Stay Connected:

Indiavision Live | Malayalam News Channel

‘ഐന്‍സ്റ്റീന്‍ ഏറ്റവും മോശക്കാരനായ ഭര്‍ത്താവ് ‘

 | Published: April 26, 2012

പുസ്തകത്തിന്റെ കവര്‍ ചിത്രം

രുപതാം നൂറ്റാണ്ടിലെ എറ്റവും വലിയ ശാസ്ത്രകാരനാരെന്ന ചോദ്യത്തിന് ഏവരും ഒരേ സ്വരത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ഉത്തരം നല്‍കും. ആധികാരിക വിശദീകരണം നല്‍കാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ E=mc2 ഉം ആപേക്ഷിക സിദ്ധാന്തവും കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ അധികമാരും കേള്‍ക്കാത്ത ഒരു രഹസ്യമാണ് വാള്‍ട്ടര്‍ ഐസക്‌സണിന് ഐന്‍സ്റ്റീനെ കുറിച്ച് പറയാനുള്ളത്.

പ്രമുഖ ജീവചരിത്രകാരനും, എഴുത്തുകാരനുമായ ഐസക്‌സണ്‍, സിഎന്‍എന്‍-ന്റെ സിഇഒയും, ‘ടൈമി’ന്റെ മാനേജിങ് എഡിറ്ററുമായിരുന്നു.

ലോകത്തിലെ ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞന്‍ ഏറ്റവും മോശക്കാരനായ ഭര്‍ത്താവ് കൂടിയാണെന്ന വെളിപ്പെടുത്തലുമായാണ് ഐസക്‌സണിന്റെ പുസ്തകം പുറത്തിറങ്ങിയത്. ‘ഐന്‍സ്റ്റീന്‍: ഹിസ് ലൈഫ് ആന്‍ഡ് യൂനിവേഴ്‌സ്’ എന്ന പുസ്തകം പരാജിതനായ ഒരു ഭര്‍ത്താവു കൂടിയാണ് ഐന്‍സ്റ്റീന്‍ എന്ന് പറയുന്നു.

ആര്‍ബര്‍ട്ട് ഐന്‍സ്റ്റീനും മിലേവ മാരിക്കും 1903 ല്‍ വിവാഹിതരായി

തന്റെ 24ാം വയസ്സിലാണ് സൂറിച്ച് പോളിടെക്‌നിക്കില്‍ വെച്ചാണ്‌ ഐന്‍സ്റ്റീന്‍, 28 കാരിയായ മിലേവ മാരിക്കിനെ കാണുന്നത്. യൂറോപ്പില്‍ തന്നെ ഭൗതികശാസ്ത്രത്തില്‍ ഉന്നത പഠനം നടത്തിയ അപൂര്‍വ്വം സ്ത്രീകളില്‍ ഒരാളായിരുന്നു അവര്‍. പ്രണയത്തിലായ ഇരുവരും 1903 ല്‍ വിവാഹിതരായി.

പ്രഗല്‍ഭ ശാസ്ത്രജ്ഞരാണെങ്കിലും ഇവരുടെ ദാമ്പത്യം ഒരിക്കലും വിജയമായിരുന്നില്ല. പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴേക്കും ഇരുവരും അത് തിരിച്ചറിഞ്ഞു. ഒടുവില്‍ കുട്ടികളുടെ ഭാവിയെക്കരുതി നിബന്ധനകളോടെ ഒരുമിച്ച് താമസിക്കാന്‍ ഇവര്‍ ധാരണയില്‍ എത്തുകയായിരുന്നു.

ഇങ്ങനെ ഒരുമിച്ച് കഴിയാന്‍ ഐന്‍സ്റ്റീന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ പലതും ആദ്ദേഹത്തിന്റെ ഏറ്റവും ക്രൂരമായ മുഖം വെളിവാക്കുന്നതായിരുന്നു. ഭാര്യയെ ഒരു വേലക്കാരിയെപോലെ കണക്കാക്കിയ ഐന്‍സ്റ്റീന്‍ പകരം ഒരിറ്റ് സ്‌നേഹം പോലും തിരികെ നല്‍കാന്‍ തയ്യാറായിരുന്നില്ല.

ഐന്‍സ്റ്റീന്റെ ഓരോ നിര്‍ദേശങ്ങളും, പുസ്തക രചയിതാവ് അക്കമിട്ട് നിരത്തുന്നുണ്ട്.

തന്റെ വസ്ത്രങ്ങള്‍ ഒരുക്കി വെയ്ക്കുക,  കിടപ്പ് മുറിയും പഠന മുറിയും വൃത്തിയായി സൂക്ഷിക്കുക, മൂന്ന് നേരവും ഭക്ഷണം തയ്യാറാക്കി എത്തിക്കുക തുടങ്ങി എല്ലാ പ്രവൃത്തികളും ചെയ്യാന്‍ ഐന്‍സ്റ്റീന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരുമിച്ച് പുറത്ത് പോവുക, ഒരുമിച്ച് ഇരിക്കുക, തുടങ്ങി ഭാര്യ എന്ന നിലയില്‍ പൊതു സമൂഹത്തിലുള്ള ഒരു അവകാശവും മിലേവയ്ക്ക്  അനുവദിച്ചിരുന്നില്ല.

ഒരാത്മ ബന്ധവും പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ഐന്‍സ്റ്റീന്‍, താന്‍ നിര്‍ദ്ദേശിച്ചാല്‍  സംസാരം നിര്‍ത്താനും, റൂമില്‍ നിന്ന് ഇറങ്ങിപ്പോകാനും തയ്യാറാകണമെന്നു വരെ പറയുന്നു. കുട്ടികളുടെ മുന്നില്‍ തന്നെ ചെറുതാക്കി കാണിക്കരുതെന്ന നിര്‍ദ്ദേശം കൂടി ഐന്‍സ്റ്റീന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

വാള്‍ട്ടര്‍ ഐസക്‌സണ്‍(രചയിതാവ്)

എല്ലാം സഹിക്കാന്‍ മിലേവ തയ്യാറായെങ്കിലും അല്പം പോലും വിട്ടു വീഴ്ചയ്‌ക്കോ മനുഷ്യത്വപരമായ പെരുമാറ്റത്തിനോ മഹാനായ ശാസ്ത്രജ്ഞന്‍ ഒരുക്കമായിരുന്നില്ല. അഞ്ച് വര്‍ഷത്തോളം ഈ തിരസ്‌കാരം സഹിച്ച മിലേവ 1919 ല്‍ വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. മക്കളായ ഹാന്‍സിനേയും എഡ്വാര്‍ഡിനേയും കൂട്ടി  അവര്‍ സ്വന്തം നാടായ സൂറിച്ചിലേക്ക് മടങ്ങി.

1912 മുതല്‍ എല്‍സയുമായി അടുപ്പത്തിലായിരുന്ന ഐന്‍സ്റ്റീന്‍, മിലേവയുമായി വിവാഹ മോചനം നേടി മാസങ്ങള്‍ക്കുള്ളില്‍ ഇവരെ വിവാഹം ചെയ്തതും, ആദ്യ വിവാഹത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലും ഏളുപ്പമായിരുന്നു ഐന്‍സ്റ്റീന് സങ്കീര്‍ണ്ണമായ ആപേക്ഷിക സിദ്ധാന്തം രൂപീകരിക്കുന്നതെന്നാണ് ഐസക്‌സണിന്റെ വിലയിരുത്തല്‍.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar