സോളാര്‍ ചാര്‍ജ്ജില്‍ ഭൂഖാണ്ഡാന്തര വിമാനയാത്ര
ലോകത്താകമാനം ഇന്ധനത്തിനുവേണ്ടിയുള്ള വാഗ്വാദങ്ങള്‍ നടക്കുമ്പോള്‍ സോളാര്‍ ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യമായി ഭൂഖണ്ഡാന്തര സര്‍വ്വീസ് നടത്തി. സ്‌പെയിനിലെ മാഡ്രിഡില്‍ നിന്നും മൊറോക്കന്‍ തലസ്ഥാനം റാബാറ്റിലേക്കായിരുന്നു ചരിത്രത്തില്‍ ഇടംപിടിച്ച യാത്ര. 19 മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയ വിമാനത്തിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് സ്വിസ്റ്റര്‍ലാന്റ് പൈലറ്റും സാഹസിക യാത്രികനുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡായിരുന്നു.
രാത്രിയിലും യാത്രക്കായി ഉപയോഗിക്കാവുന്ന ഈ വിമാനത്തിന്റെ ചിറകുകളിലാണ് സോളാര്‍ സെല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ സെല്ലുകള്‍ ശേഖരിക്കുന്ന ചാര്‍ജിനാല്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ചാണ് വിമാനം പ്രവര്‍ത്തിക്കുന്നത്. ലിഥിയം പോളിമറാണ് ചാര്‍ജ് സ്‌റ്റോര്‍ ചെയ്യാനുപയോഗിക്കുന്ന ബാറ്ററിയായി ഉപയോഗിക്കുന്നത്. 2014ഓടെ സോളാര്‍ ചാര്‍ജിനാല്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍ ലോകത്താകമാനം ഇറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 2,500 കിലോമീറ്റര്‍ യാത്ര ചെയ്തുകൊണ്ടുള്ള ഭൂഖണ്ഡാന്തര യാത്ര.
ലോകത്താദ്യമായി സ്വിസ്റ്റര്‍ലാന്റില്‍ 2010ലാണ് സോളാറിനാല്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യമായി ആകാശയാത്രക്കായി ഉപയോഗിച്ചത്. ഏറ്റവും ഉയരത്തില്‍ യാത്ര ചെയ്ത റെക്കോര്‍ഡും, ഏറ്റവുമധികം സമയം ആകാശത്ത് ചിലവഴിച്ചതിന്റെ റെക്കാര്‍ഡും അന്ന് ആ സോളാര്‍ വിമാനയാത്ര സ്വന്തമാക്കിയിരുന്നു.
ഇന്ധന ഉപഭോഗം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യനെന്ന പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സിനെ ഉപയോഗപ്പെടുത്താന്‍ ഏവര്‍ക്കും പ്രചോദനം നല്‍കുകയാണ് ഈ യാത്രക്കൊണ്ട് ഉദ്ദേശിച്ചതെന്ന് ആകാശയാത്രയുടെ സംഘാടകര്‍ അറിയിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































