Stay Connected:

Indiavision Live | Malayalam News Channel

മലയാളിയും ചില വഴിനിയമങ്ങളും…

ബെന്യാമിന്‍ | Published: June 13, 2012

ബിവറേജസ് കോപ്പറേഷന്റെ മുന്നിലെ ക്യൂവില്‍ മാത്രമാണ് മലയാളി തിരക്കില്ലാത്തവനും ശാന്തനും മാന്യനുമായി ഭവിക്കുന്നത് എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു തമാശയാണ്. അതിലുപരി സത്യമാണ്. ബസില്‍ മുതല്‍ കല്യാണസദ്യയില്‍ വരെ വേറെ എവിടെയും മലയാളിക്ക് ക്യൂ ഇഷ്ടമല്ല. എന്തിന് വിമാനത്തില്‍ കയറാന്‍ പോലും നമ്മള്‍ ഉന്തും തള്ളും ഉണ്ടാക്കുന്നതു കാണാം.

വഴിയിലൊരുത്തന്‍ വണ്ടിയിടിച്ച് വീണുകിടന്നാല്‍പ്പോലും അത് അന്യരുടെ കാര്യമാണ് അതിലിടപെടേണ്ട എന്ന് വിചാരിച്ച് വണ്ടി വിട്ടുപോകുന്ന നമ്മള്‍ അന്യരെ ഏറ്റവും അധികം ചേതമില്ലാതെ സഹായിക്കാന്‍ വ്യഗ്രതപ്പെടുന്നത് എവിടെയാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ..?

ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെയോ ഹൈവേ പട്രോളിന്റെയോ വണ്ടി പരിശോധന വഴിയിലെവിടെയെങ്കിലുമുണ്ടെങ്കില്‍ രണ്ടു കിലോമീറ്റര്‍ അപ്പുറത്തു നിന്നേ നമുക്ക് വിവരം കിട്ടും. എതിരെ വരുന്ന എല്ലാ വണ്ടിക്കാരനും ലൈറ്റടിച്ച് കാണിച്ച് നമുക്ക് മുന്നറിയിപ്പ് നല്കും. ചിലര്‍ തല വെളിയിലേക്കിട്ട് വിളിച്ചു പറയും. എന്തൊരു സ്‌നേഹം.. എന്തൊരു സഹകരണം..

സത്യത്തില്‍ വഴിനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് ഒരു ഫ്‌ളൈയിംഗ് സ്‌ക്വാഡിനെയും പേടിക്കേണ്ടതില്ല. അവര്‍ അനാവശ്യമായി ആരെയെങ്കിലും തടഞ്ഞു നിറുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. എന്നാല്‍ അവര്‍ സീറ്റ് ബെല്‍റ്റിടാത്തവരെ പിടിക്കും. ഹെല്‍മെറ്റ് വെയ്ക്കാത്തവരെ പിടിക്കും. ഓവര്‍ ലോഡ് കയറ്റിയവന്മാരെ പിടിക്കും. ഓവര്‍ സ്പീഡുകാരെയും പിടിക്കും.

സ്വതവേ നിയമം പാലിക്കുന്നത് ഒരു നാണക്കേടായോ അഭിമാനപ്രശ്‌നമായോ കരുതുന്ന മലയാളി നിയമം പാലിക്കാനിഷ്ടപ്പെടാത്ത മറ്റൊരു മലയാളിക്കു കൊടുക്കുന്ന സഹായമാണ് ഈ ലൈറ്റടിച്ചു കാണിക്കല്‍. നിയമങ്ങളെ മറികടക്കാനുള്ള ഒരു പരസ്പര സഹകരണപദ്ധതിയാണിത്. സീറ്റ് ബെല്‍റ്റിടുന്നതും, ഹെല്‍മെറ്റ് വയ്ക്കുന്നതും, ഓവര്‍ സ്പീഡ് പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നതും ഒക്കെ നമ്മുടെ സുരക്ഷയ്ക്കുവേണ്ടിയല്ല, പോലീസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് എന്ന് വിചാരിക്കുന്നവര്‍ക്കിടയില്‍ അങ്ങനെയൊരു കൊടുക്കല്‍ വാങ്ങല്‍ നടന്നില്ലെങ്കിലേ അഭ്ഭുതപ്പെടേണ്ടതുള്ളൂ.

നിയമങ്ങള്‍ അനുസരിക്കാത്തവര്‍ പിടികൂടപ്പെടണമെന്നോ അവര്‍ ശിക്ഷിക്കപ്പെടണമെന്നോ നമുക്കില്ല. അവര്‍ മറ്റൊരു വഴിയിലൂടെ രക്ഷപെട്ടുകൊള്ളൂ എന്നാണ് നാം വിചാരിക്കുന്നത്. ചെറിയ വഴി നിയമങ്ങളില്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഈ വിചാരം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. പെറ്റിക്കേസുകളില്‍ തുടങ്ങി കൊലപാതകങ്ങളില്‍ വരെ നമുക്കിത് കാണാം.

നിയമലംഘനത്തിനു പിഴ അടയ്ക്കാന്‍ പറഞ്ഞാല്‍ ഒരിക്കലും ചെയ്ത തെറ്റ് അംഗീകരിക്കാന്‍ നാം തയ്യാറാവുകയില്ല. പകരം നമ്മള്‍ ഏതെങ്കിലും സ്വാധീനമുള്ളവരെ വിളിച്ച് അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കും. അതിന്റെ പേരില്‍ കൈക്കൂലി കൊടുക്കാനും നമുക്ക് മടിയില്ല.

നാട്ടില്‍ ഒരു അടിപിടി കേസോ കൊലപാതകമോ ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ പരിഗണിക്കാതെ അയാള്‍ നമ്മുടെ ആളാണോ എന്നാണ് ആദ്യം നോക്കുക. പിന്നെ  പ്രതിയെ ഒളിപ്പിക്കാനും തുടര്‍ന്ന് പോലീസില്‍ സ്വാധീനം ചെലുത്തി കേസില്‍ നിന്ന് ഒഴിവാക്കാനും ശ്രമം തുടങ്ങും. നിയമങ്ങളെ തന്റെ വഴിക്ക് ന്യായീകരിക്കാനും വ്യാഖ്യാനിക്കാനുമാണ് നമുക്കിഷ്ടം..

നിയമം അനുസരിക്കുന്നത് ഇഷ്ടമേ ഇല്ലാത്ത ഒരു സമൂഹം അവ്യവസ്ഥയിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്ന കാലം അതി വിദൂരമല്ല. അവരെ കാത്തിരിക്കുന്ന വിധി അതു തന്നെയാണ്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar