ടി പിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ…
പാര്‍ട്ടി ചരിത്രവും ധീര രക്തസാക്ഷികളുറങ്ങുന്ന ഒഞ്ചിയത്തെ മണ്ണില്‍ 2008 മുതലാണ് സി പി ഐ എമ്മില്‍ പ്രത്യക്ഷമായ വിമത സ്വരമുയരുന്നത്. ഏറാന്‍മല ഗ്രാമപഞ്ചായത്ത് ഭരണം ജനതാദളിനു വിട്ടു കൊടുക്കാനുള്ള നീക്കത്തിനെതിരായിരുന്നു പ്രതിഷേധം. ഈ വിയോജിപ്പുകള്‍ പിന്നീട് ഒഞ്ചിയം റവല്യൂഷണറി പാര്‍ട്ടിയുടെയും പിറവിക്ക് വഴിവെച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കാനുള്ള നിയോഗം ടി പി ചന്ദ്രശേഖരനായിരുന്നു.
സി പി ഐ എമ്മിന്റെ നയനിലപാടുകള്‍ മടുത്ത ആയിരക്കണക്കിന് ആളുകളാണ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ പാര്‍ട്ടിയില്‍ ടി പിക്ക് മുന്‍പില്‍ അണിനിരന്നത്. ഒഞ്ചിയം സമരപോരാളികളും രക്തസാക്ഷികളുടെ കുടുംബങ്ങളും ടി പിയെ പിന്തുണച്ചവരില്‍ പെടുന്നു.
എസ് എഫ് ഐയിലൂടെയാണ് ടി പി ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി, സി പി ഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ജില്ലയിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. വി എസ് വിഭാഗത്തോടൊപ്പം നിന്നതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടാണ് അദ്ദേഹം ഒഞ്ചിയം പ്രവര്‍ത്തന കേന്ദ്രമാക്കുന്നത്.
2009ല്‍ വടകരയില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലെത്താനുള്ള ക്ഷണം നിരസിച്ച് ഒറ്റയ്ക്ക് മത്സരിച്ച് ടി പി നേടിയ 21,000 വോട്ട് സി പി ഐ എമ്മിന്റെ പരാജയം മാത്രമല്ല ആളില്ലാ പാര്‍ട്ടിയെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. ഇതേ ഉറച്ച നിലപാടുകളും വ്യക്തമായ കാഴ്ചപാടുകളും തന്നെയാണ് ടി പി ചന്ദ്രശേഖരനിലേക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും ആളുകളെ ആകര്‍ഷിച്ചത്. പിന്നീട് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഈ കുത്തൊഴുക്ക് സി പി ഐ എമ്മിനെ ആട്ടിയുലച്ചു.
ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 17ല്‍ 8 വാര്‍ഡുകള്‍ ചന്ദ്രശേഖരനും സംഘവും പിടിച്ചെടുത്തപ്പോള്‍ സി പി ഐ എം സാന്നിദ്ധ്യം 5 ഇടങ്ങളിലൊതുങ്ങി. സംസ്ഥാന തലത്തില്‍ ഇടതു വിമതരെ ഏകോപിപിക്കുന്നതില്‍ ചന്ദ്രശേഖരന്‍ നിര്‍ണ്ണായക നേതൃത്വം നല്‍കി.
ഇതോടെ ഭീഷണികളും എതിര്‍പ്പുകളും വര്‍ധിച്ചു. എല്ലാ ഭീഷണികളെയും അവഗണിച്ചായിരുന്നു ഈ സമര ഭടന്റെ സഞ്ചാരം. ഒടുവില്‍ പോരാട്ടത്തിന്റെ വിട്ടു വീഴ്ചയില്ലാത്ത മാതൃക ബാക്കിയാക്കി ടി പി ഓര്‍മ്മയായി.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































