Stay Connected:

Indiavision Live | Malayalam News Channel

പിളര്‍പ്പ് ഓര്‍മിപ്പിച്ച് വി എസ്

 | Published: May 12, 2012

തിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഉള്‍പാര്‍ട്ടി പോരാട്ടത്തിനിടെ ഇതാദ്യമായാണ് വി എസ്, 64 ലെ പാര്‍ട്ടി പിളര്‍പ്പിനെയും സി പി ഐ എമ്മിന്റെ രൂപികരണത്തെയും കുറിച്ച് പരസ്യമായി പറയുന്നത്. പാര്‍ട്ടിയിലെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടിയാണ്, കുലംകുത്തികള്‍ എന്ന്  സംസ്ഥാന സെക്രട്ടറി വിളിച്ച ഒഞ്ചിയത്തുകാര്‍ പുതിയ പാര്‍ട്ടി രൂപികരിച്ചതെന്ന് പറഞ്ഞതിലൂടെ, സി പി ഐ എമ്മിന്റെയും ഒഞ്ചിയത്തിന്റെയും പൈതൃകവും പാരമ്പര്യവും ഏറ്റെടുക്കാനുള്ള ശ്രമം കൂടിയാണ് വി എസ് നടത്തുന്നത്.

വിവിധ ഗ്രൂപ്പുകളായി പാര്‍ട്ടിയില്‍നിന്ന് നിരവധി പേര്‍ സമീപകാലത്ത്  സി പി ഐ എം വിട്ടെങ്കിലും, ഇവരോട് അനുഭാവം പ്രകടിപ്പിക്കാനോ, പരോക്ഷമായെങ്കിലും പരസ്യമായി ന്യായീകരിക്കാനോ വി എസ് തയ്യാറായിരുന്നില്ല. സി പി ഐ എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ സംഘടനാ ശേഷി, ഒഞ്ചിയത്തെ വിമത സ്വാധീനത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് വി എസ്  ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്. പിണറായി വിജയന്റെ കുലംകുത്തി നിലപാടുകളെ അന്നുതന്നെ തള്ളിക്കളഞ്ഞ്, ഒരു അമ്മപെറ്റ മക്കളായാണ്  വി എസ് അന്ന് തന്നെ ഒഞ്ചിയത്തെ വിമതരെ വിശേഷിപ്പിച്ചത്.

‘മാതാപിതാക്കളോട് പിണങ്ങുന്ന മക്കള്‍ അവസാനം പെറ്റ തള്ളയുടെ ഉപദേശം കേട്ടാല്‍ അതു കുറച്ചിലാണോ? തെറ്റുതിരുത്തി വന്നാല്‍ സ്വീകരിക്കാന്‍ പാര്‍ട്ടി എപ്പോഴും തയ്യാറായിരിക്കും. നേതൃത്വവുമായി ചര്‍ച്ച ചെയ്ത് സൗഹൃദമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ നിങ്ങളും മുന്‍കൈയ്യെടുക്കണ’മെന്നായിരുന്നു വിഎസ് അന്നു പറഞ്ഞത്.

പാര്‍ട്ടിയിലെ റിവിഷനിസത്തിനും ഏകാധിപത്യ പ്രവണതയ്ക്കുമെതിരെ പോരാടി സി പി ഐ  ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങി വന്നവര്‍ക്ക് സമാനമായ രാഷ്ട്രീയ പോരാട്ടമാണ് ഒഞ്ചിയത്തുകാര്‍ നടത്തുന്നതെന്നാണ് വി എസ് വിശദീകരിച്ചത്. മലപ്പുറം സമ്മേളനത്തിനുശേഷം,  വിവിധ വിഷയങ്ങളില്‍ സി പി ഐ എം നേതൃത്വവുമായി  വി എസ് ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ അന്നൊന്നും  വി എസ് സി പി ഐ എം രൂപികരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സഖാക്കളില്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നില്ല.

എന്നാല്‍  പാര്‍ട്ടിയിലെ വലിയ വിഭാഗം അണികളെയും നേതാക്കളെ തന്നെയും ബോധ്യപ്പെടുത്താനാകാതെ വിവിധ  കൊലപാതകക്കേസുകളില്‍ സി പി ഐ എമ്മിന്റെ നേതൃത്വം പ്രതിരോധത്തിലാകുമ്പോഴാണ്  വി എസ് തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.  വി എസ്സുമായി തുടര്‍ന്നുപോകാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന  പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് , ഏകാധിപത്യ തിരുത്തല്‍വാദ സമീപനമുള്ളവരുമായി ചേര്‍ന്നു പോകാന്‍ തനിക്കും കഴിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് വി എസ്  ചെയ്തത്. ജനങ്ങളെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കാത്ത നയപ്രശ്‌നങ്ങള്‍ക്ക് പകരം,  ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് ചരിത്രവും ഉള്‍പാര്‍ട്ടി പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ തനിക്ക് അനുകൂലമാക്കാനാണ് വി എസ് ശ്രമിക്കുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar