Stay Connected:

Indiavision Live | Malayalam News Channel

ഒളിംപിക് ഓര്‍മ്മകളുടെ തിരുമുറ്റത്തെ കെടാവിളക്കായി കൊമനേച്ചി

 | Published: May 26, 2012

1976ലെ മോന്‍ട്രിയല്‍ ഒളിംപിക്‌സാണ് വേദി. ജിംനാസ്റ്റിക് മത്സരം നടക്കുന്ന വേദിയിലേക്കാണ് ഏവരും കണ്ണും നട്ടിരിക്കുന്നത്. മത്സരം ആവേശകരമായി മുന്നേറുന്നതിനിടയിലാണ് പതിനാലുകാരിയായ പെണ്‍കുട്ടി മത്സരത്തിനിടയിലേക്ക് കടന്നുവരുന്നത്. പുതുമുഖമായതിനാല്‍ ആരുടേയും ശ്രദ്ധയില്‍ അവള്‍ പെട്ടിരുന്നില്ല. പക്ഷെ അവളുടെ പ്രകടനം ഒരോ നിമിഷം പുരോഗമിക്കും തോറും പലരും ശ്രദ്ധിക്കാന്‍ തുടങ്ങി. മത്സരം പൂര്‍ത്തിയാക്കും മുന്‍പേ ആ പതിനാലുകാരി കായികപ്രേമികളുടെ മനം കീഴടക്കിയിരുന്നു.

അവിസ്മരണീയമായ മെയ് വഴക്കത്തോടെ ജിംനാസ്റ്റിക് പ്രകടനത്തില്‍ മുഴുകിയ അവളുടെ പേരിലായിരുന്നു മോന്‍ട്രിയല്‍ ഒളിംപിക്‌സ് പിന്നീട് അറിയപ്പെട്ടതെന്ന് ചരിത്രം. റുമാനിയന്‍ താരം നദിയ കൊമനേച്ചിയായിരുന്നു ജിംനാസ്റ്റിക്കിലെ റെക്കോര്‍ഡ് കടപുഴക്കിയ ആ പ്രകടനത്തിനുടമ.

അന്നത്തെ അവരുടെ  ജിംനാസ്റ്റിക് പ്രകടനം മാര്‍ക്ക് രേഖപ്പെടുത്തുന്ന സ്‌കോര്‍ബോര്‍ഡിനേയും തോല്‍പ്പിച്ചുകൊണ്ടായിരുന്നു എന്നതും ശ്രദ്ധേയം. സാധാരണ ജിംനാസ്റ്റിക് താരങ്ങളില്‍ ആരും ഒന്‍പത് പോയിന്റ്  മറികടക്കാറില്ലാത്തതിനാല്‍ ഒന്‍പത് മീറ്റര്‍ വരെ രേഖപ്പെടുത്താവുന്ന തരത്തിലാണ് സ്‌കോര്‍ബോര്‍ഡ് ഒരുക്കിയിരുന്നത്. പക്ഷെ നദിയയുടെ സ്‌കോര്‍ ഒന്‍പതും മറിക്കടന്നപ്പോള്‍ അത് രേഖപ്പെടുത്താന്‍ ഒളിംപിക്‌സ് അധികൃതര്‍ വലഞ്ഞു. ഒടുവില്‍ ഒരു പോയിന്റ് കുറച്ചാണ് നദിയയുടെ പ്രകടനം സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചത്.

അന്ന് ആറ് തവണയാണ് കൊമനേച്ചി തന്റെ സ്‌കോര്‍ പത്തിന് മുകളില്‍ ഉയര്‍ത്തിയത്. ആ വര്‍ഷത്തെ ജിംനാസ്റ്റികിലെ ബാലന്‍സ് ബീം, അണ്‍ഇവന്‍ ബാര്‍ എന്നിവയിലും ഓള്‍ റൗണ്ട് പ്രകടനത്തിലും സ്വര്‍ണ്ണമെഡല്‍ നേടിയ  കൊമനേച്ചി അതോടെ ജിംനാസ്റ്റിക് ചരിത്രതാളുകളില്‍ തന്റേതായ ഇടം പിടിച്ചു. ലോകത്തിലെ മികച്ച പത്ത് ഒളിംപിക് പ്രകടനങ്ങളുടെ കൂട്ടത്തില്‍ കായികനിരീക്ഷകര്‍ ഉള്‍പ്പെടുത്തിയ പ്രകടനങ്ങളിലൊന്നായിരുന്നു അന്നത്തേത്.

ഒളിംപിക് ജിംനാസ്റ്റികില്‍ സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും കൊമനേച്ചി തന്റെ പേരില്‍ എഴുതി ചേര്‍ത്തു. 1976ല്‍ ബിബിസി സ്‌പോര്‍ട്‌സ് പേര്‍സണാലിറ്റി ഓഫ് ഇയറും, യുണൈറ്റഡ് അസോസിയേറ്റഡ് പ്രസ്സിന്റെ ഫീമെയില്‍ അത്‌ലറ്റ് ഓഫ് ദി ഇയറായും കൊമനേച്ചിയെ തെരഞ്ഞെടുത്തു.

ആറാംവയസ്സില്‍ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ച കൊമനേച്ചി ഒമ്പതാം വയസ്സില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. തുടക്കത്തില്‍ ജിംനാസ്റ്റിക് വേദിയില്‍ കൊമനേച്ചിക്ക് കൂട്ട് തോല്‍വിയായിരുന്നെങ്കിലും അതില്‍നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് ആ കുരുന്ന് പതിനാലാം വയസ്സില്‍ ഒളിംപിക് വേദിയെ ത്രസിപ്പിച്ച പ്രകടനമികവിലേക്കാണ് ഉയര്‍ന്നത്.

ഒമ്പതാം വയസ്സില്‍ റൊമാനിയയുടെ ദേശീയ ടീമില്‍ ഇടംപിടിച്ച കൊമനേച്ചി 1971 ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണ മെഡല്‍ അടക്കം അഞ്ച് മെഡലുകളാണ് വാരിക്കൂട്ടിയത്. ജിംനാസ്റ്റിക്കിലെ യൂറോപ്യന്‍ ആധിപത്യത്തിന് വിരാമമിട്ടാണ് ആ കുഞ്ഞുതാരം അന്ന് അവിടെ നിന്ന് മടങ്ങിയത്. റൊമാനിയന്‍ സര്‍ക്കാരിന്റെ പരമോന്നുത ബഹുമതിയായ ഹീറോ ഓഫ് സോഷ്യലിസ്റ്റ് ലേബര്‍ അവാര്‍ഡും ആ വര്‍ഷം കൊമനേച്ചിയെ തേടിയെത്തി.

1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ പങ്കെടുത്തെങ്കിലും മോന്‍ട്രിയര്‍ ഒളിംപിക്‌സിലെ മാസ്മരിക പ്രകടനം കാഴ്ച്ച വെക്കാന്‍ കൊമനേച്ചിക്ക് കഴിഞ്ഞില്ല. എങ്കിലും രണ്ട് സ്വര്‍ണ്ണവും രണ്ട് വെള്ളിമെഡലും തന്റെ പേരില്‍ കുറിച്ചായിരുന്നു അവരുടെ മടക്കം.

പിന്നീട് ഒരിക്കലും ജിംനാസ്റ്റിക് താരത്തിന്റെ സ്യൂട്ടുമായി ലോക കായിക മാമാങ്കത്തിനെത്തുവാനുള്ള ഭാഗ്യം ആ സുവര്‍ണ്ണ താരത്തിന് ലഭിച്ചില്ലെങ്കിലും 1984ലെ ഒളിംപിക്‌സില്‍ റൊമാനിയന്‍ ജിംനാസ്റ്റിക് ടീമിന്റെ പരിശീരക സ്ഥാനം വഹിച്ചത് കൊമനേച്ചിയായിരുന്നു.

ഇന്നും ലോകജിംനാസ്റ്റിക് ചരിത്രത്തിലെ സുവര്‍ണ്ണതാരം ആരെന്ന ചോദ്യത്തിനുള്ള മറുപടിയാണ് നാദിയ കോമനേച്ചി. ലോക ജിംനാസ്റ്റിക് താരങ്ങള്‍ക്ക്  ആവേശവും പ്രചോദനവും പകര്‍ന്നു നല്‍കി കൊമനേച്ചി ഇന്നും ഒളിംപിക് ഓര്‍മ്മകളുടെ തിരുമുറ്റത്ത് കെടാവിളക്കായി നില്‍ക്കുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar