Stay Connected:

Indiavision Live | Malayalam News Channel

മറ്റൊരു മഴക്കാലം വരുമ്പോള്‍..

ബെന്യാമിന്‍ | Published: June 6, 2012


കേരളത്തില്‍ മറ്റൊരു മഴക്കാലം കൂടി വരികയാണ്. ഇന്നലെ വരെ മഴയില്ലാത്തതിനെ ഓര്‍ത്ത് വിലപിച്ചുകൊണ്ടിരുന്ന മലയാളി ഇപ്പോള്‍ മുതല്‍ മഴ ഒന്ന് മാറാത്തതിനെ ശപിച്ചു തുടങ്ങും. ഇന്നലെ വരെ മാലിന്യങ്ങള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞവര്‍ ഇന്ന് അതുമൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പരാതി പറയാന്‍ തുടങ്ങും.

വെള്ളം കയറിയതിനെക്കുറിച്ചും വെള്ളം ഇറങ്ങിയതിനെക്കുറിച്ചും രോഗം വന്നതിനെക്കുറിച്ചും ഒക്കെ വാഗ്വാദങ്ങളും തര്‍ക്കങ്ങളും ആരോപണപ്രത്യാരോപണങ്ങളും പൊടിപൊടിക്കും. അങ്ങനെ ഒരു വലിയ മഴക്കാലം നമ്മുടെ മുന്നിലൂടെ ഒലിച്ചുപോകുകയും ചെയ്യും.

ഇതര ലോക സമൂഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നാളെകളെ ഓര്‍ത്ത് വല്ലാതെ വേവലാതിപ്പെടുന്ന ഒരു സമൂഹമാണ് നമ്മള്‍. മറ്റു പലരെക്കാളും അധികം നാളെകള്‍ക്കുവേണ്ടി സംഭരിക്കാന്‍ നാം കേമരുമാണ്. പക്ഷേ ആ സംഭരണ ജാഗ്രത പണത്തിന്റെ കാര്യത്തിലും സ്വര്‍ണത്തിന്റെ കാര്യത്തിലും മാത്രം മതി എന്നാണ് മലയാളി ധരിച്ചു വച്ചിരിക്കുന്നത് എന്നു തോന്നുന്നു.

കുന്നുകൂടുന്ന പണത്തേക്കാളും സ്വര്‍ണത്തേക്കാളും അധികം വിലപിടിപ്പുള്ള സമ്പത്തുകളായ  പ്രകൃതി – കാടുകള്‍, ജലം, മണ്ണ്, ശുദ്ധവായു എന്നിവയൊക്കെ നാളെകള്‍ക്കുവേണ്ടി സംരക്ഷിച്ചും സംഭരിച്ചും വയ്‌ക്കേണ്ടതാണ് എന്നൊരു ബോധ്യം ഇനിയും മലയാളിയുടെ മനസിലേക്ക് കടന്നുവന്നിട്ടേയില്ല. ആ വക കാര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം നാളെകളെക്കുറിച്ച് മറന്നുപോകുന്നു. ഇന്നുകളില്‍ മാത്രം അഭിരമിക്കുന്നവര്‍ ആകുന്നു. ഇതൊക്കെ എല്ലാ കാലത്തേക്കും ഇതുപോലെ ഇവിടെയുണ്ടാവും എന്നാണ് നാം ധരിച്ചു വച്ചിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലോ ജാതിഭ്രാന്തിന്റെ പേരിലോ മാത്രമാവില്ല ലോകത്തിലെ ഏറ്റവും അമൂല്യമായ ശുദ്ധജലം കണ്‍മുന്നിലൂടെ ഒഴികിപ്പോകുന്നത് കൈയ്യും കെട്ടി നോക്കിനിന്നവര്‍ എന്നതിന്റെ പേരില്‍ കൂടിയാവും നാളത്തെ തലമുറ നമ്മെ ഭോഷന്മാര്‍ എന്നു വിളിക്കാന്‍ പോകുന്നത്. അത്രയ്ക്കും ഉത്തരവാദിത്വരാഹിത്യമാണ് നാം ജലത്തിന്റെ ഉപയോഗത്തിലും സംഭരണത്തിലും വച്ചുപുലര്‍ത്തുന്നത്.

നാളത്തെ ആഗോള യുദ്ധങ്ങളത്രയും ജലത്തെ മുന്‍നിറുത്തിയായിരിക്കും എന്നത് പ്രവചിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഗോലാന്‍ കുന്നുകളുടെ അവകാശത്തെച്ചൊല്ലി സിറിയയും ഇസ്രായേലും തമ്മിലുള്ള തര്‍ക്കങ്ങളും യുദ്ധങ്ങളും അതിന്റെ തുടക്കമാണ്. ഗോലാന്‍ കുന്നുകളല്ല അവിടെ പ്രശ്‌നം. അതിനോടു ചേര്‍ന്നു കിടക്കുന്ന ഗലീലക്കടല്‍ എന്ന ശുദ്ധജല തടാകമാണ്..!

ഇന്ത്യയിലെ തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍ നടക്കുന്ന പ്രധാന തര്‍ക്കങ്ങള്‍ ജലത്തെ ചൊല്ലിയാണെന്ന് നമുക്കറിയുകയും ചെയ്യാം. അവ മൂര്‍ച്ഛിക്കാന്‍ അധികം കാലം വേണ്ടിവരില്ല. പക്ഷേ നാം നമ്മുടെ പൈതൃകസ്വത്തായ ജലത്തിനു വേണ്ടി എന്തു ചെയ്യുന്നു..?

നീണ്ട നാളെകളെക്കുറിച്ച് തല്‍ക്കാലം നമുക്ക് മറക്കാം. വരുന്ന ചൂടുകാലത്തിനുവേണ്ടി, കുടിവെള്ള ക്ഷാമകാലത്തിനുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും..? കേരളത്തില്‍ പെയ്യുന്ന മഴയത്രയും ഭൂമിയില്‍ ഇറങ്ങാതെ ഒലിച്ചുപോകുന്നതുകൊണ്ടാണ് വേനല്‍ക്കാലത്ത് ഇത്ര ജലക്ഷാമം നമുക്കനുഭവപ്പെടുന്നത് എന്നാണ് വിദഗ്ധമതം.

മുന്‍ കാലങ്ങളില്‍ നമ്മുടെ ജലം തടഞ്ഞു നിര്‍ത്താനും സംഭരിക്കാനും നമുക്ക് ഓരോ ഗ്രാമത്തിലും നിരവധി കുളങ്ങള്‍ ഉണ്ടായിരുന്നു; നീര്‍തടങ്ങള്‍ ഉണ്ടായിരുന്നു; വെള്ളം വറ്റാത്ത പാടങ്ങളുണ്ടായിരുന്നു; തോടുകള്‍ ഉണ്ടായിരുന്നു. അതൊക്കെ പഴയകഥകള്‍. എന്നാല്‍ ഈ പുതിയ കാലത്തിലും നമുക്ക് ചിലതൊക്കെ ചെയ്‌തേ മതിയാവൂ. .

വീടുകളില്‍  മഴ സംഭരണികളുണ്ടാക്കാന്‍ നാം മടിക്കുന്നതെന്തിന്.? ഒരു ചൂടുകാലം കഴിഞ്ഞു കിട്ടാനുള്ള വെള്ളം നിശ്ചയമായും നമുക്കതില്‍ സംഭരിക്കാന്‍ കഴിയും. അതിനു പുറമെ ദീര്‍ഘകാല ജലസംരക്ഷണം എന്ന നിലയില്‍ ഗ്രാമങ്ങളില്‍ നീര്‍തടങ്ങളാവാം. പഴയ കുളങ്ങള്‍ ജീവിപ്പിച്ചെടുക്കുകയാവാം.

വെള്ളം കുത്തനെ ഒലിച്ചു പോകുന്നിടങ്ങളില്‍ തടയണകളാവാം. ഭൂമിയില്‍ നല്ലപോലെ ജലമിറങ്ങട്ടെ. വരണ്ടുപോയ നമ്മുടെ ഭൂമി ഇത്തിരി തണുക്കട്ടെ. നിശ്ചയമായും അവിടെ പുതിയ ഉറവകള്‍ നാമ്പിടും. അത് വേനല്‍ക്കാലത്ത് നമ്മുടെ കിണറുകളെ വറ്റാതെ കാക്കും.

വറ്റാത്ത കിണറുകളുള്ള ഒരു കേരളമാവും നമുക്ക് നാളത്തെ തലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം. അതിനുവേണ്ടി മലയാളി ഈ മഴക്കാലമെങ്കിലും പ്രയോജനപ്പെടുത്തുമോ..? അതോ മഴനൃത്തം ആസ്വദിച്ച് ഈ പുണ്യകാലം നമ്മള്‍ പാഴാക്കുകയും അടുത്ത വേനല്‍ക്കാലത്ത് വെള്ളവണ്ടിയ്ക്കായുള്ള ക്യൂവില്‍ സ്ഥാനം പിടിക്കുകയും ചെയ്യുമോ..?!!

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar