

തെഹ്‌റാന്‍: ഉപരോധം ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള നീക്കത്തിനിടെ പാശ്ചാത്യരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ഇറാന്‍ ആണവപദ്ധതികള്‍ വെളിപ്പെടുത്തി. ആണവപദ്ധതികളില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞു. അതിനിടെ, ആറ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണവിതരണം ഇറാന്‍ വെട്ടിക്കുറച്ചുവെന്ന വാര്‍ത്തയെതുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു.
ഇന്ന് വൈകീട്ടാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആണവ സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ ഇറാന്‍ പരസ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആണവഊര്‍ജ്ജമേഖലയിലെ വികസനത്തിനും, ആണവ ബോംബ് നിര്‍മ്മാണത്തിനും ആവശ്യമായ നാലാം തലമുറ സെന്‍ട്രിഫ്യൂഗുകള്‍ വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ച ഇറാന്‍, സമാധാനപരമായുള്ള ആണവ പദ്ധതികള്‍ തുടരുമെന്നും പ്രഖ്യാപിച്ചു. ഇറാനെ എതിര്‍ക്കുന്നവര്‍ ദുര്‍ബലരാണെന്നും അമേരിക്ക പൊതുവില്‍ കരുതുന്നതുപോലെ ശക്തരല്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത അഹമ്മദീ നെജാദ് പറഞ്ഞു.
അമേരിക്കയും പാശ്ചാത്യ രാഷ്ട്രങ്ങളും അണുബോംബുകള്‍ നിര്‍മ്മിക്കുകയും അതിന്റെ കെടുതി മറ്റ് രാഷ്ട്രങ്ങള്‍ അനുഭവിക്കുകയുമായിരുന്നുവെന്നും അഹമ്മദീ നെജാദ് കുറ്റപ്പെടുത്തി. ഇറാനെതിരെ ഉപരോധം ശക്തമാക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
എന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ സൈനിക ആവശ്യത്തിന് വേണ്ടിയാണെന്നതിന് തെളിവുകളില്ലെന്ന നിലപാടിലാണ് ഇപ്പോഴും റഷ്യയും ചൈനയും. ഇസ്രയേല്‍ സ്വന്തം നിലയില്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന് കഴിഞ്ഞദിവസം സി ഐ ഐ തലവന്‍ പറഞ്ഞിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ദില്ലിയിലും ജോര്‍ജ്ജിയയിലും ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും, ഇതിന് പിന്നില്‍ ഇറാന്‍ ആണെന്ന് ഇസ്രയേല്‍ ആരോപിക്കുകയും ചെയ്തത്.
ഇത്തരത്തില്‍ ഇറാനെതിരെ നീക്കം ഉണ്ടാകുമെന്ന് ആശങ്ക ഉടലെടുത്ത പശ്ചാത്തലത്തിലാണ് അക്രമോല്‍സുക പ്രതിരോധം ഉയര്‍ത്തി നെജാദ് പശ്ചാത്യ രാഷ്ട്രങ്ങളെ ഞെട്ടിച്ചത്. ഇതിനോട് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിലുള്ള ഭിന്നതയും ഇറാന് പ്രയോജനം ചെയ്യുമെന്നുവേണം കരുതാന്‍.
റഷ്യയ്ക്ക് പുറമെ, ചൈന, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി എന്നിവരാണ് ഇറാനെതിരായ നടപടിയെ പ്രധാനമായും എതിര്‍ക്കുന്നത്.
ഫെബ്രുവരി 15, 2012 ലെ വാര്‍ത്തകള്‍

