Stay Connected:

Indiavision Live | Malayalam News Channel

പകയുടെ രക്തസാക്ഷികള്‍

 | Published: May 6, 2012 Change Font size: (+) | (-)

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് അപരിചിതമല്ലെങ്കിലും നേതൃതലത്തിലുള്ളവര്‍ ആക്രമിക്കപ്പെടുന്നത് പതിവു സംഭവമല്ല. അഴീക്കോടന്‍ രാഘവനെ പോലുള്ള നേതൃനിരയിലെ രക്തസാക്ഷികളുടെ പട്ടികയിലാണ്  ടി പി ചന്ദ്രശേഖരന്റെ സ്ഥാനം.

സംസ്ഥാനത്ത് നേതൃസ്ഥാനത്തിരിക്കെ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന ആദ്യത്തെയാള്‍ കെ കുഞ്ഞാലിയാണ്. 1969ല്‍ മലപ്പുറത്ത് വെടിയേറ്റ് മരിച്ച സിപിഐ(എം) നേതാവ്. ജില്ലയില്‍ വലിയ ജനപിന്തുണയുണ്ടായിരുന്ന കുഞ്ഞാലിയുടെ കൊലപാതകത്തിന്റെ  പേരില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ഇപ്പോഴും വിമര്‍ശിക്കപ്പെടുന്നു. ഒരു വര്‍ഷത്തോളം ജയില്‍  ശിക്ഷ അനുഭവിച്ച ശേഷം കോടതി വെറുതെ വിട്ടെങ്കിലും കുഞ്ഞാലി വധം ഉണ്ടാക്കിയ കറുത്ത പാട് ആര്യാടന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തില്‍ മായാതെയുണ്ട്.

1972ല്‍ അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതയും നിയമ, ശിക്ഷാ നടപടികള്‍ പൂര്‍ത്തിയായത് കൊണ്ട് മാത്രം ഒടുങ്ങിയിട്ടില്ല. കെ കരുണാകരനാണ് പിന്നില്‍ എന്ന് അന്ന് ആരോപണം ഉയര്‍ന്നെങ്കിലും  സിപിഐ(എം) വിട്ടു പുറത്ത് പോയ എ വി ആര്യന്‍ ഉള്‍പ്പെടെയുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെടുന്ന കാലത്ത് സംസ്ഥാനതലത്തില്‍ സി പി ഐ എമ്മിന്റെ  ശക്തനായ നേതാക്കളിലൊരാളായിരുന്നു അഴീക്കോടന്‍.

പിന്നീട് തൊണ്ണൂറുകളില്‍, കണ്ണൂരിന്റെ ചില ഭാഗങ്ങളില്‍ സിപിഐ(എം) ആര്‍ എസ് എസ് സംഘര്‍ഷം ശക്തമായപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല, നേതാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് അസാധാരണമല്ലാതായി. 1994 ജനുവരി 26നാണ്  എസ് എഫ് ഐ സംസ്ഥാന  ജോയിന്റ് സെക്രട്ടറി കെ വി സുധീഷ് കൊല്ലപ്പെടുന്നത്. എസ് എഫ് ഐയുടെ  പില്‍ക്കാല പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ സുധീഷിന്റ രക്തസാക്ഷിത്വം എസ് എഫ് ഐയെയും സി പി ഐ എമ്മിനെയും സഹായിച്ചു. 95 ഏപ്രിലില്‍ തീവണ്ടിയില്‍ വെടിയേറ്റുവെങ്കിലും ഇ പി ജയരാജന് വധശ്രമത്തെ അതിജീവിക്കാനായി.

1996ല്‍ പന്ന്യന്നൂര്‍ ചന്ദ്രന്‍ ബി ജെ പിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബോംബെറിഞ്ഞ്  വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കണ്ണൂര്‍ മോഡല്‍ എന്ന് പോലീസ് വൃത്തങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന, ബോംബെറിഞ്ഞ്  കാല്‍ വെട്ടി വീഴ്ത്തി നുറുക്കുന്ന രീതി കുപ്രസിദ്ധമായത് ഈ സംഭവത്തോടെയാണ്. ഇതിന് പകരമായിരുന്നു സിപിഐ(എം) നേതാവ് പി ജയരാജന് നേരെയുണ്ടായ ബി ജെ പി ആക്രമണം. വലിയ പരുക്കുകളോടെ രക്ഷപ്പെട്ട പി ജയരാജന്‍ സി പി ഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണിപ്പോള്‍.

1999 ഡിസംബര്‍ ഒന്നിന് ക്ലാസ് മുറിയില്‍ അധ്യാപകനായ കെ ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവമാണ് സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയ കൊലപാതകം. ഒരു സംഘം സിപിഐ(എം) പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആ നിഷ്ഠൂര കൊലപാതകം ഉണ്ടാക്കിയ ചീത്തപ്പേരിനെ പൂര്‍ണമായി അതിജീവിക്കാന്‍ സി പി ഐ എമ്മിന് സാധിച്ചിട്ടില്ല.

അവിടെ നിന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് ടി പി ചന്ദ്രശേഖരന്റെ  കൊലപാതകം. രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണ പ്രവര്‍ത്തകര്‍ അതാതു പ്രദേശങ്ങളില്‍ ഓര്‍മ മാത്രമായി തുടരുമ്പോള്‍ നേതാക്കളായിരിക്കെ കൊല്ലപ്പെട്ടവരുടെ ഓര്‍മ രാഷ്ട്രീയ പ്രവര്‍ത്തനത്തെ എക്കാലത്തേക്കും സ്വാധീനിക്കുന്ന ഒന്നാകുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അത്തരം ഒരിടമായിരിക്കും ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുമുണ്ടാവുക.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar