Stay Connected:

Indiavision Live | Malayalam News Channel

മമതയ്ക്ക് സംഭവിക്കുന്നത്…

 | Published: April 19, 2012

സിതാര ശ്രീലയം

ര്‍ഷങ്ങളോളം രക്തത്തിലലിഞ്ഞ ചുവപ്പിനെ കൈവിട്ട് വംഗനാട് ദീദിയെ അധികാരത്തിലേറ്റിയിട്ട് ഒരുവര്‍ഷം തികയാറായി. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും ബുദ്ധദേബ് സര്‍ക്കാര്‍ അടിച്ചിറക്കിയ കര്‍ഷകരും കമ്യൂണിസ്റ്റ് ഭരണത്തില്‍ അസംതൃപ്തരായ മധ്യവര്‍ഗവും ബുദ്ധിജീവികളും മാവോയിസ്റ്റുകളും മമത ബാനര്‍ജിയില്‍ പ്രതീക്ഷയര്‍പ്പിച്ചതോടെ 34 വര്‍ഷത്തെ സി.പി.ഐ(എം) ഭരണം കടപുഴകി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കാല്‍നടയായി രാജ്ഭവനില്‍ നിന്നും ഭരണസിരാകേന്ദ്രമായ റൈറ്റേഴ്‌സ് ബില്‍ഡിംഗിലേക്ക് പോയ മമത ബാനര്‍ജി യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് ഭരണത്തിന്റെ ആദ്യദിനങ്ങളില്‍ ജനപക്ഷത്തു നിന്നു. പെട്രോള്‍ വിലവര്‍ധന, ചെറുകിട വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, റെയില്‍വെ യാത്രാക്കൂലി വര്‍ധന എന്നിങ്ങനെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ച ബംഗാള്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിതയുടെ സമീപകാല നിലപാടുകള്‍ക്കെതിരെ പക്ഷെ പ്രതിഷേധം പുകയുകയാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചും പത്രവിലക്കും പത്രമാരണവും നടപ്പിലാക്കിയും രാഷ്ട്രീയ ശത്രുക്കളെ സാമൂഹ്യമായി ബഹിഷ്‌കരണമെന്ന് ആഹ്വാനം ചെയ്തും പാഠപുസ്തകം ‘പരിഷ്‌കരി’ച്ചും മമത അധികാരം പ്രയോഗിക്കുമ്പോള്‍ പൊതുസമൂഹം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. വായനശാലകളില്‍ പാര്‍ട്ടി പത്രങ്ങള്‍ക്കും ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് തുടങ്ങിയ സാമൂഹ്യമായ ‘ഇടപെടല്‍’ പൗരസ്വാതന്ത്ര്യ നിഷേധത്തിലെത്തിലെത്തി നില്‍ക്കുന്നു. കമ്യൂണിസ്റ്റ് ആചാര്യന്മാരായ കാള്‍ മാര്‍ക്‌സിനെയും ഫ്രെഡറിക്ക് എംഗല്‍സിനെയും പാഠപുസ്തകങ്ങളില്‍ നിന്ന് ഇറക്കിവിടാനും ദീദി മറന്നില്ല. പാഠപുസ്തകങ്ങളില്‍ കമ്യൂണിസ്റ്റ് അതിപ്രസരമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. പകരം ചൈനീസ്-ലാറ്റിന്‍ അമേരിക്കന്‍ ചരിത്രം ഉള്‍പ്പെടുത്താനും തീരുമാനമായി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചാണ് ജാദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ  അറസ്റ്റ് ചെയ്തത്. റെയില്‍വേ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയവിവാദം, സത്യജിത്‌റായിയുടെ സോനാര്‍ കെല്ല എന്ന സിനിമയെ അടിസ്ഥാനമാക്കി കാര്‍ട്ടൂണ്‍ രൂപത്തില്‍ ചിത്രീകരിച്ചതിനാണ് മഹാപാത്ര അറസ്റ്റിലായത്. മമതയെ കളിയാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയും ചെയ്തു. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് ഹാജരാക്കാനും മമതയുടെ പോലീസ് ഫേസ്ബുക്കിനോട് നിര്‍ദ്ദേശിച്ചു. അറസ്റ്റിനെതിരെ ഇന്റര്‍നെറ്റ് ലോകം കാര്‍ട്ടൂണുകളിലൂടെ പ്രതികരിച്ചു. കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ഓണ്‍ലൈന്‍ എക്‌സിബിഷനിലൂടെയാണ് പ്രതിഷേധിച്ചത്. അറസ്റ്റ് ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ജാദ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രകടനം നടത്തി.

കാര്‍ട്ടൂണ്‍ വിവാദത്തില്‍ മമതയുടെ നിലപാടിനെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ജനാധിപത്യപരവും, പക്വവുമായ ഇടപെടലാണ് മമതയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മമത ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പദവിയിലാണ്. മമതയുടെ പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ല. കാര്യനിര്‍വഹണത്തെക്കുറിച്ച് മമത ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കട്ജു പറഞ്ഞു. വ്യക്തികളെക്കുറിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നും കട്ജു ചോദിച്ചു.

സിംഗൂരിലെ കര്‍ഷകരുടെ സമരം ഏറ്റെടുത്ത്  21 ദിവസം നിരാഹാരം കിടന്ന ദീദി ചേരികള്‍ പൊളിച്ചു നീക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയതിന് സാധാരണക്കാരെ തുറങ്കിലടച്ചതില്‍ വൈരുധ്യമുണ്ട്. ശാസ്ത്രജ്ഞന്‍ പാര്‍ഥ സാരഥി റേ ഉള്‍പ്പെടെ 68 പേരെ കിഴക്കന്‍ കൊല്‍ക്കത്തയിലെ നോനാദങ്കയില്‍ പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് റേയെ പുറത്തുവിടണമെന്ന് പ്രധാനമന്ത്രിയോട് അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രകാരന്മാര്‍ വരെ ആവശ്യപ്പെടുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെയാണ് റേയെ മോചിപ്പിച്ചത്.

വൈകാതെ സാമൂഹ്യ ബഹിഷ്‌കരണാഹ്വാനവുമായി മമത പുതിയ വിവാദത്തിന് തിരികൊളുത്തി. സി.പി.ഐ.എമ്മിനെ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി പ്രഖ്യാപിച്ചത് മമതാ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മുല്ലിക്കാണ്. 24 ഫര്‍ഗനാസില്‍ ഒരു പൊതുയോഗത്തിലാണ് സാമൂഹ്യ ബഹിഷ്‌ക്കരണ ആഹ്വാനം മന്ത്രി പുറപ്പെടുവിച്ചത്. സി.പി.ഐ(എം) അനുഭാവികളുടെ കുടുംബങ്ങളില്‍ നിന്ന് വിവാഹം ബന്ധം പോലും പാടില്ലെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയത്തിനുപരിയായ സൗഹൃദം തകര്‍ക്കുന്നതിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് തൃണമൂല്‍.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ വിസമ്മതിച്ചതിന് യുവതിയെ മാനഭംഗപ്പെടുത്തുകയും ബന്ധുക്കളെ മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും ബംഗാളില്‍ നിന്ന് പുറത്തുവന്നു. പീഡനത്തെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിയിച്ചത്  ഈസ്റ്റ് മിഡ്‌നാപ്പൂരിലെ മരിഷ്ദ പോലീസാണ്. സി.പി.ഐ(എം) അനുഭാവമുള്ള കുടുംബത്തിലെ യുവതിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്. ഇതേ മമത ബാനര്‍ജി 1993ല്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വന്‍ജനാവലിയുടെ അകമ്പടിയോടെ ഭരണസിരാകേന്ദ്രമായ റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ ഇരച്ചുകയറിയിരുന്നു.

മമതയുടെ നിലപാടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ പ്രതിഷേധം ഉയരുകയാണ്. തൃണമൂല്‍ നേതാവ് കബീര്‍ സുമന്‍ പറഞ്ഞത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായതിനു ശേഷമുള്ള മമതയുടെ പ്രവര്‍ത്തനങ്ങള്‍ തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നാണ്. മമതയുടെ  എല്ലാ നടപടികളെയും ന്യായീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാട് സഖ്യകക്ഷിയായ കോണ്‍ഗ്രസും വ്യക്തമാക്കി.

1970ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രാഷ്ട്രീയരംഗത്ത് സജീവമായ മമത 1984ലാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായത്. 1993ല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നി. 1997ല്‍ കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിവന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച ശേഷം സി.പി ഐ എമ്മിന് കടുത്ത വെല്ലുവിളിയാകാന്‍ മമതയുടെ നേതൃത്വത്തിന് കഴിഞ്ഞു. 2010ല്‍ തനിച്ച് കേവല ഭൂരിപക്ഷം നേടിയാണ് തൃണമൂല്‍ അധികാരത്തിലേറിയത്. ഈ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസിനു വേണമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോകാമെന്നും ദീദി വെല്ലുവിളിച്ചു. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ മമതാ ബാനര്‍ജി ഇടംനേടിയതും ഈ നേതൃഗുണം കൊണ്ടുതന്നെ. മുഖ്യമന്ത്രിയെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകയാണ് മമതയെന്നാണ് ടൈമിന്റെ വിലയിരുത്തല്‍.

എന്നാല്‍ ഏകാധിപതികളെയും സ്വേച്ഛാധിപതികളെയും നിര്‍ദയം ഇറക്കിവിടാന്‍ മടിക്കാത്ത ജനാധിപത്യമാണ് ഇന്ത്യയിലേത്. ചുരുങ്ങിയപക്ഷം ഉത്തര്‍പ്രദേശില്‍ മായാവതിയ്ക്ക്, തമിഴ്‌നാട്ടില്‍ നേരത്തെ ജയലളിതയ്ക്ക്, അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിയ്ക്ക് സംഭവിച്ചതെങ്കിലും ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ മമത ബാനര്‍ജി നിലപാടുകളില്‍ മാറ്റം വരുത്തേണ്ടി വരും. മമതയോടുള്ള ബംഗാളിന്റെ മമത ജനപക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്നും ഏകാധിപതിയെ തള്ളിപ്പറയാന്‍ ജനങ്ങള്‍ മടിക്കില്ലെന്നും മമത ബാനര്‍ജി തിരിച്ചറിയുമോ എന്നാണ് ഇനി അറിയാനുള്ളത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar