Stay Connected:

Indiavision Live | Malayalam News Channel

ഞാനും അറിയുന്നുണ്ട് ഈ മാറ്റം

 | Published: June 6, 2012 Change Font size: (+) | (-)

മനീഷ് നാരായണന്‍

ചുരുങ്ങിയ കാലം മലയാളസിനിമയുടെ മുന്‍നിരയില്‍ കസേരയുറപ്പിച്ച താരമാണ് പൃഥ്വിരാജ്. തുറന്നു പറച്ചിലുകളും രഹസ്യവിവാഹവും സൈബര്‍ ആക്രമണവും താരമൂല്യത്തിന് പോറലേല്‍പ്പിച്ചപ്പോള്‍ ഇന്ത്യന്‍ റുപ്പീ എന്ന ചിത്രത്തിലൂടെ അഭിനേതാവെന്ന നിലയില്‍ വിമര്‍ശകരുടെ വായടപ്പിച്ചു. മലയാളസിനിമയുടെ രൂപഭാവപരിണാമത്തിനൊപ്പം ചുവടുറപ്പിക്കുമ്പോള്‍ പൃഥ്വിരാജ് മാറ്റത്തോട് മുഖം തിരിക്കുകയാണോ എന്ന സംശയം പ്രേക്ഷകരില്‍ ബാക്കി നില്‍ക്കുന്നു. ഹീറോയും സിംഹാസനവും അയ്യായും തുടങ്ങി പുതിയ ചിത്രങ്ങളേയും തുടര്‍നിലപാടുകളേയും കുറിച്ച്‌  പൃഥ്വിരാജ് വിശദീകരിക്കുന്നു.

പൃഥ്വിരാജിന്റെ ആക്ഷന്‍ ഹീറോ ഇമേജിന് കരുത്തു പകരുന്ന ചിത്രമായിരുന്നു ‘പുതിയമുഖം’. ആ ചിത്രം വലിയതോതില്‍ വിജയവും കൈവരിച്ചു. മലയാള സിനിമ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആക്ഷന്‍ ത്രില്ലറുമായി ‘ഹീറോ’ എത്തുന്നത്. ആക്ഷന്‍ ഹീറോ ഇമേജിനായാണോ ഈ തെരഞ്ഞെടുപ്പ്?

ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പെ ഞങ്ങള്‍ പറഞ്ഞിരുന്നു ഇതൊരു ക്ലീന്‍ കമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ ആണെന്ന്. ഒരാളുടെ ജീവിതവിജയം ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം. അയാളുടെ പ്രണയം, സ്‌നേഹബന്ധങ്ങള്‍, പ്രതികാരം, അയാളുടെ കുടുംബം അങ്ങനെ കഥാപാത്രമൂല്യമുള്ള ചിത്രം എന്നുതന്നെപറയാം.പ്രമേയത്തിലാണ് ഈ ചിത്രം വ്യത്യസ്തമാകുന്നത്. സിനിമക്കുള്ളിലെ ആക്ഷന്‍ എന്ന വിഭാഗം കൈകാര്യം ചെയ്യുന്ന ആക്ഷന്‍ മാസ്റ്റേഴ്‌സിന്റേയും ഫൈറ്റ് ആര്‍ട്ടിസ്റ്റുകളുടേയും ലോകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്.

ചിത്രത്തിലെ ‘ടാര്‍സണ്‍ ആന്റണി’ എന്ന് പറയുന്ന ഒരു ഡ്യൂപ്പ് ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് എനിക്ക്. ഒരു ആക്ഷന്‍ ചിത്രം എന്നതിലുപരി ആക്ഷനെക്കുറിച്ചുള്ള സിനിമയാണ് ‘ഹീറോ’. റൊമാന്‍സും , കോമഡിയും, പാട്ടുകളുമെല്ലാം ഉണ്ടെങ്കിലും ആക്ഷന്‍ കൂടുതല്‍ എടുത്തുകാണിക്കുന്ന ഒരു സിനിമ. സിനിമ കണ്ടിട്ട് എന്നെ വിളിച്ചവര്‍ എല്ലാം ചിത്രം ഇഷ്ടപ്പെട്ടുവെന്നാണ് പറഞ്ഞത്.

ഡ്യൂപ്പുകളുടെ ക്യാമറയില്‍ പതിയാതെ പോകുന്ന,പ്രേക്ഷകര്‍ അറിയാതെ പോകുന്ന ജീവിതം. ഡ്യൂപ്പില്ലാതൊയിരുന്നോ അഭിനയം?

തീര്‍ച്ചയായിട്ടും. സിനിമയുടെ ഒരു കഥാചര്‍ച്ചയില്‍ ആദ്യം ഞങ്ങള്‍ ഒരുമിച്ചിരുന്നപ്പോള്‍തന്നെ തീരുമാനിച്ചതാണ് ഇതിലെ കഥാപാത്രം ഒരു ഡ്യൂപ്പായാതുകൊണ്ട് അയാള്‍ക്കൊരു ഡ്യൂപ്പിനെ ഒരുക്കുക എന്നു പറയുന്നത് വിരോധഭാസമാണെന്നത്. മാത്രമല്ല ടാര്‍സണ്‍ ആന്റണി എന്ന് പറയുന്ന കഥാപാത്രത്തെ ആരാധകര്‍ ഉള്‍ക്കൊള്ളണമെങ്കില്‍ വളരെ അപകടകരമായി തോന്നിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ അയാള്‍തന്നെ ചെയ്യണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അതു കൊണ്ടാണ് ഇതിലെ സ്റ്റണ്ട് രംഗങ്ങള്‍ ഞാന്‍ തന്നെ ചെയ്തത്.

അതിന് എല്ലാവര്‍ക്കും ആത്മവിശ്വാസം തന്നത് ചിത്രത്തിന്റെ ആക്ഷന്‍ കോര്‍ഡിനേറ്റര്‍ കനല്‍ കണ്ണന്‍ ആണ്. അദ്ദേഹവുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം ഇക്കാര്യം ചെയ്യാമെന്ന് പറയുകയായിരുന്നു. അതിനുവേണ്ടിയുള്ള സേഫ്റ്റി റിക്വയര്‍മെന്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒരുക്കിത്തരുകയും ചെയ്തു. ചിത്രത്തില്‍ ഒരു ഡ്യൂപ്പ് ഷോട്ടു പോലുമില്ല. എല്ലാ രംഗങ്ങളും റിയല്‍ ടൈം അറ്റംപ്റ്റ് ആണ്. ചിത്രത്തിലെ ബൈക്ക് റേസിംഗ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ എല്ലാം ഞാന്‍ തന്നെയാണ് ചെയ്തത്.

അത്തരത്തില്‍ സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ജീവന്‍ പൊലിയുകയും ഗുരുതര നിലയില്‍ എത്തുകയും ചെയ്ത സ്റ്റണ്ട് ആര്‍ടിസ്റ്റുകള്‍ ഒത്തിരിപേരുണ്ട്. അങ്ങനെ സിനിമയുടെ പിന്നണിയില്‍ ആരും അറിയാതെ പോകുന്നവര്‍ക്കുള്ള ആദരം എന്ന നിലയില്‍ ഹീറോയെ കാണാമോ?

സിനിമയിലെ ഗ്ലാമര്‍ ഏറ്റവും കുറഞ്ഞ വിഭാഗമാണ് ആക്ഷന്‍. കാരണം ഇന്നുവരെ ചരിത്രത്തില്‍ ഒരു സിനിമയിലും മലയാള സിനിമയിലാണെങ്കില്‍ പോലും ഫൈറ്റ് മാസ്റ്റേഴ്‌സ് എന്ന പേരിനപ്പുറത്തേക്ക് മറ്റു ഫൈറ്റ് ആര്‍ട്ടിസ്റ്റുകളുടെ പേരുകളുടെ ക്രെഡിറ്റ് ലിസ്റ്റോ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകളുടെ ക്രെഡിറ്റ് ലിസ്റ്റോ നമ്മള്‍ ആരും കാണാന്‍ ഇടവന്നിരിക്കില്ല. അതുകൊണ്ട് സിനിമയില്‍ ഒട്ടുതന്നെ പരിഗണിക്കപെടാത്ത ഒരു മേഖലയാണ് ഫൈറ്റിംഗ്. ചെയ്യുന്ന ജോലിക്ക് പണത്തിലധികം മറ്റൊരു അംഗീകാരവും ലഭിക്കാത്ത മേഖലയാണിത്. അപ്പോള്‍ അവര്‍ക്കുള്ള ഒരു ആദരവ് കൂടിയാണ് ഹീറോ.

'ഹീറോ'യില്‍ പൃഥ്വിരാജും യാമി ഗൗതമും

ഹീറോ എന്ന സിനിമ ജനിക്കുന്നത് തന്നെ ദീപനും ഞാനും തമ്മിലുള്ള സുഹൃത് ബന്ധത്തിന്റെ ഫലമായാണ്. പുതിയമുഖം ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സമ്മര്‍ദ്ദങ്ങമൊ പ്രതീക്ഷയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം അന്ന് ആ സിനിമ ഉറ്റുനോക്കിയ ഒന്നല്ലായിരുന്നു. ആ ചിത്രം കാണാന്‍ തിയറ്ററിലെത്തിയ പ്രേഷകര്‍ സര്‍പ്രൈസ് ആയി ആ സിനിമയെ സ്വീകരിക്കുകയായിരുന്നു.

പക്ഷെ പുതിയമുഖത്തിന്റെ വിജയം ബാധ്യതയാകാന്‍ പോകുന്നത് ഞങ്ങളുടെ രണ്ടാമത്തെ സിനിമയില്‍ ആയിരിക്കുമെന്ന് അന്നേ ഞങ്ങള്‍ മനസ്സിലാക്കിയ വസ്തുതയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു ഹിറ്റ് സിനിമ സൃഷ്ടിക്കാന്‍ സാധിച്ചിട്ടും രണ്ടര വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിക്കുന്ന അടുത്ത സിനിമക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നത്. കാത്തിരിക്കാന്‍ ദീപന്‍ തയ്യാറായി എന്നു പറയുന്നത് തന്നെയാണ് ആ സംവിധായകന്റെ വിജയമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഏതെങ്കിലും തരത്തില്‍ പൃഥ്വിരാജ് എന്ന ചെറുപ്പക്കാരന് ആക്ഷന്‍ സിനിമകള്‍ പാഷനായി മാറുന്നുണ്ടോ? കൃത്യമായി തെരഞ്ഞെടുപ്പ് ആക്ഷന്‍ ചിത്രങ്ങളില്‍ ഉണ്ടോ?

ആക്ഷന്‍ സിനിമ ചെയ്യണമെന്ന പരിഗണനയിലല്ല ഞാന്‍ ‘ഹീറോ’ എന്ന സിനിമയിലേക്ക് എത്തിയത്. യഥാര്‍ത്ഥത്തില്‍ എനിക്കിഷ്ടപ്പെട്ട വിഷയം കേട്ടപ്പോള്‍ ആ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു. അതൊരു ആക്ഷന്‍ സിനിമ ആയെന്ന് മാത്രം. ആക്ഷന്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. എന്റെ പ്രായവും ശരീരവും അനുവദിക്കുന്നതുവരെ ആ ഇഷ്ടം ഉണ്ടാകും. കുറച്ചുകാലം കഴിഞ്ഞാല്‍ അത് സാധിക്കില്ലായിരിക്കാം. അല്ലാതെ ആക്ഷന്‍ സിനിമകളോട് പ്രത്യേക താല്‍പ്പര്യമൊന്നും എനിക്കില്ല.

മലയാളസിനിമ മാറ്റത്തിന് വിധേയമാകുമ്പോഴും അത്തരം സിനിമകള്‍ ഉണ്ടാവണമെന്ന് തുടക്കം നിര്‍ബന്ധം പിടിക്കുന്ന താങ്കള്‍ ഒറ്റനായക സിനിമകളിലേക്ക് ഒതുങ്ങുകയാണോ, ഹീറോ ടാര്‍സണ്‍ ആന്റണിയുടെ വീരഗാഥയല്ലേ?

ഈ ചിത്രം ക്യാരക്ടര്‍ ഡ്രൈവണ്‍ ചിത്രമാണെന്ന് നേരത്തെ പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് ഒരു നടനെ മാത്രം കേന്ദ്രീകരിച്ച് എഴുതപ്പെട്ട് തിരക്കഥയാണെന്നല്ല. എനിക്ക് പുറമെ അനൂപ് മേനോന്‍, ശ്രീകാന്ത്, ബാല എന്നിങ്ങനെയുള്ള താരനിര ചിത്രത്തിലൂണ്ട്. ഇവരും ഈ ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളാണ്. വാസ്തവത്തില്‍ ആന്റണി എന്ന കഥാപാത്രത്തിന്റെ ഹീറോയിസം ത്രൂഔട്ട് സിനിമയില്‍ വര്‍ക്ക് ഔട്ട് ആയിട്ടില്ല. ഇയാള്‍ പല സാഹചര്യങ്ങളിലൂടെയും ഭാഗമാകുന്നുവെന്ന് മാത്രം. ഇതിലുള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും പൂര്‍ണതയുണ്ട്.


പൃഥ്വിരാജ് വേണ്ടെന്ന് വച്ച അല്ലെങ്കില്‍ മറ്റു കാരണങ്ങളാല്‍ ഹീറോയില്‍ എത്തിയപ്പോള്‍ മാറ്റിവെച്ച മല്ലൂസിംഗ് എന്ന സിനിമയും കൂടുതല്‍ പ്രേഷകരുമായി തിയറ്ററിലുണ്ട്. ഇതിനോടാകുമോ ഹീറോ മത്സരിക്കുന്നത്?

ഹീറോ മറ്റ് ഒരു സിനിമയായിട്ടും മത്സരിക്കുന്നില്ല. എന്റെ ഒരു സിനിമ റിലീസ് ചെയ്തു. അത് വേറൊരു സിനിമയുമായി മത്സരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച സിനിമയൊന്നുമല്ല. ഈ സിനിമ കാണുന്ന പ്രേഷകര്‍ ഈ സിനിമ ഇഷ്ടപ്പെട്ട് സിനിമയെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ സിനിമകളും ഓടട്ടെ, എല്ലാ സിനിമകള്‍ക്കും പ്രേഷകരുണ്ടാവട്ടെ എന്നാണ് എന്റെ ആഗ്രഹം.

തമിഴില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകുന്നില്ല എന്ന പരിഭവം തീര്‍ക്കാനാണൊ ഹീറോയ്‌ക്കൊപ്പം തമിഴ് നാട്ടില്‍ ‘ഉറുമി’ റിലീസ് ചെയ്യുന്നത്?

ആദ്യമായിട്ടായിരിക്കും ഒരു നടന്റെ രണ്ട് ഭാഷകളിലുള്ള രണ്ട് ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യപ്പെടുന്നത്. അത് മലയാളത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട സിനിമ നേടിയ വലിയ നേട്ടമാണ്. ‘ഉറുമി’ കണ്ട് നടന്‍ വിജയ് നല്ല രീതിയില്‍ സംസാരിച്ചു. ആ ചിത്രത്തിന് അന്യനാട്ടില്‍ നിന്നു ലഭിച്ച സ്വീകാര്യത ആ സിനിമയുടെ ഭാഗമായി നിന്ന എനിക്ക് അഭിമാനം തന്നെയാണ്.


പൃഥ്വിരാജ് എന്ന അഭിനേതാവിനോട് സംസാരിച്ചപ്പോഴെല്ലാം മലയാള സിനിമയില്‍ വലിയതോതില്‍ മാറ്റമുണ്ടാകണമെന്ന ഒരു ചെറുപ്പക്കാന്റെതായ നിലപാടുകള്‍ ഉണ്ടായിരുന്നു. മലയാള സിനിമ ഒരു തരത്തില്‍ മാറുന്നുമുണ്ട്. ന്യൂ ജനറേഷന്‍ ഫിലിംസ് വരുന്ന കാലം. പക്ഷെ ‘ഇന്ത്യന്‍ റുപ്പീ’ മാറ്റി നിര്‍ത്തിയാര്‍ അത്തരം സിനിമകളില്‍ പൃഥ്വിരാജിനെ കാണാനില്ല. വരാനിരിക്കുന്ന ‘സിംഹാസനം’പോലും ഒരാക്ഷന്‍ ത്രില്ലറാണ്.

'പുതിയ മുഖ'ത്തില്‍ പൃഥ്വിരാജും മീരാ നന്ദനും

എല്ലാവരും വേണ്ടിടത്തും വേണ്ടാത്തിടത്തും ഉയോഗിക്കുന്ന ഒരു പ്രയോഗമാണെന്ന് തോന്നുന്നു ന്യൂ ജനറേഷന്‍ സിനിമ എന്നത്. സത്യത്തില്‍ അത് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.  നിങ്ങള്‍ ഉദ്ദേശിക്കുന്നത് നല്ല സിനിമകളാണെങ്കില്‍ അത് കഴിഞ്ഞ വര്‍ഷം നാല് നല്ല സിനിമകള്‍ എന്റേതായിട്ടുണ്ട്. ഉറുമി, മാണിക്യകല്ല്, ഇന്ത്യന്‍ റുപ്പി, വീട്ടിലേക്കുള്ള വഴി. നാലും നല്ല സിനിമകളാണെന്നാണ്‌ എന്റെ വിശ്വാസം.

എന്റെ സാന്നിധ്യമുള്ള ‘മഞ്ചാടിക്കുരു’ എന്ന ചിത്രമുണ്ട്. 2008ല്‍ ചിത്രീകരണം കഴിഞ്ഞ ചിത്രമാണിത്. ന്യൂ ജനറേഷന്‍ എന്ന് പറയുന്ന സിനിമ ഇന്ന് നിലവിലുണ്ടെങ്കില്‍  ആ ഗണത്തില്‍ പെടുത്താവുന്ന ആദ്യത്തെ ചിത്രമായിരിക്കും ‘മഞ്ചാടിക്കുരു’. അത് റിലീസ് ചെയ്തത് ഇപ്പോഴാണെന്ന് മാത്രം. അപ്പോള്‍ ഞാന്‍ അത്തരം സിനിമകളുടെ ഭാഗമാകുന്നില്ലേ എന്ന് ചോദിച്ചാല്‍ എനിക്ക് പറയാനുള്ളത്. ഞാന്‍ നല്ല സിനിമയുടെ ഭാഗമാകുന്നുണ്ട് എന്നാണ്. പിന്നെ ‘സിംഹാസനം’ ഒരു ആക്ഷന്‍ ചിത്രമല്ല അതൊരു സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമ ആണ്.

ബോളിവുഡ് അരങ്ങേറ്റമായ ‘അയ്യാ’ എന്ന് തിയറ്ററുകളിലെത്തും, തുടര്‍ന്നും ബോളിവുഡിലേക്കുണ്ടോ?

ആ സിനിമയുടെ ഷൂട്ടിംഗ് മുഴുവന്‍ കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുവരികയാണ്. റിലീസ് സെപ്തംബര്‍ അവസാനം ആയിരിക്കും. തീര്‍ച്ചയായും സൗത്ത് ഇന്ത്യയിലും അതിന്റെ റിലീസിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോളിവുഡില്‍ നിന്ന് ചില ചിത്രങ്ങളിലേക്ക് കൂടി ക്ഷണമുണ്ടായിരുന്നു. സൂക്ഷ്മതയോടെയുള്ള തെരഞ്ഞെടുപ്പിലൂടെയാകും അടുത്ത ബോളിവുഡ് ചിത്രവും.

ആഗസ്റ്റ് സിനിമ എന്ന സ്വന്തം നിര്‍മ്മാണക്കമ്പനി ‘ഇന്ത്യന്‍ റുപ്പി’ക്ക് ശേഷം നിശബ്ദമായോ?

ഇന്ത്യന്‍ റുപ്പിക്ക് ശേഷം പ്ലാന്‍ ചെയ്തത് ‘അരിവാള്‍ ചുറ്റിക നക്ഷത്ര’മായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന, ശങ്കര്‍ രാമകൃഷ്ണന്‍ എഴുതുന്ന മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന സിനിമ. അത് ഇനി എന്ന് നടക്കും എന്നത് മമ്മൂട്ടി തന്നെ പറയണം. അദ്ദേഹം പറയുന്ന സമയത്തേ അത് ചെയ്യാന്‍ സാധിക്കൂ. അതല്ലാതെ മറ്റൊരു പ്രൊജക്ട്ടും പരിഗണനയിലാണ് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഉടന്‍ തന്നെ ആഗസ്റ്റിന്റെ ഒരു ചിത്രമുണ്ടാകും.

ആന്റി പൃഥ്വിരാജ് ഫാക്ടര്‍ സൈബര്‍ ലോകത്തും തിയറ്ററുകളിലേക്കും വ്യാപിച്ചത്. അത് അവസാനിച്ചോ?
പൃഥ്വിരാജ് എന്ന വ്യക്തിയേക്കാള്‍ അഭിനേതാവിനെയാണ് പ്രേക്ഷകര്‍ പരിഗണിക്കുന്നത്. നല്ല സിനിമകള്‍ക്കൊപ്പം ആ സിനിമകളിലെ അഭിനേതാവിനെയും പ്രേക്ഷകര്‍ സ്വീകരിക്കും. ‘ഇന്ത്യന്‍ റുപ്പി’ ഇതിന് ഉദാഹരണമായിരുന്നു. ‘ഹീറോ’യും ഇത്തരത്തില്‍ പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം.

ഹീറോയ്ക്ക് ശേഷം?

‘സിംഹാസനം’ പൂര്‍ത്തിയാക്കാനുണ്ട്. അതിന് ശേഷം ലാല്‍ ജോസിന്റെ ചിത്രം. രഞ്ജിത് ശങ്കറിന്റെ ‘മോളി ആന്റി റോക്‌സി’ല്‍ രേവതിക്കൊപ്പം അഭിനയിക്കുന്നു. അമല്‍ നീരദിന്റെ ‘ബാച്ചിലര്‍ പാര്‍ട്ടി’,  ഡോ.ബിജുവിന്റെ ‘ആകാശത്തിന്റെ നിറം’ എന്നീ സിനിമകള്‍ തിയറ്ററുകളിലെത്താനിരിക്കുന്നു.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar