സ്ത്രീപീഡനം: നടപ്പിലാകുന്നത് ആരുടെ നീതിബോധം?
അതിക്രമത്തിന് ഇരയാകുന്ന സ്ത്രീയോട് പീഡിപ്പിക്കപ്പെട്ടതിന് സാക്ഷിയുണ്ടോ എന്നു ചോദിക്കുന്നതിന്റെ നീതിശാസ്ത്രമെന്താണ്? ചില സംഭവങ്ങളില്‍ സമൂഹം ഇരയോട് ഐക്യദാര്‍ഢ്യപ്പെടുമ്പോള്‍ മറ്റുചിലപ്പോള്‍ നിര്‍ദയം ഇരയെ വിചാരണ ചെയ്യുന്നതെന്തുകൊണ്ട്? സമൂഹത്തില്‍ നിന്നും കോടതിയില്‍ നിന്നും നീതി കിട്ടണമെങ്കില്‍ സൗമ്യയെപ്പോലെ അതിക്രമത്തിനിരയായ സ്ത്രീ കൊല്ലപ്പെടണം? പുരുഷന്റെ കണ്ണിലൂടെ മാത്രം ഇരയെ വിചാരണ ചെയ്യുകയും വിധി പ്രസ്താവിക്കുകയും ചെയ്യുമ്പോള്‍ ഇര വീണ്ടും ശിക്ഷിക്കപ്പെടുകയും വേട്ടക്കാരന്‍ സംരക്ഷിക്കപ്പെടുകയുമല്ലേ ചെയ്യുന്നത്? സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു:
നടപ്പാകുന്നത് ഏകപക്ഷീയമായ അനീതി
ഡോ. പി ഗീത
സ്ത്രീകള്‍ പ്രത്യേകിച്ച് സ്ത്രീപീഡനകേസുകളിലെ ഇരകള്‍ ഏകപക്ഷീയമായ അനീതി അനുഭവിക്കുന്ന കാലമാണിത്. സ്ത്രീപീഡനക്കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നേയില്ല. സമൂഹവും സര്‍ക്കാരും കോടതിയും വേട്ടക്കാരെ സംരക്ഷിക്കുന്ന സാഹചര്യമാണുള്ളത്. ഉദാഹരണമായി സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കുമ്പോള്‍ ഇര വീണ്ടും ഇരയാക്കപ്പെടുകയാണ്. ഈ കേസില്‍ പ്രതിപ്പട്ടികയില്‍പ്പോലും ഉള്‍പ്പെടാത്ത കുറ്റവാളികള്‍ പുറത്തുണ്ട്. കേസ് സുപ്രിംകോടതിയില്‍ എത്തുമ്പോള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വിശ്വാസ്യത ഇല്ല എന്നു സ്ഥാപിച്ച് കേസിനെ ദുര്‍ബലപ്പെടുത്താനായി മാത്രം കെട്ടിച്ചമച്ച ആരോപണമാണിത്.
കേരളം എത്രമാത്രം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവെന്നതിന്റെ തെളിവാണ് കിളിരൂര്‍ കവിയൂര്‍ കേസുകളുടെ വിധി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത് കുറ്റവാളികളെ രക്ഷിക്കാനാണ്. കേരള പോലീസിന്റെ അന്വേഷണത്തില്‍ നിന്നും ഒരിഞ്ചു പോലും മുന്നോട്ടു പോകാന്‍ സിബിഐയ്ക്കായില്ല. അത്രമാത്രം ലാഘവത്തോടെയാണ് കേസ് അന്വേഷിക്കപ്പെട്ടതെന്നു വ്യക്തം. സിംഗിള്‍ ബഞ്ചില്‍ പരാജയപ്പെട്ട കേസ് ഡിവിഷന്‍ ബഞ്ചിലെത്തിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ രാഷ്ട്രീയ സംഘടനകളോ സ്ത്രീസംഘടനകളോ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പീഡനക്കേസുകളിലെ അനീതിയോട് കുറ്റകരമായ മൗനം പാലിക്കുന്ന പുരുഷാധിപത്യ സമൂഹം പക്ഷേ സ്ത്രീയുടെ ലൈംഗികതയുടെ അധികാരി പുരുഷന്‍ ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് സദാചാര പോലീസിംഗിലൂടെ. പുരുഷന്‍ രൂപപ്പെടുത്തുന്ന സദാചാര നിയമങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇല്ലായ്മ ചെയ്യുന്ന പ്രാകൃതനീതി ബോധമാണ് പുരുഷാധിപത്യ സമൂഹത്തില്‍ നടപ്പാകുന്നത്.
മാറ്റമുണ്ടാകേണ്ടത് മനോഭാവത്തില്‍
അഡ്വ. അനില
സ്ത്രീപീഡന കേസുകളില്‍ സ്ത്രീയ്ക്ക് എപ്പോഴും നീതി നിഷേധിക്കപ്പെടുന്നുവെന്ന് സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇരയാക്കപ്പെടുന്ന സ്ത്രീയെ സങ്കുചിത സദാചാര ബോധമെന്ന അളവുകോല്‍ ഉപയോഗിച്ച് സമൂഹം അളക്കും. ചില പ്രത്യേക മൂല്യബോധങ്ങളെ തൃപ്തിപ്പെടുത്തുന്നതാണെങ്കില്‍ സമൂഹം ആ സ്ത്രീയെ ഓര്‍ത്ത് സഹതപിക്കും. ചിലപ്പോള്‍ രോഷം കൊള്ളും. കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നു വരെ ഐക്യദാര്‍ഢ്യപ്പെടും.
സൗമ്യയ്ക്കു കിട്ടിയ പിന്തുണ ഐസ്‌ക്രിംകേസില്‍ റെജിനയ്ക്കു കിട്ടാതെ പോയതിനു കാരണം സമൂഹത്തിന്റെ ചില സദാചാര സങ്കല്‍പ്പങ്ങളാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ പണാപഹരണ കേസില്‍ അകപ്പെടുത്തിയത് സുപ്രിംകോടതിയ്ക്കു മുന്‍പില്‍ പഴയ കേസ് വിസ്തരിക്കപ്പെടുമ്പോള്‍ കുട്ടിയുടെ വിശ്വാസ്യതയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വേണ്ടിയാണ്.
സമൂഹത്തിന്റെ മൂല്യബോധവും അനൗപചാരിക വിധിപ്രസ്താവവും തന്നെയാണ് സ്ത്രീപീഡന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ഔപചാരിക വിധികള്‍. ഒന്നുകൂടി വ്യക്തമാക്കിയാല്‍ സാമൂഹ്യ സദാചാര സങ്കല്‍പ്പത്തിനകത്തു നില്‍ക്കുന്ന കേസുകളില്‍ ഒഴികെ സ്ത്രീപീഡനകേസുകളില്‍ അനുകൂല വിധി ഉണ്ടാവാറില്ല. സ്വന്തം മാനം രക്ഷിക്കാന്‍ ജീവന്‍ വെടിയാന്‍ തയ്യാറായാല്‍ സ്ത്രീയെ സമൂഹം അംഗീകരിക്കും. അല്ലാത്ത സംഭവങ്ങളിലെല്ലാം പീഡിപ്പിക്കപ്പെട്ടെങ്കില്‍ ആ സ്ത്രീ തന്നെയാണ് ഉത്തരവാദിയെന്ന് സമൂഹം വിധി പറയും.
പീഡന കേസിലെ സ്ത്രീയെ എന്നും പുരുഷന്റെ കണ്ണിലൂടെയാണ് സമൂഹം വിസ്തരിക്കുന്നതും വിലയിരുത്തുന്നതും. അതുകൊണ്ടാണ് പീഡിപ്പിക്കപ്പെട്ടതിന് സാക്ഷികളുണ്ടോ, എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഇരകളോട് സമൂഹം ആവര്‍ത്തിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളോട് സമൂഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. അവര്‍ക്കു പറയാനുള്ളത് തമസ്‌കരിക്കും. അല്ലെങ്കില്‍ അവരുടെ വെളിപ്പെടുത്തലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. തീര്‍ത്തും ഏകപക്ഷീയമായ സദാചാര ധാരണകളെ പൊളിച്ചെഴുതാത്ത കാലത്തോളം സ്ത്രീപീഡന കേസുകളില്‍ നീതി നടപ്പാവില്ല.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































