ട്രാഫിക് നിയമലംഘകര്‍ക്കെതിരെ നടപടി
ജിദ്ദ: നിരന്തരം വാഹനാപകടങ്ങളിലും ട്രാഫിക് നിയമലംഘനങ്ങളിലും ഉള്‍പ്പെടുന്ന വിദേശി ഡ്രൈവര്‍മാര്‍ക്കെതിരെ സൗദി അറേബ്യ നടപടിയെടുക്കുന്നു. പുതുതായി കൊണ്ടുവരുന്ന ഡ്രൈവിംഗ് നിയമമനുസരിച്ച് ഇത്തരക്കാരെ നാടുകടത്താന്‍ നടപടിയെടുക്കുമെന്ന് സൗദി വ്യത്തങ്ങള്‍ അറിയിച്ചു.
ഓരോ നിയമലംഘനത്തിനും ശിക്ഷ നിര്‍ബന്ധമാക്കികൊണ്ടായിരിക്കും ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതല്‍ സൗദിയില്‍ അനുവദിക്കുക.
സൗദി അറേബ്യയില്‍ ജോലിയെടുക്കുന്ന വിദേശീയരായ ഡ്രൈവര്‍മാര്‍ നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ ശക്തമായ നടപടി എടുക്കാനുതകുന്ന നിയമമാണ് വരുന്നത്. തുടര്‍ച്ചയായി അപകടങ്ങളില്‍ പെടുകയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നവരുടെ ലൈസന്‍സ് കട്ട് ചെയ്ത് നാട്ടിലേക്കയക്കാനുമാണ് നിയമം അനുശാസിക്കുന്നത്.
ഇനി മുതല്‍ അനുവദിക്കുന്ന ലൈസന്‍സുകളില്‍ ഓരോ നിയമലംഘനങ്ങളെക്കുറിച്ചും രേഖപ്പെടുത്താനും പദ്ധതിയുണ്ട്. 18 പെനാല്‍ട്ടി പോയിന്റുകള്‍ മൂന്ന് തവണ ചുമത്തപ്പെടുന്ന എല്ലാ ഡ്രൈവര്‍മാരുടെയും റസിഡന്റ് വിസ റദ്ദാക്കുകയും നിരോധനമേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്യും.
ഓരോ നിയമ ലംഘനത്തിന്റയും ഗൗരവം കണക്കിലെടുത്താവും നടപടി തീരുമാനിക്കുക. സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റ് ഭാഗമായാണ് സൗദി അധികൃതരുടെ പുതിയ നീക്കം. ഒരു വര്‍ഷം ഒരു പെനാല്‍റ്റി പോയന്റുപോലും ചുമത്തപ്പെടാത്ത ഡ്രൈവര്‍മാര്‍ക്ക് നേരത്തേയുളള പെനാല്‍റ്റികള്‍ ഇളവ് ചെയ്തു നല്‍ക്കുവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. സൗദി അറേബ്യയില്‍ ഡ്രൈവര്‍ ജോലി നോക്കുന്ന മലയാളികളടക്കമുളള നിരവധി ഇന്ത്യന്‍ പ്രവാസികളെ നേരിട്ടു ബാധിക്കുന്ന നിയമം വൈകാതെ പ്രാബല്ല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































