Stay Connected:

Indiavision Live | Malayalam News Channel

മെഹ്ദി ഹസ്സന്‍: ദൈവത്തിന്റെ ശബ്ദം

 | Published: June 13, 2012

സലുകളുടെ ഷഹന്‍ഷാ പ്രണയം പാടുമ്പോഴും ഇടയ്‌ക്കെപ്പോഴോ വിഷാദമധുരിമ  ശ്രുതിചേര്‍ന്നൊഴുകും. അനിശ്ചിതത്വവും വേദനകളും നിറഞ്ഞ ഇന്നലെകളുടെ  തുടര്‍ച്ചയില്‍ നിന്നാണ് ഈ വിഷാദഭാവമെന്ന് മെഹ്ദി ഹസ്സന്‍ തന്നെ പറയാറുണ്ട്.

അഭൗമമായ ശബ്ദമാധുര്യം മറ്റൊരാളിലുമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഈശ്വരന്‍ മെഹ്ദിയുടെ ശബ്ദത്തില്‍ പാടുന്നുവെന്ന് ലതാമങ്കേഷ്‌കര്‍ പറഞ്ഞത്.

1927ല്‍ രാജസ്ഥാനിലെ ലൂണായിലാണ് മെഹ്ദിയുടെ ജനനം. രാജസദസ്സുകളില്‍ സംഗീതമഭ്യസിപ്പിച്ചിരുന്ന കലാവന്തി കുടുംബത്തിലെ ഇളമുറക്കാരനും വഴിപതറിയില്ല. ആറാം വയസുമുതല്‍ സംഗീതമഭ്യസിച്ചു.  ദ്രുപത് ഗായകന്‍ കൂടിയായ പിതാവ് ഉസ്താദ് അസിംഖാനായിരുന്നു ആദ്യഗുരു. അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാന്റെ ശിഷ്വത്വത്തില്‍ ഏട്ടാം വയസില്‍ ആദ്യ കച്ചേരി.

1947 ല്‍ ഇന്ത്യാ-പാക് വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് കുടുംബത്തോടൊപ്പം വണ്ടി കയറിയ മെഹ്ദിയെ കാത്തിരുന്നത് ദുരിതകാലമായിരുന്നു. കുടുംബഭാരം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ സംഗീതലോകത്തെ തല്‍ക്കാലം മറന്നു. ഇരുപതാം വയസില്‍ ലാഹോറിലെ കുടുസുമുറിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെയും സൈക്കിള്‍ കടയിലെ ജീവനക്കാരന്റെയും മെക്കാനിക്കിന്റെയും വേഷപ്പകര്‍ച്ച.

സൈഗളും പങ്കജ് മല്ലിക്കും നൂര്‍ജഹാനും ആകര്‍ഷണവലയമായപ്പോള്‍ സിനിമയില്‍ പാടണമെന്ന വലിയ മോഹം. പാട്ടിലൂടെ സിനിമയിലെത്താന്‍ ഫിലിംകമ്പനിയില്‍ അപ്രന്റീസായെങ്കിലും വിധി തിരിച്ചയച്ചു. പാട്ട് പടര്‍ന്നിറങ്ങിയ മനസുമായി നാട്ടില്‍ കര്‍ഷകത്തൊഴിലാളിയായി.

കാലം മെഹ്ദിയുടെ ശബ്ദത്തെ തിരിച്ചറിഞ്ഞപ്പോള്‍ 1956ല്‍ ശിക്കാറില്‍ ആദ്യഗാനം.പിന്നെ മെഹ്ദി-നൂര്‍ജഹാന്‍ യുഗ്മഗാനങ്ങളില്‍ ഹൃദയംചേര്‍ത്തു ആസ്വാദകര്‍. 1950 മുതല്‍ 70വരെയുള്ള കാലം മെഹ്ദിയുടെ ഗാനങ്ങള്‍ക്കൊപ്പമാണ് ചരിത്രം.

റേഡിയോ പാക്കിസ്ഥാനിലൂടെ മെഹ്ദി ഹസന്‍ എന്ന ഗസല്‍ചക്രവര്‍ത്തിയിലേക്ക് ജീവിതത്തിന്റെ രണ്ടാമൂഴം.രാജസദസുകളിലെ ആര്‍ഭാടങ്ങളിലൊന്നു മാത്രമായിരുന്ന ഗസലുകള്‍ മെഹ്ദിയുടെ ചുണ്ടിലൂടെ സാധാരണക്കാരന്റെ ഹൃദയരാഗമായി. അതുവരെ കേട്ട പരുക്കന്‍ ശബ്ദങ്ങളില്‍ നിന്ന് പട്ടില്‍പൊതിഞ്ഞ നാദധാരയിലേക്ക് ആസ്വാദകര്‍ ഒഴുകിയടുത്തു. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് വിഷാദവും പ്രണയവും വേദനയും ഇഴചേര്‍ന്ന് മെഹ്ദി ആരാധകമനസില്‍ സ്ഥിരതാമസക്കാരനായി. വിഷമമുള്ള രാഗങ്ങള്‍ പോലും മെഹ്ദിയുടെ സ്വരതന്ത്രികളാല്‍ ലളിതസുന്ദരമായി.

2000ത്തിലാണ് മെഹ്ദി ഹസ്സന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. പാക്കിസ്താനെയും ഇന്ത്യയെയും കൂട്ടിയിണക്കി മെഹ്ദിയുടെ സംഗീതവും ഇന്ത്യാസന്ദര്‍ശനവും. വീണ്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ആരോഗ്യം പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ല.

എഴുപതാം വയസില്‍ പ്രായാധിക്യത്തിന്റെ അവശതകളും പക്ഷാഘാതവും കറാച്ചിയിലെ ആശുപത്രിമുറിയിലെത്തിച്ചപ്പോള്‍ സംഗീതം മാത്രമായിരുന്നു നീക്കിയിരുപ്പ്. പാടുമ്പോള്‍ മാത്രം  മാനദണ്ഡമാക്കിയ കണിശതയും കൃത്യതയും ഗസല്‍ചക്രവര്‍ത്തി പ്രതിഫലത്തില്‍ പരിഗണിച്ചിരുന്നേയില്ല. ഗസലിന് ജീവിതം നല്‍കിയ മഹാരഥനെ പാക്‌സര്‍ക്കാരും അവഗണിച്ചു. സാംസ്‌കാരിക ലോകം അതിരുകള്‍ക്കപ്പുറത്ത് കൈകോര്‍ത്തപ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ സര്‍ക്കാര്‍ സഹായമെത്തിയത്.

ഒടുവില്‍ ആരാധകരെ ഗസലുകളുടെ പെയ്തുതോരാത്ത പെരുമഴയത്ത് നിര്‍ത്തി ഉസ്താദ് ജീവിത്തില്‍ നിന്ന് പാടിയകന്നു. ആസ്വാദകര്‍ പട്ടില്‍പൊതിഞ്ഞെടുത്ത സ്വരമാധുരിയുടെ ഇന്നലെകളിലേക്ക് കാത് ചേര്‍ക്കുന്നു..

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar