മോണോറെയില്‍ വേണം, റേഷനരിയും…

‘നിദ്രയില്‍ കാണുന്നതല്ല സ്വപ്‌നം ; നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ്’ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരസ്യത്തിന്റെ ഏറ്റവും ആകര്‍ഷകഘടകമാണ്. എന്തുകൊണ്ടാണ് ഉറങ്ങാന്‍ അനുവദിക്കാത്തതെന്ന് സാധാരണക്കാര്‍ പറയും. വിശപ്പ് കത്തിക്കാളുമ്പോള്‍ ഉറക്കം വരില്ലെന്ന് അറിയാത്തവര്‍ ഭരണനേതാക്കള്‍ മാത്രമായിരിക്കും. മൂന്നുനേരം ആഹാരം കഴിക്കുക എന്നത് ആഡംബരമായി കരുതേണ്ടിവരുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട് .
ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് 25 കിലോഗ്രാം അരി നല്‍കുന്നതിനാല്‍ അത്തരക്കാരില്‍ പട്ടിണി ഇല്ലെന്ന് പറയാം. എ പി എല്‍ എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കാണ് മുണ്ട് മുറുക്കിയുടുത്ത് വിശപ്പിനെ സ്വപ്നംകൊണ്ട് നേരിടേണ്ടി വരുന്നത്. കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന റേഷന്‍ സംവിധാനം മുമ്പ് കേരളത്തില്‍ നിലവിലുണ്ടായിരുന്നു. അരിയും ഗോതമ്പും പഞ്ചസാരയും ന്യായവിലയ്ക്ക് കിട്ടിയിരുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് പകര്‍ന്ന ആശ്വസം ചെറുതല്ല. ഈ വിപണി ഇടപെടലിന്റെ ഫലമായി വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനായിരുന്നു.
എന്നാല്‍, പാവങ്ങളോട് സഹാനുഭൂതി ഉണ്ടായിരുന്ന നേതാക്കളുടെ എണ്ണം ചുരുങ്ങുകയും അധികാരം ഇടത്തരക്കാരുടെയും അതിന് മുകളിലുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താനാണെന്ന് വിശ്വസിക്കുന്ന പുതിയ ‘നേതൃത്വതലമുറ’ ഉയര്‍ന്നുവരികയും ചെയ്തതോടെ കഥ മാറി. റേഷന്‍ അരി വാങ്ങി ജീവിച്ചുപോന്നവരെ ഇത്തരക്കാര്‍ കാണാനോ പരിഗണിക്കാനോ മുതിര്‍ന്നില്ല. ബി പിഎല്‍ എന്ന് പരിഹസിച്ച് ‘ എന്തെങ്കിലും നക്കാപ്പിച്ച ‘ നല്‍കി ഒതുക്കാനായിരുന്നു ഇവര്‍ക്ക് താല്പര്യം. റേഷന്‍ അരി വാങ്ങി പട്ടിണി അകറ്റിയിരുന്ന എ പി എല്‍ വിഭാഗങ്ങളെ ഇവര്‍ മറന്നു. അതുകൊണ്ടുതന്നെ റേഷന്‍ കടകളും ഇക്കൂട്ടര്‍ മറന്നു! അവരുടെ മനസ്സില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ ബസാറുകളുമായിരുന്നു.
കൂണുപോലെ അവ നാട്ടിലെമ്പാടും മുളച്ചുപൊന്തിയപ്പോള്‍ ഇതാ വികസനത്തിന്റെ പുതിയ സൂര്യന്‍ ഉദിച്ചു എന്ന രീതിയില്‍ ഈ നേതാക്കള്‍ സംതൃപ്തിയോടെ ഏമ്പക്കം വിട്ടു!കോടികളുടെ നിക്ഷേപത്തിന്‍റ ബലത്തില്‍ പാവങ്ങളുടെ മുറുക്കാന്‍കട മുതല്‍ ചെറിയ നാട്ടുമുക്കിലെ ചായക്കടവരെ ഇക്കൂട്ടര്‍ പൂട്ടിച്ചു. അതേതുടര്‍ന്ന് തൊഴില്‍ രഹിതരായി ആത്മഹത്യ ചെയ്തവര്‍ ഒരു കണക്കിലും വന്നില്ല. അതിനെതിരായി ശബ്ദമുയര്‍ത്തിയവരെല്ലാം വികസനത്തിന്റെ ശത്രുക്കളായി.
അങ്ങനെ, ‘ വികസനം വന്നെനിക്കിരിക്കാന്‍മേലേ ‘ എന്നുപറഞ്ഞ അവസ്ഥയിലാണിപ്പോള്‍. അരിക്കും പച്ചക്കറിക്കും മീനിനും മുട്ടയ്ക്കും തുടങ്ങി ഭക്ഷണവസ്തുക്കള്‍ക്കെല്ലാം വില കുതിച്ചു കയറുമ്പോള്‍ ഇതൊന്നും വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ എന്തുചെയ്യുമെന്ന് ഭരണക്കാര്‍ ആലോചിക്കുന്നേയില്ല. തിരഞ്ഞെടുപ്പ് സമയത്ത് പണം ‘കൊണ്ടു മറിക്കുന്ന’ കരിഞ്ചന്തക്കാരന്റെയും കൊള്ളപ്പലിശക്കാരന്റെയും താല്പര്യം സംരക്ഷിക്കുക എന്നത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വവും മുഖ്യ ചുമതലയുമായി മാറുന്നത് ഈ സാഹചര്യത്തിലാണ്.
വിമാനത്താവള വികസനം മുഖ്യ അജണ്ട ആവുകയും ആശുപത്രികള്‍ അടിയന്തര നടപടി ആവശ്യമില്ലാത്ത സ്ഥാപനങ്ങളായി മാറുകയും ചെയ്യുന്നു. ആദായനികുതി കൊടുക്കാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മരുന്ന് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു.
നിലവിലത്തെ രീതിയനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ഉള്‍പ്പെടെയുളളവ സൗജന്യമാണ്. ദശകങ്ങളായി നിലനില്‍ക്കുന്നതാണ് ആ സംവിധാനം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആശുപത്രികളില്‍ മരുന്നുകള്‍ മാത്രമല്ല, കുറിപ്പെഴുതാനുള്ള കടലാസുപോലും ഇല്ലായിരുന്നു.
ആ സ്ഥിതിക്ക് ഏറെ മാറ്റം വരുത്താന്‍ പിന്നാലെ വന്ന വി എസ് സര്‍ക്കാരിനായി. ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതി ഇതിനായി കുറെയേറെ പരിശ്രമിച്ചു. അങ്ങനെ അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.
ഇനി ഒരത്യാഹിതം ഉണ്ടായാല്‍ ആശുപത്രിയില്‍ മരുന്ന് കിട്ടാന്‍ ആദായനികുതി കൊടുക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനായി ഓടിനടക്കണം എന്നുവരുന്നത് കഷ്ടമാണ്. ന്യായവിലയ്ക്ക് മരുന്ന് വിതരണം നടത്താന്‍ ‘കാരുണ്യ’ ഫാര്‍മസികള്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പിന്നെ, വല്ലാതെ പതുങ്ങുന്നതാണ് കണ്ടത്.
ഇതിനിടെ ഔഷധ വിതരണക്കാരുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഖ്യമന്ത്രിയെ കണ്ടതോടെ കുതിക്കാനൊരുമ്പെട്ട ‘കാരുണ്യ’ കിതക്കാന്‍ തുടങ്ങി. തുടങ്ങിയ ഒരെണ്ണംപോലും മുന്നോട്ടുകെണ്ടുപോകാനാവാതെ ഉഴറുന്ന ആ അവസ്ഥയില്‍ അതിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് തട്ടി സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഇതാണനുഭവം! അത് വാര്‍ത്തയായതോടെ ആ ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവന്നു. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ അവിസ്മരണീയമാക്കാമായിരുന്ന ഒരു നടപടിയാണ് അങ്ങനെ ചതഞ്ഞരഞ്ഞത്.
സംസ്ഥാനം മുഴുവന്‍ ചവറുകൂനകളാല്‍ നാറുകയാണ്. മഴ പെയ്തുതുടങ്ങി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുചുറ്റും ഉള്‍പ്പെടെ ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും പിടിമുറുക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും അങ്ങോട്ടുമിങ്ങോട്ടും കൊഞ്ഞനംകുത്തിക്കളിക്കുകയാണ്… ഭീകരദുരന്തങ്ങളെ വരവേല്‍ക്കാനിരിക്കുകയാണോ ഇവര്‍? ദുരന്തശേഷം നേതാക്കള്‍ക്ക് ഒരനുശോചന സന്ദര്‍ശനം മതി. പക്ഷേ, പാവങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന്റെ അത്താണിയാവാം, പ്രതീക്ഷയാവാം…അഞ്ചാം മന്ത്രിക്കുവേണ്ടിയുള്ള ആവേശമൊന്നും ഈ വാര്‍ഷികവേളയില്‍പ്പോലും പുതിയ മന്ത്രിയില്‍നിന്നുണ്ടാവുന്നില്ലല്ലോ…
തോട്ടിന്‍കരയില്‍ വിമാനത്താവളമുണ്ടാക്കുന്നത് നല്ലതാണ്. മോണോറെയിലും വരട്ടെ. നിക്ഷേപക സോണിലും അല്ലാത്തിടങ്ങളിലും പദ്ധതികള്‍ പെരുകട്ടെ. അതിവേഗ റെയില്‍ മാത്രമല്ല മറ്റുവാഹനങ്ങള്‍ക്കുള്ള ഇടനാഴികളോ പെരുവഴികളോ വരുന്നത് അഭികാമ്യമാണ്.
പക്ഷെ, ഇതിലുമെല്ലാം ആദ്യം വേണ്ടത് പട്ടിണിയകറ്റാനുള്ള, ഒരുനേരമെങ്കിലും ആഹാരം എല്ലാവര്‍ക്കും ഉറപ്പാക്കാനുള്ള നടപടിയാണ്. രോഗം വന്നാല്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കണം. ഒപ്പം, മൂക്കുപൊത്താതെ വഴി നടക്കാന്‍ കഴിഞ്ഞിരുന്ന ആ പഴയകാലം എന്നിനി തിരികെ വരുമെന്ന് പറഞ്ഞുതരാമോ?
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































