ടി പി വധം: വാഴപ്പടച്ചി റഫീഖ് അറസ്റ്റില്‍
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വാഴപ്പടച്ചി റഫീഖ് അറസ്റ്റില്‍. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവകാര്‍ നവീന്‍ദാസില്‍ നിന്ന് കൈമാറിയത് റഫീക്കായിരുന്നു. എന്നാല്‍ കാര്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നായിരുന്നു റഫീഖ് പറഞ്ഞിരുന്നത്.
ചോദ്യം ചെയ്യലില്‍ കൊലയെക്കുറിച്ച് റഫീഖിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം, ടി പി വധത്തിന്റെ ഗൂഢാലോചന നടന്നത് പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ വീട്ടിലെന്ന് അറസ്റ്റിലായ എം സി അനൂപ് മൊഴി നല്‍കി. മൊഴിയുടെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു. ബ്രാഞ്ച് സെക്രട്ടറി മനോജും എല്‍ സി അംഗം ജ്യോതിഷ് ബാബുവും ഗൂഢാലോചനയില്‍ പങ്കെടുത്തതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 24ന് റഫീഖില്‍ നിന്നും ഇന്നോവ കാര്‍ എടുത്തത് അനൂപാണ്. അന്ന് മുതല്‍ ചന്ദ്രശേഖരനെ പിന്തുടര്‍ന്നിരുന്നു. കൊല നടന്ന ദിവസം വണ്ടി ഓടിച്ചത് അനൂപായിരുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞനന്തനെ 23-ാം പ്രതിയാക്കി. അനൂപ് 26-ാം പ്രതിയാണ്. മനോജ് പതിനൊന്നാമതും ജ്യോതിഷ്ബാബു പതിമൂന്നാമതും പ്രതിസ്ഥാനത്താണ്. അനൂപിനും തിരിച്ചറിയല്‍ പരേഡ് വേണമെന്ന് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടു. അനൂപിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതിനിടെ കേസിലെ മുഖ്യപ്രതി ടി കെ രജീഷിനെ ഈ മാസം 20വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് വടകര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ടി പി വധക്കേസന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
ഇന്ന് കാലത്താണ് ടി കെ രജീഷിനെ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണസംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് രജീഷ് കോടതിയില്‍ മൊഴി നല്‍കി. മര്‍ദ്ദനം കാരണം നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും രജീഷ് വ്യക്തമാക്കി. മൊഴിയെ തുടര്‍ന്ന് രജീഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
ഇതിനിടെ ടി പി വധക്കേസില്‍ കസ്റ്റഡിയിലുള്ള സി പി ഐ(എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്റെയും ഏരിയാകമ്മിറ്റി അംഗം കെ കെ കൃഷ്ണന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി. ഈമാസം 26ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ടി പി വധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായി ആണെന്ന ആരോപണമാണ് സി എച്ച് അശോകന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താളത്തിനനുസരിച്ച് അന്വേഷണസംഘം തുള്ളുകയാണെന്നും ജാമ്യാപേക്ഷയില്‍ അശോകന്‍ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് അശോകന്റെ വാദം.
കേസില്‍ സി പി ഐ(എം) ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും മാറ്റിയിട്ടുണ്ട്. ഈ മാസം പതിനാറിലേക്കാണ് കുഞ്ഞനന്തന്റെ ജാമ്യഹര്‍ജി തലശ്ശേരി കോടതി മാറ്റിയത്. കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രജീഷിന്റെ അമ്മയുടെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































