Stay Connected:

Indiavision Live | Malayalam News Channel

കണ്ണീര്‍ ജീവിതത്തിലും കലയിലും

ബെന്യാമിന്‍ | Published: June 20, 2012 Change Font size: (+) | (-)

ന്തൊരു സിനിമാക്കാരനാണയാള്‍, മനുഷ്യനെ കരയിക്കാത്ത ഒരു സിനിമ എങ്കിലും എടുക്കാന്‍ അയാള്‍ക്കറിയാമോ. ജീവിതത്തിലെ ടെന്‍ഷനും കരച്ചിലും ഒക്കെ ഒന്ന് മാറാനാണ് സിനിമയ്ക്ക് പോകുന്നത്. അവിടെച്ചെന്നാല്‍ അങ്ങേരുടെ വക കരച്ചില്‍ വേറെ. ഇങ്ങനെയാണോ സിനിമ എടുക്കുന്നത്..? ഇതിനാണോ ഞങ്ങള്‍ സിനിമ കാണാന്‍ കേറുന്നത്..? എനിക്കിപ്പോള്‍ സിനിമ കാണണമെന്നേയില്ല.

എന്തൊരു പുസ്തകമാണത്. മനുഷ്യനെ ഇങ്ങനെ ടെന്‍ഷന്‍ പിടിപ്പിക്കാനാണോ ഇവരൊക്കെ എഴുതുന്നത്. ടെന്‍ഷന്‍ പിടിച്ച ഈ ജീവിതത്തില്‍ ഇത്തിരി റിലാക്‌സ്ഡാവാനാണ് പുസ്തകം വായിക്കുന്നത്. അപ്പോ ദാ അയാളുടെ വക ടെന്‍ഷനും കണ്ണീരും വേറെ. ഓ. ഞാന്‍ പുസ്തകം വായന നിറുത്തി.

ഇന്നത്തെ സിനിമ പ്രേക്ഷകരില്‍ ഭൂരിപക്ഷവും ചില വായനക്കാരും പറയാറുള്ള അഭിപ്രായങ്ങളാണിവ.

സത്യത്തില്‍ ഈ അഭിപ്രായങ്ങളില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? ജീവിതത്തിലെ കണ്ണീരിനെയും ആധികളെയും ഏറ്റെടുക്കുന്നവന് കലയിലെയോ സാഹിത്യത്തിലെയോ കണ്ണീരിനെ ഏറ്റെടുക്കാനും മനസിലാക്കാനും കഴിയില്ല എന്നാണോ..?

എന്നാല്‍ അങ്ങനെയല്ല എന്നാണെന്റെ പക്ഷം.

സാഹിത്യത്തിലെയും സിനിമയിലെയും സങ്കടങ്ങളെ കാണാനും ഉള്‍ക്കൊള്ളാനും കഴിയാത്തവന്‍ ജീവിതത്തിലെ സങ്കടങ്ങളെ ഉള്‍ക്കൊള്ളാനും കഴിയാത്തവിധം ഭീരുവോ ദുര്‍ബലനോ ആയിരിക്കും. കുറേക്കൂടി ആഴത്തില്‍ നോക്കിയാല്‍ ജീവിതത്തില്‍ വലിയ പ്രയാസങ്ങളോ ദുഃഖങ്ങളോ അനുഭവിക്കാത്ത സുഖഭോഗാലസന്മാരാണ് ജീവിതത്തിലെ വലിയ ടെന്‍ഷനെക്കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നു കാണാം.

സിനിമയിലെയോ സാഹിത്യത്തിലെയോ പോലും സങ്കടങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പിന്നെയെങ്ങനെയാണ് അവര്‍ സ്വന്തം ജീവിതത്തിലെ ഒരു സങ്കടത്തെ അഭിമുഖീകരിക്കുന്നത്..? എങ്ങനെയാണ് അവര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ നേര്‍ക്കുനേരെ നിന്ന് കാണുന്നത്..? നേരിടുന്നത്..?

അന്യന്റെ സങ്കടങ്ങളെ കാണാന്‍ വിമുഖത കാണിക്കുന്നവരാണ് കലയിലെ സങ്കടങ്ങള്‍ക്കു നേരെ രോഷാകുലരാവുന്നത്. അങ്ങനെയല്ല നാം ജീവിതത്തെ നേരിടേണ്ടത്. ഭീരുത്വത്തിന്റെ ആമത്തോടിനുള്ളില്‍ ഒളിച്ചിരുന്ന് ആര്‍ക്കും അധികകാലം ജീവിച്ചു പോകാനാവില്ല. ഏതു പ്രതിസന്ധികളെയും മുഖാമുഖം നോക്കാന്‍ നാം പ്രാപ്തരാവേണ്ടതുണ്ട്. അതിനു നാം ആദ്യം അന്യന്റെ സങ്കടങ്ങള്‍ കാണണം. അതുള്‍ക്കൊള്ളുകയും അറിയുകയും അനുഭവിക്കുകയും വേണം.

അതുകൊണ്ടുതന്നെ നാം ദുഖങ്ങളുടെ അനുഭവങ്ങള്‍ പറയുന്ന, സങ്കടങ്ങള്‍ പ്രകടിപ്പിക്കുന്ന സിനിമ കാണാനും സാഹിത്യം വായിക്കാനും തയ്യാറാവണം. കല സമൂഹത്തില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ഒന്നല്ല. അത് നമ്മുടെ തന്നെ അനുഭവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ജീവിതത്തിലെ സങ്കടങ്ങളുടെ പേരില്‍ അതിനെതിരെ മുഖം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.

അന്യന്റെ വേദനകളുടെ നേരെപോലും നോക്കാന്‍ കഴിയാത്തവന് എങ്ങനെയാണ് സ്വന്തം വേദനകളെ നോക്കാന്‍ കഴിയുക..?

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar