ജോസ് പ്രകാശിന് അന്ത്യാഞ്ജലി, സംസ്‌കാരം നാളെ

Published: March 24, 2012 | By:    |    comments
joseprakash
Facebook Google +

കൊച്ചി: ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്‍ ജോസ് പ്രകാശിന്റെ മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും. എറണാകുളം സെന്റ് മേരീസ് ബസലിക്കയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. ജോസ് പ്രകാശിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും എത്തിയത് .
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോസ് പ്രകാശിന്റെ അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു .

ഏറെ നാളായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹം മൂലം ഒരു കാല്‍ മുറിച്ചുമാറ്റി. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

പട്ടാള സേവനം അവസാനിപ്പിച്ചാണ് കലാരംഗത്തെത്തിയത്. 1951 ല്‍ ‘ശരിയോ തെറ്റോ’ എന്ന സിനിമയില്‍ ഗായകന്‍ ആയിട്ടാണ് വെള്ളിത്തിരയിലെത്തിയത്. 2011 ല്‍ പുറത്തിറങ്ങിയ ‘ട്രാഫിക്’ ആണ് അവസാന സിനിമ. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചു. അറുപതോളം സിനിമകളില്‍ ഗായകനായി. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ പരിവേഷം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വഭാവ നടന്‍ എന്ന നിലയിലും ജോസ് പ്രകാശ് തിളങ്ങി.

1969 ല്‍ ‘ഓളവും തീരവും’ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ജോസ് പ്രകാശ്  നടനായി രംഗപ്രവേശം ചെയ്തത്. സിഐഡി നസീര്‍, പഞ്ചതന്ത്രം, മനുഷ്യമൃഗം, തൃഷ്ണ, ഇത്തിരി നേരം ഒത്തിരി കാര്യം, ഇതു ഞങ്ങളുടെ കഥ, കൂടെവിടെ, ബെല്‍റ്റ് മത്തായി, സ്വന്തമെവിടെ ബന്ധമെവിടെ, പിരിയില്ല നാം, കൂട്ടിനിളംകിളി, പറന്നു പറന്നു പറന്ന്, നിറക്കൂട്ട്, ആ നേരം അല്‍പ ദൂരം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, എന്റെ കാണാക്കുയില്‍, സ്‌നേഹമുള്ള സിംഹം, ക്ഷമിച്ചു എന്നൊരു വാക്ക്, രാജാവിന്റെ മകന്‍, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക്, ആണ്‍കിളിയുടെ താരാട്ട്, ദിനരാത്രങ്ങള്‍, അഥര്‍വം, അടിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചന്‍, വീണ മീട്ടിയ വിലങ്ങുകള്‍, ഇന്ദ്രജാലം, ദേവാസുരം, അകാശദൂത്, മീനത്തില്‍ താലികെട്ട്, വാഴുന്നോര്‍, പത്രം, എന്റെ വീടും അപ്പൂന്റെയും, മിസ്റ്റര്‍ ബ്രഹ്മചാരി, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം നേടി.

കഴിഞ്ഞ ദിവസം ജെ.സി ഡാനിയല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. നാളെ പുരസ്‌കാരം ആശുപത്രിയില്‍ വെച്ച്‌ സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ കലൈലാമണി പുരസ്‌കാരം നല്‍കി നേരത്തെ ആദരിച്ചിട്ടുണ്ട്.

കോട്ടയം മുന്‍സിഫ് കോടതിയില്‍ ഉദ്യോഗസ്ഥനായിരുന്ന കെ. ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 ഏപ്രില്‍ 14നാണ് ജോസ് പ്രകാശ് ജനിച്ചത്. പരേതയായ ചിന്നമ്മയാണ് ഭാര്യ. ആറ് മക്കളുണ്ട്. നടന്‍ പ്രേം പ്രകാശടക്കം എട്ട് സഹോദരങ്ങളുമുണ്ട്.

‘കഥാപാത്രങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍’ – ജോസ് പ്രകാശിനെ കുറിച്ചുള്ള വീഡിയോ റിപ്പോര്‍ട്ട് കാണാം.

അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയസപര്യക്കുള്ള അംഗീകാരമായാണ് ജെ സി ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം ജോസ് പ്രകാശിനെ തേടിയെത്തിയത് – വീഡിയോ റിപ്പോര്‍ട്ട് കാണാം.

Read more on:  | |
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top