കാര്‍ട്ടൂണ്‍ വിവാദം: മമതയ്‌ക്കെതിരെ കട്ജു രംഗത്ത്
ദില്ലി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. വിഷയത്തില്‍ ജനാധിപത്യപരവും, പക്വവുമായ പ്രവ്യത്തിയാണ് മമതയില്‍ നിന്ന് പ്രതീക്ഷിച്ചത്.
മമത ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിയിലാണ്. അല്ലാതെ തെരുവു പോരാളിയുടെ സ്ഥാനത്തല്ല. വിവാദത്തിലെ മമതയുടെ പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല. കാര്യനിര്‍വഹണത്തെക്കുറിച്ച് മമത ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കട്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തികളെക്കുറിച്ച് കാര്‍ട്ടൂണുകള്‍ വരക്കുന്നതില്‍ എന്താണ് തെറ്റെന്നും, തന്നെ പരാമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും കട്ജു ചൂണ്ടിക്കാട്ടി.
റെയില്‍വേ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദം സത്യജിത്‌റായിയുടെ സോനാര്‍ കെല്ല എന്ന സിനിമയെ അടിസ്ഥാനമാക്കി കാര്‍ട്ടൂണ്‍ വരച്ച ജാദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാര്‍ട്ടൂണില്‍ മമതയെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നായിരുന്നു കേസ്.
അറസ്റ്റിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ലോകത്ത്് നിന്നും, പൊതുസമാഹത്തില്‍ നിന്നും മമതക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുകയുണ്ടായി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































