Stay Connected:

Indiavision Live | Malayalam News Channel

കോടതി അലക്ഷ്യവും ലക്ഷ്യവും

അഡ്വ. ജയശങ്കര്‍ | Published: June 3, 2012

ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സി പി ഐ എമ്മിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ പ്രതിയാക്കി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ മെയ് 27-ാം തീയതി പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രതികളുടെ മൊഴി പോലീസ് ചോര്‍ത്തിക്കൊടുക്കുന്നതും, മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുന്നതും തടയണം എന്ന ഉദ്ദേശ്യമാണ്‌ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായിരുന്നത്.

പാര്‍ട്ടി ഉദ്ദേശിച്ചത് റിട്ട്  ഹര്‍ജി ആണെങ്കിലും കോടതിയില്‍ ഫയല്‍ ചെയ്തത് കോടതിയലക്ഷ്യ ഹര്‍ജിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കൊലക്കേസിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കോടതിയലക്ഷ്യമാണെന്നും ബന്ധപ്പെട്ട മാധ്യമ നടത്തിപ്പുകാരെ ശിക്ഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷന്‍, മനോരമ, റിപ്പോര്‍ട്ടര്‍ എന്നീ  ചാനലുകളും മാതൃഭൂമി, മലയാള മനോരമ, മാധ്യമം എന്നീ പത്രങ്ങളുമാണ് എതിര്‍കക്ഷികള്‍. മേല്‍പ്പറഞ്ഞ നാലും മൂന്നും ഏഴെണ്ണമൊഴിച്ച് മറ്റുള്ളവര്‍ എന്ത് പ്രചരിപ്പിച്ചാലും പാര്‍ട്ടിക്ക് ആവലാതിയില്ല. ഉദാഹരണത്തിന് മംഗളം, ദീപിക, കേരള കൗമുദി എന്നീ പത്രങ്ങളില്‍ കപോല കല്‍പ്പിതമായ ഏത് വാര്‍ത്ത വന്നാലും സിപിഐഎമ്മിന് പ്രശ്‌നമില്ല. അമൃത, ജയ്ഹിന്ദ്, സൂര്യ മുതലായ ചാനലുകളുടെ കാര്യവും തഥൈവ.

സമീപകാലത്ത് പാലോളി മുഹമ്മദ് കുട്ടി, എം.വി ജയരാജന്‍ എന്നീ നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടായപ്പോള്‍ സിപിഐ(എം) ഉന്നയിച്ച വാദഗതികള്‍ മറക്കാറായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കോടതിയലക്ഷ്യ നിയമം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ അതേ പാര്‍ട്ടി തന്നെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി കോടതി കയറിയിരിക്കുന്നു.

കോടതിയലക്ഷ്യക്കേസ് എന്നുകേട്ടാല്‍ ഇന്നാട്ടില്‍ വില്ലേജ് ഓഫീസര്‍മാര്‍ പോലും പേടിക്കില്ല. സിപിഐഎമ്മിന്റെ ഓലപ്പാമ്പ് കണ്ട് മാധ്യമങ്ങള്‍ക്ക് മന:പരിവര്‍ത്തനം ഉണ്ടാകും എന്നുകരുതാനാവില്ല. ശുംഭന്മാരും ഉണ്ണാമന്‍മാരുമായ ജഡ്ജിമാരില്‍ നിന്ന് വിപ്ലവ പാര്‍ട്ടിക്ക് നീതി കിട്ടുമോ എന്ന സംശയം കലശലാണ് താനും. മാധ്യമ ദുഷ്പ്രചരണം അവസാനിപ്പിക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജി തുലോം
അപര്യാപ്തമാണ് എന്ന് സാരം.

ടി.പി രാമകൃഷ്ണന്‍ സെക്രട്ടറിയായിരിക്കുന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്ഥാനത്ത് സഖാവ് എം.എം മണി നയിക്കുന്ന ഇടുക്കി ജില്ലാ കമ്മിറ്റി ആയിരുന്നുവെങ്കില്‍ ഈ പ്രശ്‌നം പുഷ്പം പോലെ പരിഹരിക്കുമായിരുന്നു. കുഴപ്പക്കാരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കും. വണ്‍, ടു, ത്രീ എന്ന് ശിക്ഷ നടപ്പാക്കും. മാധ്യമ ദുഷ്പ്രചരണം അതോടെ അവസാനിക്കും.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar