


തലക്കുറി
2010 ലെ ഫിലിംഫെയര്‍ അവാര്‍ഡ്ദാനച്ചടങ്ങ്.
നക്ഷത്രങ്ങള്‍ കണ്ണുചിമ്മിയ രാവ്. താരനിബിഡമായ സദസ്സ്. പക്ഷെ, ആ ചടങ്ങ് ശിവകുമാര്‍ എന്ന പഴയ തമിഴ് സൂപ്പര്‍ താരത്തിന്റെ കുടുംബ ആഘോഷം കൂടിയായിരുന്നു. എം ജി ആറും ശിവാജി ഗണേശനും ചക്രവര്‍ത്തിമാരായി വാണ തമിഴ് തിരൈ ഉലകില്‍ ഒതുക്കമുള്ള അഭിനയ ശൈലിയിലൂടെയും പ്രകാശം തുളുമ്പുന്ന കണ്ണുകളിലൂടെയും സ്വതന്ത്രമായൊരു മേല്‍വിലാസം സ്വന്
തമാക്കിയ നടനാണ് ശിവകുമാര്‍. എന്നാല്‍ ശിവ കുമാറിന്റെ മക്കളായിരുന്നു ആ രാത്രിയുടെ നേരവകാശികള്‍.
മികച്ച നടനുള്ള പുരസ്‌ക്കാരത്തിന്റെ തിളക്കവുമായി ശിവകുമാറിന്റെ മൂത്തമകന്‍ സൂര്യ. മികച്ച പുതുമുഖ താരമെന്ന വിശേഷണവുമായി ഇളയമകന്‍ കാര്‍ത്തി. പുരസ്‌ക്കാരപ്രഭയില്‍ സൂര്യചന്ദ്രന്മാരെപ്പോലെ തിളങ്ങിയ മക്കള്‍ക്ക് നടുവില്‍ ശിവകുമാര്‍. സദസ്സില്‍ സന്തോഷാശ്രുക്കളുമായി ശിവകുമാറിന്റെ ഭാര്യ ലക്ഷ്മിയും.
ദൂരങ്ങള്‍ താണ്ടി മകള്‍ ബ്രിന്ദയുടെ സ്‌നേഹ സന്ദേശം ലക്ഷ്മിയുടെ മൊബൈല്‍ ഫോണില്‍ മിടിച്ചു. ഒരു നിമിഷം തമിഴ് സിനിമാലോകം മുഴുവനും ആ ശിവ കുടുംബത്തിനുചുറ്റും ഭ്രമണം ചെയ്തു. സിനിമയ്ക്കുമപ്പുറം തമിഴ് സാംസ്‌കാരിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ശിവകുമാറിന്റെ കുടുംബം മറ്റ് താരകുടുംബങ്ങളില്‍നിന്നു വ്യത്യസ്ഥമാണ്.
അനുഭവങ്ങളിലേക്ക് ഒരു ജമ്പ് കട്ട്….
എന്നാണ് സൂര്യ എന്റെ ഇഷ്ട്ടങ്ങളുടെ ഭാഗമായത്. ഒരു പാട് വൈകിയാണ്. ‘ കാണാന്‍ കൊള്ളാവുന്ന മറ്റൊരു താരസന്താനം ‘ എന്ന കൌതുകത്തിനപ്പുറം സൂര്യയോട് യാതൊരു താല്‍പ്പര്യവുമില്ലായിരുന്നു. ഒപ്പം കുറെ പെണ്‍ പിറപ്പുകളുടെ ആരാധന മാത്രം നേടിയവന്‍ എന്ന അകലവും. എന്റെ പിഴ! എന്റെ പിഴ! എന്റെ വലിയ പിഴ!
‘വാരണമായിരമാണ്’ തീയ്യേറ്ററില്‍ പോയിക്കണ്ട ആദ്യ സൂര്യാ ചിത്രം. ഭക്ത കവയത്രി ആണ്ടാളുടെ ഏറ്റവും മികച്ച ദാമ്പത്യ ബന്ധത്തെക്കുറിച്ചുള്ള ശ്ലോകത്തിന്റെ ആദ്യ വരി സിനിമയുടെ പേരായപ്പോഴുള്ള ഇഷ്ട്ടമായിരുന്നു എന്നെ ‘വാരണം ആയിരം’ കാണാന്‍ പ്രേരിപ്പിച്ചത്. അച്ഛനെ ആരാധനാ പുരുഷനായിക്കാണുന്ന മറ്റുപലരെയും പോലെ ‘കൃഷ്ണന്റെ’യും ‘സൂര്യ’യുടെയും ജീവിതം എന്റെയും ഹൃദയത്തോട് ചേര്‍ന്ന് നിന്നു. കൂടുതല്‍ കൂടുതല്‍ കാണാന്‍ കൊതിക്കുന്ന സുഖമുള്ള ഒരു വേദനയായി.
ആണൊരുത്തന്‍ വയസ്സറിയിക്കുന്നത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ. ‘ജീവിതവും പ്രണയവും പരാജയങ്ങളും ആഘോഷിക്കാനുള്ളതാണെന്നാണ്’ തലതെറിക്കാന്‍ തുടങ്ങിയ കാലത്ത് അച്ഛന്‍ തന്ന ഉപദേശം. സൂര്യയുടെയും സംവിധായകന്‍ ഗൌതം മേനോന്റെയും ജീവിതത്തിലെ ചില നേരിന്റെ നേര്‍ക്കാഴ്ച്ച കൂടിയായിരുന്നു ‘ വാരണം ആയിരം’. പിന്നീട് സൂര്യയുടെ സിനിമകളോരോന്നായി കണ്ടു. അവ ഒരു നായകന്റെ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കാണിച്ചു തന്നു.
‘ഏഴാം അറിവി’ന്റെ റിലീസിംഗ് തിരക്കുകള്‍ക്കിടയില്‍ ചെന്നൈയിലെ ബസന്റ് നഗറിലുള്ള സൂര്യയുടെ വീട്ടില്‍ വെച്ചായിരുന്നു ഒരഭിമുഖത്തിനായി മുഖാമുഖമിരുന്നത്. കറുത്ത ഷര്‍ട്ടും നീല ജീന്‍സ്സുമായിരുന്നു സൂര്യയുടെ വേഷം. ചിത്രത്തിന്റെ റിലീസ്സിംഗ് ടെന്‍ഷന്‍ മുഖത്ത് പ്രകടം. ചെന്നൈ ടി നഗറില്‍ താമസിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് അനുഗ്രഹം വാങ്ങി വരികയായിരുന്നു സൂര്യ. ‘ അപ്പ, സാധാരണ എന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സംവിധായകനെയാണ് അഭിപ്രായം അറിയിക്കാറ്.
എന്നോട് ഒന്നും പറയാറില്ല. എന്തോ ഇത്തവണ എന്നോട് എഴാം അറിവിന്റെ പ്രിവ്യൂ കണ്ടശേഷം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അത് എനിക്ക് വളരെയധികം ആത്മ വിശ്വാസം തരുന്നു. ‘ സൂര്യ സംസാരിച്ചുതുടങ്ങിയത് അച്ഛനെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു.
ശിവകുമാറിന്റെ നാണം കുണുങ്ങിയായ മൂത്തമകന്‍ ശരവണന്‍ സൂര്യയായി തിരശീലയില്‍ ഭാഗ്യപരീക്ഷണത്തിനെത്തിയപ്പോള്‍ ആര്‍ക്കും വലിയ വിശ്വാസമൊന്നുമുണ്ടായിരുന്നില്
ല. സൂര്യയുടെ ആദ്യ ചിത്രമായ ‘നേര്‍ക്ക് നേരിന്റെ’ നിര്‍മ്മാതാവായ മണിരത്‌നത്തിനൊഴികെ. മണിരത്‌നത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വഴങ്ങിയാണ് ശിവകുമാര്‍ മകന് അഭിനയിക്കാന്‍ അനുമതി നല്‍കിയത്. 
അങ്ങിനെ പ്രതീക്ഷകളുടെ വലിയ ഭാരമില്ലാതെ ലയോള കോളേജില്‍ സഹപാഠിയായിരുന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന വിജയ് നായകനായ ‘നേര്‍ക്ക് നേരില്‍’ സൂര്യ ക്യാമറക്ക് മുന്‍പിലെത്തി. ‘ചോക്ലേറ്റ് ഹീറോ’ എന്ന ഇമേജുമായി കടന്നുവന്ന സൂര്യ വെള്ളിത്തിരയില്‍ വിമര്‍ശകര്‍ ഗണിച്ചു നല്‍കിയ അല്‍പ്പായുസ്സ് പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും മറികടന്നു.
എന്നാല്‍ കാര്‍ത്തിയ്ക്ക് കാര്യങ്ങള്‍ കുറേകൂടി എളുപ്പമായിരുന്നു. അഭിനയ പ്രാധാന്യമുള്ളതും ദേശീയ പുരസ്‌ക്കാരത്തിളക്കംനേടിയതുമായ പരുത്തിവീരനിലൂടെ കാര്‍ത്തി കോളീവുഡില്‍ തന്റെ ഇടം ഉറപ്പിച്ചു.
പയ്യയും അവന്റെ സ്വന്തം ഭയ്യയും
ചെന്നൈയില്‍ ടി നഗറിലുള്ള എല്ലാവരുടെയും ഓര്‍മ്മകളില്‍ സരവണനും കാര്‍ത്തികേയനും നിറഞ്ഞു നില്‍ക്കുണ്ട്. അവര്‍ വളര്‍ന്ന് സൂര്യയും കാര്‍ത്തിയുമായി. സൂര്യയെക്കുറിച്ചു ചോദിച്ചാല്‍ ഇവിടുത്തുകാര്‍ പറയും,’ ഉങ്കള്‍ക്ക് താന്‍ സൂര്യ, എങ്കള്‍ക്ക് വന്ത് സരവണന്‍… നമ്മ ശിവകുമാര്‍ സറോടെ പയ്യന്‍…’ കണിശക്കാരനായ അച്ഛനായിരുന്നു ശിവകുമാര്‍. സിനിമാനടന്റെ മക്കളെന്ന ഭാരങ്ങളില്ലാതെയാണ് ശരവണനെയും കാര്‍ത്തികേയനെയും വളര്‍ത്തിയത്.
സംസാരങ്ങളില്‍ നിന്ന് സിനിമയെ മാറ്റിനിര്‍ത്തി. ഒഴിവുസമയങ്ങളില്‍ മക്കള്‍ക്കൊപ്പം ചെന്നൈയുടെ ‘പച്ചയായ’ ജീവിതമുഖത്തേയ്ക്ക് യാത്രകള്‍ നടത്തും. മറ്റുള്ളവരുടെ ജീവിത ദുരിതങ്ങളെക്കുറിച്ചും കഷ്ട്ടപ്പാടുകളെക്കുറിച്ചും പറഞ്ഞു കൊടുക്കും. പരാജയ ഭീതികള്‍ വേട്ടയാടാന്‍ തുടങ്ങിയ കൗമാരകാലത്ത് പലതവണ ആത്മഹത്യക്കൊരുങ്ങിയ ശരവണനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അച്ഛനായിരുന്നു.
ബിരുദം നേടിയ ശേഷം സ്വന്തമായി ജോലി കണ്ടെത്തണമെന്ന അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് ശരവണന്‍ കോയമ്പത്തൂരെ ഒരു ടെക്സ്റ്റില്‍ ഫാക്റ്ററിയില്‍ ജോലിക്ക് ചേര്‍ന്നത്. അഭിനയ മോഹത്തിന്റെ ലാഞ്ചനകളില്ലാതെ, ടി നഗറിലെ ഓട്ടോ െ്രെഡവര്‍മാരുടെ തോളില്‍ കൈയിട്ട് നടന്നും ചായക്കടകളിലെ പറ്റുപുസ്തകങ്ങളില്‍ ഒഴിയാതെ ഇടം പിടിച്ചും ജീവിതം ആഘോഷിച്ചു. ഫുള്‍ സ്ലീവ് ഷര്‍ട്ട് കൈമുട്ടിനു മുകളിലേക്ക് തെറുത്ത് വെച്ച് കോളര്‍ പിന്നിലേക്ക് വലിച്ചിട്ട് ശരീരം അല്‍പ്പം മുന്നോട്ടാഞ്ഞ് നടന്നുപോകുന്ന ‘തലതെറിച്ച പയ്യന്‍’ എല്ലാവരുടെയും ഓര്‍മ്മകളിലുണ്ട്.
ഒഴിവുവേളകളില്‍ ശരവണന്‍ ‘ എന്നാ മച്ചി.. ‘ എന്ന സ്‌നേഹവിളിയോടെ പഴയ സൗഹൃദങ്ങളുടെ തുടര്‍ച്ച പങ്കിടാന്‍ ഇന്നുമെത്തും. ശരവണന്‍ സൂര്യയായി. കോളീവുഡിലെ ഏറ്റവും വിലപിടിച്ച യുവതാരമായി. കെ.വി. ആനന്ദിന്റെ പുതിയ ചിത്രം ‘മാട്രാനില്‍’ അഭിനയിക്കാന്‍ സൂര്യ കൈപ്പറ്റിയ പ്രതിഫലം 20 കോടി രൂപയാണ്.
പരമാവധി വിജയ സാധ്യതയും, നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനവുമുള്ള നടനും സൂര്യതന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ സ്ഥാനം സൂര്യ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോളീവുഡ് ഏറ്റവും വിശ്വാസമര്‍പ്പിക്കുന്ന വിജയക്കൂട്ടുകെട്ട് സൂര്യ ഗൗതം മേനോന്‍ സഖ്യമാണ്. ഭാവിയുടെ താരമായി സി എന്‍ എന്‍ ഐ ബി എന്‍ ചാനല്‍ കണ്ടെത്തിയതും സൂര്യയെത്തന്നെ.
സൂര്യക്ക് കാര്‍ത്തി എന്നും കുഞ്ഞനുജനാണ്. ” ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരുപാട് വഴക്കുകൂടിയിട്ടുണ്ട്. എല്ലായിടത്തും തോറ്റുകൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. എവിടെയെങ്കിലും ജയിക്കണമെന്ന തോന്നല്‍ വരുമ്പോള്‍ ഞാന്‍ കാര്‍ത്തിയെ തല്ലിതോല്‍പ്പിക്കാന്‍ ശ്രമിക്കും. അവന്‍ പാവം എന്നെ തിരിച്ച് തല്ലാന്‍ പറ്റാത്തതുകൊണ്ട് എല്ലാം നിന്ന് കൊള്ളും. എല്ലാം തീര്‍ന്ന് ഞാന്‍ എവിടെയെങ്കിലും ഇരിക്കുമ്പോള്‍ അവന്‍ അറിയാതെവന്ന് എന്നെ പിച്ചുകയും മാന്തുകയും ചെയ്യും.
അവന്‍ പിച്ചിയതിന്റെ പാട് ഇപ്പോളും എന്റെ തോളിലുണ്ട്. ടാല്‍ക്കം പൌഡര്‍ കൊണ്ട് കോമ്പല്ലുകള്‍ വരച്ച് ചെകുത്താനെപ്പോലെ വേഷമിട്ട് രാത്രിയില്‍ അവനെ പേടിപ്പിക്കുമായിരുന്നു. അവന്‍ സിനിമയില്‍ വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
എല്ലാവരും അവനെപ്പറ്റി പുകഴ്ത്തിപ്പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. പക്ഷെ അവന്റെ സിനിമകള്‍ കാണുമ്പോള്‍ ഓരോ ഷോട്ടെടുക്കാനും എന്റെ അനുജന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോര്‍ത്ത് എനിക്ക് സങ്കടം വരും. ഓരോ ഷോട്ടെടുക്കാനുമുള്ള ബുദ്ധിമുട്ടുകളും ചിത്രീകരണ സമയത്തെ കഷ്ട്ടപ്പാടുകളും എനിക്കറിയാവുന്നതിനാല്‍ അവനെയോര്‍ത്ത് എനിക്ക് സങ്കടം വരാറുണ്ട്.
അവന്‍ ഉപരിപഠനത്തിനായി യു.എസ്സില്‍ പോയപ്പോഴാണ് അവനെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ആ അകല്‍ച്ചയായിരുന്നു ഞങ്ങളുടെ ബന്ധത്തെ മാറ്റിയെഴുതിയത്. അവനെ ഉപദ്രവിക്കുകയല്ലാതെ ഒരു ഏട്ടന്‍ എന്ന നിലയില്‍ സ്‌നേഹിച്ചിട്ടില്ല എന്ന കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. അവന്‍ നന്നായി പഠിക്കുമായിരുന്നു. സ്‌പോര്‍ട്‌സിലും പഠനത്തിലും അവന്‍ നേടിയ വിജയങ്ങളെ ഞാന്‍ ഒരിക്കലും അഭിനന്ദിച്ചിട്ടില്ല. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുള്ള വിഷമം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ഫോണ്‍ വിളികള്‍ മാത്രം. ഒരു ദിവസം ഞാന്‍ അവനൊരു കത്തെഴുതി. കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത്.
കുട്ടിക്കാലത്ത് വേദനിപ്പിച്ചതിനെല്ലാം മാപ്പുചോദിച്ചുകൊണ്ട് എന്റെയുള്ളിലെ സ്‌നേഹമറിയിച്ചുകൊണ്ട് ഒരു കത്ത്. തുടക്കത്തില്‍ ഒരുപാട് തവണ ‘സോറി’ എന്നെഴുതിയ ഒരു മറുപടി അവനില്‍ നിന്ന് എനിക്ക് കിട്ടി. അതിലെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.” അതൊക്കെ കുട്ടിക്കാലത്തെ കാര്യങ്ങളല്ലേ, ഏട്ടന്‍ അതെല്ലാം ഇപ്പോഴും ഓര്‍ത്ത് വിഷമിക്കുകയാണോ?
കുഞ്ഞുനാള്‍ മുതലേ ഏട്ടനാണ് എന്റെ റോള്‍ മോഡല്‍. ഏട്ടന്‍ തല്ലുമ്പോള്‍ ഏട്ടനെപ്പോലെയാകാണ് ഞാന്‍ തിരിച്ച് തല്ലിയിരുന്നത്. ഏട്ടന്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ഏട്ടന്റെ ഷര്‍ട്ടില്‍ കെട്ടിപിടിക്കുമായിരുന്നു. ഏട്ടന്‍ ഇടുന്ന അതേപോലുള്ള ഷര്‍ട്ടിടാന്‍ കാത്തുനില്‍ക്കുമായിരുന്നു.”… ‘ സ്‌നേഹത്തിന്റെ നനവുള്ള സൂര്യയുടെ വാക്കുകള്‍ ഹൃദയം തൊടുന്നതായിരുന്നു. പിന്നീട് കാര്‍ത്തിയോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി ഒറ്റവാക്കിലൊതുക്കി… ‘ ഹി (സൂര്യ) ഈസ് മൈ റിയല്‍ ഹീറോ… ‘
ഡി എം കെ യുവജനവിഭാഗത്തില്‍ പ്രായപരിധി നിര്‍ബന്ധമാക്കുമെന്ന് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍. 30 വയസ്സില്‍ താഴെയുള്ളവരെ മാത്രമേ യുവജനവിഭാഗത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയോഗിക്കൂ. പ്രായം തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് യോഗങ്ങളില്‍ ഹാജരാക്കണം.
കടവുളേ… ( പാര്‍ട്ടി മാനിഫെസ്‌റ്റോ പ്രകാരം ദൈവ വിശ്വാസം പാടില്ല എന്നാലും വിളിക്കാതെ പറ്റില്ല.) ഈ ഇണ്ടാസ് പുറത്തിറക്കിയ ഡി എം കെ യുവജനവിഭാഗം ‘തലൈവന്‍’ എം കെ സ്റ്റാലിന് കഴിഞ്ഞ നാല് വര്‍ഷമായി 59 വയസ്സാണ് പ്രായം. പിന്നെ സപ്രിട്ടിക്കറ്റിന്റെ കാര്യം, നേതൃനിരയില്‍ പത്താം ക്ലാസ്സ് കടന്ന എത്ര പേരുണ്ടോ ആവോ…
ഫെബ്രുവരി 09, 2012 ലെ വാര്‍ത്തകള്‍

