Stay Connected:

Indiavision Live | Malayalam News Channel

ശൈശവ വിവാഹത്തിന് പരവതാനി വിരിക്കുന്ന അക്ഷയ തൃതീയ

 | Published: June 4, 2012

സഫ്ദര്‍ ഹാഷ്മി

സ്വര്‍ണം വാര്‍ത്തയല്ലാത്ത ഒറ്റദിനം പോലും കടന്നുപോകുന്നില്ല. പ്രതിദിനം സ്വര്‍ണത്തിന്റെ വില ശരവേഗത്തില്‍ കുതിച്ചുയരുകയാണ്. എന്നാല്‍ എത്രവിലക്കും സ്വര്‍ണം വാങ്ങാന്‍ ആര്‍ക്കും ഒട്ടുംമടിയില്ല. പൊന്നിനോടുള്ള ഇഷ്ടം പാരമ്പര്യത്തിലും സംസ്‌കാരത്തിലും കാത്ത് സൂക്ഷിക്കുന്ന ഭാരതം തന്നെയാണ് സര്‍ണ ഉപഭോഗത്തില്‍ മുന്‍നിര രാജ്യങ്ങളിലൊന്ന്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് 2020-ഓടെ രാജ്യത്തെ സ്വര്‍ണ ഉപഭോഗം 12,000 ടണ്ണായി ഉയരുമെന്നാണ്. അടുത്ത 10 വര്‍ഷം കൊണ്ട് രാജ്യത്തെ സ്വര്‍ണ വില്‍പ്പന 33 ശതമാനമായി വര്‍ധിക്കുമെന്ന് പ്രമുഖ സ്വര്‍ണ കമ്പനികള്‍ അനുമാനിക്കുന്നു.

സമൂഹത്തിന്റെ ബാധ്യതയല്ല, സമ്പത്താണ് സ്ത്രീകളെന്ന് മനസ്സിലാകുന്നിടത്ത് മാത്രമാണ് സാമൂഹിക അനാചാരങ്ങള്‍ വലിച്ചെറിയപ്പെടുക. ഒപ്പം കഴുത്തറ്റം മുതല്‍ മുട്ടറ്റം വരെ അണിയുന്ന സ്വര്‍ണ ആഭരണങ്ങളുടെ മഞ്ഞശബളിമയില്‍ മാത്രം ഒതുങ്ങുന്നതല്ല ദാമ്പത്യമെന്നും മനസ്സിലാക്കണം. സ്ത്രീ അമ്മയാണ്, പൂജിക്കപെടേണ്ടവളാണ്, സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നത് പലകുറി ഉരുവിടുന്നവര്‍ ഇക്കാര്യങ്ങള്‍ സ്വജീവിതത്തിലും നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം.

സ്വര്‍ണ ശേഖരത്തില്‍ 18,000 ടണോടെ ഇന്ത്യന്‍ വീടുകളാണ് ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ളത്. ചരിത്രാതീതകാലം മുതല്‍ സ്വര്‍ണത്തോടുള്ള അഭിനിവേശം ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്. വിവാഹമായാലും പിറന്നാളായാലും അങ്ങനെ ജീവിതത്തിലെ ആഘോഷ ചടങ്ങുകളിലെല്ലാം തന്നെ സ്വര്‍ണം നമുക്ക് ഒഴിച്ചുകൂടാന്‍ വയ്യ. മഞ്ഞലോഹത്തോടുള്ള ഈ അമിതാസക്തി സമൂഹത്തിലും സംസ്‌കാരത്തിലും വരുത്തിവെച്ച അപചയങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.

വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും പൊയ്മുഖം അണിഞ്ഞ് രാജ്യത്തെ പ്രമുഖ സ്വര്‍ണ വ്യാപാരികളുടെ തിരക്കഥയില്‍ മെനഞ്ഞിറങ്ങുന്ന അക്ഷയ തൃതിയ രാജ്യത്തെ ശൈശവ വിവാഹത്തിന് പോലും കാരണമാകുന്നു. അത് സാധൂകരിക്കുന്ന കണക്കുകളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നതും. യൂണിസെഫിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് ചില്‍ഡ്രന്‍ 2012 റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ശൈശവ വിവാഹങ്ങളില്‍ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് ശൈശവ വിവാഹം വര്‍ധിക്കുന്നത് നമ്മുടെ സാംസ്‌കാരിക പിന്നോക്കാവസ്ഥയെയാണ് എടുത്തു കാണിക്കുന്നതെന്നും യൂണിസെഫിന്റെ പഠന റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

എല്ലാമേഖലയിലുമെന്നപ്പോലെ ശൈശവ വിവാഹത്തിന്റെ ദാരുണ പ്രത്യാഘാതങ്ങള്‍ക്ക് വിധേയരാകുന്നത് പെണ്‍കുട്ടികളാണ്. സമകാലിക കുടുംബങ്ങള്‍ പെണ്‍കുട്ടികളെ ബാധ്യതയായി മാത്രം കരുതുന്നിടത്തുനിന്ന് ശൈശവ വിവാഹമെന്ന ദുരാചാരം ശക്തി പ്രാപിക്കുന്നു. സ്ത്രീകളുടെയും, പെണ്‍കുട്ടികളുടേയും അവകാശങ്ങളും ആനൂകൂല്യങ്ങളും വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍, അരികുകളിലേക്ക് ഞെരുക്കപ്പെട്ടവരുടെ രോദനങ്ങള്‍ മാത്രമാണ് അവര്‍ക്ക് കൈമുതല്‍. ആ കനലില്‍ പരന്ന ചാരം മാത്രമാകുന്നു ശൈശവ വിവാഹം.

പെണ്‍കുട്ടികളെ എന്നും രണ്ടാംതരസമൂഹത്തില്‍ പ്രതിഷ്ഠിക്കാനാണ് എന്നും എല്ലാവരും ശ്രമിച്ചിട്ടുള്ളത്. സ്വന്തം ജീവിതത്തിലെ സുപ്രധാനകാര്യങ്ങളില്‍ നിലപാടുകള്‍ എടുക്കാനോ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാനോ സാധിക്കാത്ത തരത്തില്‍ പെണ്‍കുട്ടികളെ സമൂഹം നിരവധി അലിഖിത ചട്ടക്കൂടുകള്‍ക്കുള്ളില്‍ പൂട്ടാതെ പൂട്ടിയിട്ടിരിക്കുന്നു. മികച്ച വിദ്യാഭ്യാസം നേടി സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യം നിലവില്‍ ഉണ്ടെന്നിരിക്കിലും സമൂഹത്തിനും കുടുംബത്തിനും അവളെ ഒരു ബാധ്യതയായിട്ട് കാണാനാണ് പരിഷ്‌കൃത സമൂഹത്തിനുപോലും താല്‍പ്പര്യം.

സ്വര്‍ണ കമ്പനികളുടെ ലേബലില്‍ ആഡംബര കാറുകളില്‍ വന്നിറങ്ങി നാട്ടില്‍പുറങ്ങളിലെ പെണ്‍കുട്ടികള്‍ ഉള്ളവീടുകളില്‍ കയറി സ്വര്‍ണത്തിന്റെ മായിക ലോകം ‘തീര്‍ക്കുന്ന’ തരംതാണ കച്ചവടതന്ത്രങ്ങള്‍ക്ക് വേദിയാകുകയാണ് വര്‍ത്തമാനകാലം. ഇന്‍സ്റ്റാള്‍മെന്റായും പണിക്കൂലി കുറച്ചും 24 കാരറ്റിന്റെ ഐ എസ് ഒ 916ന്റെ മേന്‍മ കാണിച്ചും സ്വര്‍ണം നല്‍കി പെണ്‍കുട്ടികളുടെ രക്ഷകരായി എത്തുന്ന ഈ ആട്ടിന്‍തോലിട്ടവര്‍ സമൂഹത്തിന്റെ ചിരപരിചിത സാംസ്‌കാരിക സമ്പന്നതയെ കച്ചവടം കണ്ണിലൂടെ കാണുകയാണ്.

18 വയസ്സാകുന്നതിന് മുന്‍പെ മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്കുള്ള വരനെ തേടിയുള്ള പരക്കംപാച്ചില്‍ ആരംഭിക്കുന്നതെന്തുകൊണ്ട്? അവരെ എത്രയും പെട്ടെന്ന് സുരക്ഷിത കരങ്ങളില്‍ എത്തിക്കാന്‍ എന്നതാകും ന്യായം. അപ്പോള്‍ രണ്ട് ചോദ്യങ്ങള്‍ അവര്‍ക്ക് നേരെ ഉയരുന്നുണ്ട്. നിങ്ങളുടെ കരങ്ങളില്‍ നിങ്ങളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലേ? അവള്‍ നിങ്ങള്‍ക്ക് ഒരു ബാധ്യതയാണോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി പറയുവാന്‍  നിരവധി മുടന്തുന്യായങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഘോരംഘോരം പ്രസ്താവനകള്‍ പുറത്തിറക്കുന്നവര്‍ തന്നെയാണ് അവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലും മുന്‍പില്‍.

ഭൂരിഭാഗം കുടുംബങ്ങളിലേയും ശൈശവ വിവാഹത്തിലേക്ക് നയിക്കുന്നത് ആചാരങ്ങള്‍ക്കപ്പുറത്ത് നിത്യപട്ടിണിയെന്ന നഗ്നയാഥാര്‍ത്ഥ്യവുമുണ്ട്. വിവാഹത്തെ ജീവിതത്തിലെ അനന്യസദൃശ സന്ദര്‍ഭം എന്ന ഫ്രെയിമില്‍ കാണുന്നതില്‍ നിന്നും മാറി കേവലം കച്ചവടക്കണ്ണോടെ മാത്രം കാണുന്നവരും ചുരുക്കമല്ല. സ്ത്രീധനം വാങ്ങിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണെങ്കിലും അത് ഇന്നും പരസ്യമായി നടക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹം കഴിയുന്നതോടെ കുടുംബത്തിന് അവളിലുള്ള ഉത്തരവാദിത്വം കഴിഞ്ഞെന്നാണ് വെപ്പ്. കുടുംബത്തിലെ ചെലവുക്കുറക്കലിനെ പോലും ഉന്നംവെച്ചുക്കൊണ്ടാണ് വടക്കന്‍ സംസ്ഥാനങ്ങില്‍ ശൈശവ വിവാഹങ്ങള്‍!

രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശൈശവ വിവാഹങ്ങള്‍ ഏറ്റവും അധികം. ഇതില്‍ രാജസ്ഥാനില്‍ 40 ശതമാനം പെണ്‍കുട്ടികളും 18 വയസ്സ് എത്തുംമുമ്പെ വിവാഹത്തിന് വിധേയരാകുന്നവരാണ്.  സാമൂഹികവും കുടുംബപരവുമായ ചുറ്റുപാടുകളില്‍ നിന്നും ഉണ്ടാകേണ്ട സ്ത്രീയുടെ സ്വാഭാവിക പരിണാമങ്ങള്‍ക്ക് തടയിട്ട് അവളെ കേവലം സാമ്പത്തിക ക്രയവിക്രിയത്തിനുള്ള ഒരു ഉപാധിയായിട്ട് മാത്രം കണക്കാക്കുന്നു.

ഇതിന് കോപ്പ് കൂട്ടാനായി രാജ്യത്തെ സ്വര്‍ണ വ്യവസായികളും പരോക്ഷമായി രംഗത്തിറങ്ങിയിരിക്കുന്നു. സ്വര്‍ണ കമ്പനികളുടെ ലേബലില്‍ ആഡംബര കാറുകളില്‍ വന്നിറങ്ങി നാട്ടില്‍പുറങ്ങളിലെ പെണ്‍കുട്ടികള്‍ ഉള്ളവീടുകളില്‍ കയറി സ്വര്‍ണത്തിന്റെ മായിക ലോകം ‘തീര്‍ക്കുന്ന’ തരംതാണ കച്ചവടതന്ത്രങ്ങള്‍ക്ക് വേദിയാകുകയാണ് വര്‍ത്തമാനകാലം. ഇന്‍സ്റ്റാള്‍മെന്റായും പണിക്കൂലി കുറച്ചും 24 കാരറ്റിന്റെ ഐ എസ് ഒ 916ന്റെ മേന്‍മ കാണിച്ചും സ്വര്‍ണം നല്‍കി പെണ്‍കുട്ടികളുടെ രക്ഷകരായി എത്തുന്ന ഈ ആട്ടിന്‍തോലിട്ടവര്‍ സമൂഹത്തിന്റെ ചിരപരിചിത സാംസ്‌കാരിക സമ്പന്നതയെ കച്ചവടം കണ്ണിലൂടെ കാണുകയാണ്.

പരമ്പരാഗത കാലം മുതല്‍ക്കെ ഇന്ത്യയില്‍ ശൈശവ വിവാഹമുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന തരത്തിലുള്ള ഒന്നല്ലായിരുന്നു അവ. ദാമ്പത്യത്തില്‍ പുലര്‍ത്തേണ്ട പരസ്പര സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും പൂര്‍ണ്ണത തേടിയുള്ള ഒരുക്കത്തിന്റെ ആദ്യഘട്ടമായിരുന്നു പരമ്പരാഗത കാലത്തെ ശൈശവ വിവാഹം. വെറും ചടങ്ങായി നിലനിന്നിരുന്ന ഈ ആചാരം സാധാരണ നടക്കാറുള്ളത് കുട്ടികള്‍ക്ക് അഞ്ചോ ആറോ വസ്സുള്ളപ്പോഴാണ്.

പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വിവാഹ പ്രായമാകുമ്പോള്‍ ഇരുവരുടേയും വിവാഹം നടക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് ആ ആചാരത്തിന് പല ഭാവഭേദങ്ങളും വന്നിരിക്കുന്നു. എല്ലാം കച്ചവട ലാക്കോടെ മാത്രം കാണുന്ന സമൂഹത്തിന്റെ ദാരുണമുഖമായി അധപതിച്ചിരിക്കുന്നു ഈ പ്രാചീന ആചാരം. ഇക്കഴിഞ്ഞ അക്ഷയതൃതിയ വേളയില്‍ രാജസ്ഥാനില്‍ നിരവധി ശൈശവ വിവാഹങ്ങളാണ് നടന്നത്.

സാംസ്‌കാരത്തിന്റേയും ആചാരങ്ങളുടേയും ന്യായ വാദങ്ങളുടെ അടിത്തറയില്‍ നടത്തുന്ന ശൈശവ വിവാഹങ്ങള്‍ വരുംതലമുറയുടെ ആരോഗ്യഭാവിക്ക് മേലും ചോദ്യചിഹ്നം ഉയര്‍ത്തുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത അമ്മമാര്‍ ജന്‍മം നല്‍കുന്ന ഭൂരിപക്ഷം കുട്ടികളും ഭാരക്കുറവുള്ളവരാണ്. ഇതുമൂലം ഒരു വയസ്സാകുന്നതിന് മുമ്പ് മരണമടയുന്ന കുട്ടികളുടെ നിരക്ക് വര്‍ധിക്കുന്നു. യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം 20നും 24 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 22 ശതമാനം അമ്മമാരും 18 വയസ്സിനു മുന്‍പേ അമ്മമാരായവരാണ്. ഇവര്‍ എല്ലാവരും ശാരീരികമായ പക്വതയെത്തും മുമ്പെ ഗര്‍ഭിണികളായവരാണ്.

ഇത് ഇവരുടെ ആരോഗ്യസ്ഥിതിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പാഹരിയ ഗോത്രവര്‍ഗ്ഗങ്ങളിലെ പെണ്‍കുട്ടികള്‍ 14ഉം 15ഉം വയസ്സിനിടയില്‍ ദാമ്പത്യത്തിലേക്ക് കടക്കുന്നു. ഇവിടെയുള്ള ശിശുമരണനിരക്കും മാതൃമരണ നിരക്കും മൊത്തം സംസ്ഥാനത്തിന്റെ മരണനിരക്കിനേക്കാള്‍ മൂന്നിരിട്ടിയാണത്രെ. ഒറീസ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പലഗ്രാമങ്ങളിലും ഇതേ സ്ഥിതിയാണ്. രാജ്യത്തെ 20 വയസ്സു പ്രായമുള്ള 60 ശതമാനം അമ്മമാരും ഗര്‍ഭിണിയായിരിക്കുമ്പോഴൊ പ്രസവസമയത്തൊ മരണമടയുന്നു. 43 ശതമാനം പേരും തങ്ങളുടെ ആദ്യപ്രസവത്തിലേ മരണത്തിന് കീഴ്‌പെടുന്നു.

ശൈശവ വിവാഹം ഉന്‍മൂലനം ചെയ്യാന്‍ 2006ല്‍ ശൈശവ വിവാഹ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം രക്ഷിതാക്കള്‍ക്ക് പുറമേ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ ഈ നിയമം ഒരിക്കലും നടപ്പിലാകുന്നില്ല എന്നതാണ് വസ്തുത.

നിയമം നടപ്പിലാക്കാന്‍ എത്തുന്ന നിയമപാലകരെ ഗ്രാമവാസികള്‍ കൈകാര്യം ചെയ്ത സംഭവങ്ങള്‍ എത്രവേണമെങ്കിലും ഉണ്ട്. പല നിയമപാലകരും കൈക്കൂലി വാങ്ങി ശൈശവ വിവാഹത്തിന് മൗനാനുമതി നല്‍കുന്നുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം. ആന്ധ്രാപ്രദേശിലെ ചിലയിടങ്ങളില്‍ നിയമപാലകരുടെ സാന്നിദ്ധ്യത്തില്‍പോലും നിരവധി ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

സമൂഹത്തിന്റെ ബാധ്യതയല്ല, സമ്പത്താണ് സ്ത്രീകളെന്ന് മനസ്സിലാകുന്നിടത്ത് മാത്രമാണ് ഇത്തരം സാമൂഹിക അനാചാരങ്ങള്‍ വലിച്ചെറിയപ്പെടുക. ഒപ്പം കഴുത്തറ്റം മുതല്‍ മുട്ടറ്റം വരെ അണിയുന്ന സ്വര്‍ണ ആഭരണങ്ങളുടെ മഞ്ഞശബളിമയില്‍ മാത്രം ഒതുങ്ങുന്നതല്ല ദാമ്പത്യമെന്നും മനസ്സിലാക്കണം. സ്ത്രീ അമ്മയാണ്, പൂജിക്കപെടേണ്ടവളാണ്, സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നത് പലകുറി ഉരുവിടുന്നവര്‍ ഇക്കാര്യങ്ങള്‍ സ്വജീവിതത്തിലും നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. കറിവേപ്പിലയാണ് സ്ത്രീകളെന്ന ഉപഭോഗസമൂഹത്തിന്റെ പ്രതിലോമചിന്താഗതി മാറണം.

സ്ത്രീയുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കിയും അവരുടെ അവകാശങ്ങള്‍ ഹനിക്കാതെയും മുഖ്യധാരാ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ അവളുടെ സ്വാതന്ത്ര്യം പൂര്‍ണമാകുന്നുള്ളൂ.

 

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar