Stay Connected:

Indiavision Live | Malayalam News Channel

ഒറ്റക്കരളുമായി പിറന്ന സഹോദരിമാരെ വേര്‍പിരിച്ചു

 | Published: June 21, 2012

ബെതൂല്‍: ഇനിമേല്‍ സ്തുതിക്കും ആരാധനക്കും ഒറ്റ കരളല്ല; ഒറ്റ ഹൃദയവും. ഈ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ വൈദ്യശാസ്ത്ര വിദഗ്ധര്‍ വേര്‍പിരിച്ചു. കുരുന്നുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ അല്ലാതെ കഴിയില്ലായിരുന്നു. ഒരുവയസ്സുള്ള സഹോദരിമാരെ വേര്‍പിരിച്ച ശസ്ത്രക്രിയ  ഒരുപകല്‍  മുഴുവന്‍ നീണ്ടു. മധ്യപ്രദേശ് പഥറിലെ മിഷനറി ആശുപത്രിയില്‍ നടന്ന ഭഗീരഥ സംരംഭത്തില്‍ പങ്കെടുത്തത് വിദേശത്തു നിന്നുള്‍പ്പെടെയുള്ള 23 ഡോക്ടര്‍മാരടക്കം 34 വൈദ്യശാസ്ത്ര വിദഗ്ധര്‍.

ബെതൂലിലെ ചൂഡിയ ഗ്രാമക്കാരിയായ മായ യാദവിന് കഴിഞ്ഞ വര്‍ഷം മേയ് രണ്ടിനാണ്  ഒട്ടിച്ചേര്‍ന്ന നിലയില്‍ സ്തുതിയും ആരാധനയും പിറന്നത്. കുഞ്ഞുങ്ങളെ വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയക്കു വേണ്ട അതിഭീമമായ പണചെലവ് താങ്ങാന്‍ ശേഷിയില്ലാത്തതിനാല്‍ നിര്‍ധനയാദവ് കുടുംബം ഇരട്ടകളെ മിഷനറി ആശുപത്രിക്ക് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സ്വന്തംനിലക്ക് പണം സമാഹരിക്കുകയും വിദഗ്ധ സംഘത്തെ സംഘടിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പ്രത്യേകനിധിയില്‍ നിന്ന് 20 ലക്ഷം രൂപ ശസ്ത്രക്രിയക്കായി അനുവദിച്ചു.

ഓസ്‌ട്രേലിയ, ലുധിയാന, വെല്ലൂര്‍, ഗുജറാത്ത്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ശസ്ത്രക്രിയയില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി. അതോടെയാണ് ഇന്നലെ അപൂര്‍വ്വ ശസ്ത്രക്രിയക്കു സാഹചര്യമൊരുങ്ങിയത്.

ശസ്ത്രക്രിയയില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജീവ് ചൗധരി തികഞ്ഞ സംതൃപ്തി പ്രകടിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം വേന്റിലെറ്ററില്‍ പ്രവേശിപ്പിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ 48 മണിക്കൂര്‍ നിതാന്ത നിരീക്ഷണത്തിലായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്നലെ രാവിലെ ഒന്‍പതിന് ആരംഭിച്ച ശസ്ത്രക്രിയ നാല് ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു രാത്രി ഒന്‍പതോടെ അവസാനിക്കും വരെ വന്‍ ജനാവലി ആശുപത്രി വളപ്പില്‍ ആകാംക്ഷയോടെ കാത്തുനിന്നിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് ആദ്യം കൊണ്ടുവന്നത് സ്തുതിയെയാണ്.പിന്നാലെ ആരാധനയെയും എത്തിച്ചു.

ഇരുവരുടെയും ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുടെ നാളുകളാണിനി; കാത്തിരിപ്പിന്റെയും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar