Stay Connected:

Indiavision Live | Malayalam News Channel

ആരെത്തും പ്രഥമ പദവിയില്‍?

 | Published: May 4, 2012 Change Font size: (+) | (-)

സിതാര ശ്രീലയം

പരാഷ്ട്രപതി പദവിയില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയ ആര്‍ വെങ്കിട്ടരാമന്‍, ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കു പിന്നാലെ ഹമീദ് അന്‍സാരി രാഷ്ട്രപതിയാകുമോ? രാജേന്ദ്ര പ്രസാദിനു ശേഷം രണ്ടാം തവണയും രാഷ്ട്രപതിയാകുന്ന വ്യക്തിയെന്ന ബഹുമതി ഡോ എ പി ജെ അബ്ദുള്‍ കലാമിനെ തേടിയെത്തുമോ?  രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവ പാഠവുമായി പ്രണബ് കുമാര്‍ മുഖര്‍ജി റെയ്‌സിന കുന്നുകയറുമോ? അതോ കൂട്ടിയും കിഴിച്ചും കണക്കെടുപ്പിലെവിടെയും ഇടംപിടിക്കാതിരുന്ന പ്രതിഭാ പാട്ടീലിനെപ്പോലെ അപ്രതീക്ഷിതമായി ആരെയെങ്കിലും തേടിയെത്തുമോ 13ാം രാഷ്ട്രപതി സ്ഥാനം?

എ കെ. ആന്റണി, സുശീല്‍കുമാര്‍ ഷിന്‍ഡെ, കരണ്‍ സിംഗ്, പി എ സങ്മ തുടങ്ങി പൊതുപ്രവര്‍ത്തകരല്ലാത്ത സാം പിത്രോദ, നാരായണ മൂര്‍ത്തി, ഗോപാല്‍കൃഷ്ണ ഗാന്ധി, അമര്‍ത്യ സെന്‍, എം എസ് സ്വാമിനാഥന്‍… ഇങ്ങനെ നീളുന്നു രാഷ്ട്രപതി സാധ്യതാസ്ഥാനാര്‍ത്ഥി പട്ടിക.

ജാതി, മതം, ദേശം, ലിംഗം തുടങ്ങിയ പരിഗണനകളില്‍ നിന്നും രാഷ്ട്രപതി സ്ഥാനവും സ്വതന്ത്രമല്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു 2007ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പ്രതിഭാപാട്ടീലിനെ വിജയിപ്പിച്ചത് ഈ ഘടകങ്ങള്‍ മുതലെടുത്തായിരുന്നു. ബി ജെ പിയുടെ സഖ്യകക്ഷിയായിട്ടുകൂടി ശിവസേന പ്രതിഭ പാട്ടീലിനെ പിന്തുണച്ചത് മഹാരാഷ്ട്രക്കാരി എന്ന പരിഗണനയിലാണ്. ഇടതുപാര്‍ട്ടികളും മുലായംസിങ്ങും നിര്‍ദേശിച്ച ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അനുകൂലിച്ചതോടെ ഇടതുപാര്‍ട്ടികളുടെ പിന്തുണയും കിട്ടി.

ഇത്തവണ കോണ്‍ഗ്രസിനോ യു പി എയ്‌ക്കോ വളരെ എളുപ്പത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യമല്ല കേന്ദ്രത്തിലുള്ളത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കൂടി കോണ്‍ഗ്രസിന് എതിരായതോടെ ആരുടെയും പിന്തുണയില്ലാതെ ഇലക്ടറല്‍ കോളേജില്‍ ഭൂരിപക്ഷം നേടി സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക അസാധ്യം. എന്നാല്‍ സഖ്യകക്ഷികളെയും മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടിയെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് കീറാമുട്ടിയാവില്ല. അല്ലെങ്കില്‍ ബി ജെ പിയ്ക്ക് കൂടി സമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിവരും.

എന്നാല്‍ നിലവില്‍ സജീവമായി പരിഗണിക്കപ്പെടുന്ന പ്രണബ് മുഖര്‍ജി, ഹമീദ് അന്‍സാരി എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്നതിനോട് സഖ്യകക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് നിലവിലെ കോണ്‍ഗ്രസ്-സഖ്യകക്ഷി ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രാദേശിക കക്ഷികളെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിനെ വെല്ലുംവിളിക്കും വിധം പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍  ബി ജെ പി യ്ക്ക് ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ ജൂലൈയില്‍ രാഷ്ട്രപതി ഭവനിലെത്തും.

എ കെ ആന്റണി ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയെ സന്ദര്‍ശിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ്സഖ്യകക്ഷി ചര്‍ച്ച സജീവമായത്. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നു മാത്രമാണ് സന്ദര്‍ശനത്തിനു ശേഷം ആന്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ആന്റണിയുടെ സന്ദര്‍ശനം ഏറെ അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടു. ഇത്തരം ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് പൊതുവെ നിയോഗിക്കാറുള്ള പ്രണബ് മുഖര്‍ജിയ്ക്കു പകരം ആന്റണി ഡി എം കെ ആസ്ഥാനത്തെത്തിയതോടെ പ്രണബിനു പിന്തുണ തേടിയാണ് ആന്റണി എത്തിയതെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ ആന്റണിയാവാം അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്നും സ്വന്തം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ ഇറങ്ങിയതാണെന്നും മറ്റൊരു വ്യാഖ്യാനവും ഉണ്ടായി. എന്തായാലും ഡി എം കെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ വലിയ അവകാശവാദം ഉന്നയിച്ചില്ലെന്നു വ്യക്തം. എന്നാല്‍ ചില വിലപേശലുകള്‍ കരുണാനിധി നടത്തിയെന്നാണ് അനൗദ്യോഗിക വിവരം. എ രാജയുടെയും ദയാനിധി മാരന്റെയും സ്ഥാനത്ത് പുതിയ കേന്ദ്രമന്ത്രിമാരെ നിയമിക്കാന്‍ അനുവദിക്കണമെന്നതാണ് ഡി എം കെയുടെ ആവശ്യം.

ഏറെക്കാലമായി ഇടഞ്ഞു നില്‍ക്കുന്ന മമത ബാനര്‍ജി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യു പി എ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസിന് ഏറെ ആശ്വാസമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചയിലാണ് മമത തന്റെ പിന്തുണ അറിയിച്ചത്. ഹമീദ് അന്‍സാരി, പ്രണബ് മുഖര്‍ജി എന്നിവരില്‍ രണ്ടു പേരോടും എതിര്‍പ്പില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സോണിയ ഗാന്ധിക്ക് വിടുകയാണെന്നും മമത കമല്‍നാഥിനെ അറിയിച്ചു.

പ്രണബ് മുഖര്‍ജിയോ ഹമീദ് അന്‍സാരിയോ വന്നാല്‍ എതിര്‍ക്കില്ലെന്ന് സി പി ഐ(എം) വ്യക്തമാക്കി. രാഷ്ട്രപതി സ്ഥാനത്ത് പൊതുസമ്മതന്‍ വരണമെന്നാണ് താല്‍പര്യമെന്നാണ് സി പി ഐ(എം) പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ആരെയും നിര്‍ദേശിക്കില്ലെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. എങ്കിലും രാഷ്ട്രീയരംഗത്ത് നിന്ന് ഒരാള്‍ രാഷ്ട്രപതിയാകണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ ഇടതുകക്ഷികള്‍ യോജിച്ച് തീരുമാനമെടുത്ത് പ്രഖ്യാപിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ആശയപരമായി കടുത്ത ഭിന്നതയുള്ള വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ ഒരു മത്സരത്തിന് ഇടതു പാര്‍ട്ടികള്‍ മുതിരില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.

രാഷ്ട്രപതി സ്ഥാനത്തില്‍ സമവായമുണ്ടാകില്ല എന്ന് വ്യക്തമായത് ബി ജെ പി നേതാവ് സുഷമ സ്വരാജിന്റെ പ്രസ്താവനയോടെയാണ്. സമാജ്‌വാദി പാര്‍ട്ടി എ പി ജെ അബ്ദുള്‍ കലാമിന്റെ പേര് നിര്‍ദ്ദേശിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. പ്രണബ് മുഖര്‍ജിയെയും ഹമീദ് അന്‍സാരിയെയും പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സുഷമ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് സ്ഥിരീകരിച്ചു.

എസ് പി., ബി എസ് പി., തൃണമൂല്‍, ബി ജെ ഡി തുടങ്ങിയ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ വേണമെങ്കില്‍ ബി ജെ പിയ്ക്ക് വിജയിപ്പിക്കാന്‍ കഴിയും. എന്നാല്‍ കലാമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എന്‍ ഡി എയില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ ആ സാധ്യത മങ്ങി. കലാമിനെ പിന്തുണയ്ക്കാമെന്ന നിലപാടല്ല തങ്ങളുടേതെന്ന് ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരത് യാദവ് പറഞ്ഞു. സുഷമയുടേത് ബി ജെ പിയുടെ മാത്രം നിലപാടാണെന്നും എന്‍ ഡി എയുടേത് അല്ലെന്നും ജെ ഡി യു വ്യക്തമാക്കി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസുമായി ഒരു സന്ധിയും വേണ്ടെന്ന നിലപാടിലാണ് ബി ജെ പി. കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് പകരം ബി ജെ പിയ്ക്ക് ഉപരാഷ്ട്രപതി എന്ന നീക്കുപോക്കിനില്ലെന്ന് ബി ജെ പി വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് പ്രതിഭയ്ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് ആദ്യം സമീപിച്ചത് ബി ജെ പിയെ ആയിരുന്നു. ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്തിനെ വീണ്ടും അതേ പദവിയില്‍് പിന്തുണയ്ക്കാമെന്നും പകരം രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രതിഭാപാട്ടീലിന് പിന്തുണ നല്‍കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ശെഖാവത്തിനെ പ്രസിഡന്റാക്കണമെന്ന നിലപാടില്‍ ബി ജെ പി ഉറച്ചുനിന്നതോടെ മത്സരം നടന്നു.

2002ല്‍ രാഷ്ട്രീയക്കാരനല്ലാത്ത എ പി ജെ അബ്ദുള്‍ കലാമിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ച മുലായം സിങ് യാദവ് പക്ഷെ ഇത്തവണ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് സമാജ് വാദി പാര്‍ട്ടി നിലപാടെടുത്തേക്കും. എങ്കില്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കഴിഞ്ഞ തവണ മുലായം തന്നെ നിര്‍ദേശിച്ച ഹമീദ് അന്‍സാരിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് എതിര്‍പ്പുണ്ടാകില്ല. ലാലു പ്രസാദ് യാദവ് ഹമീദ് അന്‍സാരിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രപതി രാഷ്ട്രീയക്കാരന്‍ ആവണമെന്നില്ല എന്ന് ചിന്തിക്കുന്നവരുമുണ്ട്. പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും ഓഫീസുകളില്‍ പല സ്ഥാനാര്‍ഥികളെയും പിന്തുണച്ച് ഇ-മെയില്‍ സന്ദേശങ്ങള്‍ വരുന്നുണ്ട്. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍  ഗോപാല്‍കൃഷ്ണ ഗാന്ധി, ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി, ഇന്ത്യയില്‍ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച സാം പിത്രോദ എന്നിവരാണ് ജനപിന്തുണയില്‍ മുന്‍പില്‍.

രണ്ട് തവണയൊഴികെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയാണു രാഷ്ട്രപതി പദത്തിലെത്തിയത്. ഡോ എസ് രാധാകൃഷ്ണന്‍ രാഷ്ട്രീയക്കാരനായിരുന്നില്ല. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സക്കീര്‍ ഹുസൈനും രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നില്ല. എ പി ജെ  അബ്ദുള്‍ കലാമാണു രാഷ്ട്രീയത്തിനു പുറത്തുനിന്നു പിന്നീട് രാഷ്ട്രപതി പദത്തിലെത്തിയത്.

റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് രാഷ്ട്രപതിമാരെക്കുറിച്ച് പൊതുവെയുള്ള ആക്ഷേപം. എന്നാല്‍ ആദ്യരാഷ്ട്രപതിയായ രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുടെ അധികാരങ്ങളിലുള്ള അവ്യക്തതതയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി പരസ്യമായി തര്‍ക്കിച്ചു. ഹിന്ദു കോഡ് ബില്ലിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ചര്‍ച്ചയായി. എന്നാല്‍ അടിയന്തരാവസ്ഥയില്‍ ഇന്ദിരഗാന്ധിയെ ചോദ്യം ചെയ്യാതെ അനുസരിച്ച് ഫക്രുദ്ദീന്‍ അലി അഹമ്മദ് രാഷ്ട്രപതി പദവിയുടെ നിറംകെടുത്തി.

പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഇന്ദിരാഗാന്ധി ഉപരാഷ്ട്രപതി വി വി ഗിരിയെ പിന്തുണച്ചു. ഇന്ദിരയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രമം വിജയിച്ചില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ മനസ്സാക്ഷിവോട്ട് ആഹ്വാനത്തിലൂടെ വി വി ഗിരി രാഷ്ട്രപതിയായി. ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണമായ തെരഞ്ഞെടുപ്പായി ഗിരിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.

ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സജീവമായി കേള്‍ക്കുന്ന പേരുകളിലൊന്നായ ഹമീദ് അന്‍സാരി ഔദ്യോഗിക ജീവിതത്തില്‍ സ്വീകരിച്ച നിലപാടുകളെ തുടര്‍ന്നാണ് മിക്ക പാര്‍ട്ടികള്‍ക്കും പ്രിയങ്കരനായത്. 1961 ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലാണ് ഹമീദ് അന്‍സാരി ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍,യു എ ഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ എന്നീ സ്ഥലങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍ എന്നീ പദവികളും വഹിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഗുജറാത്ത് കലാപബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

2007 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിലും പ്രണബ് മുഖര്‍ജിയുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ പ്രണബിന്റെ ഭരണനൈപുണ്യവും നേതൃപാടവവും മന്ത്രിസഭയ്ക്കും കോണ്‍ഗ്രസിനും വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതൃത്വം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്നും ഒരുവിഭാഗം വാദിക്കുന്നു.

ഡോ എ പി ജെ അബ്ദുള്‍ കലാമിന് രണ്ടാമതും രാഷ്ട്രപതിയാകാന്‍ സമ്മതമാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തം. രാഷ്ട്രപതിയാകുമോ എന്ന ചോദ്യത്തിന് അല്‍പം കൂടി കാത്തിരിക്കണമെന്നാണ് കലാം പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമുണ്ടായില്ലെങ്കില്‍ അദ്ദേഹം പിന്‍മാറുമെന്നാണ് സൂചന.

പതിമൂന്നാമത് രാഷ്ട്രപതി ആരായിരിക്കണമെന്ന ചര്‍ച്ച കേന്ദ്രത്തില്‍ ചൂടുപിടിക്കുകയാണ്. രാഷ്ട്രപതിയാരാവണമെന്ന കാര്യത്തില്‍ സമവായമില്ലെന്നു മാത്രമാണ് നിലവില്‍ പറയാന്‍ കഴിയുന്നത്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar