നായികമാര്‍ക്ക് പ്രാധാന്യമില്ല – പ്രിയാമണി മനസ്സു തുറക്കുന്നു

മലയാളത്തിന്റെ തിരയതിരുകള്‍ വിട്ട് അന്യഭാഷകളിലേക്ക് ചേക്കേറുമ്പോഴും നല്ല തിരക്കഥയും ശക്തമായ കഥാപാത്രങ്ങളും തന്നെയായിരുന്നു പരിഗണിച്ചതെന്ന് പ്രിയാമണി. വില്ലന്റെ വീരസാഹസങ്ങള്‍ കുത്തിനിറച്ച കഥയ്ക്കിടയില്‍ കൂടെ ആടിപ്പാടാന്‍ ഇത്തിരി വസ്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ‘നായിക’യാവാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് മലയാളത്തിന്റെ വെളളിത്തിരയിലേക്കു തിരിച്ചെത്തിയത്. ഇന്നലെ വന്ന നായകന്‍മാര്‍ക്ക് വാനോളം അവസരങ്ങള്‍ ലഭിക്കുമ്പോള്‍ നായികമാര്‍ക്ക് വേണ്ടത്ര മുന്‍ഗണന ലഭിക്കുന്നില്ലെന്ന് പ്രിയാമണി.പ്രിയാമണി ഇന്ത്യാവിഷന് നല്‍കിയ അഭിമുഖം വായിക്കാം.
മലയാളത്തില്‍ പ്രിയാമണിയുടെ സിനിമകള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ ഒന്നുകില്‍ ഹിറ്റിനൊപ്പമായിരിക്കും, അല്ലെങ്കില്‍ ഏന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടായിരിക്കും. തിരക്കഥയാണെങ്കിലും പ്രാഞ്ചിയേട്ടനാണെങ്കിലും ഗ്രാന്‍ഡ് മാസ്റ്ററാണെങ്കിലും ഒരു പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊപ്പം പ്രിയാമണിയുടെ പ്രതീക്ഷ എന്താണ്?
ഗ്രാന്റ് മാസ്റ്റര്‍ എനിക്ക് ലഭിച്ച നല്ല സിനിമകളില്‍ ഒന്നാണ്. ചിത്രീകരണ സമയത്ത് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ചില സീനുകള്‍ ചെയ്തപ്പോള്‍ ആ പ്രതീക്ഷ വര്‍ധിച്ചു.
മലയാളത്തിരയിലേക്ക് വരുമ്പോള്‍ സൂപ്പര്‍താരത്തിന്റെ നായികയായിട്ടായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നോ?
അങ്ങനെയൊന്നുമില്ല. ഞാന്‍ അഭിനയിച്ച മലയാള ചിത്രങ്ങളിലെല്ലാം എന്നോടൊത്ത് അഭിനയിച്ചിട്ടുള്ളത് മുന്‍നിര നായകന്‍മാരായിരുന്നു. അതില്‍ ഞാന്‍ സന്തോഷവതിയാണ്. അവരോടൊത്ത് ചെയ്ത കഥാപാത്രങ്ങളെല്ലാം ആരാധകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ഒരു നടിയെ മലയാളത്തിരയിലേക്ക് വിളിക്കുമ്പോള്‍ അവര്‍ക്ക് അഭിനയിക്കാന്‍ മികച്ച കഥാപാത്രം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
അത്തരം നിര്‍ബന്ധങ്ങള്‍ ഒന്നുംതന്നെയില്ല. എനിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല.
ഗ്രാന്‍ഡ് മാസ്റ്ററിന്റെ തിരക്കഥയെക്കുറിച്ച് പൂര്‍ണ്ണ ബോധ്യം ഉണ്ടായതിനു ശേഷമായിരിക്കും പ്രിയാമണി ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടുണ്ടാകുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ആ ചിത്രത്തിലേക്ക് പ്രിയാമണിയെ അടുപ്പിച്ചതെന്താണ്?
ഗ്രാന്‍ഡ് മാസ്റ്ററില്‍ അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത് ബി ഉണ്ണികൃഷ്ണനായിരുന്നു. സിനിമയെക്കുറിച്ച് വിവരിച്ച അദ്ദേഹം എനിക്ക് ചിത്രത്തിന്റെ സംഗ്രഹം അയച്ചു തന്നു. അത് വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്കായി പറഞ്ഞിരുന്ന കഥാപാത്രത്തില്‍ എനിക്ക് താല്‍പ്പര്യം തോന്നി. കൂടാതെ ചിത്രത്തിലെ നായകനായി ലാലേട്ടാനാണെന്ന് കൂടി ഉണ്ണിയേട്ടന്‍ പറഞ്ഞു. ഇതും കൂടി കേട്ടപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുെണ്ടന്ന് ഞാന്‍ അറിയിച്ചു.
മോഹന്‍ലാല്‍ ആണ് ഹീറോ എന്ന വാക്കു കൂടി ഈ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായെന്നാണൊ പറയുന്നത്?
തീര്‍ച്ചയായും അത് ഒരു കാരണം തന്നെയാണ്. അതിലുപരി ചിത്രത്തിന്റെ തിരക്കഥയും അതിലെ എന്റെ കഥാപാത്രവുമാണ് ചിത്രത്തിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത്.
ഗ്രാന്‍ഡ് മാസ്റ്ററില്‍ വളരെ പക്വതയുള്ള ദീപ്തി എന്ന കഥാപാത്രമാണ് പ്രിയാമണി ചെയ്തത്. ഒരു മകളുള്ള സ്ത്രീയുടെ കഥാപാത്രം ചെയ്യുമ്പോള്‍ ഇമേജ് ബ്രേക്ക് ചെയ്യപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ?
അങ്ങനെ ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പൂര്‍ണ്ണമനസ്സോടെയാണ് ഞാന്‍ ഗ്രാന്‍ഡ് മാസ്റ്ററില്‍ അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ നന്നായി ഒരുങ്ങിയിരുന്നു.
സൂപ്പര്‍ താരങ്ങളേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു ചിത്രത്തിനൊപ്പം നായികമാരെ കൊണ്ടുപോകാന്‍ എന്ന് കേട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രിയാമണിയുടെ അഭിപ്രായം എന്താണ്?
അടിസ്ഥാനപരമായി ഞാന്‍ സംവിധായകരുടെ നടിയാണ്. സംവിധായകന് ആവശ്യമായ കഥാപാത്രത്തെ പകര്‍ന്ന് നല്‍കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സംവിധായകരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിനോടൊപ്പം എന്റെ അഭിനയത്തില്‍ വരുത്തേണ്ട മാറ്റങ്ങളും ചോദിച്ച് മനസ്സിലാക്കാറുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്. ചിലപ്പോള്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ അവര്‍ സ്വീകരിക്കാറുണ്ട്.
ഒരു ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ മികച്ച അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചുവെന്ന അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ലെ?
ഞാന്‍ അത്തരക്കാരിയല്ല. അത്തരത്തിലുള്ള യാതൊരു ആവശ്യകതകളും ഞാന്‍ മുന്നോട്ട് വക്കാറില്ല.
മലയാളസിനിമയില്‍ പ്രിയാമണി സംവിധായകന്റെ നായികയാണെന്ന് പറഞ്ഞു. ഒരു ഭാഷയിലെ മികച്ച സംവിധായകര്‍ സമീപിച്ചാലെ സിനിമ ചെയ്യുകയുള്ളൂ എന്നുണ്ടോ?
അതിന്റെ ആവശ്യമില്ല. എനിക്ക് എല്ലാത്തിനേക്കാളും മുഖ്യം ചിത്രത്തിന്റെ തിരക്കഥയാണ്. തിരക്കഥയില്‍ എനിക്കായി മാറ്റിവെച്ചിരിക്കുന്ന കഥാപാത്രം ഇഷ്ടപ്പെടണം. ഇത് കഴിഞ്ഞതിനു ശേഷം മാത്രമേ സംവിധായകനും മറ്റു കാര്യങ്ങളും വരുകയുള്ളൂ.
ഒരു ഭാഷയിലും പ്രിയാമണി ഉറച്ചുനില്‍ക്കുന്നതായി കാണുന്നില്ല.
നിരവധി ഭാഷകള്‍ എനിക്കറിയാം. വിവിധ ഭാഷകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം.
പ്രാഞ്ചിയേട്ടനിലെ പദ്മശ്രീയുടെ സ്വഭാവമല്ല തിരക്കഥയിലെ മാളവികയ്ക്ക്. ഇവിടെനിന്ന് ഗ്രാന്‍ഡ്മാസ്റ്ററിലെ ദീപ്തിയിലെത്തുമ്പോള്‍ വളരെയധികം മാറ്റമുണ്ട്. വളരെ പക്വതയുള്ള കഥാപാത്രമാണ് ദീപ്തിയുടേത്. എല്ലാ കാര്യത്തിലും തന്റേതായ അഭിപ്രായമുള്ള ഒരു കഥാപാത്രമാണ് ദീപ്തി.
ശരിയാണ് മലയാളത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദീപ്തി എന്ന കഥാപാത്രം ഒത്തിരി വ്യത്യസ്തതയുള്ളതാണ്. ആ കഥാപാത്രം സ്വതന്ത്രമാണ്. എല്ലാ കാര്യത്തിലും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിത്വം. ചി്രതത്തിലെ മോഹന്‍ലാലിന്റേതുള്‍പ്പെടെയുള്ള എല്ലാ കഥാപാത്രങ്ങളും അത്തരം പ്രത്യേകതകള്‍ ഉള്ളവരാണ്.
പരുത്തിവീരന് ശേഷം പ്രിയാമണിക്ക് അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ലഭിക്കുന്നത് മലയാളത്തിലാണ്. ഇനിയും മത്സരിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കുന്നത് മലയാളത്തില്‍ നിന്നാണൊ?
അത്തരം കഥാപാത്രങ്ങള്‍ ലഭിക്കണമെന്നുണ്ട്. എന്നാല്‍ തിരക്കഥ എന്ന ചിത്രത്തില്‍ ലഭിച്ചതു പോലുള്ള അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഇനി എനിക്ക് ലഭിക്കണമെന്നില്ല. എല്ലാവരുടേയും മനസ്സില്‍ ഇടംപിടിച്ച കഥാപാത്രമായിരുന്നു തിരക്കഥയിലേത്. എന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലെന്ന് പറയാം. അതിന് ഞാന്‍ നന്ദി പറയുന്നത് സംവിധായകന്‍ രഞ്ജിത്തേട്ടനോടാണ്.

മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നായകന്‍മാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുമ്പോള്‍ നായികമാരുടെ കാര്യം വ്യത്യസ്തമാണ്. ഒരു മികച്ച കഥാപാത്രം ലഭിക്കാന്‍ വളരെ നാളത്തെ കാത്തിരിപ്പ് വേണ്ടിവരും. അപൂര്‍വ്വമായേ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നായികമാര്‍ക്ക് ലഭിക്കാറുള്ളൂ. ഇക്കാര്യത്തില്‍ പ്രിയാമണിയുടെ അഭിപ്രായം എന്താണ്?
സിനിമയില്‍ നായികമാര്‍ക്ക് വളരെ കുറച്ച് അവസരങ്ങളാണ് ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും കാര്യങ്ങള്‍ ഇങ്ങനെതന്നെയാണ്. കമേഴ്‌സ്യല്‍ സിനിമകളില്‍ അഞ്ച് പാട്ടുകളും അഞ്ച് ഫൈറ്റുകളും ഉണ്ടാകും. അത്തരം സിനിമകളിലെ പാട്ടുരംഗങ്ങളില്‍ ഗ്ലാമര്‍ അവതരിപ്പിക്കുന്നതില്‍ മാത്രമായി നായികമാരുടെ പ്രാധാന്യം അവസാനിക്കുന്നു. എല്ലാ ഭാഷകളിലും നായകന് മുന്‍ഗണനയുള്ള ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. അത്തരം സിനിമകള്‍ക്കാണ് ആരാധകര്‍ ഉള്ളത്. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ആരില്‍ നിന്നും ലഭിക്കുന്നില്ല.
ബോളിവുഡില്‍ സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടോ?
അതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുകയാണ്. എല്ലാം ശരിയാകുമ്പോള്‍ അതിനെക്കുറിച്ച് പറയാം.
ഇനി മലയാളത്തില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?
ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഒരു നെഗറ്റീവ് കഥാപാത്രമാണ്. മലയാളസിനിമയില്‍ മാത്രമല്ല ഏത് ഭാഷയിലാണെങ്കിലും അത്തരം കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. രജനികാന്തിന്റെ പടയപ്പയില്‍ രമ്യാ കൃഷ്ണന് ലഭിച്ച കഥാപാത്രത്തെപ്പോലെ ഒന്ന്. മാത്രമല്ല വ്യത്യസ്തമായ കഥാപാത്രങ്ങളേയും പ്രതീക്ഷിക്കുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































