‘അഭിയും നാനും’ റീമേക്കില്‍ ആമിര്‍ഖാന്‍
ആരാധകരും സിനിമാലോകവും അപ്രതീക്ഷിതമെന്ന് പ്രതികരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ആമിര്‍ഖാന്റെ ശീലവും ശൈലിയുമാണ്. കോളിവുഡില്‍ നിന്ന് ഏ ആര്‍ മുരുകദോസും ഗൗതം മേനോനും ബോളിവുഡില്‍ നിന്ന് രോഹിത് ഷെട്ടിയും സഞ്ജയ് ലീലാ ബന്‍സാലിയുമെല്ലാം മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ ഡേറ്റ് കാത്തിരിക്കും കാലത്താണ് കോളിവുഡിലെ നടനും സംവിധായകനുമായ പ്രകാശ് രാജിന്റെ സിനിമയിലേക്കുള്ള ക്ഷണം ആമിര്‍ സ്വീകരിച്ചിരിക്കുന്നത്.
‘അഭിയും നാനും’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ആമിറിനെ നായകനാക്കി പ്രകാശ് രാജ് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ എന്ന നിലയില്‍ പ്രകാശ് രാജിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.
ആഗ്രഹം തോന്നുമ്പോള്‍ സംവിധായകന്റെ വേഷം കൂടി അണിയുന്ന ഇരുവര്‍ക്കുമിടയില്‍ പ്രത്യേക കെമിസ്ട്രിയുമുണ്ട്. കുട്ടികളിലൂടെ വലിയ കാര്യങ്ങള്‍ പറയാനാണ് രണ്ട് പേര്‍ക്കും താല്‍പ്പര്യം. താരേ സമീന്‍ പറും ധോണിയും ഉദാഹരണം. പ്രകാശ് രാജ് നിര്‍മ്മിച്ച അഭിയും ഞാനും എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹിന്ദിയിലേക്കെത്തുന്നത്.
അച്ഛനും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തിലൂടെ മനോഹരമായ കഥ പറഞ്ഞ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പ്രകാശ് രാജായിരുന്നു നായകന്‍. പ്രകാശ് രാജ് തന്നെയാണ് അഭിയും നാനും റീമേക്ക് കന്നഡയില്‍ സംവിധാനം ചെയ്തത്.
മകളെക്കുറിച്ചുള്ള ഉത്കണ്ഠകളുമായി ജീവിക്കുന്ന അച്ഛനാകാന്‍ തമിഴ് പതിപ്പ് കണ്ടയുടന്‍ ആമിര്‍ സമ്മതം മൂളിയെന്നാണ് വാര്‍ത്തകള്‍.മധ്യവസ്‌കനായും യുവാവായും രണ്ട് ഗെറ്റപ്പിലാണ് ആമിര്‍ ചിത്രത്തില്‍ കഥാപാത്രമാകുന്നത്. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സ് തന്നെ ഈ ചിത്രം ഹിന്ദിയില്‍ ഒരുക്കുമെന്നും വാര്‍ത്തകളുണ്ട്.
എതായാലും കാലത്തിനും പ്രായത്തിനുമൊത്ത് സിനിമകള്‍ തെരഞ്ഞെടുത്ത് ആമിര്‍ സിനിമാലോകത്തിന് മാതൃകയാവുകയാണെന്ന് ഉറപ്പായിരിക്കുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































