Indiavision Live | Malayalam News Channel

മലയാളത്തിരക്ക് ഊര്‍ജ്ജം പകര്‍ന്ന് നവനിരസിനിമകള്‍

 | Published: May 30, 2012 Change Font size: (+) | (-)

നൂറിലേറെ സിനിമകള്‍ തിയറ്ററിലെത്തുകയും പത്തില്‍ താഴെ മാത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്യുന്ന പതിവ് മലയാളത്തിരയില്‍മാറുകയാണ്. സാറ്റലൈറ്റ് തുക മാത്രം ലാഭമാകുന്ന സാഹചര്യത്തില്‍ നിന്ന് തിയറ്ററുകള്‍ പ്രാഥമിക വരുമാനമേഖലയായി പരിഗണിക്കപ്പെടുന്ന കാലത്തേക്കാണ് മലയാളസിനിമ തിരികെ നടന്നുതുടങ്ങുന്നത്.

മലയാളസിനിമയുടെ ഏപ്രില്‍-മേയ് അവധിക്കാല ബോക്‌സ് ഓഫീസ് ആണ് ഈ ഉണര്‍വിന് തുടക്കമിട്ടത്. ഓര്‍ഡിനറി, മായാമോഹിനി, ഡയമണ്ട് നെക്‌ളേസ്, 22 ഫിമെയില്‍ കോട്ടയം, ഗ്രാന്‍ഡ് മാസ്റ്റര്‍, മല്ലുസിംഗ് എന്നീ ചിത്രങ്ങള്‍ വിജയരാശിയിലെത്തിയപ്പോള്‍ പോക്കറ്റിലെ കാശ് കാലിയാക്കുന്ന ചൂതാട്ടമെന്ന് പേരുദോഷം സിനിമയെ വിട്ടു.

ഏപ്രില്‍ മേയ് മാസങ്ങളില്‍ ഇരുപത് മലയാളചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. എണ്‍പത്തിയെട്ട് സിനിമകള്‍ തിയറ്ററിലെത്തുകയും പത്തില്‍ താഴെ ചിത്രങ്ങള്‍ മാത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്ത മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ അഞ്ച് മാസം നല്‍കുന്നത് ശുഭസൂചനയാണ്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും നൂറ്റിനാല്‍പ്പതിലേറെ സിനിമകള്‍ ഈ വര്‍ഷം കാഴ്ചയാകുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

2010ല്‍ തൊണ്ണൂറ്റി മൂന്ന് ചിത്രങ്ങളും,2011ല്‍ എണ്‍പത്തിയെട്ട് സിനിമകളുമാണ് തിയറ്ററുകളിലെത്തിയിരുന്നത്. അവധിക്കാല ബോക്‌സ് ഓഫീസില്‍ നിന്ന് മുപ്പത് കോടിയുടെ ലാഭവിഹിതം വിവിധ സിനിമകളില്‍ നിന്നായി മലയാള സിനിമാമേഖല സ്വന്തമാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തെ ബോക്‌സ് ഓഫീസും പ്രതീക്ഷയുടെ വന്‍മതിലുയര്‍ത്തുകയാണ്.

ജയസൂര്യയുടെ ‘വാധ്യാര്‍’, മോഹന്‍ലാല്‍ രഞ്ജിത് ടീമിന്റെ ‘സ്പിരിറ്റ്’, വിനീത് ശ്രിനീവാസന്റെ ‘തട്ടത്തിന്‍ മറയത്ത്’, അന്‍വര്‍ റഷീദിന്റെ ‘ഉസ്താദ് ഹോട്ടല്‍’, അമല്‍ നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’,എം.എ നിഷാദിന്റെ ‘നമ്പര്‍ 66 മധുരൈ ബസ്’, പൃഥിരാജ് ഷാജികൈലാസ് ടീമിന്റെ ‘സിംഹാസനം’,അഭിരാം ഉണ്ണിത്താന്റെ ‘യക്ഷി ഫെയ്ത്ത്ഫുളി യുവേഴ്‌സ്’,ഷംനാ കാസിം നായികയാകുന്ന ‘ചട്ടക്കാരി’,അനൂപ് മേനോന്റെ ‘നമുക്ക് പാര്‍ക്കാന്‍’,പ്രകാശ് ബാരെയുടെ ‘ഇവന്‍ മേഘരൂപന്‍’ എന്നിങ്ങനെ പത്തിലേറെ സിനിമകള്‍ ജൂണ്‍ ബോക്‌സ് ഓഫീസിലേക്ക് എത്താനിരിക്കുകയാണ്.

ഓണ്‍ലൈന്‍ വ്യാജപതിപ്പുകള്‍ കുറഞ്ഞതും, പ്രമേയ സ്വീകരണത്തില്‍ വൈവിധ്യത വര്‍ധിച്ചതും, നഗരകേന്ദ്രീകൃത പ്രേക്ഷകര്‍ക്ക് മള്‍ട്ടിപ്‌ളേക്‌സ് ഉള്‍പ്പെടുന്ന സൗകര്യപ്രദമായ കാഴ്ച വര്‍ദ്ധിച്ചതും സിനിമാവ്യസായത്തിന് ഗുണം ചെയ്‌തെന്നാണ് കണക്കുകൂട്ടല്‍. ഏതായാലും പ്രതിസന്ധികളൊഴിയാത്ത ആദ്യപകുതിയില്‍ നിന്ന് ഉണര്‍വിന്റെ രണ്ടാം പകുതിയിലേക്ക് നമ്മുടെ സിനിമ പ്രവേശിച്ചിരിക്കുകയാണെന്ന് ഉറപ്പ്.

You might also like
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.