പിക്കുന്നു എന്നു പറയുമ്പോള്‍ സുഹൃത്തുക്കളുടെ മാത്രമല്ല നാട്ടുകാരുടേയും കരസ്പര്‍ശം അതിനു വലിയൊരു അര്‍ത്ഥം ഉണ്ടാക്കുന്നു. അതിനു അങ്ങനെയൊരു തലവുമുണ്ട്.

ഓസ്‌കാര്‍ നിബന്ധനയനുസരിച്ചു പുരസ്‌കാരം അന്യാധീനപെടുത്താനോ വില വാങ്ങി കൈമാറാനോ പാടില്ല. വില്‍ക്കുന്നെങ്കില്‍ ഓസ്‌കാര്‍ സമിതിക്കു തന്നെ കൊടുക്കണം. അതിനു ഒരു ഡോളര്‍ വില നല്‍കും. എത്ര അര്‍ത്ഥപൂര്‍ണ്ണമായ വില നിശ്ചയം. പുരസ്‌കാരം വേണ്ടെന്നു വെക്കുന്ന ഒരാള്‍ക്കു അത്ര പോലും വില നല്‍കേണ്ട കാര്യമില്ല.. അതു ഹൃദയമെന്ന പോലെ സൂക്ഷിക്കുന്ന ആള്‍ക്കാവട്ടെ വിലമതിക്കാനാവാത്തതുമായി ത്തീരുന്നു. എല്ലാ സൂക്ഷ്മമായ ആശയങ്ങള്‍ക്കു പിന്നിലും എത്ര വലിയ ചിന്തയാണു പ്രവര്‍ത്തിക്കുന്നത്!


ഇന്ത്യാവിഷന്‍ വാര്‍ത്തകള്‍ ഇനി ഇ-മെയിലിലും. വാര്‍ത്തകള്‍ ലഭ്യമാകാന്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി ഇവിടെ സബ്മിറ്റ് ചെയ്യുക



ഫെബ്രുവരി 04, 2012  ലെ വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യാവിഷന്റെ അഭിപ്രായം ആവണമെന്നില്ല.
Also Read