ലക്ഷ്യത്തിലേക്കലയുന്ന ഈജിപ്ഷ്യന്‍ വിപ്ലവം
ഷംസീര്‍ ഷാന്‍
ജനാധിപത്യത്തിന് പിറവി നല്‍കാനുളള പേറ്റുനോവിലാണ് ഈജിപ്‌തെന്ന രാഷ്ട്രം അക്ഷരാര്‍ത്ഥത്തിലിപ്പോള്‍. ഒരു ജനതയുടെ പാതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന്റെ നീളം പക്ഷേ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. അയല്‍രാജ്യമായ ടുണീഷ്യയില്‍ നിന്നെത്തിയ അറബ് വസന്തത്തില്‍ തളിരിട്ട തഹ്രീറിലെ വിപ്ലവമിന്ന് കുതിച്ചും കിതച്ചും ലക്ഷ്യത്തിലേക്കലയുകയാണ്. പ്രക്ഷോഭകര്‍ അഭിനവ ഫറോവയെന്നുവിളിച്ച ഹോസ്‌നി സയ്യിദ് മുബാറക്കെന്ന ഏകാധിപതിയെ പതിനെട്ടുനാളത്തെ പ്രക്ഷോഭത്തിലൂടെ പടിയിറക്കിയ ആ ജനതയിപ്പോള്‍ അക്ഷമരാണ്.
തങ്ങളെ മുപ്പതാണ്ട് ഭരിച്ച മുന്‍ പ്രസിഡന്റിന് വിചാരണക്കൊടുവില്‍ ജീവപര്യന്തം ശിക്ഷ നല്‍കാനായതിന്റെ വിപ്ലവവിജയത്തിനിടയിലും ഇവിടുത്തെ തെരുവുകള്‍ വീണ്ടും അസ്വസ്ഥമാകുന്നതും മറ്റൊന്നും കൊണ്ടല്ല. ഈജിപ്ഷ്യന്‍ വിപ്‌ളവത്തിന്റെ ആത്യന്തിക ലക്ഷ്യമായ ജനാധിപത്യത്തിന്റെ പിറവി ഏറെ അകലെയാവുന്നു എന്നതുതന്നെയാണതിന് കാരണം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊടുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെയാണ് ഈ അനിശ്ചിതാവസ്ഥയെന്നതും വിരോധാഭാസമാകുന്നു. വിപ്ലവം അട്ടിമറിക്കുന്നുവെന്ന് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയ മുസ്ലീം ബ്രദര്‍ഹുഡ് പഴികേള്‍ക്കവെയാണ് ഈജിപ്ഷ്യന്‍ സുപ്രീം കോടതിയുടെ ഇടപെടലുകള്‍ സ്ഥിതിഗതികളെ സങ്കീര്‍ണ്ണമാക്കിയത്.
പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒപ്പം മുബാറക്കിന്റെ സമകാലികരുടെ സ്വാധീനത്തിലുളള സൈനിക കൗണ്‍സിലിന് പാര്‍ലമെന്റിന്റെ നിയന്ത്രണം താല്‍ക്കാലികമായി ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവനുസരിച്ച് പുതിയ ഭരണഘടന പെട്ടെന്ന് പൂര്‍ത്തിയാക്കാനുളള അനുമതിയും സൈനിക കൗണ്‍സിലിന്റെ അധികാരത്തില്‍ വന്നുചേരും. മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്കായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന്റെ നടപടി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍കെയാണ് കോടതിയുടെ ഇടപെടലുണ്ടായതും.
ഈയൊരു സാഹചര്യത്തിലാണ് ഈജിപ്ത് വീണ്ടും പ്രക്ഷുബ്ധമാവുന്നത്. മുബാറക്കിന്റെ ഉരുക്കുമുഷ്ടിക്കും വൈദേശികാധിപത്യത്തിന്റെ അടിയറവെപ്പിനും സാക്ഷിയായ ആ ഏകാധിപത്യത്തിന്റെ ഭൂതകാലം പട്ടാള ഭരണത്തിലൂടെ തിരികെയെത്തുമോയെന്ന ഭീതിയിലാണ് ഈജിപ്ഷ്യന്‍ ജനതയിപ്പോള്‍.
മുബാറക്കിന്റെ കാലത്ത് ജനകീയ മുഖം കാത്തുസൂക്ഷിച്ച ഈജിപ്ഷ്യന്‍ സൈന്യം അധികാരം കൈയ്യിലെത്തിയപ്പോള്‍ നിറം മാറുന്നുവെന്ന വിമര്‍ശനം നേരത്തെതന്നെ ശക്തമായിരുന്നു. അത് സാധൂകരിക്കുന്ന നീക്കങ്ങള്‍ തന്നെയാണ് സൈനിക കൗണ്‍സില്‍ പീന്നീടിതുവരെ പ്രകടിപ്പിച്ചതും.
അധികാരങ്ങളൊന്നൊന്നായി സൈനിക നേതൃത്വത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ വിപ്ലവം വഴിതെറ്റിയെന്ന ആരോപണവുമായി മുസ്ലീംബ്രദര്‍ഹുഡ് രംഗത്തെത്തിക്കഴിഞ്ഞു. സൈന്യത്തിനനുകൂലമായ വിധിയും മുബാറക്ക് അനുകൂലിയായ മുന്‍ പ്രധാനമന്ത്രി അഹമ്മദ് ഷഫീഖിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന വാദവും കോടതി തളളിക്കളഞ്ഞതാണ് ബ്രദര്‍ഹുഡ് വീണ്ടും പ്രക്ഷോഭത്തിനിറങ്ങാന്‍ കാരണം.
പാര്‍ലമെന്റ് പിരിച്ചുവിടാനുളള കോടതി വിധികള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലെ ഈജിപ്ഷ്യന്‍ സാഹചര്യത്തെ സങ്കീര്‍ണ്ണമാക്കുന്ന പുതിയ വിധി ഏന്തടിസ്ഥാനത്തിലാണെന്നത് വ്യക്തമല്ല. എന്തായാലും വിപ്ലവം വഴിതിരിയുമ്പോള്‍ ജനാധിപത്യത്തിലേക്കുളള ഈജിപ്ഷ്യന്‍ ജനതയുടെ ദുരവും വര്‍ദ്ധിക്കുകയാണ്. അറബ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഈജിപ്‌തെന്ന രാഷ്ട്രത്തിന്റെ ഇരുണ്ടകാലത്തേക്കുളള മടങ്ങിപ്പോക്കായും ഈ ആശങ്കകള്‍ വളരുന്നുണ്ട്.
പ്രത്യേകിച്ചും അറബ് മേഖല നിര്‍ണ്ണായിക സ്വാധീനവും ഇച്ഛാശക്തിയും ഈജിപ്തുപോലുളള രാജ്യത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തില്‍. ഇറാഖും അഫ്ഗാനും ലിബിയയില്‍ ആവര്‍ത്തിച്ചപ്പോഴും നോക്കുകുത്തികളാക്കപ്പെട്ട അറബ് നേതൃത്വം സിറിയ കാത്തിരിക്കുന്ന സമാന സാഹചര്യങ്ങളിലും നിശബ്ദമാക്കപ്പെടാനും ഒരു പക്ഷേ ഇതിടയാക്കും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































