Stay Connected:

Indiavision Live | Malayalam News Channel

പിടിവാശിയുടെ ‘മമത’ രാഷ്ട്രീയം

 | Published: March 23, 2012

ശ്രീരാജ് രാജീവ്

ഒരു ഫ്ളാഷ്‌ ബാക്ക്-2001 മാര്‍ച്ച് 15

റെയില്‍വെ മന്ത്രി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി എന്‍.ഡി.എ സര്‍ക്കാറില്‍ നിന്നും രാജിവെച്ചു. ആയുധ ഇടപാടിലെ അഴിമതി തെഹല്‍ക പുറത്തുകൊണ്ടുവന്നിട്ടും പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജി വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. റയില്‍ ബജറ്റ് അവതരിപ്പിച്ചശേഷം പാസാകാന്‍ കാത്തുനില്‍ക്കാതെ മമത പതിവ് കൂസലില്ലായ്മയോടെ എന്‍.ഡി.എ സര്‍ക്കാറിന്റെ പടിയിറങ്ങി.

2012 മാര്‍ച്ച് 18

നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ചില ഭേദഗതികളോടെ 2001 ആവര്‍ത്തിച്ചു. മമതയുടെ പിന്‍ഗാമി ദിനേശ് ത്രിവേദി റെയില്‍മന്ത്രി പദമൊഴിഞ്ഞു. മമത എന്‍.ഡി.എയില്‍ നിന്നെങ്കില്‍ ത്രിവേദി യു.പി.എയില്‍ നിന്നെന്നത് പ്രധാന വ്യത്യാസം. ഒരു ദശാബ്ദക്കാലത്തിന് ശേഷം റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിച്ച നടപടിയില്‍ കുപിതനായി മമത ത്രിവേദിയെ മുട്ടുകുത്തിച്ചു. റെയില്‍ ബജറ്റിന്‍മേലുളള ചര്‍ച്ചയ്ക്ക് മറുപടി പറയണമെന്ന മന്ത്രിയെന്ന നിലയിലെ അന്ത്യാഭിലാഷവും ചുരുട്ടിയെറിഞ്ഞ് ത്രിവേദിക്ക് പടിയിറങ്ങേണ്ടി വന്നു.

കോണ്‍ഗ്രസ്സുകാരിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മമത 1984 ല്‍ ജാദവ്പൂര്‍ പാര്‍ലമെന്‍്‌റ് മണ്ഡലത്തില്‍ സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി ദേശീയ രാഷ്ട്രീയത്തിലെത്തുന്നത്. 1991 ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ മാനവശേഷി, യുവജനക്ഷേമ സഹമന്ത്രി പദത്തിലെത്തി. രാജ്യത്തെ കായികപുരോഗതിക്കായ് താന്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വിലങ്ങനെ തലയാട്ടുന്നുവെന്നാരോപിച്ചായിരുന്നു അന്നത്തെ രാജി.

അങ്ങനെ ഇന്ത്യാ ചരിത്രത്തില്‍ അവതരിപ്പിച്ച ബജറ്റ് പാസാകും മുന്‍പ് രാജിവെച്ച രണ്ട് റെയില്‍വേ മന്ത്രിമാരുണ്ടായി. രണ്ട് തൃണമൂല്‍ മന്ത്രിമാര്‍. രാജിയില്‍ നിഴലിച്ചതാകട്ടെ മമതാ ബാനര്‍ജിയെന്ന രാഷ്ട്രീയ നേതാവിന്റെ പിടിവാശിയും. സമാനതകളില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയ പ്രതിഭാസമെന്ന് മമതയെ പോതുവേ വിശേഷിപ്പിക്കാറുണ്ട്. ആകാശം ഇടിഞ്ഞു പതിക്കുമെന്നിരിക്കുമെങ്കിലും തനിക്ക് ശരിയെന്ന് തോന്നുന്നത് രണ്ടാമതൊന്നാലോചിക്കാതെ ചെയ്യുന്ന മമത.

കോണ്‍ഗ്രസ്സുകാരിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മമത 1984 ല്‍ ജാദവ്പൂര്‍ പാര്‍ലമെന്‍്‌റ് മണ്ഡലത്തില്‍ സോമനാഥ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി ദേശീയ രാഷ്ട്രീയത്തിലെത്തുന്നത്. 1991 ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ മാനവശേഷി, യുവജനക്ഷേമ സഹമന്ത്രി പദത്തിലെത്തി. രാജ്യത്തെ കായിക പുരോഗതിക്കായ് താന്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വിലങ്ങനെ തലയാട്ടുന്നുവെന്നാരോപിച്ചായിരുന്നു അന്നത്തെ രാജി.

മമതയും കോണ്‍ഗ്രസ്സും തമ്മിലുളള അകലം പോകെ പോകെ കൂടിവന്നു. സംശുദ്ധ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒറ്റയാള്‍ ശബ്ദമാണ് താന്നെന്നവര്‍ പ്രഖ്യാപിച്ചു. ബംഗാളില്‍ കോണ്‍ഗ്രസ്, സിപിഐ എം ശിങ്കിടികളാകുന്നുവെന്ന് മമത തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ സൈ്വര്യം നഷ്ടപ്പെടുത്തുന്നതായിരുന്നു മേല്‍ പ്രഖ്യാപനങ്ങള്‍.

മമത വിക്രിയകളില്‍ ചിലത്…

1996ല്‍ പെട്രോള്‍ വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ സ്വന്തം സര്‍ക്കാറിനെതിരെ മമത ലോക്‌സഭയുടെ നടുക്കളത്തിലിറങ്ങി. പാര്‍ലമെന്റില്‍ സമാജ്‌വാദി പാര്‍ട്ടി എം.പിയായിരുന്ന അമര്‍ സിംഗിന്റെ കോളറില്‍ കടന്നു പിടിച്ചു. രാംവിലാസ് പാസ്വാന്‍ റെയില്‍ ബജറ്റില്‍ ബംഗാളിനെ അവഗണിച്ചുവെന്നാരോപിച്ച് പാസ്വാനുനേരെ മമത ഷോള്‍ വലിച്ചെറിഞ്ഞു. വീണ്ടും രാജി പ്രഖ്യാപിച്ചു. സ്പീക്കര്‍ രാജി സ്വീകരിക്കാതെ ഖേദപ്രകടനത്തിന് നിര്‍ദ്ദേശിച്ചു.

വനിതാ സംവരണ ബില്ലില്‍ പ്രതിഷേധിച്ച എസ്.പി, എം.പി ദരോഗ പ്രസാദ് സരോജിനെ മമത പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ കോളറില്‍ പിടിച്ചു വലിച്ചു. ബംഗാളില്‍ ബംഗ്ലാദേശി  നുഴഞ്ഞുകറ്റത്തിനെതിരെ താന്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തന്റെ രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. അങ്ങനെ പോയി മമതയുടെ വിക്രിയകള്‍.

റെയില്‍ ബജറ്റില്‍ ബംഗാളിലേക്ക് നിരവധി ട്രെയിനുകള്‍ കൂകി പാഞ്ഞു. പക്ഷേ ബജറ്റ് പാസാകും മുന്‍പ് മമത ആയുധ ഇടപാടിലെ പിഴവാരോപിച്ച് രാജിവെച്ച് എന്‍.ഡി.എയുമായി തെറ്റി കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി. 2001ലെ പശ്ചിമബംഗാള്‍ ഇലക്ഷനു മത്സരിക്കാന്‍ പോയി. 2004ല്‍ ഖനി മന്ത്രിയായി തിരികെ എന്‍.ഡി.എയിലേക്ക്‌. അങ്ങനെ മമതയെന്നാല്‍ അനിശ്ചിതത്വത്തിന്റെ പര്യായമെന്ന വിമര്‍ശനവുമുയര്‍ന്നു.

മമതയുടെ വാശിക്ക് വഴങ്ങികൊടുക്കേണ്ടിവരുന്നത് യു.പി.എയില്‍ തുടര്‍ക്കഥയാവുകയാണ്. ബംഗാളിനുവേണ്ടി പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി മമത ദേശീയ രാഷ്ട്രീയത്തെ നിരന്തരം കുലുക്കുന്നു. ത്രിവേദിയുടെ രാജിയും മുകുള്‍ റോയിയുടെ സ്ഥാനാരോഹണവും താല്‍ക്കാലിക പരിഹാരമായെങ്കിലും മമതയുടെ പിടിവാശി രോഗത്തിന് മരുന്നന്വേഷിച്ച് പലതലകളും വൃഥാ പുകയുന്നുണ്ട്.

ദേശീയ രാഷ്ടീയത്തേക്കാള്‍ മമതയ്ക്ക് എന്നും പഥ്യം ബംഗാളിന്റെ മണ്ണ് പിടിക്കുകയെന്നതായിരുന്നു. ബുദ്ധദേവിന്റെ ഇടതു സര്‍ക്കാറിനെതിരെ മമത ജനങ്ങളെ അണിനിരത്തി സമരമാരംഭിച്ചു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് യു.പി.എയുമായി സഖ്യത്തിലായ മമത 26 സീറ്റുകളില്‍ ബംഗാളില്‍ നിന്ന് ജയിച്ചു കയറി. വീണ്ടും റെയില്‍ മന്ത്രി പദത്തില്‍.

2010 ലെ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ ജയം മമതയുടെ കാര്‍ക്കശ്യം കൂട്ടി. ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിലെ കോണ്‍ഗ്രസ് പരാതികള്‍ക്കൊന്നും ചെവി നല്‍കാതിരുന്ന മമത 34 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറി.

റെയില്‍വേ മന്ത്രി പദം ദിനേശ് ത്രിവേദിയെ ഏല്‍പ്പിച്ച് മമത ബംഗാളിലെ നിറം മാറ്റലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടയിലും പല വിഷയങ്ങളിലും തൃണമൂല്‍ യു.പി.എയിലെ ഭിന്ന സ്വരമായി. ദേശീയ ഭീകരവിരുദ്ധകേന്ദ്രം രൂപീകരിക്കാനായുളള ശ്രമത്തിനെതിരെ കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തുവന്ന മമത സമാന ചിന്താഗതിക്കാരായ രാഷ്ട്രീയകക്ഷികളുമായി ചേര്‍ന്ന് മുന്നണിക്ക് രൂപം നല്‍കുമോയെന്ന് വരെ സംശയം ജനിപ്പിച്ചു.

കൊല്‍ക്കത്തയില്‍ എന്‍.എസ്.ജി പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ചിദംബരത്തിനൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച മമത ദേശീയ ഭീകരവിരുദ്ധകേന്ദ്രത്തിനെതിരെയുളള തന്റെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തി. പക്ഷേ റെയില്‍ മന്ത്രി ദിനേശ് ത്രിവേദിയുടെ രാജിക്ക് ശേഷം മമത ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെയുളള നിലപാട് അയച്ചിട്ടുണ്ട്.

മമതയുടെ വാശിക്ക് വഴങ്ങികൊടുക്കേണ്ടിവരുന്നത് യു.പി.എയില്‍ തുടര്‍ക്കഥയാവുകയാണ്. ബംഗാളിനുവേണ്ടി പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി മമത ദേശീയ രാഷ്ട്രീയത്തെ നിരന്തരം കുലുക്കുന്നു. ത്രിവേദിയുടെ രാജിയും മുകുള്‍ റോയിയുടെ സ്ഥാനാരോഹണവും താല്‍ക്കാലിക പരിഹാരമായെങ്കിലും മമതയുടെ പിടിവാശി രോഗത്തിന് മരുന്നന്വേഷിച്ച് പലതലകളും വൃഥാ പുകയുന്നുണ്ട്. പക്ഷേ തന്റെ പതിവ് കൂസലില്ലായ്മയോടെ മമത തന്റെ തേരോട്ടം തുടരുകയാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar