Stay Connected:

Indiavision Live | Malayalam News Channel

കൗമാരവിവാഹങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍

 | Published: March 8, 2012

ഷാഹിന ഇ കെ

ഷാഹിന ഇ. കെ

കൗമാരവിവാഹങ്ങള്‍ നമ്മുടെ സമൂഹത്തെ ഇനിയും ഗ്രസിച്ചുതീര്‍ന്നിട്ടില്ല. നമ്മള്‍ ഏറെ മുന്നോട്ട് പോയെന്ന് അവകാശപ്പെടുമ്പോഴും ഇന്നും തുടരുന്ന അത്തരം പ്രവണതകള്‍ നമ്മുടെ സ്ത്രീ ശാക്തീകരണത്തെയും സാമൂഹിക മുന്നേറ്റങ്ങളെയും നാണിപ്പിക്കുന്നതാണ്.

മലപ്പുറം ജില്ലയിലടക്കം തുടരുന്ന കൗമാരവിവാഹങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കലോത്സവങ്ങള്‍കഴിഞ്ഞ്  കായിക മത്സരങ്ങളുടെയും പരീക്ഷകളുടെയും തിരക്കു മാത്രമല്ല. കൗമാര വിവാഹങ്ങളുടെ കൂടി കാലമാണിത്.

മലപ്പുറത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ചുള്ള ധാരണ പതിനാറിനപ്പുറം വളര്‍ന്നിട്ടില്ല ഇതുവരെ. അയ്യായിരത്തിലധികം കൗമാര വിവാഹങ്ങള്‍ ജില്ലയില്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ടെന്നാണ് കണക്ക്. വിദ്യാഭ്യാസപുരോഗതി ജില്ലയിലെ മദ്ധ്യ ഉപരി വര്‍ഗ പെണ്‍കുട്ടികളുടെ ജീവിതനിലവാരത്തില്‍ ഏറെ അനുകൂല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ സാമൂഹ്യമായും സാമ്പത്തികമായും കീഴ്ത്തട്ടിലുള്‍പ്പെടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.

അദ്ധ്യയനസമയത്തു വരെ വളരെ സ്വാഭാവികമായി പെണ്ണുകാണല്‍ ചടങ്ങിനായി കുട്ടികളെ വിളിച്ചിറക്കിക്കൊണ്ടു പോകുന്ന രക്ഷിതാക്കള്‍ അസാധാരണ കാഴ്ചയല്ലെന്ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ലിന്‍സി വ്യക്തമാക്കുന്നു. കൗമാര വിവാഹങ്ങള്‍ സംബന്ധിച്ചു നിലനില്‍ക്കുന്ന നിയമങ്ങളുടെ പോരായ്മകള്‍ കൂടി വ്യക്തമാക്കുന്നു ഇത്തരം സംഭവങ്ങള്‍. നിയമത്തെ വെല്ലുവിളിച്ച് പരസ്യമായാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്.

അധ്യയന വര്‍ഷപ്പാതിയില്‍ തുടങ്ങിവയ്ക്കുന്ന ഇത്തരം ചടങ്ങുകള്‍ പലപ്പോഴും ഫലപ്രാപ്തിയില്‍ എത്തുന്നത് പരീക്ഷാകാലങ്ങളിലാണ്. പലപ്പോഴും വിവാഹക്കാര്യം രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരില്‍ നിന്നും മറച്ചു വയ്ക്കുന്നു. എസ് എസ് എല്‍ സി, പ്ലസ്‌വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ഇങ്ങനെ വിവാഹിതരാകുന്നതില്‍ ഏറെയുമെന്ന് സ്‌കൂള്‍ കൗണ്‍സിലര്‍മാരായ സലീനയും ജ്യോതിയും സാക്ഷ്യപ്പെടുത്തുന്നു.

വിവാഹാനന്തര വിരുന്നുകളുടെ തിരക്കില്‍പ്പെട്ട് പല കുഞ്ഞു വധുക്കളും ക്ലാസ്സ് മുറികളില്‍ നിന്നകലും. ഭര്‍തൃവീട്ടുകാരുടെ കാരുണ്യത്തില്‍ ഇവരില്‍ ചിലരൊക്കെ പേരിനെങ്കിലും പരീക്ഷാമുറികളിലേയ്ക്ക് തിരിച്ചു വരും. ചിലരാവട്ടെ പരീക്ഷകളുടെയും പുസ്തകങ്ങളുടെയും ലോകത്തെ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് കടമകളും ഉത്തരവാദിത്വങ്ങളുമായി ഒതുങ്ങിപ്പോകുന്നു. പെട്ടെന്നുള്ള ഗര്‍ഭധാരണം മൂലം പഠനം ഉപേക്ഷിച്ചു പോകേണ്ടിവരുന്നവരും അപൂര്‍വ്വമല്ല.

വളരെ കുരുന്നിലേ വിവാഹിതയായി, പത്താമത്തെ വയസ്സില്‍ വിവാഹമോചിതയായ യമനി പെണ്‍കുട്ടി നുജൂദ് അലിയെപ്പോലെ ഇവരാരും നിലവിലുള്ള വ്യവസ്ഥകളെ എതിര്‍ക്കുകയോ രക്ഷപ്പെടാന്‍ പഴുതു തേടുകയോ ചെയ്യുന്നില്ല. അത്രകണ്ട് ഇത്തരമൊരു അവസ്ഥയോട് പൊരുത്തപ്പെടുന്ന വിധത്തിലാണ് ഇവര്‍ വളര്‍ത്തപ്പെടുന്നത്.

താഴെയുള്ള മൂന്നു കുട്ടികളുടെ ഭാവി കൂടി നോക്കണമെന്ന് ഉപ്പയുടെ സമ്മര്‍ദം, കണ്ണടയും മുന്‍പ് പേരക്കുട്ടിയുടെ വിവാഹം നടന്നുകാണണമെന്ന് വല്യുമ്മയുടെ ആഗ്രഹം.. അങ്ങനെ ഓരോ വീട്ടിലേയും കാരണങ്ങള്‍ പലതാണ്. ആശങ്കയോടെ മാത്രം കൊണ്ടു നടക്കേണ്ട അപകടം പിടിച്ച വസ്തുക്കളായി നമ്മുടെ പെണ്‍കുട്ടികളെ സമൂഹം മാറ്റുകയാണ്.

മലപ്പുറത്തെ മേലാറ്റൂര്‍ എന്ന ഗ്രാമത്തിലെ ഒരു മെഡിക്കല്‍ ഷോപ്പുടമയുടെ അഭിപ്രായത്തില്‍ പ്രായപൂര്‍ത്തിയാവാത്ത നവവധുക്കള്‍ക്കായി ലൈംഗികോത്തേജന മരുന്നു തേടിയെത്തുന്ന വരന്മാരും കുറവല്ല. ശാരീരിക മാനസിക പക്വതയെത്താതെയുള്ള ലൈംഗികത, നേരത്തെയുള്ള പ്രസവം എന്നിവയെല്ലാം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കും ബോദ്ധ്യമില്ല. മറ്റുപിന്നാക്ക വിഭാഗങ്ങളിലും ഈ പ്രവണത നിലനില്‍ക്കുന്നുണ്ട്. ഇത്രത്തോളം രൂക്ഷമല്ലെന്നു മാത്രം.

കൗമാരത്തിന്റെ തുടക്കത്തില്‍ തന്നെ വിവാഹിതയാവേണ്ടി വന്ന് പിന്നീട് ഒരുപാട് പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ പഠനം തുടര്‍ന്ന് ജോലി സമ്പാദിച്ച നൂറ എന്ന സ്‌നേഹിത ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ‘ ആവശ്യമുള്ളതെല്ലാം ഇന്ന് എനിക്കുണ്ട്. ഒരുപക്ഷേ ആവശ്യത്തില്‍ കൂടുതല്‍. എങ്കിലും എല്ലാവരും കൂടി തല്ലിക്കൊഴിച്ചിട്ടു പോയൊരു കുട്ടിക്കാലമുണ്ട്. ആര്‍്ക്കും തിരിച്ചുതരാനാവാത്തത്.

എന്നേ നഷ്ടമായിപ്പോയ ആത്മവിശ്വാസവും വിടാതെ പിന്തുടരുന്ന ആധികളും അതിന്റെ ബാക്കിയാണ്. മുപ്പത്തിയേഴാം വയസ്സില്‍ അന്‍പത്തഞ്ചുവയസ്സുകാരിയുടെ മനസ്സുമായി ജീവിക്കുന്ന ഞാന്‍ ഒരുകാലത്തും മാപ്പു കൊടുക്കില്ല എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും’. ഈ വാക്കുകള്‍ രക്ഷിതാക്കള്‍ രണ്ടാവര്‍ത്തി വായിക്കട്ടെ. സ്വത്വബോധമുള്ളവരായി പെണ്‍കുട്ടികളെ വളരാന്‍ അനുവദിക്കുക.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar