യുവരാജിന് സഹായവുമായി കേന്ദ്ര സര്‍ക്കാറും, ബാബാ രാംദേവും
ദില്ലി: ശ്വാസ കോശാര്‍ബുദം സ്ഥിതീകരിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കേന്ദ്ര മന്ത്രി അജയ് മാക്കനാണ് വേണ്ടി വന്നാല്‍ യുവരാജിന് സഹായം നല്‍കുമെന്നറിയിച്ചത്. തന്റെ ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യുവരാജിന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്ന പ്രാര്‍ഥനയും അജയ് മാക്കന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.
അതേ സമയം യുവരാജ് സിങ്ങിന് സഹായഹസ്തവുമായി യോഗ ഗുരു ബാബ രാംദേവും രംഗത്തെത്തി. യുവരാജിന്റെ അസുഖം മാറ്റാന്‍ തന്നാല്‍ കഴിയുന്ന എന്തു സഹായവും ചെയ്യാന്‍ താന്‍ ഒരുക്കമാണ്. തനിക്കറിയാവുന്ന യോഗവിദ്യകളും ആയുര്‍വേദ ചികിത്സയും യുവരാജിനായി പ്രയോജനപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്നും രാംദേവ് വ്യക്തമാക്കി.
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി മാരകരോഗങ്ങള്‍ താന്‍ ചികിത്സിച്ച് സുഖപ്പെട്ടിട്ടുണ്ടെന്നു രാംദേവ് അവകാശപ്പെട്ടു.
അമേരിക്കയിലെ ബോസ്റ്റണ്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ കീമോതെറാപ്പി ചികിത്സയിലാണ് യുവരാജ് സിങ്ങ്. രോഗം ആദ്യ ഘട്ടത്തിലാണെന്നും അതിനാല്‍ തന്നെ പൂര്‍ണ്ണമായും ചികിത്സിക്കാമെന്നും യുവരാജിന്റെ ഡോക്ടര്‍ ജതിന്‍ ചൌധരി പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































