Stay Connected:

Indiavision Live | Malayalam News Channel

വീണ്ടും ‘വിജയ’പര്‍വം

 | Published: February 10, 2012 Change Font size: (+) | (-)

എം.പി ബഷീര്‍
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മദേശമായ പിണറായിയില്‍ തന്നെയാണ് പിണറായി വിജയനും ജനിച്ചത്. 1944ല്‍. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെ മകന്‍ വിജയനെ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അമരത്തേക്ക് പറഞ്ഞയച്ചതും ഈ മണ്ണും ഇവിടുത്തെ മനസുറച്ച പാര്‍ട്ടിക്കാരുമാണ്. ആ കാര്‍ക്കശ്യവും കരുത്തും നാല് പതിറ്റാണ്ട് നീണ്ട  രാഷ്ട്രീയജീവിതത്തില്‍ ഒരിടത്തും വിജയന്‍ കൈവിട്ടതുമില്ല.

പിണറായി യുപി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലും,തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിജയന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ്  രാഷ്ട്രീയ ജീവിതം തുടങ്ങിയത്. എസ് എഫ് ഐയുടെ ആദ്യരൂപമായ കെ എസ് എഫിന്റെ സംസ്ഥാനസെക്രട്ടറിയായും ഡിവൈഎഫ്‌ഐയുടെ പഴയ പതിപ്പായ കെഎസ് വൈ എഫിന്റെ സംസ്ഥാനപ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

സിപിഐഎം പിറന്ന 1964ല്‍ തന്നെയാണ് പാര്‍ട്ടിയംഗത്വം നേടിയത്. 1967ല്‍ തലശേരി മണ്ഡലം സെക്രട്ടറിയായും 68ല്‍ ജില്ലാകമ്മിറ്റിയംഗമായും 72ല്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ കണ്ണൂരിലെ പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട കാലത്ത് ജില്ലാ സെക്രട്ടറിയുമായി.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ നിന്ന് വിജയിച്ച് ഇകെ നായനാര്‍ മന്ത്രിസഭയില്‍ സഹകരണ വിദ്യുച്ഛക്തി മന്ത്രിയായതോടെയാണ് പിണറായി വിജയന്‍ എന്ന ഭരണാധികാരിയെ കേരളം അറിഞ്ഞത്. 98 സെപ്തംബറില്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാനത്തെ സിപിഐഎം രാഷ്ട്രീയത്തില്‍ ഇത് പുതിയൊരു യുഗത്തിന്റെ തുടക്കമായി.

വി എസ് അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ പാര്‍ട്ടിയുടെ മാറിമറിഞ്ഞ സമവാക്യങ്ങളില്‍ വിഎസിന്റെ എതിര്‍പക്ഷത്തായി. പാര്‍ട്ടി അച്ചടക്കലംഘനം,അതെത്ര വലിയ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായാലും പൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം വാക്കുകൊണ്ടും ഭാവം കൊണ്ടും ഓര്‍മ്മപ്പെടുത്തി. കഠിനമായ അനുഭവങ്ങളുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിര്‍പ്പുകള്‍ പ്രചോദനമാണെന്ന് വിജയന്‍ എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിയെ വിമര്‍ശിച്ച സാമുദായിക നേതാക്കളും മതമേലധ്യക്ഷന്‍മാരും മാധ്യമങ്ങളുമെല്ലാം വിജയന് ശത്രുപക്ഷത്ത് തന്നെയായിരുന്നു.

ഡിഐസി ബന്ധം, പിഡിപി പിന്തുണ തുടങ്ങി താന്‍ കാര്‍മികത്വം വഹിച്ച അടവുനയങ്ങള്‍ പലതും പാളിയെങ്കിലും പാര്‍ട്ടിനേതൃത്വത്തില്‍ പിണറായി അജയ്യനായി തുടരുന്നു. എസ് എന്‍ സി ലാവലിന്‍ അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ പെട്ടെങ്കിലും സംസ്ഥാനഘടകത്തെയും കേന്ദ്രനേതൃത്വത്തെയും ചുറ്റിലും നിര്‍ത്തി പിണറായി സ്വയം പ്രതിരോധിച്ചു. നാലാം ടേം പാടില്ലെന്ന പാര്‍ട്ടി നിര്‍ദ്ദേശം മറികടന്നും സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഈ പിന്തുണ മൂലമാണ്. താന്‍ നേരിട്ട ഏറ്റവും ശക്തനായ എതിരാളി-വിഎസ് അച്യുതാനന്ദന്‍-തന്റെ തേരോട്ടത്തെ അതിജയിച്ച് നില്‍ക്കുന്നുവെന്നതൊഴിച്ചാല്‍ പിണറായിക്ക് ഇനി കീഴടക്കാനൊന്നുമില്ല.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar