മഹാശ്വേതാ ദേവിയുടെ രാഷ്ട്രീയം
സിതാര ശ്രീലയം
എന്നെങ്കിലുമൊരിക്കല്‍ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും മന:സാന്നിധ്യം കൈവിടാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ മരണവും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തെളിയിച്ചുകഴിഞ്ഞു. എന്നാല്‍ ചന്ദ്രശേഖരന്റെ ജീവനെടുത്തിട്ടും പിന്നെയും പിന്നെയും ആഞ്ഞുവെട്ടിയ കൊലയാളികളുടെ, സമാനതകളില്ലാത്ത ക്രൂരതയെ അപലപിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വംഗനാടിന്റെ അമ്മ
മഹാശ്വേതാ ദേവി ഓര്‍മിപ്പിച്ചു. ചന്ദ്രശേഖരന് അന്തിമോപചാരമര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ഒന്നാശ്വസിപ്പിക്കാനും ആദ്യഘട്ടത്തില്‍ അറച്ചു നിന്ന കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരോടും എഴുത്തുകാരോടും അവര്‍ ചോദിച്ചു:: ‘നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്?
‘ചന്ദ്രശേഖരന്റെ കൊലപാതകം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഉണര്‍ന്നെഴുന്നേല്‍ക്കൂ, പ്രതിഷേധിക്കൂ എന്നാണ്. സ്വന്തം സുരക്ഷയോര്‍ത്ത് മാറിനില്‍ക്കാതെ അനീതിക്കെതിരെ പ്രതികരിക്കണം, പുതിയ തലമുറയെ പ്രതികരിക്കാന്‍ പഠിപ്പിക്കണം’.
പ്രത്യയശാസ്ത്രപരമായ വിധേയത്വമില്ലാതെ അനീതിക്കെതിരെ പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്നതുകൊണ്ടു തന്നെ, ഒഞ്ചിയത്തു പോയി ടി പിയുടെ ബന്ധുക്കളെ നെഞ്ചോടു ചേര്‍ക്കാനും കൊലപാതക രാഷ്ട്രീയത്തിനെതിരായ കൂട്ടായ്മയില്‍ പങ്കെടുക്കാനും അക്ഷരങ്ങളെ അനീതിക്കെതിരായ ആയുധമാക്കിയ മഹാശ്വേതയ്ക്ക് രണ്ടാമതൊരിക്കല്‍ കൂടി ആലോചിക്കേണ്ടിവന്നില്ല. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മനുഷ്യാവകാശത്തിനുവേണ്ടി ശബ്ദിച്ച അതേ ആര്‍ജവത്തോടെ മഹാശ്വേതാ ദേവി സി പി ഐ എമ്മിനെ ഓര്‍മിപ്പിച്ചു:
‘വാടകക്കൊലയാളികളെ ആശ്രയിക്കുന്ന പാര്‍ട്ടിയായി സി പി ഐ (എം) അധ:പതിച്ചാല്‍ തുടച്ചുനീക്കപ്പെടും. എതിര്‍ക്കുന്നവരെ കൊല്ലുന്നത് രാഷ്ട്രീയപ്രവര്‍ത്തനമല്ല. മരണശേഷവും ചന്ദ്രശേഖരനെ സി പി ഐ (എം) നേതാക്കള്‍ ആക്ഷേപിക്കുന്നത് നീതീകരിക്കാനാകില്ല’.
എണ്‍പത്തിയേഴാം വയസ്സില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ തൈവെച്ച പറമ്പില്‍ എന്ന വീട്ടിലെത്തിയ മഹാശ്വേതാ ദേവി കുടുംബത്തിനും അണികള്‍ക്കും പകര്‍ന്നു നല്‍കിയ ഊര്‍ജവും കരുത്തും വാക്കുകള്‍ക്കതീതം. പ്രിയപ്പെട്ടവന്‍ അരുംകൊല ചെയ്യപ്പെട്ടിട്ടും കൊല്ലാനേ കഴിഞ്ഞുള്ളൂ തോല്‍പ്പിക്കാനാകില്ലെന്ന് മനസ്സുറപ്പോടെ പറഞ്ഞ രമ മഹാശ്വേതയുടെ നെഞ്ചോടു ചേര്‍ന്നു. അവര്‍ രമയെ ചേര്‍ത്തുപിടിച്ചു. ‘രമ’ എന്ന വിളിയില്‍ അമ്മയുടെ സ്‌നേഹവും കരുതലും…
ആ കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു. മകന്‍ അഭിനന്ദിനെയും അമ്മ പത്മിനിയെയും ഭാര്യാപിതാവ് മാധവനെയും ആത്മാര്‍ത്ഥമായ വാക്കുകളാല്‍ ആശ്വസിപ്പിച്ചു. പോകുമ്പോള്‍ തൈവെച്ച പറമ്പത്തെ വീട്ടില്‍ നിന്നും ഒരുപിടി മണ്ണുകൂടി അവര്‍ ഒപ്പം കരുതി.
ശേഷം കൊലപാതക രാഷ്ട്രീയത്തിനെതിരെ ‘സാംസ്‌കാരിക കേരളം, ജനകീയ പ്രതിരോധം’ എന്ന ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകം അത്യധികം ഹൃദയഭേദകമാണെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും മഹാശ്വേതാ ദേവി ആവര്‍ത്തിച്ചു:
‘ചന്ദ്രശേഖരന്‍ ക്രൂരമായി കൊല്ലപ്പെട്ടതറിഞ്ഞാണ് ഞാനിവിടെ എത്തിച്ചേര്‍ന്നത്. ഞാന്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ അമ്മയെയും സഹോദരനെയും ഭാര്യയെയും മകനെയും കണ്ടു. ഈ കൊലപാതകം ഹൃദയഭേദകമാണ്. പറഞ്ഞറിയിക്കാനാവാത്ത വിധം ഹൃദയഭേദകമാണ്.
എനിക്ക് നിങ്ങളോട് പറയാനുള്ളത്…ചന്ദ്രശേഖരന്‍ നിങ്ങളില്‍ ഒരാളാണ്. ഉണര്‍ന്നെഴുന്നേറ്റ് പ്രതിഷേധിക്കേണ്ട സമയമാണിത്. പോരാടാനുള്ള മനസ്സ് നഷ്ടപ്പെടുത്തരുത്. സിംഹാസനങ്ങളിലിരിക്കുന്നവര്‍ക്ക് പലരെയും നിശ്ശബ്ദരാക്കേണ്ടതുണ്ട്. വരുംതലമുറയ്ക്കുവേണ്ടി നമ്മള്‍ പോരാടുക തന്നെ വേണം. ഈ പ്രായത്തിലും ഞാന്‍ അനീതിക്കെതിരെ പ്രതികരിക്കുന്നത് അതുകൊണ്ടാണ്.’
ബംഗാളികളുടെ വിപ്ലവഗാനം ‘ആലോ ഫൂട്ട്’ ആലപിച്ച് മഹാശ്വേതാ ദേവി വേദിയില്‍ നിന്ന് വിടവാങ്ങി.
സംശയത്തിന്റെ കുന്തമുനകളും സാഹചര്യത്തെളിവുകളും സി പി ഐ എമ്മിനെതിരെ നീണ്ടതോടെ പ്രതിരോധത്തിലായ പാര്‍ട്ടി, മഹാശ്വേതാ ദേവിയ്ക്ക് മറുപടി നല്‍കിയത് പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തിലാണ്. മമതയുടെ കൊലയാളി രാഷ്ട്രീയം മുന്നോറ്റമ്പതോളം സിപിഎംകാരെ കൊന്നപ്പോള്‍ എതിര്‍ക്കാതെ സിപിഐഎമ്മിനെതിരെ പ്രസംഗിക്കുന്നത് രാഷ്ട്രീയ അന്ധതയാണെന്ന് വിമര്‍ശിച്ചു. മഹാശ്വേതാ ദേവിയെപ്പോലുള്ളവരെ അണിനിരത്തി ബംഗാളിലെന്ന പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം കേരളത്തില്‍ രൂപപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചു.
എന്നാല്‍ ബംഗാളില്‍ സി പി ഐ എമ്മിനെ വിമര്‍ശിച്ചിട്ടും അവര്‍ തന്നെ ഇല്ലാതാക്കാന്‍ വന്നിട്ടില്ലെന്നു മഹാശ്വേത പറഞ്ഞിട്ടുണ്ടെന്നറിയുമ്പോള്‍ അവരുടെ വാക്കുകള്‍ രാഷ്ട്രീയ അന്ധത കൊണ്ടല്ലെന്ന് വ്യക്തമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മമത ബാനര്‍ജിയെ അനുകൂലിച്ചവരില്‍ മഹാശ്വേതയുമുണ്ട്. എന്നാല്‍ പിന്നീട് മമതയുടെ ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് തൃണമൂലിനെ ഫാസിസ്റ്റ് പാര്‍ട്ടിയെന്നു വിളിക്കാനും അവര്‍ മടിച്ചില്ല. ജനപക്ഷത്തു നിന്നാല്‍ സി പി ഐ എമ്മിന് ബംഗാളില്‍ ഭരണത്തില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത് മഹാശ്വേത എതിര്‍ക്കുന്നത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തെയല്ല മറിച്ച് ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകളെയാണെന്നാണ്.
ഒരിക്കല്‍ സി പി ഐ (എം) സഹയാത്രകരായിരുന്ന് പിന്നീട് പാര്‍ട്ടിയില്‍ നിന്നും അകന്നവരൊഴികെ മറ്റ് എഴുത്തുകാരോ സാംസ്‌കാരിക നായകരോ പ്രതികരിക്കാതിരുന്നപ്പോഴാണ് ഈ മൗനം ചര്‍ച്ചയായത്. സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും വലതുപക്ഷത്തിന്റെ കുഴലൂത്തുകാരാവുകയാണെന്നും സി പി ഐ എമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും എഴുത്തുകാരി പി വത്സല സി പി ഐ എമ്മിന് പ്രതിരോധം പണിതു.
വിമര്‍ശനത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിയതിങ്ങനെ: ‘കല്ലെറിഞ്ഞാല്‍ തിരിച്ചുകടിക്കില്ല എന്നുറപ്പുള്ള ദുര്‍ബലരും ഭീരുക്കളുമായ എഴുത്തുകാരെ ചീത്തപറഞ്ഞ് ആളാകാന്‍ ദാരുണമായ ഒരു കൊലപാതകസന്ദര്‍ഭത്തെ ചില സമര്‍ത്ഥന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നവര്‍ക്കോ കൊല്ലിച്ചവര്‍ക്കോ ഉറങ്ങുന്ന ജനങ്ങള്‍ക്കോ എതിരെ ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവര്‍ എഴുത്തുകാരുടെ നെഞ്ചത്തുകയറി ധൈര്യം കാണിക്കുന്നു!! ഞാന്‍ ഒറ്റയ്ക്ക് എനിക്കു തോന്നുംപോലെ പ്രതികരിച്ചാല്‍ എന്റെ ഭാര്യ വിധവയാകും എന്നല്ലാതെ ഒരുകാര്യവുമില്ല’.
പ്രതികരമണമില്ലാത്ത സാംസ്‌കാരിക നായകരെ ന്യായീകരിച്ച് പാര്‍ട്ടി പത്രം വീണ്ടും മുഖപ്രസംഗം എഴുതി: ‘കേരളത്തെക്കുറിച്ച് നേരിട്ടൊന്നുമറിയാതെ, കമ്യൂണിസ്റ്റ് വിരുദ്ധ സംഘത്താല്‍ ക്ഷണിക്കപ്പെട്ട് ഇവിടെ എത്തുകയും ആ സംഘാംഗങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്ത് മഹാശ്വേതാദേവി നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ കണ്ണട വേണ്ട, കേരളത്തിന്റെ നാഡിമിടിപ്പറിഞ്ഞ് ഇവിടെ ജീവിക്കുന്ന ഇവിടത്തെ ജ്ഞാനപീഠജേതാക്കള്‍ക്ക് കേരളത്തെ കാണാന്‍’.
മൗനമാണോ അതോ മഹാശ്വേതയുടെ സന്ദര്‍ശനമാണോ കുറ്റകരമെന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ തന്നെയാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























