ഒരു ‘പച്ച’പ്പരമാര്‍ത്ഥം

ഒടുവില്‍ നെയ്യാറ്റിന്‍കരയുടെ വിധി പുറത്തുവന്നു. പ്രതീക്ഷിച്ചപോലെ ശെല്‍വരാജ് വിജയിച്ചു. നാടാര്‍ വോട്ടുകളുടെ ഏകീകരണവും അനുകൂല രാഷ്ട്രീയ സാഹചര്യവും ഭരണത്തിന്റെ ആനുകൂല്യവും ഉണ്ടായിട്ടും ഭൂരിപക്ഷം 6,334ല്‍ ഒതുങ്ങി.
ഒഞ്ചിയത്തെ കൊലപാതകവും മണിയാശാന്റെ മണിപ്രവാളവും വിഎസ്-വിജയന്‍ വാദപ്രതിവാദവുമൊക്കെ ചേര്‍ന്ന് ഇടത് മുന്നണിയുടെ കാര്യം പരിതാപകരമാക്കിയിരുന്നു. എന്നിട്ടും അവര്‍ അര്‍ഹിച്ച രീതിയിലുള്ള പരാജയം ഉണ്ടായില്ല.
ബി ജെ പിയുടെ മുന്നേറ്റമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. 2011ല്‍ 6,702 വോട്ട് ആയിരുന്നത് ഇപ്പോള്‍ 30,507 ആയി. നാലിരട്ടിയിലേറെ വര്‍ധന.
ബി ജെ പിയുടെ ശക്തികേന്ദ്രമൊന്നുമല്ല നെയ്യാറ്റിന്‍കര. ആറായിരത്തിനും എണ്ണായിരത്തിനുമിടയില്‍ പാര്‍ട്ടി വോട്ടുകള്‍ കണ്ടേക്കാം. ഒരു പൊതുതെരഞ്ഞെടുപ്പില്‍ അനുകൂലമായ രാഷ്ട്രീയസാഹചര്യവും ശക്തനായ സ്ഥാനാര്‍ത്ഥിയുമുണ്ടെങ്കില്‍ അത് പതിനായിരമോ പന്തീരായിരമോ ആയി വര്‍ദ്ധിക്കാം. രാജഗോപാലായതുകൊണ്ട് രണ്ടായിരമോ മൂവായിരമോ അധികമായി കിട്ടിയേക്കാം.

ഇരുമുന്നണികളും തമ്മില്‍ അതിശക്തമായി നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടുകള്‍ കുറയുകയാണ് പതിവ്. പന്ന്യന്‍ രവീന്ദ്രനും വിഎസ് ശിവകുമാറും ഏറ്റുമുട്ടിയ 2005ലെ തിരുവനന്തപുരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഞെട്ടിക്കുന്ന ഉദാഹരണം. ഇക്കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ശക്തമായ പ്രചരണം നടത്തിയിട്ടും ആയിരത്തോളം വോട്ടുകള്‍ കുറയുകയാണ് ഉണ്ടായത്.
നെയ്യാറ്റിന്‍കര പക്ഷേ ചരിത്രം തിരുത്തിക്കുറിച്ചു. ഭരണവിരുദ്ധ വോട്ടുകളും പ്രതിപക്ഷ വിരുദ്ധ വോട്ടുകളും ബി ജെ പിക്കാണ് കിട്ടിയത്. എന്‍ എസ് എസ്സിന്റെ ശരിദൂര സിദ്ധാന്തവും സമ്മതിദാനാവകാശം ബുദ്ധിപൂര്‍വ്വം വിനിയോഗിക്കാനുള്ള വെള്ളാപ്പള്ളിയുടെ ഉപദേശവും അവര്‍ക്ക് ഗുണം ചെയ്തു. ഐക്യമുന്നണി സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ സമുദായ നേതാക്കള്‍ നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ ഹിന്ദു വികാരം ആളിക്കത്തിച്ചു.
അഞ്ചാംമന്ത്രിയെച്ചൊല്ലി മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ നടന്ന ചക്കളത്തി പോരാട്ടം സംസ്ഥാനത്ത് സാമുദായിക ധ്രൂവീകരണം ഉണ്ടാക്കി. ആര്യാട-മുരളീധരന്മാര്‍ തിരിതെളിച്ചതും നടേശ-സുകുമാരന്മാര്‍ എണ്ണപകര്‍ന്നതുമായ ലീഗ് വിരോധം ബി ജെ പിക്കാരാണ് ആളിക്കത്തിച്ചത്. രമേശ് ചെന്നിത്തലയുടെ വീട്ടുപടിക്കലും എന്‍ എസ് എസ് ആസ്ഥാന മന്ദിരത്തിന് മുന്നിലും പ്രകടനം നടത്തിയ ലീഗുകാര്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ഞങ്ങളാണ് എന്ന ലീഗിന്റെ അവകാശവാദം ബി ജെ പിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ഹിന്ദുക്കള്‍ക്ക് രക്ഷയില്ല, രക്ഷയില്ല, രക്ഷയില്ല എന്ന് അവര്‍ ആര്‍ത്തുവിളിച്ചു.
ഒരു വകുപ്പും കൂടുതല്‍ കിട്ടാതെ ലീഗിന് അഞ്ചാമത് ഒരു മന്ത്രിയുണ്ടായി. മഞ്ഞളാംകുഴി അലിക്ക് മന്ത്രിമന്ദിരത്തില്‍ താമസിക്കാനും കൊടി വെച്ച കാറില്‍ സഞ്ചരിക്കാനും യോഗമുണ്ടായി. പത്തുമുപ്പത് ലീഗുകാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിപ്പറ്റാനും കഴിഞ്ഞു. അതിന്റെ നേട്ടം ബി ജെ പിക്ക് കിട്ടി എന്നുമാത്രം.

സാമുദായിക ധ്രൂവീകരണം നെയ്യാറ്റിന്‍കരയില്‍ മാത്രമല്ല, സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും കൂട്ടരും അത് സമ്മതിച്ചു തരില്ല എന്നുമാത്രം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം എന്ന് മേനി നടിച്ച് ഞെളിഞ്ഞ് നടക്കാം.
നിലക്കല്‍ സമരവും ചാലക്കലാപവും കഴിഞ്ഞ് 1984ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച പി കേരളവര്‍മ രാജ 1,10,000 വോട്ട് പിടിച്ചു. അന്ന് ഐക്യമുന്നണിയുടെ എ ചാള്‍സ് ജയിച്ചു. ഇടത് മുന്നണിയുടെ നീലലോഹിതദാസ് നാടാര്‍ തോറ്റു. എന്നാല്‍ 1987ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സ്ഥിതി മാറി. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഇടത് മുന്നണി തൂത്തുവാരി. തിരുവനന്തപുരം വെസ്റ്റില്‍ എം എം ഹസ്സനും കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയും മാത്രമാണ് തരംഗത്തെ അതിജീവിച്ചത്. ഏതാണ്ട് അതേ സാഹചര്യമാണ് ആവര്‍ത്തിക്കാന്‍ പോകുന്നത്.
സാമുദായിക-വര്‍ഗ്ഗീയ വികാരമടക്കം ഇളക്കി വിടാന്‍ ശ്രമിച്ചവര്‍ക്ക് ലഭിച്ച വലിയൊരു പ്രഹരമാണ് നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. അദ്ദേഹം ഉദ്ദേശിച്ച തരത്തിലല്ലെങ്കിലും പറഞ്ഞത് ‘പച്ച’പ്പമാര്‍ത്ഥമാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































