Stay Connected:

Indiavision Live | Malayalam News Channel

ജപ്പാന്‍ ആണവോര്‍ജ്ജരഹിതമാകുമ്പോള്‍…

 | Published: May 12, 2012

ശ്വേത എസ്‌

ണവദുരന്തങ്ങളുടെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്ത ഭരണകൂടത്തിന് വിധേയമായാണ്  ജീവിക്കുന്നതെന്ന ബോധ്യമുള്ളവരാണോ നമ്മള്‍? കൂടംകുളം ആണവനിലയത്തിന് വേണ്ടി മുറവിളി കൂട്ടുന്ന അധികാരവര്‍ഗം ചില നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക് വിധേയമായല്ലേ പ്രവര്‍ത്തിക്കുന്നത്.  ത്രീമൈല്‍ ഐലന്‍ഡ്, ചെര്‍ണോബില്‍, ഫുകുഷിമ എന്നീ ആണവദുരന്തങ്ങള്‍ ആണവനിലയങ്ങളുടെ ഭീകരതയ്ക്ക് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.

ഈ പശ്ചാത്തലത്തിലാണ്‌ ജപ്പാനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും മാര്‍ച്ച് 5ന് അടച്ചുപൂട്ടുന്നത്. ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടറാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ സുനാമി ദുരന്തത്തെത്തുടര്‍ന്ന് നടത്തുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായി അടച്ചത്. സുനാമിയില്‍ ഫുകുഷിമ ദെയ്ച്ചി ആണവ നിലയത്തിലെ നാല് റിയാക്ടറുകള്‍ അപകടത്തിലായിരുന്നു.  ഭൂകമ്പത്തെയും സുനാമിയെയും പ്രതിരോധിക്കാനുള്ള കരുത്ത് പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ റിയാക്ടറുകളെല്ലാം സുരക്ഷാ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി അടച്ചുതുടങ്ങി. പ്രാദേശിക അധികൃതര്‍ അനുമതി നല്‍കിയാലേ ഇവ ഇനി തുറക്കൂ. എന്നാല്‍, ഇതുവരെ ഒന്നുപോലും തുറന്നിട്ടില്ലെന്നതാണ് വസ്തുത.

50 ആണവ റിയാക്ടറുകളാണ് ജപ്പാനിലുള്ളത്. ഇതിലെ അവസാനത്തെ റിയാക്ടറും അടച്ചതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജമില്ലാത്ത നാടായി. കഴിഞ്ഞ വര്‍ഷംവരെ ജപ്പാന്റെ ഊര്‍ജാവശ്യത്തിന്റെ 30 ശതമാനവും നിറവേറ്റിയിരുന്നത് ആണവോര്‍ജം ഉപയോഗിച്ചാണ്. എന്നാല്‍ മറ്റു പാരമ്പര്യേതര സ്രോതസ്സുകളുപയോഗിച്ചുള്ള ഊര്‍ജവിനിമയമാണ് ജപ്പാന്‍ ഇനി ലക്ഷ്യമിടുന്നത്.

സുനാമിയും ഭൂകമ്പവും സൃഷ്ടിച്ച ദുരന്തത്തില്‍നിന്ന് കരകയറാനുള്ള ജപ്പാന്‍കാരുടെ ശ്രമങ്ങള്‍ക്കിടെ വീണ്ടും നടുക്കമുണ്ടാക്കി കൊണ്ടാണ് രാജ്യത്തെ പ്രധാനപ്പെട്ട ആണവ റിയാക്ടറുകളില്‍ ചോര്‍ച്ചയുണ്ടായത്‌.

ഒരു ആണവോര്‍ജ്ജ റിയാക്ടറില്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് ചെര്‍ണോബില്‍ ന്യൂക്ലിയര്‍ ദുരന്തം. ആണവറിയാക്ടറിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ പാകപ്പിഴയായിരുന്നു ദുരന്തത്തിന് കാരണം. ഇതിന്റെ ഫലമായി ആണവ റിയാക്ടറിനു സാരമായ തകരാര്‍ സംഭവിച്ചു. 1986 ഏപ്രില്‍ 26നു അര്‍ധരാത്രിയിലായിരുന്നു സോവിയറ്റ് യൂണിയനിലെ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചത്.

തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളുടെയും തീപിടിത്തത്തിന്റെയും ഫലമായി വളരെ റേഡിയോ ആക്ടീവ് ആയ മേഘപാളി അന്തരീക്ഷത്തില്‍ രൂപപ്പെട്ടു. വികിരണത്തിന്റെ ശക്തി അയല്‍ രാജ്യമായ ബലാറസിലാണ് ഏറെ ദുരിതങ്ങള്‍ വിതച്ചത്. 3600 ലേറെ പട്ടണങ്ങളേയും ഗ്രാമങ്ങളേയും ഇത് ബാധിച്ചു. ബലാറസിലെ 25 ലക്ഷം ജനങ്ങളാണ് ആണവാപകടത്തിന്റെ ഇരകളായത്.

അണുപ്രസരണം പരിസ്ഥിതിയാകെ മലീമസമാക്കി. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം വില്ലനായി വന്നു. കാലമേറെ ഈ സ്ഥിതി നിലനില്‍ക്കുകയായിരുന്നു.

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും സുനാമിയുമായിരുന്നു 2011 മാര്‍ച്ച് 11നുണ്ടായത്‌. 1900ത്തിന് ശേഷം ലോകത്ത് രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ ഭൂകമ്പം. ചരിത്രത്തിലെ ഏഴാമത്തെ വന്‍ ഭൂകമ്പവും ഇതായിരുന്നു. ഫുകുഷിമയിലെ നാലു ദശകം പഴക്കമുള്ള ദെയ്ചി1 റിയാക്ടറിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് റിയാക്ടറിന്റെ മേല്‍പ്പാളി പാടേ തകര്‍ന്നു, അതിശക്തമായി നീരാവി ഉയര്‍ന്നു പൊങ്ങി.

സുനാമി മൂലം റിയാക്ടര്‍ തണുപ്പിക്കുന്ന പമ്പുകള്‍ വൈദ്യുതി ലഭിക്കാതെ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് റിയാക്ടര്‍ കോര്‍ തണുപ്പിക്കാനുള്ള സംവിധാനം തകരാറിലാവുകയും റിയാക്ടറിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ച് സ്‌ഫോടനം സംഭവിക്കുകയുമായിരുന്നു. റിയാക്ടറിന്റെ കേന്ദ്രഭാഗത്തെ തകരാര്‍ പരിഹരിക്കാന്‍ സമ്മര്‍ദം കുറയ്ക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആണവ റിയാക്ടറിന്റെ ഉരുക്കുകവചത്തില്‍ പൊതിഞ്ഞ കേന്ദ്രഭാഗം തണുപ്പിക്കാന്‍ വെള്ളം പമ്പുചെയ്യുകയായിരുന്നു. ഇതിനിടെ റിയാക്ടറിന്റെ ഉള്‍ഭാഗത്തെ മര്‍ദം കുറയ്ക്കാന്‍ ഉയര്‍ന്നുപൊങ്ങുന്ന നീരാവി പുറത്തുവിട്ടതായി സംശയിക്കുന്നു.

ആണവ നിലയത്തിനടുത്ത്‌ അണുവികിരണ സാധ്യത കണക്കിലെടുത്ത്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ ഇന്ധനം ഉരുകി ജലവുമായി ചേര്‍ന്നതുമൂലമാകണം സ്‌ഫോടനമുണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അപകടഭീഷണിയെത്തുടര്‍ന്ന് ഈ നിലയത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് പതിനായിരങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഒരുമണിക്കൂര്‍ കഴിഞ്ഞ് ഇത് 20 കിലോമീറ്ററായി ഉയര്‍ത്തി. ദുരന്ത ഭീഷണിയെത്തുടര്‍ന്ന് രണ്ടര ലക്ഷത്തോളം പേരെയാണ്‌ ഈ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും സുനാമിയും അണുവികിരണഭീഷണിയുമെല്ലാം ചേര്‍ന്ന് ജപ്പാന്‍സര്‍ക്കാറിനു മുന്നില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

ഇന്ത്യയില്‍ ഇന്ന് 19 ആണവനിലയങ്ങളുണ്ട്. അവയില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതി 4670 മെഗാവാട്ട് ആണ്. ഉത്പാദനം 4000 മെഗാവാട്ട്. ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ മൂന്നുശതമാനം മാത്രമാണിത്. പാരമ്പര്യേതര ഊര്‍ജസ്രോതസ്സായ കാറ്റില്‍നിന്നു മാത്രം 13,184 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി നമുക്ക് നിലവിലുണ്ട്. ആണവനിലയങ്ങള്‍ക്ക് കൊടുക്കുന്ന ശ്രദ്ധയുടെ ഒരുശതമാനംപോലുമില്ലാതെയാണ് ഈ നേട്ടം. കാറ്റില്‍നിന്നു മാത്രം 48,500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍തന്നെ പറയുന്നു.

കൂടംകുളം ആണവനിലയം

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ സമരം ശക്തിയാര്‍ജിക്കുകയാണ്. ആണവനിലയം ഉയര്‍ത്തുന്ന ദുരന്തസാധ്യതയുടെ വ്യാപ്തി വളരെയധികമാണ്. മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമായ ഒരു ഉള്‍നാടന്‍ തീരദേശ ഗ്രാമത്തിലെ മനുഷ്യരുടെയും പ്രകൃതിയുടെയെയും ആവാസവ്യവസ്ഥയെയും തന്നെ അട്ടിമറിക്കുന്നതാണ് കൂടംകുളം ആണവനിലയം. സൂര്യവെളിച്ചം, ചെറുകിട ജലപദ്ധതികള്‍, ബയോമാസ് എന്നിങ്ങനെയുള്ള ഊര്‍ജ സ്രോതസ്സുകളിലൂടെ അനന്തമായ ഊര്‍ജസാധ്യത നിലവിലുള്ളപ്പോള്‍ വിനാശകരമായ ആണവനിലയങ്ങള്‍ അടിച്ചേല്പിക്കുന്നതിനു പിന്നിലെ സര്‍ക്കാരിന്റെയും വിദഗ്ധരുടെയും താത്പര്യമെന്താണെന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar