

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നതരത്തില്‍ നേതാക്കള്‍ പലപ്പോഴും പ്രസ്താവന നടത്താറുണ്ട്. സി.പി.ഐ എമ്മിന്റെ സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യം പറയുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പല വാര്‍ത്താ നിര്‍മ്മിതിയ്ക്കും പിന്നിലെന്നായിരുന്നു കോടിയേരിയുടെ നിലപാട്. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന പിണറായി വിജയന്റെ വിഖ്യാതമായ പ്രസ്താവനയോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് കോടിയേരിയുടെയും വാക്കുകള്‍.
എഴുപത് വര്‍ഷത്തിലേറെ, മുഖ്യധാരാരാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നിട്ടും, പാര്‍ട്ടിയുടെ രീതികളെക്കുറിച്ച് പാര്‍ട്ടി പ്രതിനിധീകരിക്കുന്നുവെന്ന് പറയുന്ന സാധാരണകാര്‍ക്ക് ഒന്നും അറിയില്ല എന്ന് പറയുന്നതിന്റെ കുറവ് ആര്‍ക്കാണ് എന്നത് മറ്റൊരു വിഷയം. പൊതുവില്‍ ഈ സവിശേഷതയില്‍ അഭിരമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തങ്ങളുടെ രീതിയാണ് തങ്ങളുടെ പ്രത്യേകത എന്നതത്രേ എല്ലാ സാമ്പ്രദായിക കമ്മ്യൂണിസ്റ്റുകാരെന്റെയും ആത്മാഭിമാനത്തിന്റെ പൊരുള്‍.
കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ, അതിന്റെ തന്നെ കീഴ് വഴക്കങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാലും സാധാരണക്കാരന് പിഴച്ചെന്ന് നേതാക്കളും അണികളും പറയും. ഈ സമസ്യയ്ക്ക് സമീപകാലത്തെങ്കിലും പരിഹാരമുണ്ടാകുമെന്ന് കരുതാനും വയ്യ. വിജയിച്ചെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ആള്‍, നിരന്തരം പരാജയപ്പെട്ട നേതാവല്ലേ എന്ന സംശയം പോലും ഇത്തരത്തില്‍ തന്നെ ഉന്നയിക്കപ്പെടുന്നതാവും. പക്ഷെ പാര്‍ട്ടിക്ക് രുചിക്കില്ലെങ്കിലും സംശയം പൊതുസമൂഹത്തില്‍ നിലനില്‍ക്കുകതന്നെ ചെയ്യും. കാരണം സംശയങ്ങള്‍ ജനാധിപത്യ സമൂഹത്തിന്റെ ഉല്‍പ്പന്നമാണ്. പരീക്ഷിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മാതൃകകളില്‍ ജനങ്ങള്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയപ്പോഴാണ് ‘സോഷ്യലിസ്റ്റ്’ രാഷ്ട്രങ്ങള്‍ തകര്‍ന്നുപോയത്.
കേരളത്തിലെ സി പി ഐ എമ്മില്‍ അജയ്യനായി തുടരുന്നുവെന്ന് പാര്‍ട്ടിയിലെ അനുചരരും, ആരാധകരും കരുതുന്ന പിണറായി വിജയന്‍, വീണ്ടും തന്റെ അധീശത്വം പാര്‍ട്ടിയില്‍ ഉറപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരം സമ്മേളനത്തിന് കൊടിയിറങ്ങിയത്. പാര്‍ട്ടിയിലെ എതിരാളികള്‍ മാധ്യമലാളനകൊണ്ട് തരളിതരായിപോകുമ്പോള്‍, സംഘടനാ കാര്‍ക്കശ്യത്തിന്റെ പരുക്കന്‍ രീതികള്‍ കൊണ്ട് പാര്‍ട്ടിയെ സുസജ്ജമാക്കിയ കമ്മ്യൂണിസ്റ്റായി പിണറായി വിജയനെ പാര്‍ട്ടിയും മാധ്യമങ്ങളും വിലയിരുത്തുന്നു. ഇവിടെയാണ് കമ്മ്യൂണിസ്റ്റ് രീതി പുറത്തുനിന്ന് കണ്ട് മനസ്സിലാക്കിയവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാകുന്നത്.
പാര്‍ട്ടി നേതാവെന്ന രീതിയില്‍ കൈക്കൊള്ളുന്ന അടവ് നയങ്ങള്‍ പരാജയപ്പെട്ടാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവലംബിക്കുന്ന സമീപനങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്നുതന്നെ പല ഉദാഹരണങ്ങളുണ്ട്. പാര്‍ട്ടിയുടെ ആദ്യ കാലത്ത്, 1948ല്‍ സായുധ സമരത്തിലേക്ക് തിരിയാന്‍ സി പി ഐ തീരുമാനിച്ചത് തെറ്റായിപോയെന്ന് പാര്‍ട്ടി വിലയിരുത്തിയത് 1950 ല്‍ ആയിരുന്നു. കേവലമായി ഒരു തെറ്റ് തിരുത്തുകയല്ല, സി പി ഐ ചെയ്തത്. മറിച്ച് ഇടതുസാഹസികന്‍ എന്ന് വിലയിരുത്തി അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു ബി ടി രണദിവെയ്‌ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുകയാണ് ചെയ്തത്.
അടവു നയങ്ങള്‍ പരാജയപ്പെട്ടാല്‍, നേതാക്കള്‍ക്കെതിരെ നടപടിയോ, അവരെ ആ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യുമെന്നാണ് ചരിത്രത്തിലെ അനുഭവങ്ങള്‍. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്‍ പാര്‍ട്ടിയുടെ രീതിയനുസരിച്ച് തന്നെ, വലിയ ഔദാര്യങ്ങള്‍ ലഭിച്ച സഖാവാണെന്ന് പുറത്തുനില്‍ക്കുന്ന ചിലര്‍ക്ക് സംശയിക്കേണ്ടിവരുന്നത്. കാരണം 14 കൊല്ലത്തെ സാരഥ്യത്തില്‍, പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി നിരവധി തവണ സ്വീകരിച്ച അടവു സമീപനങ്ങള്‍ , പൊതുസമൂഹം ചര്‍ച്ചചെയ്ത കാര്യങ്ങളിലെങ്കിലും വിജയിച്ചതായി അറിയില്ല.
പിണറായി വിജയന്റെ തോറ്റ അടവു നയങ്ങളും സമീപനങ്ങളും ചുരുക്കത്തില്‍ ഇങ്ങനെ പറയാം. 1. ലീഗുമായുള്ള അടവ് സമീപനം, 2. ഡി ഐ സി ബന്ധം, 3. പി ഡി പി ബന്ധം, 4. വി എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രണ്ട് തവണ പിണറായി എടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടി പി ബി തന്നെ രണ്ടു തവണയും തിരുത്തി.മേല്‍സൂചിപ്പിച്ച മറ്റ് അടവു നയങ്ങള്‍ ഒന്നുകില്‍ മേല്‍ക്കമ്മിറ്റി തന്നെ തള്ളികളയുകയോ, അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ പരാജയത്തിന് കാരണമാവുകയോ ചെയ്തു. പക്ഷെ പിണറായി വിജയന് മാത്രം ഒന്നും പറ്റിയില്ല.
തന്റെ ക്ഷുഭിത രാഷ്ട്രീയ ചരിത്രം പറയുമ്പോള്‍, പിണറായിയെ പോലുള്ള കാര്‍ക്കശ്യക്കാരന്‍ പോലും ഓര്‍ത്തെടുക്കാറുള്ളതാണ് അടിയന്താരവസ്ഥക്കാലം. അന്ന് ഏറ്റ മര്‍ദ്ദനത്തിന്റെ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഒരു മൂലധനം തന്നെയാണ് ഏതൊരു കമ്മ്യൂണിസ്റ്റിനും. എന്നാല്‍ കരുണാകരനെ കൂടെക്കൂട്ടാന്‍ പിണറായി ആഗ്രഹിച്ചപ്പോള്‍, അടിയന്തരവസ്ഥയെ അദ്ദേഹം, അപനിര്‍മ്മിച്ചത് ആ കാലഘട്ടം ഒരു കാല്‍പനിക സമസ്യയല്ല, മറിച്ചൊരു രാഷ്ടീയ പ്രയോഗമാണെന്ന് പറഞ്ഞായിരുന്നു. പിന്നീട് സി പി ഐ എമ്മിന്റെ മേല്‍ക്കമ്മിറ്റി തന്നെ ഡി ഐ സി ബന്ധം വിലക്കിയപ്പോള്‍, പിണറായിക്ക് കുലുക്കമൊന്നുമുണ്ടായില്ല. ഇതേപോലെ, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തെ അടുപ്പിക്കാന്‍ മഅദനിയിലൂടെ ഒരു വഴി ഉണ്ടെന്ന് കരുതി തയ്യാറാക്കിയ അടവ് നയം ജനങ്ങള്‍ തള്ളിയപ്പോഴും പിണറായിക്ക് പരുക്കൊന്നുമേറ്റില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതൊരു വലിയ ഭാഗ്യവും ഔദാര്യവുമാണെന്നു വേണം മനസ്സിലാക്കാന്‍.
നേതാവെന്ന നിലയിലുള്ള വിട്ടുവീഴ്ചയില്ലാത്ത ലെനിനിസ്റ്റ് സമീപനം ഓരോ ചുവടുവെയ്പ്പിലും പ്രതിഫലിപ്പിക്കുന്ന നേതാവെന്നതാണ് പിണറായിയെന്ന് ആരാധകരും വിമര്‍ശകരും എപ്പോഴും പറയുന്നതാണ്. ആ വിശേഷണം ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് വലിയ ബഹുമതിയുമാണ്. എന്നാല്‍ കാര്‍ക്കശ്യത്തിന്റെയും ലെനിനിസ്റ്റ് സംഘടനാ പിടിവാശിയുടെയും 14 ആണ്ടുകളില്‍ കേരളത്തിലെ സി പി ഐ എമ്മില്‍ എന്താണ് സംഭവിച്ചതെന്ന് ആലോചിക്കുമ്പോഴാണ് വീണ്ടും വാദി പ്രതിയാകുകയാണോ എന്ന് സംശയിക്കേണ്ടിവരുന്നത്.

ചൈനീസ് യുദ്ധകാലത്ത് രക്തദാനത്തിലൂടെ വി എസിന്റെ വിഭാഗീയത തെളിയിക്കപ്പട്ടതാണ്. പാര്‍ട്ടിയിലും വിഭാഗീയത ഒളിഞ്ഞും തെളിഞ്ഞും നിലനിന്നുപോരുകയും ചെയ്തു. ചിലര്‍ അതിനെ സൗകര്യത്തിന് ഉള്‍പാര്‍ട്ടി സമരമെന്ന് വിളിച്ചപ്പോള്‍, ഉറച്ച സംഘടനക്കാരും ശത്രുക്കളും വിഭാഗീയതയെന്ന് മുദ്രകുത്തുകയും ചെയ്തു. എന്നാല്‍ പിണറായിയുടെ പാര്‍ട്ടി ഭരണകാലത്തുണ്ടായതുപോലെ, വിഭാഗിയതയും തമ്മില്‍ തല്ലും പരസ്യവും രഹസ്യവുമായ വെല്ലുവിളിയും സി പി ഐ എമ്മിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. അതിന് കാരണക്കാരാനെന്ന് പാര്‍ട്ടി നേതൃത്വം പറയുന്ന വ്യക്തിയെ സംഘടനാപരമായും രാഷ്ട്രീയമായും നേരിടാനാകാതെ പോയ ദുര്‍ബലന്‍ കൂടിയാണ് പിണറായി വിജയന്‍ എന്ന കാര്‍ക്കശ്യക്കാരനായ സംഘാടകന്‍. വിജയത്താല്‍ മുറിവേറ്റവന്‍.
വിശേഷണങ്ങള്‍ തന്നെ യഥാര്‍ത്ഥത്തില്‍ ദൗര്‍ബല്യമാകുന്ന അവസ്ഥയാണ് പിണറായി വിജയന്റെത്. ഇങ്ങനെ പറയുന്നത്, പാര്‍ട്ടി നടത്തുന്ന വിലയിരുത്തലല്ല ചിലപ്പോഴെങ്കിലും നാട്ടുകാര്‍ മനസ്സിലാക്കുന്നത് എന്നതുകൊണ്ടാവാം. ഒരു ബഹുജന പാര്‍ട്ടി തങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറയുന്നത്, അതിന്റെ സംഘടനാ സംവിധാനം നാട്ടുകാര്‍ക്ക് മനസ്സിലാക്കാത്ത സംഗതിയാണെന്ന് വിശദീകരിച്ചുകൊണ്ടെയിരിക്കുന്നത് എന്ത് അര്‍ത്ഥമാണ് പ്രസരിപ്പിക്കുന്നതെന്ന് ചിലപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കും മനസ്സിലായെന്ന് വരില്ല. സി പി ഐ എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘകാലം സെക്രട്ടറി പദം അലങ്കരിക്കുന്ന സെക്രട്ടറിയെക്കുറിച്ച് പാര്‍ട്ടിയും അനുചരരും നല്‍കുന്ന വിശേഷണങ്ങള്‍, വെള്ളത്തില്‍ വരച്ച വരപോലെ പാര്‍ട്ടിയെക്കുറിച്ച് അറിയാത്തവര്‍ക്ക് തോന്നുന്നതും ഇക്കാരണങ്ങളൊക്കെ കൊണ്ടൊക്കെയായിരിക്കും.
ഫെബ്രുവരി 10, 2012 ലെ വാര്‍ത്തകള്‍

