Stay Connected:

Indiavision Live | Malayalam News Channel

വിപ്ലവ മോഹങ്ങള്‍ക്ക് തീപിടിപ്പിച്ച ‘പ്രവ്ദ’ നൂറിന്റെ നിറവില്‍

 | Published: April 14, 2012

ബിനീഷ് അരവിന്ദന്‍

ങ്ങനെ ഒരു കാലമുണ്ടായിരുന്നു. കരമനയിലും കണ്ണൂര്‍ പ്രൈവറ്റ്‌ ബസ് സ്റ്റാന്‍ഡിലും എറണാകുളത്ത് കലൂരിലും  എല്ലാ വെള്ളിയാഴ്ചയും പുലര്‍ച്ചെ പൂനെയില്‍ നിന്നുമെത്തുന്ന സോവിയറ്റ് എംബസിയുടെ വാഹനവും കാത്ത് കേരളത്തിലെ പത്ര ഏജന്റുമാര്‍ കണ്ണുനട്ടിരുന്ന കാലം. സൈന്യത്തിന്റെ ഒരു കവചിത വാഹനം പോലെ തോന്നിക്കുന്ന, ചുവപ്പില്‍ നക്ഷത്ര ചിഹ്നങ്ങള്‍ പതിപ്പിച്ച ആ വാഹനത്തില്‍ നിന്നും സോവിയറ്റ് പ്രവ്ദയുടെ ഇംഗ്ലീഷ്‌ പതിപ്പുകളും സ്വെസ്ദയുടെ യുവജനപ്പതിപ്പും പ്രോഗ്രസ് പബ്ലിക്കേഷന്റെ എണ്ണമറ്റ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ലഘുലേഖകളും തിക്കിത്തിരക്കി വാങ്ങിയ ചുവപ്പന്‍ ഏജന്റുമാരുടെ കാലം. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെയെന്നല്ല, ലോകത്തിന്റെ വിപ്ലവ മോഹങ്ങള്‍ക്ക് ആവേശം പകര്‍ന്നത് വിലകുറഞ്ഞ കാംചട്കാ പേപ്പറില്‍ സോവിയറ്റ് ഫ്യുജിറ്റീവ് ഇങ്കില്‍ പ്രിന്റ് ചെയ്ത ആ അക്ഷരങ്ങളായിരുന്നു. ചങ്ങമ്പുഴയുടെ രമണനാല്‍ പ്രചോദിപ്പിക്കപ്പെട്ട് രമണീയം ഒരു കാലമെന്ന് എം.ടി പറഞ്ഞതുപോലെ പ്രാവ്ദീയം ഒരു കാലം. ആവേശം തലയ്ക്ക് പിടിച്ച് മക്കള്‍ക്ക് പ്രവ്ദയെന്ന് പേരിട്ട കാലം…

അരനൂറ്റാണ്ട് കാലം ലോകത്തിന്റെ വിപ്ലവ മോഹങ്ങള്‍ക്ക് തീപിടിപ്പിച്ച സോവിയറ്റ് പ്രവ്ദ പത്രത്തിന് നൂറ് വയസ്സാവുകയാണ്. പ്രവ്ദയെന്ന റഷ്യന്‍ വാക്കിനര്‍ത്ഥം സത്യം.  ലോകത്ത് ഇത്ര വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട മറ്റൊരു പത്രമില്ല. മറ്റൊരു പ്രസിദ്ധീകരണത്തിനും സ്വപ്നം പോലും കാണാന്‍ പറ്റാത്തത്ര കോപ്പികള്‍…

1990ന് മുമ്പ് നിങ്ങള്‍ക്കത് ആര്‍ട്ടിക് പ്രൊവിന്‍സിലും, റോക്കി പര്‍വത നിരയിലെ റെഡ്‌ ഇന്ത്യന്‍സിനിടയിലും, ഇന്‍ഡൊനേഷ്യന്‍ മഴക്കാടുകളിലെ ഒളിപ്പാരോളികളുടെ കൈയിലും, നക്‌സല്‍ബാരിയിലും ചിക്കോഗോ തെരുവീഥിയിലെ ഫാക്ടറി തൊഴിലാളിയുടെ കൈയിലും കണ്ടെത്താമായിരുന്നു.

കാലത്തെ വെല്ലുവിളിക്കാന്‍ പ്രവ്ദയ്ക്ക് പോലും കഴിഞ്ഞില്ലെങ്കിലും പ്രവ്ദയുടെ  നൂറ് വയസ്സ്, വിപ്ലവ പ്രസ്ഥാനങ്ങളുടെ നൂറ് വയസ്സാവുന്നതും അങ്ങനെയാണ്. പ്രവ്ദയുടെ ഓര്‍മ്മയില്‍ ക്ഷീണമില്ലാതെ എഴുന്നേറ്റിരുന്ന് സംസാരിക്കാന്‍ നമുക്ക് മറ്റൊരാള്‍ കൂടിയുണ്ട്. കേരളത്തിലെ അവശേഷിക്കുന്ന ഒരേയൊരു രാജ്യാന്തര കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

100 വര്‍ഷം മുമ്പ് 1912 ലാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും പ്രവ്ദ പ്രസിദ്ധീകരണം തുടങ്ങിയത്. എന്നാല്‍ അതിനും മുമ്പ് ഉക്രൈനില്‍ നിന്നും കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന ട്രോട്‌സ്‌കിയാണ് പ്രവ്ദയെ കണ്ടെത്തുന്നത്. ഡോണ്‍ തടം മുതല്‍ മോസ്‌കാവാ നദിയും കടന്ന് മെക്കോങ്ങ് വരെ വിപ്ലവമെന്ന പുതിയ സംഭവം കണ്ടെത്തപ്പെട്ടതായുള്ള വാര്‍ത്തകള്‍ തീപോലെ പരക്കുന്ന കാലം.

1908ല്‍ ഉക്രൈനിലെ സ്പില്‍കാ പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ മുഖപത്രം ഒന്ന് എഡിറ്റ് ചെയ്ത് തരാമോയെന്ന്  ട്രോട്‌സ്‌കിയോട് ചോദിക്കുന്നു. പത്രത്തിന് ഉക്രൈനില്‍ ഭാവിയില്ലെന്ന് കണ്ട ട്രോട്‌സ്‌കി പ്രവ്ദയെ റഷ്യയിലേക്ക് പറിച്ചുനടുകയായിരുന്നു.

ആദ്യ ലക്കം 1908 ഒക്‌ടോബര്‍ മൂന്നിന് വിയന്നയില്‍ പ്രസിദ്ധീകരിച്ച് റഷ്യയിലേക്ക് കള്ളക്കടത്ത് മുതല്‍ കൊണ്ടുവരുംപോലെയാണ് പ്രവ്ദ കൊണ്ടുവന്നത്. ട്രോട്‌സ്‌കിയുടെ നേതൃത്വത്തില്‍ വിക്ടര്‍ കോപ്പെ, അഡോള്‍ഫ് ജോഫെ, മാറ്റ്വി സ്‌കോബലേവ് എന്നിവരായിരുന്ന എഡിറ്റോറിയലില്‍. ജോഫെയുടെയും സ്‌കോബലേവിന്റെയും ധനികരായ മാതാപിതാക്കളില്‍ നിന്നും അവര്‍തന്നെ പണം കവര്‍ന്നാണ് ആദ്യകാലങ്ങളില്‍ പ്രവ്ദയെ നിലനിര്‍ത്തിയത്.

ഒടുക്കം 1910ല്‍ പ്രായോഗിക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യ പിളര്‍പ്പ് സംഭവിച്ചു. താനൊരു തികഞ്ഞ സോഷ്യല്‍ ഡെമോക്രാറ്റാണെന്ന് സ്വയം പ്രഖ്യാപിച്ച് റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയില്‍ നിന്നും അകന്ന ട്രോട്‌സ്‌കി പ്രവ്ദയെ സ്വന്തം ആശയപ്രചാരണത്തിനായി ഉപയോഗിക്കാന്‍ തുടങ്ങി. ഔദ്യോഗിക വിഭാഗം അപകടം മണത്തു.

ആ വര്‍ഷം തന്നെ അവയ്‌ലബിള്‍ പി.ബി പോലൊരു പാര്‍ട്ടി ഘടക യോഗം ചേര്‍ന്ന് ട്രോട്‌സ്‌കിയോട് അപേക്ഷിച്ചു. ട്രോട്‌സ്‌കിയുടെ നിബന്ധനകള്‍ പ്രകാരം തന്നെ പത്രം പിന്നീടും തുടരുകയായിരുന്നു.

ബോള്‍ഷെവിക് ഘടകത്തിലെ പ്രമുഖനും ലെനിന്റെ വിശ്വസ്തനുമായിരുന്ന ലേവ് കാമിനേവിനെ എഡിറ്റോറിയല്‍ ബോര്‍ഡിലെടുത്തതു മാത്രം മാറ്റം. എന്നാല്‍ മാറ്റം മാര്‍ക്‌സ് പറഞ്ഞപോലെ സ്ഥായിയായിരുന്നില്ല. കാമിനേവ് അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് രാജിവച്ചതോടെ സര്‍വത്ര പ്രശ്‌നങ്ങള്‍. ഒടുക്കം 1912 ഏപ്രില്‍ 23ന് പ്രവ്ദ ചരിത്രത്തിലെ അതിന്റെ ആദ്യത്തെ അടച്ചുപൂട്ടല്‍ നേരിട്ടു.

ബോള്‍ഷെവിക്കുകള്‍ക്കായിരുന്നു കൂടുതല്‍ നിര്‍ബന്ധം. പത്രം തുടരാന്‍ തീരുമാനിച്ച അവര്‍ സ്വെസ്ദ എന്ന പേരില്‍ റഷ്യന്‍ പരിവര്‍ത്തന വാദികള്‍ നടത്തിയിരുന്ന ആഴ്ചപ്പതിപ്പില്‍ നോട്ടമിട്ടു. ആഴ്ചയില്‍ മൂന്ന് പതിപ്പുണ്ടായിരുന്ന അതിനെ ഏറ്റെടുക്കാന്‍ 1912 ജനുവരിയില്‍ ചേര്‍ന്ന ബോള്‍ഷെവിക്കുകളുടെ പ്രാഗ് കോണ്‍ഫറന്‍സില്‍ വച്ചേ തീരുമാനമെടുത്തിരുന്നു. ഒടുവില്‍ ആദ്യ പ്രവ്ദയുടെ അടച്ചുപൂട്ടലിന് ഒരു ദിവസം മുമ്പ് 1912 ഏപ്രില്‍ 22ന് ബോള്‍ഷെവിക് പ്രവ്ദ പുറത്തിറങ്ങി.

അടുത്ത പ്രതിസന്ധി ഒന്നാംലോക മഹായുദ്ധമായിരുന്നു. 1914 ജൂലൈയില്‍ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിന്റെ തുടര്‍ച്ചയായി വിപ്ലവ ജിഹ്വ അടച്ചുപൂട്ടി. തുടര്‍ന്നുള്ള കുറെക്കാലം സെന്‍സര്‍ഷിപ്പ് ഭയന്ന് എട്ടോളം പേരുകളിലാണ് പ്രവ്ദ അച്ചടിച്ചത്. വര്‍ക്കേഴ്‌സ് പ്രവ്ദ, നോര്‍ത്തേണ്‍ പ്രവ്ദ, ലേബേഴ്‌സ് പ്രവ്ദ, ഫോര്‍ ട്രൂത്ത്, പ്രോലിറ്റേറിയന്‍ പ്രവ്ദ, ദി വേ ഓഫ് പ്രവ്ദ, തൊഴിലാളി എന്നിങ്ങനെ.

പത്രത്തിന്റെ വളര്‍ച്ചയും തന്റെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുള്ള വിട്ടുപോക്കും അസ്വസ്ഥനാക്കിയ ട്രോട്‌സ്‌കി അക്കാലത്ത് പ്രവ്ദയുടെ എഡിറ്റര്‍മാര്‍ക്കെഴുതിയ കത്തുകള്‍ വിശ്വപ്രസിദ്ധങ്ങളാണ്.

ട്രോട്‌സ്‌കി ലെനിന്റെ ശത്രുവാണെന്ന മുദ്ര യഥാര്‍ത്ഥത്തില്‍ പതിഞ്ഞത് 1924ല്‍ ബോള്‍ഷെവിക്കുകള്‍ പ്രതികാര ബുദ്ധിയോടെ ഈ കത്തുകള്‍ പരസ്യമാക്കിയപ്പോള്‍ മാത്രമാണ്.

1918 മാര്‍ച്ച് മൂന്നിന് പ്രവ്ദയുടെ ആസ്ഥാനം മോസ്‌കോയിലേക്ക് മാറ്റപ്പെട്ടു. ഇതിനിടയ്ക്ക് ബോള്‍ഷെവിക് പ്രവ്ദയ്ക്ക് ബദലായി ട്രോട്‌സ്‌കി പ്രവ്ദയും സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്നു.

ചെറിയ ശതമാനം ഇടത് ബുദ്ധിജീവികളായിരുന്നു ട്രോട്‌സ്‌കി പ്രവ്ദയ്ക്ക് പിന്നില്‍. ഇവര്‍ക്ക് വന്‍തോതില്‍ ഫണ്ടും ഉണ്ടായിരുന്നു. അതേസമയം ഞരങ്ങിയാണ് ബോള്‍ഷെവിക് പ്രവ്ദ ഓരോ ദിവസവും പുറത്തിറങ്ങിക്കൊണ്ടിരുന്നത്. 20,000 മുതല്‍ 60,000 വരെയായിരുന്നു സര്‍ക്കുലേഷന്‍.

തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍പാര്‍ട്ടി അനുഭവങ്ങള്‍ വിശദീകരിച്ചെഴുതുന്ന കത്തുകളാണ് അന്ന് പത്രത്തില്‍ കൂടുതലായി പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനൊപ്പം ലോകം കണ്ട എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് ആചാര്യന്‍മാരുടെ മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളും. അത് ആശയസംഘര്‍ഷങ്ങളുടെ കാലമായിരുന്നു. അക്കാലത്തെ സോഷ്യലിസ്റ്റ് പ്രവ്ദയുടെ ഒരു കോപ്പി കാണാന്‍ വേണ്ടി മാത്രം റഷ്യയിലേക്ക് ഒളിച്ചുകടന്ന എത്രയോ കമ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ത്യയില്‍ത്തന്നെയുണ്ട്. കൂടുതല്‍ കഥകള്‍ ചോദിച്ചാല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞുതരും.

ക്രാക്കോവില്‍ രാഷ്ട്രീയാഭയം തേടിയ ലെനിന്റെ വിചിന്തനങ്ങള്‍ അച്ചടിമഷി പുരണ്ടതും പ്രവ്ദയില്‍ത്തന്നെ. ലോകത്തില്‍ ഒരു പത്രത്തിനും ഇത്രമാത്രം രോമാഞ്ചമുണ്ടാക്കുന്ന ഒരു ചരിത്രം പറയാനില്ലെന്ന് ലോകം ആണയിടുന്നത് വെറുതെയല്ല. ലെനിനായിരുന്നു ബോള്‍ഷെവിക് പ്രവ്ദയുടെ ചാലകശക്തി. എഡിറ്ററായി മൊളോട്ടോവും സഹായിയായി സാക്ഷാല്‍ ജോസഫ് സ്റ്റാലിനും.

ഒക്‌ടോബര്‍ വിപ്ലവം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷമായിരുന്നു പത്രത്തിന്റെ സര്‍ക്കുലേഷന്‍. ഒക്‌ടോബര്‍ വിപ്ലവത്തിന് ശേഷം രാജ്യത്തിന്റെ സ്രോതസ്സുകള്‍ പ്രവ്ദയ്ക്ക് യഥേഷ്ടം ഉപയോഗിക്കാമെന്ന അവസ്ഥയുണ്ടാക്കി.

പത്രം റഷ്യന്‍ ഫെഡറേഷന്റെയും സോവിയറ്റുകളുടെയും പുറത്തേക്ക് വളര്‍ന്നു. ലക്ഷക്കണക്കായ കോപ്പികള്‍ യൂറോപ്പിലേക്കും അവിടെനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കപ്പല്‍ കയറി. കാര്‍ട്ടൂണുകളിലൂടേയും മമതയോട് പ്രതികരിക്കുന്നു.

ലോകത്തിലെ പുരോമഗന പ്രസ്ഥാനങ്ങളെല്ലാം കാത്തിരുന്ന വിപ്ലവത്തിന്റെ ആ അഗ്‌നിയുടെ ഏറ്റവും നല്ല ദിവസങ്ങളായിരുന്നു പിന്നീട്. വിപ്ലവമെന്ന മഹാമാരി ഭയന്ന് മിക്ക രാജ്യങ്ങളും പത്രം തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കയറുന്നത് നിരോധിച്ചു.

രണ്ടാംലോക മഹായുദ്ധ കാലത്ത് കടലാസിനും മഷിയ്ക്കും കനത്ത ക്ഷാമമുണ്ടായപ്പോളും പ്രവ്ദയുടെ കാര്യത്തില്‍ വിജയിച്ചത് ജോസഫ് സ്റ്റാലിന്റെ വാശികള്‍ തന്നെ. പ്രവ്ദ ചെമ്പടയുടെ യുദ്ധകാഹളമായ കാലമായിരുന്നു, യുദ്ധത്തിന്റെ ഒരു പതിറ്റാണ്ട്.

അടുത്തൊരു വല്ലാത്ത കാലമുണ്ടായത് 1960 കളിലായിരുന്നു. ലെനിന്റെ ലേഖനങ്ങള്‍ പുനപ്രസിദ്ധീകരിച്ചോള്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തുടര്‍ച്ചയായി വെട്ടിത്തിരുത്തി. ഒടുക്കം ലെനിന്റെ ലേഖനങ്ങള്‍ തീരെ പ്രസിദ്ധീകരിക്കാതായി. നികിതാ ക്രൂഷ്‌ചേവിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ മൊളോട്ടോവ് പത്രത്തിന് പുറത്തായി.

ഇതിനിടയ്ക്ക് ലോകം ഇന്നും ആഘോഷിക്കുകയും പഠിക്കുകയും ഇനിയൊരു പത്ത് നൂറ്റാണ്ട് കൂടി നിലനില്‍ക്കുകയും ചെയ്യുന്ന എത്രയെത്ര കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍. ഇ.എം.എസിനെ പ്രവ്ദയില്‍ എടുത്തുപറഞ്ഞത് ആഘോഷിച്ച എത്ര മലയാളി വിപ്ലവക്കുരുന്നുകള്‍.

ബുഖാറിന്‍, ക്രൂഷ്‌ചേവ്, ജോര്‍ജ്ജി മാലെങ്കോവ്, ഷ്‌ല്യാപ്നിക്കോവ്, മാറ്റ് മുറാനോവ്, ഗ്രിഗ്ര സിനോവിവ്, സ്റ്റാലിന്‍, ഗോര്‍ബച്ചേവ്, ബോറിസ് യെത്സിന്‍… ഒരിക്കലും അവസാനിക്കാത്ത പരമ്പരയുടെ എഴുത്തും വാശികളുമായി ലോകത്തിലെ കമ്യൂണിസ്റ്റ് പോരാട്ടങ്ങളും എഴുത്തും അച്ചടിയും ബന്ധപ്പെട്ട് കിടക്കുന്നു.

സോവിയറ്റുകളില്‍ കാലം ഇരട്ടി വേഗതയില്‍ പാഞ്ഞ തൊണ്ണൂറുകള്‍ പ്രവ്ദയെന്ന ചരിത്രസാക്ഷിയുടെയും ആത്മാവിന്റെ അവസാന കാലമായിരുന്നു. 1991 ആഗസ്റ്റ് 22ന് റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെത്സിന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വത്ത് വകകളെല്ലാം പൊതുഖജനാവിലേക്ക് കണ്ടുകെട്ടി. സോവിയറ്റുകള്‍ വിഘടന പ്രവണത ശക്തമാക്കിയ ആ സമയത്ത് ആശയപ്രചാരണം അവസാനിപ്പിക്കാന്‍ പ്രവ്ദ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ യെത്സിന്‍ ഒപ്പുവച്ചു.

എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പത്രത്തിലെ ജീവനക്കാര്‍ ചേര്‍ന്ന് അതേ പേരില്‍ പത്രം തുടങ്ങിയതും ചരിത്രം. ഏതാനും മാസങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രവ്ദയുടെ എഡിറ്ററായിരുന്ന ഗെന്നഡി സ്യുഗാനോവ് പത്രം ഒരു ഗ്രീക്ക് മുതലാളിക്ക് വിറ്റു.

അഞ്ചുവര്‍ഷം കഴിഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്റെ നാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി തങ്ങളുടെ പ്രിയ പത്രം തിരിച്ചുവാങ്ങി. ഇന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി പ്രവ്ദയുണ്ട്.

ഒരു പത്രവും വായിച്ച് ലോകം ഇത്രയധികം കോരിത്തരിച്ചിട്ടുണ്ടാവില്ലെന്ന് ചരിത്രകാരന്‍മാര്‍ ഇപ്പോഴും ഗൃഹാതുരതയോടെ ഓര്‍ക്കുന്നു. അങ്ങനെ പ്രവ്ദയ്ക്ക് നൂറു വയസ്സും ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് രണ്ടാം യൗവനവുമെന്നത് കാലത്തിന്റെ തന്നെ ഒരു തമാശയാവുകയാണ്.

ഒരു കാലം വീര്‍പ്പോടെ ഓര്‍ത്തിരുന്ന പ്രോഗ്രസ് പബ്ലിക്കേഷനും പ്രവ്ദയും ചുവന്ന അരിവാള്‍ ചുറ്റിക ഓരോ പേജിലും അച്ചടിച്ച സാര്‍വദേശീയതയുടെ ഓര്‍മ്മകളുള്ള കാലത്താല്‍ തെറ്റിദ്ധരിക്കപ്പെട്ട വിപ്ലവകാരികള്‍ ലോകത്തെമ്പാടും ഇപ്പോഴുമുണ്ട് കോടിക്കണക്കിന്. ഇവര്‍ ഓര്‍ക്കുന്നുണ്ട് പ്രവ്ദയെ… അവര്‍ക്കറിയാം അതിന് നൂറ് വയസ്സാകുമ്പോള്‍ അവര്‍ക്ക് പതിനേഴ് തികയുന്നേയുള്ളൂവെന്ന്…

 

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar