രാജ്യസഭയിലെ സൂര്യനെല്ലി

രാജ്യസഭയില്‍ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ജോയ് എബ്രഹാമാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സി പി നാരായണന്‍ സിപി(ഐ)എം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് മാറ്റിവെച്ച മൂന്നാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളു. പ്രൊഫ. പി ജെ കുര്യന്‍, വി എം സുധീരന്‍, തമ്പാനൂര്‍ രവി, ഷാനിമോള്‍ ഉസ്മാന്‍ എന്നീ പേരുകളാണ് പ്രധാനമായും കേള്‍ക്കുന്നത്.
നെയ്യാറ്റിന്‍കര സീറ്റ് ശെല്‍വരാജിന് കൊടുത്തതിന് പ്രത്യുപകാരം എന്ന നിലയ്ക്കാണ് തമ്പാന്നൂര്‍ജി രാജ്യസഭാംഗത്വം മോഹിക്കുന്നത്. മുസ്ലീം സമുദായാംഗം, വനിത എന്നീ പരിഗണനകളാണ് ഷാനിമോള്‍ പ്രതീക്ഷിക്കുന്നത്. പട്ടിക ജാതിക്കാരന്‍ എന്ന പരിഗണന വെച്ച് ഡോ. എംഎ കുട്ടപ്പന്‍ സ്വയം മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷെ മേല്‍പ്പറഞ്ഞ മൂന്ന് പേരുടേയും സാധ്യത അതി വിദൂരമാണ്.
വി എം സുധീരന്‍ ഒന്നാം തരം സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസുകാരനാണെങ്കിലും അഴിമതിക്കാരനല്ല. കരിമണല്‍ ഖനനമായാലും മദ്യനയമായാലും ഉറച്ച നിലപാട് ഉള്ള ആളാണ്. മുമ്പ് സ്പീക്കറായും മന്ത്രിയായും ലോക്‌സഭാംഗമായും കഴിവ് തെളിയിച്ചിട്ടുമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അമിത പരിഗണന കിട്ടുന്നു എന്ന പരാതിയുള്ള വര്‍ത്തമാന കാലഘട്ടത്തില്‍ ഭൂരിപക്ഷ സമുദായ അംഗം എന്ന അധിക യോഗ്യതയുമുണ്ട്.
1980 മുതല്‍ രണ്ട് പതിറ്റാണ്ടോളം ലോക്‌സഭാംഗമായിരുന്ന ആളാണ് പ്രൊഫ. പി.ജെ കുര്യന്‍. നരസിംഹറാവു മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. 1999-ല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനോട് തോറ്റു. 2004-ല്‍ മത്സരിച്ചില്ല. തൊട്ടടുത്ത വര്‍ഷം രാജ്യസഭാ സീറ്റ് തരപ്പെടുത്തി. ജനപഥിലെ പത്താം നമ്പര്‍ വസതിയില്‍ ആദ്യാവസാനക്കാരനാണ്. ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയുടെ ഉപാധ്യക്ഷനാകാം എന്ന് മോഹിക്കുന്നു.
പ്രസിദ്ധമായ സൂര്യനെല്ലി സ്ത്രീപീഡനക്കേസില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് കുര്യന്‍ജി. പെണ്‍കുട്ടിയുടെ മൊഴി മുഖവിലയ്‌ക്കെടുത്ത് 41 പേരെ പോലീസ് പ്രതികളാക്കി. എന്നാല്‍ തന്നെ പീഡിപ്പിച്ച തടിയന്‍ ഖദര്‍ധാരി പ്രൊഫ. പി ജെ കുര്യനായിരുന്നു എന്ന മൊഴി മാത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം കേസില്‍ നിന്ന് രക്ഷിച്ച പി ശശിയും എം കെ ദാമോദരനും തന്നെയാണ് കുര്യന്‍ജിയേയും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ പ്രതിപക്ഷ ബഹുമാനവും പ്രൊഫസര്‍ക്ക് തുണയായി.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയലാക്കി ഒരുപാട് കാലം കേസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുര്യന്‍ജിക്ക് അനുകൂലമായി അവസാനവിധി കല്‍പ്പിച്ചത് മറ്റാരുമല്ല, അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ (ആ നാമം വാഴ്ത്തപ്പെടട്ടെ).
ക്രൈസ്തവ സഭകളും മലയാള മനോരമയും കുര്യന്‍ജിക്ക് പിന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നു. അന്തോണീസ് പുണ്യാളന്റെ അനുഗ്രഹവും അദ്ദേഹത്തിനുണ്ട്. ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ച് സദാവിലപിക്കുന്ന സമുദായ നേതാക്കളോ? വെള്ളാപ്പള്ളി നടേശന് സുധീരനെ പണ്ടേ ചതുര്‍ത്ഥിയാണ്. സുകുമാരന്‍ നായരുടെ കാര്യവും ഒട്ടും വ്യത്യസ്ഥമല്ല. തിരുവിതാംകൂര്‍ ഭാഗത്ത് നായരുടെ വിപരീതപദമാണ് ഈഴവന്‍. കുര്യനാണെങ്കില്‍ പെരുന്നയില്‍ പൊരുന്നയിരിക്കുന്ന ആളാണ്. ആണ്ടോടാണ്ട് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് എത്താറുണ്ട്.
അങ്ങനെ സൂര്യനെല്ലി കുര്യന്‍ സര്‍വ്വ സമ്മതനായി വീണ്ടും രാജ്യസഭയിലേക്ക് പോകും എന്ന് ഉറപ്പിക്കാം. മദാമ്മ മനസ്സ് വെച്ചാല്‍ ഡെപ്യൂട്ടി ചെയര്‍മാനുമാകാം. ദയാപരനായ കര്‍ത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കേണമേ.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































